3/11/2013

പുഴ

             
പൂന്തേനരുവിപോലോഴുകുന്നു
തെളിനീര്‍ക്കുടവുമായൊഴുകുന്നു
ചുറ്റും വസന്തം കേളികളാടുന്നു
വസന്ത കോകിലം പഞ്ചമം പാടുന്നു .
വൃന്ദാവനത്തിലൂടൊഴുകുന്നു
ഒരു യമുനാനദിയായൊഴുകുന്നു .
പുതു പുതു മാരികള്‍ പെയ്തു പെയ്ത്
എന്നും പുതുമയോടൊഴുകുന്നു 

കളീയനവളെ തീണ്ടാതിരിക്കട്ടെ!
പ്രളയം വരാനിന്ദ്രന്‍ ശപിക്കാതിരിക്കട്ടെ!
സൂര്യ തേജസസ് അവളെക്കരിക്കാതിരിക്കട്ടെ!
ഒരുപാട് കനവുകള്‍ ഉള്ളിലൊതുക്കി
കൈവഴിയായി കടലില്‍ ലയിക്കട്ടെ !!!!

3/06/2013

മഴവില്‍ത്തോണി

ചാരുതയോലുന്നൊരു കൊച്ചു പാട്ടിന്‍റെ
ഈരടി ഒന്ന് ഞാന്‍ കേട്ടിരിക്കെ
പോയൊരു കാലത്തെ ഓര്‍മ്മപ്പെടുത്തി
ഒരു പനംതത്ത പറന്നു വന്നു .....

ചിനുചിനെ പെയ്യുന്ന ചാറ്റല്‍ മഴയത്ത്
നനയാതെ  നനഞ്ഞു കളിച്ച കാലം
പരിഭവം ഇല്ലാതെ പരിഭവം നടിച്ചമ്മ
രാസ്നാദിപ്പൊടി തെക്കുന്നേരം ഞാന്‍
കുതറി ഓടി ചെന്ന് മുത്തശ്ശി നെഞ്ചില്‍
മുഖം  മറയ്ക്കും- അപ്പോള്‍
കെട്ടിപ്പിടിച്ച് മാറോടണച്ചു
നെറുകയില്‍ മുത്തശ്ശി ഉമ്മനല്‍കും .

കാവില്‍ നേദിച്ച പലുംപഴവും പായസ്സച്ചോറും
സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ
മുത്തശ്ശി മാമായ് പകുത്തു തരും
മടിയിലുരുത്തി കഥകള്‍ പറഞ്ഞ്
താരാട്ട് പാടി ഉറക്കും ആ സ്നേഹം
തെക്കേ തൊടിയിലെ അസ്ഥിത്തറയിലെ
ഒരു തിരി നാളമായ് എരിഞ്ഞു നിന്നു.


മുത്തശ്ശന്‍ കയ്യില്‍ പിടിച്ചുതൂങ്ങി
ശീവേലി തൊഴുതു നടന്നതും- പിന്നെ
ആല്‍മരച്ചോട്ടില്‍ കൂട്ടരോടൊത്തു 
വെടിപറഞ്ഞിരുന്ന മുത്തശ്ശന്മടിയില്‍    
അറിയാതെ  കിടന്നങ്ങുറങ്ങുന്നതും
ആ നല്ല നാളിന്റെ പൊട്ടിച്ചിരികള്‍
കുപ്പിവളപോല്‍ കലമ്പിനിന്നു
ഓര്‍മ്മകള്‍ ചാലിച്ച തുഴയില്ലാത്തോണിയില്‍
ദിക്കറിയാതെ ഒഴുകുന്നു ഞാന്‍  







  


2/04/2013

നമ്മള്‍

                
ശലഭം പോല്‍ പാറിപ്പറന്നു നടന്നവള്‍
ശാലീന സുന്ദരി കോമളാംഗി .
കണ്ണുകള്‍ കൊണ്ട് രുധിരം കുടിച്ചു
വലയുംവിരിച്ചവന്‍ കാത്തിരുന്നു ഒരു-
ഭീകര രൂപിയാം എട്ടുകാലി .

എട്ടു കരങ്ങളാല്‍ ഞെക്കിപ്പിഴിഞ്ഞവന്‍
പാവം ശലഭത്തെ ഞെരിച്ചുടച്ചു
പല്ലും നഖങ്ങളും പോരാഞ്ഞവന്‍
കല്ലും കഠാരയും ആഴ്ത്തി രസിച്ചു
ദമിഷ്ട്രകള്‍ കൊണ്ട് ചോരകുടിച്ചു
നഖങ്ങളാല്‍ മേനി വലിച്ചുകീറി
എന്നിട്ടുമെന്നിട്ടു മാര്‍ത്തി തീരാഞ്ഞവന്‍
അട്ടഹസിച്ചു കൊലവിളിച്ചു !!!!!

മൃതപ്രായയായി ചിറകൊടിഞ്ഞു
പാവം പിടഞ്ഞു കരയുന്നേരം
പന്തം പിടിച്ചു കോലംകത്തിച്ചു
പ്രതിഷേധ സമരം പൊടിപൊടിച്ചു
ചാനലുകള്‍ക്കാഘോഷം പൊടിപൂരം
തൂക്കിലേറ്റീടണം പോര എറിഞ്ഞുകൊല്ലേണം
പ്രതിഷേധകര്‍ തന്നെ വിധിപറഞ്ഞു ...
രണ്ടു നാള്‍ ആകെ കോലാഹലം ....

അപ്പോഴറിയുന്നൊരു താരസുന്ദരി
ഗര്‍ഭിണിയാണെന്നും അല്ലെന്നും വാര്‍ത്ത
പന്തം പിടിച്ചവര്‍ സമരം നടത്തിയോര്‍
ചാനലുകള്‍ എല്ലാരും അങ്ങോട്ടായി
പാതികരിഞ്ഞൊരു കോലം  കിടന്നു
അനാഥ ശവം പോലെ  റോഡരുകില്‍.













1/28/2013

പറയുവാനുള്ളത്

    

പൂവിന്റെ മണവും  പേറിവന്ന
കുഞ്ഞിക്കാറ്റ് പറഞ്ഞത് ഒരു -
നനുത്ത തലോടലിന്റെ
കഥയായിരുന്നു ...

പ്രഭാതസൂര്യന്‍ സ്ഫടികശോഭ നല്‍കിയ
തുഷാരബിന്ദു  ഒരു
ചുടുചുംബനത്തിന്റെ കഥയാണ്‌-
പറഞ്ഞത് ...

തുള്ളിച്ചാടി കുണുങ്ങി ഒഴുകിവന്ന
കുളിരരുവിക്കു പറയാന്‍ ഒരുപാട്
കിളുന്തുകളുടെ പൊട്ടിച്ചിരിയുണ്ടായിരുന്നു ..

കടല്‍ തിരകളോ
അവളുടെ നിറമാറിലൂടെ  തുഴയെറിഞ്ഞ
പാവം മുക്കുവരുടെ കദനകഥകള്‍
ഒരു നെടുവീര്‍പ്പിലൂടെ പറഞ്ഞു തീര്‍ത്തു ....

തിരമാലകള്‍ തഴുകുന്ന
മണല്‍ത്തരികള്‍ക്ക് പറയാനുണ്ടായിരുന്നത്
തന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയ-
യുവമുഥുനങ്ങളുടെ പൊട്ടിച്ചിരിയും
കടല വിറ്റുനടന്ന മെലിഞ്ഞുണങ്ങിയ
കുഞ്ഞിന്റെ വിശപ്പും ആയിരുന്നു ...

പൂക്കളും പുഴകളും  തിരകളും ഇല്ലാത്ത
ഇവിടെ ജീവിതതോഴന്‍ നല്‍കിയ
വസന്തത്തിന്റെ പൂക്കള്‍ കൊണ്ട്
പൂക്കളം തീര്‍ക്കുന്നു ഞാന്‍......

ഒരുപാടു കഥകളെ മനസ്സിന്റെ മണിച്ചെപ്പില്‍
ഓമനിക്കുന്നു.......  




1/21/2013

ആഴക്കടലില്‍

        
ആഴക്കടലില്‍  പോയൊരു മുക്കുവന്‍
മീനുകള്‍  വാരി മടങ്ങുന്നേരം .....
കൊടുങ്കാറ്റടിച്ചു കടലൊന്നിളകി
തുഴയും  കടലില്‍  കളഞ്ഞുപോയി

നട്ടം തിരിഞ്ഞവന്‍ പേടിച്ചരണ്ടു
ചുറ്റും തിരകള്‍ ആര്‍ത്തലച്ചു
മീനുമായെത്തും തോഴനെ ക്കാത്തു
പാവം അരയത്തി കാത്തിരുന്നു .....

അപ്പനെ കാത്തങ്ങിരിക്കുന്ന മക്കളും
ഭീതിയാല്‍ ആകെ തളര്‍ന്നിരുന്നു
ആകാശ വീഥിയില്‍ ചാട്ടവാര്‍ പായിച്ചു
മിന്നല്‍പിണരുകള്‍ കണ്ണുരുട്ടി

ഇടിയുടെ ഹുംകാരമെങ്ങും മുഴങ്ങി
അകമ്പടിയായി മഴയുമെത്തി
ചോര്‍ന്നോലിക്കുന്നൊരാ കുടിലിനുള്ളില്‍
പെടിച്ചരണ്ടവര്‍ കാത്തിരുന്നു ......

എന്തും വരട്ടെന്നു മനസ്സില്‍ ക്കരുതി
കടലമ്മേ  മാത്രം മനസ്സിരുത്തി
മലര്‍ന്നുകിടന്നവന്‍ കേട്ടിയോളേം
ഓര്‍ത്തു തേങ്ങി ....



1/10/2013

രാഗം

  
എന്‍ അനുരാഗം നീ അറിഞ്ഞോ
എന്നിലെ മോഹങ്ങള്‍ നീയറിഞ്ഞോ 
രാഗവിലോലയായ്  നിന്നെ വിളിച്ചപ്പോള്‍
മുരളീ ഗാനമായ്  പെയ്തിറങ്ങി ...എന്നില്‍
മോഹന രാഗമായ് സ്വയമിറങ്ങി ..

ദലമര്‍മ്മരത്തിലും കളകൂജനത്തിലും
മയങ്ങുന്നു നിന്റെ മധുരഗീതം
ഹരിനാമ കീര്‍ത്തനം ജപിച്ചപ്പോള്‍
ഹരിമുരളീരവമെന്‍ കാതില്‍
അലയടിച്ചു ...ഞാന്‍
ഭക്തവിലൊലയായ് സ്വയം മറന്നു

തുളസ്സിപ്പൂ നുള്ളിഞ്ഞാന്‍ വനമാല കോര്‍ക്കുമ്പോള്‍
കോകില കൂജനത്തല്‍ എന്നെവിളിച്ചു
ആ കള  ഗാനത്തില്‍ ഞാനലിഞ്ഞു
എന്നിലെ രാഗം നീയറിഞ്ഞു
എന്നിലെ മോഹങ്ങള്‍ നീയറിഞ്ഞു

1/05/2013

അറിഞ്ഞു കൊണ്ട്

    

ചുമന്നു തുടുത്ത നിന്റെ മുഖമാണോ
നക്ഷത്ര കണ്ണുകള്‍ ആണോ അതോ
ഇളം കാറ്റിന്‍റെ നനുത്ത തലോടലാണോ
എനിക്ക് നിന്നോട് പ്രണയം തോന്നാന്‍

സൂര്യനെ ആവാഹിച്ചു
ചന്ദ്രനെ പുല്‍കി ഉറങ്ങുന്ന നിന്റെ
കപടത എനിക്കറിയാം എങ്കിലും .....

വെള്ളി വെളിച്ചത്തില്‍ നിന്നും
കൂരിരുട്ടിന്റെ നിഗൂഡതയിലെക്കുള്ള
നിന്റെ പ്രയാണം

ആകാശത്ത്  പാറിപ്പറക്കുന്ന പക്ഷികളെ
നീ കൂട്ടിലേക്ക് വിളിക്കുന്നു
വിടര്‍ന്നു നില്‍ക്കുന്ന പൂവുകളുടെ
മരണം നിന്നിലൂടെ 

ഉണര്‍ന്നിരിക്കുന്ന എല്ലാറ്റിനെയും നീ
മയക്കുന്നു പിന്നെ
ഉറങ്ങിക്കിടക്കുന്ന കുറ്റകൃത്യങ്ങളെ
കൂരിരുളിലെക്ക് നടത്തുന്നു

നിന്റെ മാദക സൗന്ദര്യം
ഞങ്ങളെ നിന്നിലെക്കടുപ്പിക്കുന്നു
അറിഞ്ഞു കൊണ്ട് തന്നെ
ഞങ്ങള്‍ നിന്നിലൂടെ ഇരുളിലേക്ക്
നയിക്കപ്പെടുന്നു

എങ്കിലും സന്ധ്യേ  എനിക്ക് നിന്നെ ഇഷ്ടമാണ്
വെള്ളിവെളിച്ചത്തില്‍ നിന്നും
കൂരിരുട്ടിലെക്കുള്ള ചവിട്ടുപടി
ഞാന്‍ അറിഞ്ഞു കൊണ്ട് ചവിട്ടിക്കയറട്ടെ !!!