1/02/2014

തിരിഞ്ഞു നോക്കുമ്പോള്‍



പുതുവര്‍ഷത്തിന്റെ  ലഹരി 
ഒട്ടും ചോരാതെ ഞാന്‍ 
ഓര്‍മ്മകള്‍ ഒന്നടുക്കട്ടെ !!

അച്ഛന്റെ  വിരലില്‍ 
തൂങ്ങി ലോകം കണ്ട നാളും
അമ്മയുടെ ലാളനയില്‍
നാവില്‍ രുചികള്‍ നിറച്ചതും 

സൌഹൃദ പ്പെരുമഴയില്‍
കാലം കണ്ണെഴുതി 
സന്തോഷം കൊലുസ്സണിയിച്ചു
മോഹങ്ങള്‍ പൊട്ടണിയിച്ചു 

ചെഗുവേരയും മാര്‍ക്സും 
ഏങ്കല്സും കലാലയാങ്കണത്തില്‍ 
വിപ്ലവ മോഹമായ് 

കണ്ണില്‍ പ്രണയ സാഗരം ഒളിപ്പിച്ചു   
ചുള്ളിക്കാടും അയ്യപ്പനും 
ഓയന്‍വിയും ഘനഗംഭീരമായ്‌
തന്മയമായ് ചൊല്ലി 
പ്രണയത്തീമനസ്സില്‍  നിറച്ചു

ഒരു മംഗല്യസൂത്രത്തിന്‍ ശ്രീയായ്
എന്നിലെ പ്രണയഭാവത്തിന്നര്‍ത്ഥം
പകര്‍ന്നതും  
എന്നിലെ ശ്രീയായി എന്റെ 'ശ്രീ' യായി 
എന്റെ കൈ പിടിച്ചൊപ്പം നടക്കുന്നു 

അമ്മയായ്  ഗൃഹനാഥയായ് 
സ്വസ്ഥയായ് അഭിമാനമായ് 
ജീവിത വഴിയില്‍ ഇരിക്കവേ 
എന്നിലെ എന്നില്‍  സന്തിഷ്ടയാണ് ഞാന്‍ 
ദുഃഖമൊട്ടുമേ ഇല്ല  
പരാജയമില്ല  
 
തിരിഞ്ഞു നോക്കിയാല്‍  
എങ്ങും നന്മകള്‍ മാത്രം
ഇന്നും നാളയും പുണ്യം നിറയട്ടെ 
ജീവിത യാത്രയില്‍ സ്നേഹാമൃതം 
നിറയട്ടെ  എല്ലാം നിന്‍ അനുഗ്രഹം 
 സര്‍വ്വേശ്വരാ !!!!!! 

12/11/2013

ഞാന്‍ എന്നിലേക്ക്‌

  

ഒന്ന് തിരികെ നടക്കട്ടെ  
വന്ന വഴിയില്‍ കാണാതെ പോയ 
പൂക്കള്‍ തേടട്ടെ .....

കിളിക്കൊഞ്ചലും പാട്ടും
അരുവിതന്‍ കുളിരും
വഞ്ചിപ്പാട്ടിന്റെ  പൊരുളും അറിയട്ടെ.......

പൊന്നുരുളകളാല്‍ അമ്മതന്‍ സ്നേഹവും 
അച്ഛന്റെ കരുതലും
കൂടപ്പിറപ്പിന്‍ കളിചിരികളും.

ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍
ഞാന്‍ കേള്‍ക്കുന്നു
നനുത്തൊരു പാട്ടിന്റെ  ഈരടികള്‍.

ഒരു വെള്ളിക്കൊലുസായ് എന്നെപ്പുണര്‍ന്ന
കുളിരോളങ്ങള്‍ 
കലപില കൂട്ടുന്നു 

പറയാന്‍ മറന്ന പ്രണയത്തിന്‍ ശീലുകള്‍ 
പറയാതെ പറയുന്നു 
നൊമ്പരമായ് 

നനയാതെ പോയ മഴകളും
കുളിരറിയാതെ പോയ 
ശിശിരങ്ങളും....
ഇടറിയ കാലും പതറിയ സ്വരവും 
ഇടനെഞ്ചിനേറ്റ
മുറിവുകളും 

കണ്ണുനീര്‍ വറ്റിയ കണ്ണിലൂറുന്നില്ല
ഒരുതുള്ളി പോലും 
ഒന്നുകരയാന്‍   

എങ്കിലും
തിരികെ ഞാന്‍ പോകുന്നു
എന്നെ മറന്ന എന്നെത്തേടി .
      

11/14/2013

അയാള്‍ ഉള്ളി തൊലിക്കുകയാണ്



ഹോട്ടലിന്‍റെ പിന്നാമ്പുറത്ത്
ആരാലും ശ്രദ്ധിക്കാതെ .......

ചുറ്റും കുട്ടികള്‍ ഓടിക്കളിക്കുന്നു 
അരികത്തൂടെ  ആഡംബരക്കാറുകള്‍
ചീറിപ്പായുന്നു 
ഒന്നിലും ശ്രദ്ധിക്കാതെ
അയാള്‍ ഉള്ളി തൊലിക്കുകയാണ് 

ഇടയ്ക്കിടയ്ക്ക്  കണ്ണുകള്‍ തുടക്കുന്നുണ്ട് 
ഉള്ളിതൊലിക്കയല്ലേ 
കണ്ണുതുടയ്ക്കാന്‍  വേറെ കാരണം വേണ്ടല്ലോ
അയാളുടെ ഉള്ളിന്റെ നീറ്റലുകള്‍ 
ഉള്ളിയില്‍ അലിയുന്നു 

ആയാളും വിമാനം കയറി
എല്ലാവരേയുംപോലെ 
മനസ്സുനിറയെ സ്വപ്നങ്ങളുമായി 
ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍  അയാളില്‍   

ഈ ഉള്ളിതൊലിപ്പിലും 
പോറ്റപ്പെടുന്നുണ്ടാവാം
ഒരു കുടുംബം 

ആരോടും പരിഭവം ഇല്ലാതെ 
ആരെയും നോക്കാതെ 
മറ്റേതോ ലോകത്തില്‍ 
രണ്ടു വലിയ പാത്രങ്ങല്‍ക്കുനടുവില്‍ 
കുനിഞ്ഞിരുന്നു ......
അയാള്‍ തൊലിക്കുകയാണ് 
നീറുന്ന ഒരു ജീവിതത്തെ  


                                    **************************************************************

10/21/2013

പെണ്ണ്



അര്‍ദ്ധനാരീശ്വരനായ്  പാര്‍വതിക്ക്
പാതി പകുത്തങ്ങു നല്‍കി നീ
എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

രാജ്യസുഖങ്ങളുപേക്ഷിച്ചു നിന്‍റെ
പാദസേവക്കായ് കൊതിച്ചവള്‍ പാര്‍വതി
കഠിന തപസ്സും സ്നേഹവും കൊണ്ടവള്‍
ആവോളം നിന്നെ പൂജിച്ചില്ലേ
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

അച്ഛനെപ്പോലും ധിക്കരിച്ചു അവള്‍
അമ്മേടെ കണ്ണീരിനേം കണ്ണടച്ചു
സൌഭാഗ്യങ്ങളൊക്കെ അവഗണിച്ചു
നിന്‍റെ കഠിനമാം ജീവിതം ഏറ്റെടുത്തു
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

നിന്‍റെ ശക്തി തേജസ്സിന്നു മാറ്റുകൂട്ടി
അവള്‍ നിന്‍റെ സന്താനത്തെ നൊന്തു പെറ്റു
മഞ്ഞിലും കല്ലിലും അവള്‍ ശയിച്ചു  പിന്നെ
ഭൂതഗണങ്ങളെ  തോഴരാക്കി

എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

9/26/2013

അനാര്‍ക്കലി .....




ഞാന്‍
രാജപ്രതാപത്തിന്‍റെ
ഇഷ്ടികച്ചൂളയില്‍ ഹോമിക്കപ്പെട്ട 
നിസ്സഹായതയുടെ പ്രണയം

എനിക്കായ് കരയാന്‍ നിന്നില്‍ 
കണ്ണീര്‍ ബാക്കിയില്ലെന്നറിയാം 
കാരണം 
നീയും എനിക്കൊപ്പം ഹോമിക്കപ്പെട്ടല്ലോ 

പതാപത്തിന്റെ കണ്ണിലൂടെ 
നോക്കിയ പ്രഭുത്വം 
നമ്മുടെ പ്രണയം കണ്ടില്ല 

അല്ലയോ പ്രണയമേ നിന്നെ 
ആഭിജാത്യത്തിലൂടെ നോക്കാന്‍ 
ഞങ്ങള്‍ക്കറിയില്ലയിരുന്നു 

ചവിട്ടി മതിക്കപ്പെട്ട 
ആയിരം പ്രണയങ്ങളില്‍ 
ഒന്നുമാത്രം ഞങ്ങള്‍ 

ഒന്നോര്‍ക്കുക 
പ്രണയത്തിനു വേണം കണ്ണുകള്‍ 



9/08/2013

ഭ്രാന്തൻ

 

ഓർമ്മയുടെ ഇന്നറിയാത്ത ഇന്നലെകൾ -
തേടി അയാൾ  അലയുകയാണ് .-അല്ല
അയാളുടെ മനസ്സ് .

മനുഷ്യൻ ചവിട്ടാത്ത മണ്‍ തരികൾ
കിളികൾ പറന്നിരിക്കാത്ത ചില്ലകൾ
കാറ്റിനു എത്തപ്പെടാൻ കഴിയാത്ത
നക്ഷത്ര ലോകങ്ങൾ ....

അയാള് തിരയുകയാണ് ......

നീണ്ട ഇടനാഴികളിൽ അയാളേക്കാൾ
വലിയ നിഴലുകൾ അയാൾക്കൊപ്പം
നടന്നു

സൂര്യ രശ്മികൾ അയാൾക്ക്‌ നേരെ
ചാട്ടവാർ  വീശി
കഴുകൻ കണ്ണുകളുമായി അവർ പുറകെ ഉണ്ട്
ഭീതിപ്പെടുത്തുന്ന ഇന്നലെകൾ

ഇരുളിൽ ചിരിക്കാൻ മടിക്കുന്ന
പ്രത്യാശയുടെ കിരണങ്ങൾ ഉണ്ട്
എന്നയാൾ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു-
 വെറുതെ
മരുഭൂവിൽ മരീചിക എന്നപോലെ

വിശ്വാസങ്ങൾ ചങ്ങലയിട്ട കാലുമായി
മനുഷ്യന് ചങ്ങലയിടാൻ കഴിയാത്ത
മനസ്സുമായി .........

9/03/2013

ഇന്നറിയാതെ ഇന്നലെയില്‍



കാലചക്രം ഉരുളുന്നു
മാറാലകെട്ടിയ ഓര്‍മ്മകളുമായ് അയാള്‍ ......
ഗതകാല സ്മരണകള്‍ കത്തിനില്‍ക്കുംപോള്‍
ഇന്നുകള്‍ എങ്ങോ മറഞ്ഞിടുന്നു

മാമ്പഴം തേടുന്ന കുട്ടിക്കുറുമ്പനായ്
തുള്ളിക്കളിക്കുന്ന ബാല്യവിചാരങ്ങള്‍
പുള്ളുവപ്പാട്ടും പുലികളിയും
ഇപോഴും മുറ്റത്തു നില്‍ക്കുന്നപോല്‍

ഒരു മുടിപ്പൂവും പൂപ്പുഞ്ചിരിയും
മാടിവിളിക്കുന്ന കണ്ണുകളും
അകലുന്നു  ഓര്‍മ്മകള്‍ എങ്കിലും
കാണുന്നു ഇന്നും ആ കണ്ണിലെ നക്ഷത്രങ്ങള്‍

അച്ഛാ ഇതുഞാനല്ലേ അച്ഛന്റെ പുന്നാരമോനല്ലെഞാന്‍
എന്തെ എന്നെ മറന്നതെന്തേ എന്ന്  കരളലിവോടെ  കേഴുന്നു
ഒന്നും മനസ്സിലാകാതെ മിഴിക്കുന്ന കണ്ണുമായ്
അമ്പരന്നൊന്നയാള്‍ നോക്കുന്നു

നാട്ടുമാവില്‍നിന്നു മാങ്ങവീണല്ലോ
ഓപ്പോളേ ,ശങ്കരാ ഓടിവായോ
പന്തുകളിക്കാന്‍ ഞാനിന്നു കൂട്ടില്ല
പിന്നെപ്പരിഭവം കാട്ടുന്നു

ഞാനും വരുന്നുണ്ട് ആറ്റില്‍ കുളിക്കുവാന്‍ 
ശങ്കരാ .... മാധവാ പോകല്ലേ
ഇങ്ങനെ ഓരോന്ന് ചൊല്ലിപ്പുലമ്പി
കണ്ണും മിഴിച്ചു കിടക്കുന്നയാള്‍

മാറാല കെട്ടിയ ഓര്‍മ്മകള്‍ പേറി
ഓര്‍മ്മയില്ലാതെ കിടക്കുന്നായാള്‍