1/29/2015

തിരിച്ചു വരവ്


      

കടല്‍ തന്‍ പായാരം കരയോട് ചൊല്ലി 
കരയോ നിസ്സംഗയായ് കേട്ടുനിന്നു 
തല തല്ലി  കരഞ്ഞിട്ടും പൊട്ടിത്തെറിച്ചിട്ടും
കരയൊന്നും മിണ്ടാതെ കണ്ടിരുന്നു ....

ആകാശ നീലിമയോട് പറഞ്ഞപ്പോൾ 
നീലമേലാപ്പൊന്നവൾക്കു നൽകി 
എന്നിട്ടും പോരാഞ്ഞവളതു  പിന്നെ 
സൂര്യനോടെല്ലാം പറഞ്ഞു നോക്കി 

സൂര്യനോ  ആശ്വസിപ്പിക്കാനായ് എന്നവണ്ണം 
താപ കരങ്ങളാൽ പുല്കി നിന്നു 
ആശ്വാസമോടവൾ നീരാവിയായി 
സൂര്യന്റെ ചാരത്തണയാൻ നോക്കി 

ഒരു തുണ്ടു  മേഘമായ്  സൂര്യനോടൊപ്പം 
ആകാശ വീഥിയിൽ സഞ്ചരിക്കെ 
ആകെ തണുത്തവൾ വെള്ളമായ് വീണ്ടും 
ഭൂമിയിലേക്ക്‌ പതിച്ചു  പോയി 

എല്ലാം പഠിച്ചു തിരിച്ചുവന്നപ്പോൾ 
കരയോ നെഞ്ചോടു  ചേര്‍ത്തു വച്ചു 

1/18/2015

പൊയ്മുഖം



ഇന്നലെ പെയ്ത മഴയിൽ നിന്നും ഞാൻ
ഇത്തിരി കുളിര് കരുതിവച്ചു
ഒരു ചൂട് കാറ്റത് തട്ടിപ്പറിച്ചു
അകലേക്ക് എങ്ങോ പറന്നകന്നു  

അന്നാ  മഴയിൽ വെള്ളത്തോടൊപ്പം 
എന്നിലെ പച്ചയും ഒലി ച്ചു പോയി  


ഒരു കിളിപ്പാട്ട് കേട്ടു ദൂരെ 
അത് എന്നിലെ മോഹങ്ങളായിരുന്നു 
ചിറകടിച്ചാകിളി എങ്ങോ പറന്നപ്പോൾ
മോഹങ്ങളും കൂടെ  പറന്നുപോയി 
ഒരു സായന്തനത്തിൻ കുങ്കുമചാർത്തിൽ 
തെല്ലിട ഒന്ന് ലയിച്ചു നില്ക്കെ
ആ കടലിന്റെ മാറിൽ താഴ്ന്നുകൊണ്ടാ സൂര്യൻ 
ഇരുൾ കൊണ്ടാ   കുങ്കുമം മായ്ച്ചുവല്ലോ 

ചിരിക്കാൻ ശ്രമിച്ചപ്പോൾ  
ഞാനറിയുന്നു  എനിക്കെന്നേ  എന്മുഖം നഷ്ടമായി 
 കാലം   വരച്ച കോലത്തിനൊപ്പം  
ഞാൻ നല്ലൊരു  മിഖംമൂടി  വാങ്ങിവച്ചു
ആ പൊയ്മുഖം തിരിച്ചറിയാനാകാതെ 
എന്നിലെ ഞാൻ അലയുന്നു പിന്നെയും 

12/11/2014

സായന്തനം

   


അന്നു മനസ്സിന്റെ മന്താരച്ചെപ്പിൽ
ഒരു കുങ്കുമപ്പൂപൊൽ കാത്തു വച്ചു
അതെന്നോ എവിടെയോ മറന്നു വച്ചു
ഒട്ടും നിനയാത്ത നേരത്ത് ഞാനാ
മന്താരചെപ്പിന്നു കണ്ടു
ആകാംഷ മുറ്റും മനസ്സോടെ ഞാൻ
ഇന്നത്‌ വീണ്ടും തുറന്നു നോക്കി ..... അത്
വാടിത്തളർന്നൊരു ഓർമ്മയായി ...
തിരമാലപോൽ അലതല്ലി എത്തുന്നു
വെറുതെ തലതല്ലി തകർന്നടിയുന്നു
വീണ്ടും നുരപോന്തി തേങ്ങി വരുന്നു
ഒര്മ്മയായ് പൊട്ടിച്ചിതറിടുവാൻ
സായന്തനത്തിലെ കുങ്കുമ ശോഭയായ്
കരയും കടലും ലയിച്ചപോലെ
യാത്ര പറയുവാനായിരുന്നെങ്കിലും
ഒരുമാത്ര എല്ലാം മറന്നു ഞാനും
ഹൃദയം നുറുങ്ങുന്ന വേദനയെങ്കിലും
ആ ഓർമ്മകൾക്കെന്നും നൂറഴക്
യാത്ര പറയുന്ന നേരമാണെങ്കിലും
സന്ധ്യക്ക്‌ സൂര്യൻ ചുവക്കുംപോലെ ....


11/13/2014

പിൻവിളി കേൾക്കാതെ


സ്വർഗ്ഗവാതിൽ തുറന്നെങ്ങോ
മറഞ്ഞൊരാ ദീപ്തസ്നേഹം
ഇരുകൈകളാൽ വാരിപ്പുണർന്നു
നെറുകയിലിറ്റിച്ച സ്നേഹചുംബനം
കുഞ്ഞുകൈകളിൽ മുറുകെപ്പിടിച്ചു
വിരൽത്തുമ്പിലേക്കൊഴുക്കിയ സ്നേഹപ്പൂമഴ
അരിമണികളിൽ ഹരിശ്രീയായ്
കുറിപ്പിച്ചോരക്ഷരപ്പെരുമ
കളിപ്പാട്ടമായ്, ഒരു കോച്ചുകുട്ടിപോൽ
എന്നെക്കളിപ്പിച്ച കൂട്ടുകാരൻ
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ ......
.
ദിഗ് വിജയത്തിനു സ്നേഹം മതി എന്നും
അക്ഷരം ലോക വെളിച്ചമാണെന്നും
സത്യം അനശ്വരം കളവു ക്ഷണികവും
എന്ന് പഠിപ്പിച്ച ഗുരുനാഥനാണച്ഛൻ .....
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ .....
ചിന്തകൾ പറയുന്നു അരികിലെന്നു
ഇല്ല അകലേക്ക്‌ പോകില്ലെന്ന്
എങ്കിലും അറിയുന്നു ...........
എല്ലാം കഴിഞ്ഞു എല്ലാം കൊഴിഞ്ഞു
ദൂരേക്ക്‌ എങ്ങോ പറന്നുപോയോ ???
ഇല്ല വരില്ലെന്നറിയുന്നു
ഈ പക്ഷം മുറിഞ്ഞൊരീ കുഞ്ഞുപക്ഷീ
പറക്കാൻ കഴിയാതെ കേഴുന്നു
ഓർമ്മകൾ തികട്ടുന്നു വേദന കനക്കുന്നു
താതാ വയ്യ സഹിച്ചിടുവാൻ.....

7/16/2014

യാത്രാമൊഴി



വിടവാങ്ങുന്നു ഞാനെന്‍ പ്രിയതമാ
എന്നമ്മതന്‍ മടിത്തട്ടിലേക്ക് 

തിരിച്ചേല്‍പ്പിക്കുന്നു നിന്‍ അരുമസന്താനങ്ങളെ
കൊടും കാട്ടില്‍ വളര്‍ന്നവരെങ്കിലും
വില്ലാളിവീരരായ് ശസ്ത്ര ശാസ്ത്രങ്ങളില്‍ 
കേമാരാണിന്നവര്‍ കയ്യേല്‍ക്കുക.... 

കൊട്ടാരസുഖത്തേക്കാള്‍ നിന്‍ സാമിപ്യം കൊതിച്ചവള്‍
കാട്ടിലും കൂട്ടായിരിക്കുവാന്‍ പോന്നവള്‍
കായും കനികളും മൃഷ്ട്ടാന്നമാക്കി
നിന്‍ നിഴലായ് കൂടിയോള്‍

കിരാതര്‍ തന്‍ നടുവിലും നിന്‍റെ നാമം ജപിച്ചിരുന്നു
അഗ്നിയില്‍ ചാടുവാന്‍ ചൊല്ലിയപ്പോഴും
ഒരുനേരം പോലും പഴിച്ചില്ല ഞാന്‍

കാടുകാണിക്കാനെന്ന പൊളി വേണ്ടായിരുന്നു
നിറവയറോടെ എന്നെ ഉപേക്ഷിക്കുന്ന വേളയില്‍
പോകുമായിരുന്നുഞാന്‍ സന്തോഷമോടെ
നിന്നിഷ്ടം ശിരസാല്‍ വഹിച്ചുകൊണ്ട്

പരിത്യജിച്ചു എന്നെ നീ പാതിവഴിയില്‍
എല്ലാം വിധിയെന്ന് കരുതുന്നു ഞാന്‍
കാഞ്ചന സീതയെ പ്രതിഷ്ഠിച്ച വേളയില്‍ തന്നെ
ഞാനാം സീത മരിച്ചു പോയീ

നന്ദി എന്നെ സ്നേഹിച്ച ജീവജാലങ്ങളെ
ബന്ധുമിത്രാദികളെ ....ദുഖത്തില്‍ തുണയായ താപസനേ
വിടനല്‍കി എന്നെ അനുഗ്രഹിക്ക .....

7/02/2014

അകലം

      

  
ഓര്‍മ്മകള്‍ വെള്ളാരം കല്ലുകള്‍
പെറുക്കിനടന്ന കാലത്തിലേക്ക്
പ്രകാശ വേഗത്തില്‍
സഞ്ചരിക്കുകയാണ്
ഒരുപാടു പുറകിലേക്ക്....
ഇന്നോ ഇന്നലെയോ ഇല്ലാതെ
അതിനുംപുറകിലെവിടെയോ
അടുക്കില്ലാതെ അലയുന്നു...
ഇടയ്ക്കു അപരിചിതമായ
ചില ചിലമ്പലുകള്‍
അയാള്‍ കേള്‍ക്കുന്നുണ്ട്
വെള്ളം തരുന്നുണ്ട്
കുളിപ്പിക്കുന്നുണ്ട്
ആരൊക്കെ ഇവര്‍
ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരുന്നു....
ചാരെ തനിക്കുനേരെ
അറിയാതടഞ്ഞുപോയ
വാതിലിനു മുന്നില്‍
തുറക്കാന്‍ പറ്റാത്ത
താക്കോലുമായി
പ്രിയതമ അന്യയെപ്പോലെ
നിസ്സഹായയായി ......


4/09/2014

സ്വയം അറിയാന്‍

               


കാണുന്ന കാഴ്ച്ചതന്‍ പൊരുള്‍ തേടി അലയുമ്പോള്‍ 
അറിയുന്നില്ലി വിലപ്പെട്ട മനുഷ്യ ജന്മത്തിന്‍ പൊരുള്‍ 
പാഴാക്കിക്കളയുന്ന ഓരോ നിമിഷവും 
നഷ്ടപ്പെടുത്തലാണോര്‍ക്കാം നമുക്ക് 

ഒരു നീര്‍ക്കുമിളപോല്‍ എപ്പോഴും പൊട്ടാം
ഈ ജന്മമാം കുമിളയും തിരിച്ചറിയൂ... 
ചെയ്യുവാനുണ്ടൊരുപാട് കാര്യങ്ങള്‍ 
സഹജീവിക്കു നല്‍കാം ഒരിറ്റു സ്നേഹം. 

മറക്കാതിരിക്കാം പിന്നിട്ടവഴികള്‍ 
മറക്കാം നമുക്കേറ്റ മുറിവിന്‍റെ പാടുകള്‍. 
പൊറുക്കാന്‍ പഠിക്കാം ചിരിക്കാന്‍ ശ്രമിക്കാം 
ഔന്നിത്യങ്ങളില്‍ സ്വയം മറക്കാതിരിക്കാം .

അലറി ഇരമ്പുന്ന കടലും ഒരുക്കുന്നു 
ഒരുപാട് ജീവന് താവളങ്ങള്‍ .
വെറുതെ അലയുന്ന മേഘവും പൊഴിയുന്നു 
തെളിനീര്‍  മഴയായി കുളിര് നല്‍കാന്‍. 

കണ്ണ് തുറന്നൊന്നു നോക്കാതെ ചൊല്ലുന്നു 
ഈ ലോകം നാശ മെന്നാര്‍ത്തു വിളിക്കുന്നു... 
നന്മകള്‍ ഒന്നും കാണാതെ  നമ്മള്‍ സ്വയം 
കണ്ണടച്ചെല്ലാം ഇരുട്ടെന്നു കേഴുന്നു.... 

കണ്ണുതുറക്കാം കാണാന്‍ ശ്രമിക്കാം 
ഇരുട്ടിലും ഇറ്റു വെളിച്ചം പകരാം 
പോരുക കൂട്ടരേ കൈകൊര്‍ത്തിടാം 
ഒരു നല്ല നാളെക്കായ്‌ സ്നേഹത്തിനായ് .....