4/30/2013

കവിതാരാമം

 

കവിതകൾ പൂക്കുമോരാരമത്തിൽ
ഒരു ഹിമ കണമായ്‌ ഞാൻ തപസ്സിരിക്കെ
നിൻ അർക്ക രേണുക്കൾ സ്ഫടികമാക്കി
പിന്നെ നിന്നിൽ അലിഞ്ഞൊരു കവിതയായി 

കവിതയുടെ തേനരുവി കണ്ടു  നിൻ നാവിൽ
വാക്കിൻ  വടിവുകൾ വിരൽത്തുമ്പിലും 
കേട്ടു  നിന്മൊഴിയിൽ സരസ്വതീ വിളയാട്ടം
ഞാനൊരു സംഗീത കാവ്യമായി
 
സംഗീത താളലയങ്ങളായ് നമ്മൾ
പൂമ്പാറ്റപോൽ പാറിപ്പറന്നു വാനിൽ
ആ സ്വർഗ്ഗ വാടിയിൽ പൂവുകളിൽ
പാട്ടിന്റെ തേനും നുകർന്ന് പാറി

4/14/2013

വിഷുപ്പാട്ട്


മേട വിഷുവല്ലേ മോനെ മേട വിഷുവല്ലേ
കണികണ്ടുണരേണ്ടേ -നമുക്ക്
കണ്ണനെ കാണേണ്ടേ .....

ഉണ്ണിക്കൈ രണ്ടിലും ഞാൻ -നിറയെ
വെണ്ണ പകർന്നു തരാം
ആടിക്കളിക്കുവാനായ് _ ഞാൻ
ഊഞ്ഞാല ഇട്ടുതരാം
മാറിലണിയുവാനായ് -നല്ല
വനമാല കെട്ടിത്തരാം
ഓടിവരുകയില്ലേ കണ്ണാ ഓടിവരുകയില്ലേ
നിന് പൂമേനി കണ്ടിടുവാൻ -എനിക്ക്
എന്തൊരു പൂതി എന്നോ
ആക്കുഴൽ നാദം കേൾക്കാൻ -എനിക്ക്
എന്തൊരു ദാഹമെന്നൊ
എന്റെ ഉണ്ണികളോടോത്ത് -നീ
കളിയാടാൻ പോരുകില്ലേ
കനകച്ചിലങ്കയിട്ടു- മഞ്ഞപ്പട്ടുടയാടയിട്ടു
ഓടക്കുഴലുമൂതി -കണ്ണാ ഓടി വരുകയില്ലേ

കണ്ണിലെ തിരി കെടാതെ -നിന്നെ
ക്കാത്തു കഴിയില്ലേ
നിൻ പാട്ടുകൾപ്പാടിപ്പാടി -എന്റെ
ഉള്ളം നിറക്കയല്ലേ
ഓടി വരുകയില്ലേ കണ്ണാ
കളിയാടാൻ പോരുകില്ലേ

4/03/2013

എന്നിട്ടും ......


ഒരുജീവരാഗമാണെന്നു നീ ചൊല്ലീട്ടും
നമ്മൾ പിരിഞ്ഞതിതാർക്കുവേണ്ടി
എന്റെ കണ്‍ കോണിൽ വിരിഞ്ഞ നക്ഷത്രങ്ങൾ
നിന്റേതു മാത്രമെന്നെത്ര ചൊല്ലി
തെന്മഴയായി പെയ്തൊരാ സ്നേഹത്തിൽ
കണ്ണീരുപ്പ് കലർന്നതെന്തെ

കരളിൽ പൂവിട്ടു ഹൃദയത്തിൽ പൂജിച്ച്
സ്വപ്നത്തിൻ നൂലിനാൽ മാലയാക്കി
എന്നിട്ടുമെന്തേ സ്വീകരിച്ചില്ലനീ
നമ്മൾ പിരിഞ്ഞതിതെന്തിനായീ  

നിന്നോടാണേറെ എന്നിഷ്ടം പറഞ്ഞിട്ടും
എന്നെ ഈ വാടിയിലേകയാക്കി
ഒരുമഴവില്ലുപൊൽ എത്രവേഗത്തിൽ ആ
സ്വപ്നങ്ങളൊക്കെയും മാഞ്ഞുപോയീ .....