1/28/2013

പറയുവാനുള്ളത്

    

പൂവിന്റെ മണവും  പേറിവന്ന
കുഞ്ഞിക്കാറ്റ് പറഞ്ഞത് ഒരു -
നനുത്ത തലോടലിന്റെ
കഥയായിരുന്നു ...

പ്രഭാതസൂര്യന്‍ സ്ഫടികശോഭ നല്‍കിയ
തുഷാരബിന്ദു  ഒരു
ചുടുചുംബനത്തിന്റെ കഥയാണ്‌-
പറഞ്ഞത് ...

തുള്ളിച്ചാടി കുണുങ്ങി ഒഴുകിവന്ന
കുളിരരുവിക്കു പറയാന്‍ ഒരുപാട്
കിളുന്തുകളുടെ പൊട്ടിച്ചിരിയുണ്ടായിരുന്നു ..

കടല്‍ തിരകളോ
അവളുടെ നിറമാറിലൂടെ  തുഴയെറിഞ്ഞ
പാവം മുക്കുവരുടെ കദനകഥകള്‍
ഒരു നെടുവീര്‍പ്പിലൂടെ പറഞ്ഞു തീര്‍ത്തു ....

തിരമാലകള്‍ തഴുകുന്ന
മണല്‍ത്തരികള്‍ക്ക് പറയാനുണ്ടായിരുന്നത്
തന്നെ ചവിട്ടിമെതിച്ച്‌ കടന്നുപോയ-
യുവമുഥുനങ്ങളുടെ പൊട്ടിച്ചിരിയും
കടല വിറ്റുനടന്ന മെലിഞ്ഞുണങ്ങിയ
കുഞ്ഞിന്റെ വിശപ്പും ആയിരുന്നു ...

പൂക്കളും പുഴകളും  തിരകളും ഇല്ലാത്ത
ഇവിടെ ജീവിതതോഴന്‍ നല്‍കിയ
വസന്തത്തിന്റെ പൂക്കള്‍ കൊണ്ട്
പൂക്കളം തീര്‍ക്കുന്നു ഞാന്‍......

ഒരുപാടു കഥകളെ മനസ്സിന്റെ മണിച്ചെപ്പില്‍
ഓമനിക്കുന്നു.......  
1/21/2013

ആഴക്കടലില്‍

        
ആഴക്കടലില്‍  പോയൊരു മുക്കുവന്‍
മീനുകള്‍  വാരി മടങ്ങുന്നേരം .....
കൊടുങ്കാറ്റടിച്ചു കടലൊന്നിളകി
തുഴയും  കടലില്‍  കളഞ്ഞുപോയി

നട്ടം തിരിഞ്ഞവന്‍ പേടിച്ചരണ്ടു
ചുറ്റും തിരകള്‍ ആര്‍ത്തലച്ചു
മീനുമായെത്തും തോഴനെ ക്കാത്തു
പാവം അരയത്തി കാത്തിരുന്നു .....

അപ്പനെ കാത്തങ്ങിരിക്കുന്ന മക്കളും
ഭീതിയാല്‍ ആകെ തളര്‍ന്നിരുന്നു
ആകാശ വീഥിയില്‍ ചാട്ടവാര്‍ പായിച്ചു
മിന്നല്‍പിണരുകള്‍ കണ്ണുരുട്ടി

ഇടിയുടെ ഹുംകാരമെങ്ങും മുഴങ്ങി
അകമ്പടിയായി മഴയുമെത്തി
ചോര്‍ന്നോലിക്കുന്നൊരാ കുടിലിനുള്ളില്‍
പെടിച്ചരണ്ടവര്‍ കാത്തിരുന്നു ......

എന്തും വരട്ടെന്നു മനസ്സില്‍ ക്കരുതി
കടലമ്മേ  മാത്രം മനസ്സിരുത്തി
മലര്‍ന്നുകിടന്നവന്‍ കേട്ടിയോളേം
ഓര്‍ത്തു തേങ്ങി ....1/10/2013

രാഗം

  
എന്‍ അനുരാഗം നീ അറിഞ്ഞോ
എന്നിലെ മോഹങ്ങള്‍ നീയറിഞ്ഞോ 
രാഗവിലോലയായ്  നിന്നെ വിളിച്ചപ്പോള്‍
മുരളീ ഗാനമായ്  പെയ്തിറങ്ങി ...എന്നില്‍
മോഹന രാഗമായ് സ്വയമിറങ്ങി ..

ദലമര്‍മ്മരത്തിലും കളകൂജനത്തിലും
മയങ്ങുന്നു നിന്റെ മധുരഗീതം
ഹരിനാമ കീര്‍ത്തനം ജപിച്ചപ്പോള്‍
ഹരിമുരളീരവമെന്‍ കാതില്‍
അലയടിച്ചു ...ഞാന്‍
ഭക്തവിലൊലയായ് സ്വയം മറന്നു

തുളസ്സിപ്പൂ നുള്ളിഞ്ഞാന്‍ വനമാല കോര്‍ക്കുമ്പോള്‍
കോകില കൂജനത്തല്‍ എന്നെവിളിച്ചു
ആ കള  ഗാനത്തില്‍ ഞാനലിഞ്ഞു
എന്നിലെ രാഗം നീയറിഞ്ഞു
എന്നിലെ മോഹങ്ങള്‍ നീയറിഞ്ഞു

1/05/2013

അറിഞ്ഞു കൊണ്ട്

    

ചുമന്നു തുടുത്ത നിന്റെ മുഖമാണോ
നക്ഷത്ര കണ്ണുകള്‍ ആണോ അതോ
ഇളം കാറ്റിന്‍റെ നനുത്ത തലോടലാണോ
എനിക്ക് നിന്നോട് പ്രണയം തോന്നാന്‍

സൂര്യനെ ആവാഹിച്ചു
ചന്ദ്രനെ പുല്‍കി ഉറങ്ങുന്ന നിന്റെ
കപടത എനിക്കറിയാം എങ്കിലും .....

വെള്ളി വെളിച്ചത്തില്‍ നിന്നും
കൂരിരുട്ടിന്റെ നിഗൂഡതയിലെക്കുള്ള
നിന്റെ പ്രയാണം

ആകാശത്ത്  പാറിപ്പറക്കുന്ന പക്ഷികളെ
നീ കൂട്ടിലേക്ക് വിളിക്കുന്നു
വിടര്‍ന്നു നില്‍ക്കുന്ന പൂവുകളുടെ
മരണം നിന്നിലൂടെ 

ഉണര്‍ന്നിരിക്കുന്ന എല്ലാറ്റിനെയും നീ
മയക്കുന്നു പിന്നെ
ഉറങ്ങിക്കിടക്കുന്ന കുറ്റകൃത്യങ്ങളെ
കൂരിരുളിലെക്ക് നടത്തുന്നു

നിന്റെ മാദക സൗന്ദര്യം
ഞങ്ങളെ നിന്നിലെക്കടുപ്പിക്കുന്നു
അറിഞ്ഞു കൊണ്ട് തന്നെ
ഞങ്ങള്‍ നിന്നിലൂടെ ഇരുളിലേക്ക്
നയിക്കപ്പെടുന്നു

എങ്കിലും സന്ധ്യേ  എനിക്ക് നിന്നെ ഇഷ്ടമാണ്
വെള്ളിവെളിച്ചത്തില്‍ നിന്നും
കൂരിരുട്ടിലെക്കുള്ള ചവിട്ടുപടി
ഞാന്‍ അറിഞ്ഞു കൊണ്ട് ചവിട്ടിക്കയറട്ടെ !!!