3/16/2014

വീട്ടമ്മ

സ്നേഹം  നീലാകാശം പോലെ
നിനക്കുമേല്‍ പൊതിഞ്ഞു ഞാന്‍ .....എന്നാല്‍ 
അതിന്റെ കോണില്‍ എവിടെയോ കണ്ട
ഒരുതുണ്ട്  മേഘത്തെ മാത്രം നീ കണ്ടു ...

കത്തുന്ന സൂര്യന്റെ ചൂടുമുഴുവന്‍
എന്നിലെക്കാവാഹിച്ച്
ഒരുമേലാപ്പായ്ഞാന്‍ നിനക്കുമേല്‍ .... എന്നാല്‍ 
അതില്‍ ഞാനറിയാതെ എതിലേയോ കടന്ന 
ഇത്തിരി സൂര്യവെളിച്ചം നിന്നെ പോള്ളിക്കുന്നതായി
നീ അലമുറയിട്ടു കൊണ്ടിരുന്നു......

ചൂടുമുഴുവന്‍ ഉരുക്കി ഒരുക്കി 
ഒരു കുളിര്‍മഴയായ്  നിന്നിലേക്ക്‌ 
ഞാന്‍ പെയ്യാന്‍ ഒരുങ്ങി ... അപ്പോള്‍ 
ഒരു വര്‍ണക്കുട നിവര്‍ത്തി ആ മഴയെ നീ 
മനോഹരമായ് തടഞ്ഞുകൊണ്ടിരുന്നു .... 

ഒരുപാട് സമയം ചിലവിട്ട്
ഒത്തിരി കറികള്‍ നിനക്കായ്‌ ഞാന്‍ ചമച്ചു ... എന്നാല്‍ 
ഉപ്പേരിയില്‍  ഒരിറ്റു കൂടിയ 
ഉപ്പുമാത്രം നീ  അറിഞ്ഞു ......

മനസ്സില്‍ ഒത്തിരി കവിതകള്‍ 
കൊഞ്ചി ചിരിച്ചപ്പോള്‍ എപ്പോഴോ 
അറിയാതെ  മൂളിയ ഒരുകവിത 
നിന്നെ ആരോലസപ്പെടുത്തി ....

പാടാതെ കൊഞ്ചാതെ പൊട്ടിച്ചിരിക്കാതെ 
വെച്ചും വിളമ്പിയും തുണികള്‍ അലക്കിയും 
എല്ലാം ഉള്ളില്‍ ഒതുക്കാന്‍ പഠിച്ചപ്പോള്‍ 
എല്ലാരും ചേര്‍ന്നൊത്തു പറഞ്ഞു 
നീയാണ് വീട്ടമ്മ .....
   

2/25/2014

മാഞ്ഞ സന്ധ്യ

   

സിന്ധൂരരേഖ മാഞ്ഞൊരു സന്ധ്യപോല്‍
ഉമ്മറക്കൊലായില്‍ ഒറ്റക്കായി ....
കൂട്ടമായെത്തിയ കിളികള്‍ കൂടണഞ്ഞപോല്‍
നിശബ്ദമായ് 
വന്നവര്‍ വന്നവര്‍  പൊയ്ക്കഴിഞ്ഞു.

ഒഴിഞ്ഞ ചാരുകസേരയില്‍ ചാരി 
കോലായില്‍ തറയിലിരുപ്പാണപ്പോഴും 
നരക്കാന്‍ തുടങ്ങിയ തലയില്‍ കൈ താങ്ങി 
ഇരുട്ട് കവരുന്ന സന്ധ്യപോലെ

ശാഠ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു
ശണ്ഠകള്‍ നിത്യമാം സംഭവവും
നേര്‍ക്കുനേര്‍ കണ്ടാല്‍ പോര്‍ വിളിചെന്നാലും
ഇന്നതിന്‍ ശൂന്യത അറിയുന്നേറെ.....


ഏഴാം കടലിന്നക്കരെ നിന്നും
മക്കള്‍ വിളിക്കുന്നുണ്ടെന്നുമെന്നും
അമ്മാ സുഖമല്ലേ ഭക്ഷണം കഴിച്ചില്ലേ
തങ്കമ്മ വന്നല്ലോ കൂട്ടിനിന്നും ....

തിണ്ണയില്‍ കിണ്ടിയില്‍ വെള്ളം വച്ചുഞാന്‍
ഊണിന്  ചമ്മന്തിയുണ്ട് വായോ
ഓണത്തിനും വേണം ഊണിന് ചമ്മന്തി 
ഇല്ലേല്‍ പ്പിണങ്ങി പ്പരിഭവിക്കും 

മുറ്റത്തു പൈപ്പുണ്ട് കാല്‍കഴുകാനെന്നാലും
തിണ്ണയില്‍ കിണ്ടീന്നെ കാല്‍കഴുകൂ....
പിണക്കമാണേന്നാലും പാടില്ല 
ഞാനിവിടുന്നു എവിടെക്കും മാറിനില്‍ക്കാന്‍ 

മിണ്ടില്ല എങ്കിലും കണ്ടില്ല എന്നാല്‍ 
ആ കണ്ണില്‍ പരിഭ്രമം ഞാന്‍ കണ്ടിരുന്നു 
എപ്പോഴും ഞാന്‍ വിളിപ്പുറത്ത്ണ്ടാകണം
ഇപ്പോഴും എന്നെ കാണുന്നുണ്ടോ ....??

ഇത്രേം  ഞാന്‍നിന്നെ  സ്നേഹിചിരുന്നുവോ 
അറിയുന്നു ഇല്ലാതെനിക്കുവയ്യ
ഞാനും വരട്ടയോ എവിടെയാണിന്നു നീ  
ഞാനില്ലാതെങ്ങിനെ ........??????

2/08/2014

ഞാനറിയാതെ



വരില്ലെന്നറിയാം  
എങ്കിലും കാത്തിരുന്നു
ഒരുപാട്  മധുമാസങ്ങള്‍ 
കടന്നുപോയിട്ടും 
പൂക്കാത്ത മാവുപോലെ 
നിന്‍റെ വരവ്  അറിയതെ പോയതാണോ ?

വെള്ളിനക്ഷത്രമായ്  
 ആകാശത്ത് 
പൂത്തു നിന്നത് 
നീ ആയിരുന്നോ

എന്നോ പെയ്തൊരു മഴ  
നിന്‍റെ വരവറിയിച്ചതായിരുന്നോ 
വന്നു പോയ 
കൊടും വേനല്‍  നിന്‍റെ 
സങ്കടം  എരിച്ചു തീര്‍ത്തതാണോ

പ്രഭാതത്തിലെ  തുഷാര ബിന്ദുക്കള്‍ 
നീ ആണ് എന്ന്  ചിലപ്പോള്‍ 
ഞാന്‍ ധരിച്ചു

എന്നെ തലോടി കടന്നുപോയ കാറ്റിന്‍റെ 
 സ്പര്‍ശം  നിന്റെതാകാന്‍ 
 ഞാന്‍ കൊതിച്ചു   

നിശബ്ദ നിമിഷങ്ങളില്‍ 
 മൌനമായി എന്നെ  പൊതിഞ്ഞത് 
നീ ആയിരുന്നോ

മഞ്ഞു പൊഴിക്കുന്ന രാവില്‍ 
ഒരു രാപ്പാടി  പാടിയിരുന്നു 
അത് നീ ആയിരുന്നോ

വന്നു എങ്കില്‍ ഒരിക്കലെങ്കിലും 
എന്നോട് പറയാമായിരുന്നു 
 ഇത് ഞാനാണ് എന്ന് 

വന്നിട്ടും  തിരിച്ചരിയാത്തതില്‍ 
പരിഭവമുണ്ട്  അല്ലെ 
കണ്ടിട്ടും കാണാതിരുന്നതില്‍ 
സങ്കടവും 

എങ്കിലും എനിക്കറിയാം 
നീ എന്നിലുണ്ടെന്ന്

1/02/2014

തിരിഞ്ഞു നോക്കുമ്പോള്‍



പുതുവര്‍ഷത്തിന്റെ  ലഹരി 
ഒട്ടും ചോരാതെ ഞാന്‍ 
ഓര്‍മ്മകള്‍ ഒന്നടുക്കട്ടെ !!

അച്ഛന്റെ  വിരലില്‍ 
തൂങ്ങി ലോകം കണ്ട നാളും
അമ്മയുടെ ലാളനയില്‍
നാവില്‍ രുചികള്‍ നിറച്ചതും 

സൌഹൃദ പ്പെരുമഴയില്‍
കാലം കണ്ണെഴുതി 
സന്തോഷം കൊലുസ്സണിയിച്ചു
മോഹങ്ങള്‍ പൊട്ടണിയിച്ചു 

ചെഗുവേരയും മാര്‍ക്സും 
ഏങ്കല്സും കലാലയാങ്കണത്തില്‍ 
വിപ്ലവ മോഹമായ് 

കണ്ണില്‍ പ്രണയ സാഗരം ഒളിപ്പിച്ചു   
ചുള്ളിക്കാടും അയ്യപ്പനും 
ഓയന്‍വിയും ഘനഗംഭീരമായ്‌
തന്മയമായ് ചൊല്ലി 
പ്രണയത്തീമനസ്സില്‍  നിറച്ചു

ഒരു മംഗല്യസൂത്രത്തിന്‍ ശ്രീയായ്
എന്നിലെ പ്രണയഭാവത്തിന്നര്‍ത്ഥം
പകര്‍ന്നതും  
എന്നിലെ ശ്രീയായി എന്റെ 'ശ്രീ' യായി 
എന്റെ കൈ പിടിച്ചൊപ്പം നടക്കുന്നു 

അമ്മയായ്  ഗൃഹനാഥയായ് 
സ്വസ്ഥയായ് അഭിമാനമായ് 
ജീവിത വഴിയില്‍ ഇരിക്കവേ 
എന്നിലെ എന്നില്‍  സന്തിഷ്ടയാണ് ഞാന്‍ 
ദുഃഖമൊട്ടുമേ ഇല്ല  
പരാജയമില്ല  
 
തിരിഞ്ഞു നോക്കിയാല്‍  
എങ്ങും നന്മകള്‍ മാത്രം
ഇന്നും നാളയും പുണ്യം നിറയട്ടെ 
ജീവിത യാത്രയില്‍ സ്നേഹാമൃതം 
നിറയട്ടെ  എല്ലാം നിന്‍ അനുഗ്രഹം 
 സര്‍വ്വേശ്വരാ !!!!!! 

12/11/2013

ഞാന്‍ എന്നിലേക്ക്‌

  

ഒന്ന് തിരികെ നടക്കട്ടെ  
വന്ന വഴിയില്‍ കാണാതെ പോയ 
പൂക്കള്‍ തേടട്ടെ .....

കിളിക്കൊഞ്ചലും പാട്ടും
അരുവിതന്‍ കുളിരും
വഞ്ചിപ്പാട്ടിന്റെ  പൊരുളും അറിയട്ടെ.......

പൊന്നുരുളകളാല്‍ അമ്മതന്‍ സ്നേഹവും 
അച്ഛന്റെ കരുതലും
കൂടപ്പിറപ്പിന്‍ കളിചിരികളും.

ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍
ഞാന്‍ കേള്‍ക്കുന്നു
നനുത്തൊരു പാട്ടിന്റെ  ഈരടികള്‍.

ഒരു വെള്ളിക്കൊലുസായ് എന്നെപ്പുണര്‍ന്ന
കുളിരോളങ്ങള്‍ 
കലപില കൂട്ടുന്നു 

പറയാന്‍ മറന്ന പ്രണയത്തിന്‍ ശീലുകള്‍ 
പറയാതെ പറയുന്നു 
നൊമ്പരമായ് 

നനയാതെ പോയ മഴകളും
കുളിരറിയാതെ പോയ 
ശിശിരങ്ങളും....
ഇടറിയ കാലും പതറിയ സ്വരവും 
ഇടനെഞ്ചിനേറ്റ
മുറിവുകളും 

കണ്ണുനീര്‍ വറ്റിയ കണ്ണിലൂറുന്നില്ല
ഒരുതുള്ളി പോലും 
ഒന്നുകരയാന്‍   

എങ്കിലും
തിരികെ ഞാന്‍ പോകുന്നു
എന്നെ മറന്ന എന്നെത്തേടി .
      

11/14/2013

അയാള്‍ ഉള്ളി തൊലിക്കുകയാണ്



ഹോട്ടലിന്‍റെ പിന്നാമ്പുറത്ത്
ആരാലും ശ്രദ്ധിക്കാതെ .......

ചുറ്റും കുട്ടികള്‍ ഓടിക്കളിക്കുന്നു 
അരികത്തൂടെ  ആഡംബരക്കാറുകള്‍
ചീറിപ്പായുന്നു 
ഒന്നിലും ശ്രദ്ധിക്കാതെ
അയാള്‍ ഉള്ളി തൊലിക്കുകയാണ് 

ഇടയ്ക്കിടയ്ക്ക്  കണ്ണുകള്‍ തുടക്കുന്നുണ്ട് 
ഉള്ളിതൊലിക്കയല്ലേ 
കണ്ണുതുടയ്ക്കാന്‍  വേറെ കാരണം വേണ്ടല്ലോ
അയാളുടെ ഉള്ളിന്റെ നീറ്റലുകള്‍ 
ഉള്ളിയില്‍ അലിയുന്നു 

ആയാളും വിമാനം കയറി
എല്ലാവരേയുംപോലെ 
മനസ്സുനിറയെ സ്വപ്നങ്ങളുമായി 
ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍  അയാളില്‍   

ഈ ഉള്ളിതൊലിപ്പിലും 
പോറ്റപ്പെടുന്നുണ്ടാവാം
ഒരു കുടുംബം 

ആരോടും പരിഭവം ഇല്ലാതെ 
ആരെയും നോക്കാതെ 
മറ്റേതോ ലോകത്തില്‍ 
രണ്ടു വലിയ പാത്രങ്ങല്‍ക്കുനടുവില്‍ 
കുനിഞ്ഞിരുന്നു ......
അയാള്‍ തൊലിക്കുകയാണ് 
നീറുന്ന ഒരു ജീവിതത്തെ  


                                    **************************************************************

10/21/2013

പെണ്ണ്



അര്‍ദ്ധനാരീശ്വരനായ്  പാര്‍വതിക്ക്
പാതി പകുത്തങ്ങു നല്‍കി നീ
എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

രാജ്യസുഖങ്ങളുപേക്ഷിച്ചു നിന്‍റെ
പാദസേവക്കായ് കൊതിച്ചവള്‍ പാര്‍വതി
കഠിന തപസ്സും സ്നേഹവും കൊണ്ടവള്‍
ആവോളം നിന്നെ പൂജിച്ചില്ലേ
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

അച്ഛനെപ്പോലും ധിക്കരിച്ചു അവള്‍
അമ്മേടെ കണ്ണീരിനേം കണ്ണടച്ചു
സൌഭാഗ്യങ്ങളൊക്കെ അവഗണിച്ചു
നിന്‍റെ കഠിനമാം ജീവിതം ഏറ്റെടുത്തു
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

നിന്‍റെ ശക്തി തേജസ്സിന്നു മാറ്റുകൂട്ടി
അവള്‍ നിന്‍റെ സന്താനത്തെ നൊന്തു പെറ്റു
മഞ്ഞിലും കല്ലിലും അവള്‍ ശയിച്ചു  പിന്നെ
ഭൂതഗണങ്ങളെ  തോഴരാക്കി

എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?