6/27/2013

വിരഹം



സ്വപ്നങ്ങള്‍ വിരിയിച്ച ചെമ്പനീര്‍പൂ
നിനക്കായ്‌ ഞാനിന്നു കാത്തുവയ്ക്കാം
എന്റെ സ്നേഹത്തിനെ നീര്‍പ്പളുങ്കാക്കിഞാന്‍
ആ കുസുമത്തെ അലങ്കരിക്കാം
പോരുമോ  വര്‍ണ്ണ ശലഭമേ നീ
ഈ പൂമകളെ ധന്യയാക്കാന്‍

പൂമഴപോലെ പെയ്തിറങ്ങാം നിന്നില്‍
ഒരു കുളിരായ് ഞാന്‍ സ്വയമലിയാം
നിന്‍ കരലാളനയാല്‍ നീ എന്നിലെ
മോഹന രാഗത്തെ തൊട്ടുണര്‍ത്തു
അനന്ത ശബ്ദ കൊലാഹലത്തിലും
നിന്‍ ഹൃദയത്തുടിപ്പ് തിരിച്ചറിവൂ
അറിയുന്നു എന്നെ നീ എങ്കിലും വന്നില്ല
എന്റെ ഈ പൂവിനെ സ്വീകരിക്കാന്‍

6/04/2013

മനോരാജ്യം

 

മാനസമുരളിയില്‍ കേട്ടുഞാന്‍ കണ്ണാ നിന്‍റെ
മധുവൂറും സ്നേഹത്തിന്‍ പ്രണയഗീതം
ആ ഗാന ലഹരിയില്‍ ഞാനലിഞ്ഞപ്പോള്‍
ദ്വാപരയുഗത്തിലെ രാധികയായ്
കണ്ണന്‍റെ പ്രിയസഖി രാധികയായ്

എന്മനോവൃന്ദാവനത്തിലെങ്ങും ....
പരിജാതങ്ങള്‍ പൂത്തുലഞ്ഞു ...
മയിലുകള്‍ പീലി വിടര്‍ത്തീ ...
നിന്‍സ്വരമെന്നിലലിഞ്ഞു ...ഞാനൊരു
മായലോകത്തിലായി .....

പാരിജാതത്തണലില്‍ ഞാനിരുന്നു
എന്മടിയില്‍ നീ മയങ്ങുംപോലെ
അറിഞ്ഞിട്ടുമറിയാതെ എന്മുകുരത്തില്‍നിന്‍
അധരങ്ങള്‍ ചിത്രം വരച്ചപോലെ

വിരഹാര്‍ദ്രയാകുമ്പോള്‍ ചാരത്തണയുന്നു
കണ്ണുകള്‍ പൊത്തിച്ചിരിക്കുന്നു
ഓര്‍ക്കുംപോഴോക്കെയും ഓടിയണയുന്ന നീ
ഹൃദയത്തിന്‍ താളമായ് മാറുന്നു

5/30/2013

ഒരു പാട്ട്

 
ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും
 
ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എന്റെ ഭാവനാ ലോകത്തിൽ
പൂത്തിങ്കളായി  പ്രഭചൊരിയാൻ

രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ  പാടിടട്ടെ.

5/22/2013

സീത

       
രാമായണത്തിന്റെ ശീലോന്നു കേട്ടപ്പോള്‍
വൈദേഹി നെഞ്ചില്‍ കനലായി നിന്നു
പതിവൃതയായിട്ടും പാതിപകുത്തിട്ടും
അഗ്നിയില്‍ ശുദ്ധി നടത്തിയിട്ടും
നീതികിട്ടാത്തൊരാ രത്നത്തിന്‍ ദുഃഖം
ഭൂമീടെ നെഞ്ചും പിളര്‍ത്തിയില്ലേ

അഭയമില്ലാതെ തണലുമില്ലാതെ
കാട്ടിലും മേട്ടിലും അവളലഞ്ഞു
കാനന സീതയായ് കാഞ്ചന സീതയായ്
കണ്ണീര്‍ക്കടലായ് അവളലിഞ്ഞു

എന്നിട്ടുമിന്നും പാടിപ്പുകഴ്ത്തുന്നു
രാമാപദാനങ്ങള്‍ വീരകൃത്യങ്ങള്‍
സീതയെ നമ്മള്‍ മറക്കുന്നുവോ
അതോ കണ്ടിട്ടും കാണാതെ പോകുന്നുവോ

4/30/2013

കവിതാരാമം

 

കവിതകൾ പൂക്കുമോരാരമത്തിൽ
ഒരു ഹിമ കണമായ്‌ ഞാൻ തപസ്സിരിക്കെ
നിൻ അർക്ക രേണുക്കൾ സ്ഫടികമാക്കി
പിന്നെ നിന്നിൽ അലിഞ്ഞൊരു കവിതയായി 

കവിതയുടെ തേനരുവി കണ്ടു  നിൻ നാവിൽ
വാക്കിൻ  വടിവുകൾ വിരൽത്തുമ്പിലും 
കേട്ടു  നിന്മൊഴിയിൽ സരസ്വതീ വിളയാട്ടം
ഞാനൊരു സംഗീത കാവ്യമായി
 
സംഗീത താളലയങ്ങളായ് നമ്മൾ
പൂമ്പാറ്റപോൽ പാറിപ്പറന്നു വാനിൽ
ആ സ്വർഗ്ഗ വാടിയിൽ പൂവുകളിൽ
പാട്ടിന്റെ തേനും നുകർന്ന് പാറി

4/14/2013

വിഷുപ്പാട്ട്


മേട വിഷുവല്ലേ മോനെ മേട വിഷുവല്ലേ
കണികണ്ടുണരേണ്ടേ -നമുക്ക്
കണ്ണനെ കാണേണ്ടേ .....

ഉണ്ണിക്കൈ രണ്ടിലും ഞാൻ -നിറയെ
വെണ്ണ പകർന്നു തരാം
ആടിക്കളിക്കുവാനായ് _ ഞാൻ
ഊഞ്ഞാല ഇട്ടുതരാം
മാറിലണിയുവാനായ് -നല്ല
വനമാല കെട്ടിത്തരാം
ഓടിവരുകയില്ലേ കണ്ണാ ഓടിവരുകയില്ലേ
നിന് പൂമേനി കണ്ടിടുവാൻ -എനിക്ക്
എന്തൊരു പൂതി എന്നോ
ആക്കുഴൽ നാദം കേൾക്കാൻ -എനിക്ക്
എന്തൊരു ദാഹമെന്നൊ
എന്റെ ഉണ്ണികളോടോത്ത് -നീ
കളിയാടാൻ പോരുകില്ലേ
കനകച്ചിലങ്കയിട്ടു- മഞ്ഞപ്പട്ടുടയാടയിട്ടു
ഓടക്കുഴലുമൂതി -കണ്ണാ ഓടി വരുകയില്ലേ

കണ്ണിലെ തിരി കെടാതെ -നിന്നെ
ക്കാത്തു കഴിയില്ലേ
നിൻ പാട്ടുകൾപ്പാടിപ്പാടി -എന്റെ
ഉള്ളം നിറക്കയല്ലേ
ഓടി വരുകയില്ലേ കണ്ണാ
കളിയാടാൻ പോരുകില്ലേ

4/03/2013

എന്നിട്ടും ......


ഒരുജീവരാഗമാണെന്നു നീ ചൊല്ലീട്ടും
നമ്മൾ പിരിഞ്ഞതിതാർക്കുവേണ്ടി
എന്റെ കണ്‍ കോണിൽ വിരിഞ്ഞ നക്ഷത്രങ്ങൾ
നിന്റേതു മാത്രമെന്നെത്ര ചൊല്ലി
തെന്മഴയായി പെയ്തൊരാ സ്നേഹത്തിൽ
കണ്ണീരുപ്പ് കലർന്നതെന്തെ

കരളിൽ പൂവിട്ടു ഹൃദയത്തിൽ പൂജിച്ച്
സ്വപ്നത്തിൻ നൂലിനാൽ മാലയാക്കി
എന്നിട്ടുമെന്തേ സ്വീകരിച്ചില്ലനീ
നമ്മൾ പിരിഞ്ഞതിതെന്തിനായീ  

നിന്നോടാണേറെ എന്നിഷ്ടം പറഞ്ഞിട്ടും
എന്നെ ഈ വാടിയിലേകയാക്കി
ഒരുമഴവില്ലുപൊൽ എത്രവേഗത്തിൽ ആ
സ്വപ്നങ്ങളൊക്കെയും മാഞ്ഞുപോയീ .....