5/30/2013

ഒരു പാട്ട്

 
ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും
 
ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എന്റെ ഭാവനാ ലോകത്തിൽ
പൂത്തിങ്കളായി  പ്രഭചൊരിയാൻ

രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ  പാടിടട്ടെ.

5/22/2013

സീത

       
രാമായണത്തിന്റെ ശീലോന്നു കേട്ടപ്പോള്‍
വൈദേഹി നെഞ്ചില്‍ കനലായി നിന്നു
പതിവൃതയായിട്ടും പാതിപകുത്തിട്ടും
അഗ്നിയില്‍ ശുദ്ധി നടത്തിയിട്ടും
നീതികിട്ടാത്തൊരാ രത്നത്തിന്‍ ദുഃഖം
ഭൂമീടെ നെഞ്ചും പിളര്‍ത്തിയില്ലേ

അഭയമില്ലാതെ തണലുമില്ലാതെ
കാട്ടിലും മേട്ടിലും അവളലഞ്ഞു
കാനന സീതയായ് കാഞ്ചന സീതയായ്
കണ്ണീര്‍ക്കടലായ് അവളലിഞ്ഞു

എന്നിട്ടുമിന്നും പാടിപ്പുകഴ്ത്തുന്നു
രാമാപദാനങ്ങള്‍ വീരകൃത്യങ്ങള്‍
സീതയെ നമ്മള്‍ മറക്കുന്നുവോ
അതോ കണ്ടിട്ടും കാണാതെ പോകുന്നുവോ

4/30/2013

കവിതാരാമം

 

കവിതകൾ പൂക്കുമോരാരമത്തിൽ
ഒരു ഹിമ കണമായ്‌ ഞാൻ തപസ്സിരിക്കെ
നിൻ അർക്ക രേണുക്കൾ സ്ഫടികമാക്കി
പിന്നെ നിന്നിൽ അലിഞ്ഞൊരു കവിതയായി 

കവിതയുടെ തേനരുവി കണ്ടു  നിൻ നാവിൽ
വാക്കിൻ  വടിവുകൾ വിരൽത്തുമ്പിലും 
കേട്ടു  നിന്മൊഴിയിൽ സരസ്വതീ വിളയാട്ടം
ഞാനൊരു സംഗീത കാവ്യമായി
 
സംഗീത താളലയങ്ങളായ് നമ്മൾ
പൂമ്പാറ്റപോൽ പാറിപ്പറന്നു വാനിൽ
ആ സ്വർഗ്ഗ വാടിയിൽ പൂവുകളിൽ
പാട്ടിന്റെ തേനും നുകർന്ന് പാറി

4/14/2013

വിഷുപ്പാട്ട്


മേട വിഷുവല്ലേ മോനെ മേട വിഷുവല്ലേ
കണികണ്ടുണരേണ്ടേ -നമുക്ക്
കണ്ണനെ കാണേണ്ടേ .....

ഉണ്ണിക്കൈ രണ്ടിലും ഞാൻ -നിറയെ
വെണ്ണ പകർന്നു തരാം
ആടിക്കളിക്കുവാനായ് _ ഞാൻ
ഊഞ്ഞാല ഇട്ടുതരാം
മാറിലണിയുവാനായ് -നല്ല
വനമാല കെട്ടിത്തരാം
ഓടിവരുകയില്ലേ കണ്ണാ ഓടിവരുകയില്ലേ
നിന് പൂമേനി കണ്ടിടുവാൻ -എനിക്ക്
എന്തൊരു പൂതി എന്നോ
ആക്കുഴൽ നാദം കേൾക്കാൻ -എനിക്ക്
എന്തൊരു ദാഹമെന്നൊ
എന്റെ ഉണ്ണികളോടോത്ത് -നീ
കളിയാടാൻ പോരുകില്ലേ
കനകച്ചിലങ്കയിട്ടു- മഞ്ഞപ്പട്ടുടയാടയിട്ടു
ഓടക്കുഴലുമൂതി -കണ്ണാ ഓടി വരുകയില്ലേ

കണ്ണിലെ തിരി കെടാതെ -നിന്നെ
ക്കാത്തു കഴിയില്ലേ
നിൻ പാട്ടുകൾപ്പാടിപ്പാടി -എന്റെ
ഉള്ളം നിറക്കയല്ലേ
ഓടി വരുകയില്ലേ കണ്ണാ
കളിയാടാൻ പോരുകില്ലേ

4/03/2013

എന്നിട്ടും ......


ഒരുജീവരാഗമാണെന്നു നീ ചൊല്ലീട്ടും
നമ്മൾ പിരിഞ്ഞതിതാർക്കുവേണ്ടി
എന്റെ കണ്‍ കോണിൽ വിരിഞ്ഞ നക്ഷത്രങ്ങൾ
നിന്റേതു മാത്രമെന്നെത്ര ചൊല്ലി
തെന്മഴയായി പെയ്തൊരാ സ്നേഹത്തിൽ
കണ്ണീരുപ്പ് കലർന്നതെന്തെ

കരളിൽ പൂവിട്ടു ഹൃദയത്തിൽ പൂജിച്ച്
സ്വപ്നത്തിൻ നൂലിനാൽ മാലയാക്കി
എന്നിട്ടുമെന്തേ സ്വീകരിച്ചില്ലനീ
നമ്മൾ പിരിഞ്ഞതിതെന്തിനായീ  

നിന്നോടാണേറെ എന്നിഷ്ടം പറഞ്ഞിട്ടും
എന്നെ ഈ വാടിയിലേകയാക്കി
ഒരുമഴവില്ലുപൊൽ എത്രവേഗത്തിൽ ആ
സ്വപ്നങ്ങളൊക്കെയും മാഞ്ഞുപോയീ ..... 


3/23/2013

പ്രണയചെമ്പകം

         

നിനക്കായെഴുതിയ കവിതയിലെന്റെ
ഹൃദയത്തിൻ അരുണിമ കണ്ടില്ലയോ
മരുഭൂമിയായോരെൻ മനതാരിലെവിടെയോ
നീ നട്ട ചെമ്പകം   മറന്നുപോയോ -തോഴാ
എന്നെയും  എന്നോ മറന്നുപോയോ

കണ്ണീർ തീർത്ഥത്തിൽ അതുവളർന്നു
വിരഹത്തിൻ വേദനയാൽ മലരണിഞ്ഞു
പ്രണയമണം വിതറി   കാത്തിരിപ്പൂ- ഞാൻ 
ചെമ്പകപ്പൂമെത്ത വിരിച്ചിരിപ്പൂ

പ്രണയമണിത്തൂവൽവീശി നീ വരുമ്പോൾ
നറുമണം കൊണ്ട്  പുതപ്പിക്കാം
അണയാ മോഹമണിമുത്തുകളാൽ  
നവരത്ന മാലയണിയിക്കാം

ചെമ്പകപ്പൂമെത്ത വിരിക്കട്ടെ ഞാൻ
മണി വിളക്കൊന്നു കൊളുത്തട്ടെ
നീ വരുമെന്നൊരു ഉൾവിളിയാലെ
നിലവിളക്കായ് ഞാൻ എരിഞ്ഞിരിക്കാം   




3/21/2013

ഇന്ന് കാവ്യദിനം
ഞാൻ എന്റെ കവിതയെ ഊട്ടി ഉറക്കാം
താരാട്ട് പാടി കൊഞ്ചിക്കാം
കുഞ്ഞിക്കൈയ്യിൽ പിടിച്ചു പിച്ചനടത്താം

ഓർമ്മകൾ നവൂറാക്കി
പ്രണയം തെളിനീരാക്കി
ബാല്യം നേർക്കാഴ്ച്ചയാക്കി
വളർത്താം

നീ  വളർന്നു കുഞ്ഞിപ്പെണ്ണാകുമ്പോൾ
നല്ല മുഹൂർത്തം നോക്കി
എന്റെ ഹൃദയം പകുത്തുനല്കി
ചേതനയുടെ വിരൽത്തുമ്പുകൊണ്ട്
ആത്മാവിനാൽ ഒരു കവിതയാക്കി
 സുമംഗിലിയാക്കട്ടെ !!!!