10/21/2015

നവരാത്രി മാഹാത്മ്യം

ഏവര്‍ക്കും  നവരാത്രി  ആശംസകള്‍  

ഈ  അവസരത്തില്‍  നവരാത്രിയുടെ   പ്രാഹാന്യത്തെ ക്കുറിച്ച്  

  സര്‍വ്വവ്യാപിയായ  ആദിപരാശക്തിയുടെ  വിവിധ രൂപത്തിലും  ഭാവത്തിലും  ഉള്ള  ശക്തിസ്വരൂപിണിയായ ജഗതംബയെ  ആരാധിക്കുന്ന  പുണ്യകാലമാണിത് . സൃഷ്ടി,സ്ഥിതി, സംഹാരം നടത്തുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് പത്നീഭാവത്തില്‍  ശക്തി നല്‍കി മാതൃവാത്സല്യത്തോടെ സംരക്ഷിക്കുന്നത് ജഗദം ബയാണ്. 

സൃഷ്ടികര്‍മ്മത്തെ സഹായിയ്ക്കുന്ന മഹാസരസ്വതിയായി  ബ്രഹ്മാവിന്റെയും ,പ്രപഞ്ചത്തെ  നിലനിര്‍ത്തുന്ന മഹാവിഷ്ണുവിന്   മഹാലക്ഷ്മിയായും, സംഹാരസ്വരൂപമായ  പരമശിവന് ഗൌരിയായും ജഗദംബ  നിലകൊള്ളുന്നു. 

ജഗദംബയുടെ  ശക്തി വിഭൂതിയായി  ബ്രഹ്മാവിന്‍റെ മുഖത്ത് അധിവസിക്കുന്നതിനാല്‍   വാണീദേവിയായും .    മഹാല്ക്ഷ്മിയായി  വിഷ്ണുവിന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നതിനാല്‍ ലക്ഷ്മീനാരായണനായും . അതുപോലെ പരമശിവന്റെ അര്‍ദ്ധശരീരമായി വര്‍ത്തിയ്ക്കുന്നതിനാല്‍ അര്‍ദ്ധനാരീശ്വരനായും അറിയപ്പെടുന്നു.

സഹധര്‍മ്മിണിമാരെ സ്വന്തശരീരത്തിന്റെ  ഭാഗമായിക്കരുതി വേര്‍പിരിയാന്‍ സാധിയ്ക്കാത്ത അവസ്ഥയില്‍ വേണം സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്താനുള്ളത് എന്നത്  ദാമ്പത്യജീവിതത്തിന്റെ  അടിസ്ഥാനതത്ത്വം അല്ലെ. നവരാത്രികാലത്ത് പരാശക്തിയെ  സരസ്വതി, ലക്ഷ്മി, ഗൌരി എന്നീ  ഭാവങ്ങളിലാണ് നമ്മള്‍ ആരാധിയ്ക്കുന്നത്.

നവരാത്രിയുടെ  ആദ്യമൂന്നു ദിവസങ്ങളില്‍ ദുര്‍ഗ്ഗയായും,  അടുത്തമൂന്നു   ദിവസ്സങ്ങളില്‍ ലക്ഷ്മിയായും, അതിനടുത്ത മൂന്നുദിവസ്സങ്ങളില്‍  സരസ്വതിയായും ജഗതംബ  ആരാധിയ്ക്കപ്പെടുന്നു . 

ദുര്‍ഗ്ഗാശക്തിയുടെ ഒന്‍പത് ഘടകങ്ങളാണ്  നവദുര്‍ഗ്ഗ. 

ശൈലപുത്രി,ബ്രഹ്മചാരിണി,ചന്ദ്രഘണ്ഡാ'കൂഷ്മാണ്ഡ,
സ്കന്ദമാത,കാർത്യായനി,കാലരാത്രി,മഹാഗൗരി,സിദ്ധിധാത്രി ഇതാണ് നവദുര്‍ഗ്ഗയുടെ ഒന്‍പത് ഭാവങ്ങള്‍ പ്രതിബബന്ധങ്ങള്‍ മാനസ്സിക തടസ്സങ്ങള്‍ ഇവ നീക്കുന്നതിന്  ദുര്‍ഗ്ഗയുടെ  ഈ  ശക്തിയെ ആരാധിക്കാം.

ലക്ഷ്മീ ദേവിയ്ക്ക്  എട്ടു രൂപങ്ങളാണ് ... അവ  ആദിലക്ഷ്മി, ധനലക്ഷ്മി, വിദ്യാലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ധൈര്യലക്ഷ്മി, വിജയലക്ഷ്മി, ഭാഗ്യലക്ഷ്മി  എന്നിവയാണ്.

സരസ്വതീദേവി അറിവിന്റെ ദേവിയാണ്. 

നവരാത്രിയില്‍  ദേവിയുടെ  വ്യത്യസ്ത ഭാവങ്ങള്‍  ആരാധിയ്ക്കുമ്പോള്‍ നമ്മളില്‍ ദേവീ  ഗുണങ്ങള്‍ ഉണ്ടാകുകയും അവ നമ്മളില്‍  പ്രകടമാകുകയും  ചെയ്യും....  

10/20/2015

എന്റെ വായന

 ഞാന്‍ ശ്രീ. വി. മധുസൂദനന്‍ നായര്‍ എഴുതിയ '' അമ്മയുടെ എഴുത്തുകള്‍'' എന്ന കവിതയെ പരിചയപ്പെടുത്താം.
വി. മധുസൂദനന്‍ നായര്‍ ...അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുത്തെണ്ടല്ലോ..അതുകൊണ്ട് തന്നെ നേരെ കവിതയിലേക്ക് ......സാറിന്‍റെ കവിതകളില്‍ അത്രയൊന്നും ആരും ശ്രദ്ധിക്കാത്ത വളരെ ലളിതമായ , എന്നാല്‍ ഒരുപാട് ആര്‍ദ്രമായ ഒരു കവിതയാണ് ''അമ്മയുടെ എഴുത്തുകള്‍' പുരാണങ്ങളും ഉപനിഷത്തുക്കളും , മിത്തുകളും ഒക്കെയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും ... എന്നാല്‍ ഇത് അമ്മയെ കുറിച്ചുള്ള ഒരു മകന്റെ സ്നേഹം ആണ്, അമ്മയുടെയും,,, അതാണ്‌ എന്നെ ഇതിലേക്ക് അടുപ്പിച്ചത്.
വീടിനു മോടികൂട്ടുന്ന തിരക്കില്‍ പഴയതും ഭംഗി ഇല്ലാത്തതും ആയ സാധങ്ങള്‍ ഭാര്യ പെറുക്കി മാറ്റുന്നു . കൂട്ടത്തില്‍ ഒരു പഴകിദ്രവിച്ചപെട്ടിയും അതില്‍ കുറെ കടലാസ്സും,അയാള്‍ അത് ഓടിചെന്നെടുക്കുന്നു അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാകില്ല ആ കടലാസ്സുകളുടെ മഹത്വം ...ആ പെട്ടിയ്ക്കുള്ളില്‍ അമ്മ അയാള്‍ക്കയച്ച കത്തുകള്‍ ആയിരുന്നു.. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''മകനായ് പകര്‍ന്ന പാല്‍മുത്തുകള്‍''.
മക്കളും ഭാര്യയും വീടു മോടി പിടിപ്പിക്കുന്നതിനായ് മനോഹരമായ ചില്ലുപെട്ടികള്‍ ശില്പങ്ങള്‍ ഒക്കെ വക്കുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് തടസ്സമാകുന്നില്ല അയാള്‍. അയാള്‍ ആ സ്നേഹമുത്തുകളെ ഭദ്രമായ്‌ അടുക്കി കാല്‍പ്പെട്ടിയില്‍വച്ച് ആരും വരാത്ത ചായ്പ്പില്‍ ഒളിപ്പിക്കുന്നു അദ്ദേഹത്തിന്റെ വരികള്‍:-
''നിൻ ഇഷ്ടമാണെന്റെയും
കാല്പെട്ടിയിൽ വെച്ച് താഴിട്ട്
പിന്നിലെ ചായ്പ്പിലൊളിച്ചാൽ
അറിയില്ല കുട്ടികൾ..''
.ഇവിടെ കവിക്ക്‌ അമ്മയോടുള്ള ഇഷ്ടത്തോടൊപ്പം ഭാര്യയുടെയും കുട്ടികളുടെയും ഇഷ്ടങ്ങള്‍ കൂടി അനുവദിക്കുന്ന ഒരു നല്ല ഗൃഹനാഥന്‍ ആകുന്നു.
ആ എഴുത്തുകളില്‍ ഒന്ന് നോക്കിയാല്‍ വരികള്‍ക്കിടയില്‍ ആ അമ്മക്ക് മകനോടുള്ള സ്നേഹം,ഉത്കണ്ഠ,പ്രാര്‍ത്ഥന എല്ലാം ഉണ്ട്
''അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെ ഒതുങ്ങിയിരിയ്ക്കട്ടെ..''
എന്ന് സമാധാനിക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുന്നു ...അമ്മതന്‍ ലാളനം..ഇന്നീ തിരക്കിനിടയില്‍ എപ്പോഴെങ്കിലും ഒന്നോര്‍ത്താല്‍ ആയി അദ്ദേഹത്തിന്റെ വാക്കുകളില്‍ ''ആ കൊതിയൂറുന്ന ശീലം മറന്നു തുടങ്ങി''
പിന്നുള്ള വരികളില്‍ പുതിയ തലമുറയെ ഓര്‍ത്തുള്ള ഉത്കണ്ഠയാണ് .കവി ചോദിക്കുന്നു നാളെ അവര്‍ നമ്മോടു ചോദിക്കുമോ താരാട്ടിന്റെ ഈണം എങ്ങിനെ,അതിന്റെ താളം എങ്ങിനെ,അതിന് മധുരം ഉണ്ടോ, ഇനി അവര്‍ക്ക് അമ്മയെ വേണ്ടാതാകുമോ എന്ന ഉത്കണ്ഠയോടെ കവിത അവസാനിപ്പിക്കുന്നു .
കവിത ഈ ലിങ്കില്‍ കേള്‍ക്കാം
Ammayude Ezhuttukal - Ammayude Ezhuttukal
https://www.youtube.com/watch?v=iB_JMcBGYpI

10/08/2015

കാര്‍ത്തികവിളക്ക്

എന്നിലുപേക്ഷിച്ച  ഇത്തിരി  വെട്ടത്തെ 
ഒരു മണ്‍ചിരാതില്‍ കരുതിവച്ചു 
അതില്‍നിന്നനന്ത പ്രകാശം പരത്തുവാന്‍
എന്റെ ഈ ജന്മം ഞാന്‍ മാറ്റിവച്ചു 

ഓര്‍മ്മകളോരോന്നും പിച്ചനടക്കുന്നു 
മനസ്സിന്‍ മടിത്തട്ടില്‍  തേങ്ങലായി
ആറ്റിന്‍കരയിലെ കല്‍പ്പടവില്‍ 
കളിമാടങ്ങള്‍ കെട്ടിയ പുരയിടത്തില്‍ 
രാജാവായ്‌ ഗൃഹനാഥനായി  ഞങ്ങളോടൊപ്പം 
കുട്ടികളെപ്പോല്‍ കളിച്ച  താതാ ......
ഇല്ല മറക്കാന്‍  കഴിയുന്നില്ല 
ആ, കളിയും ചിരിയും  പരിഭവവും 

നാട്ടില്‍ വിശേഷമായ് എന്തുവന്നാലും
രഘുസാറുണ്ടോ സംഭവം കേമമായി 
ഓണക്കളികള്‍ക്കും നാടകോത്സവങ്ങള്‍ക്കും 
അച്ഛനവിടെല്ലാം താരമെന്നും

ദേവനെ കണ്ടു തൊഴുതു വലംവച്ച് 
വെണ്‍ ഭസ്മക്കുറിയും അണിഞ്ഞ് വന്നു 
സിംഹാസനത്തില്‍  ഇരുന്നുതന്നെ 
അന്ന് സ്വര്‍ഗത്തിലെക്കങ്ങുയര്‍ത്തപ്പെട്ടു 

പടുതിരി കത്താതെ  നിറദീപമായ് തന്നെ 
ഭൂമി ഉപേക്ഷിച്ച സ്നേഹമല്ലേ 
ഉടലോടെ സ്വര്‍ഗത്തില്‍  ആനയിച്ചല്ലോ 
എന്‍ അച്ഛാ അവിടെ സുഖം തന്നയോ?

ഇല്ലാര്‍ക്കും കിട്ടില്ല ഈ മരണം 
അച്ഛാ ...ഭാഗ്യവാനില്‍ ഭാഗ്യവാന്‍ തന്നെ സത്യം 
ഇത്രയും പുണ്യം ചെയ്തോരാത്മാവിന്റെ 
മകളായതിലേറെ പുണ്യമുണ്ടോ

കര്‍മ്മങ്ങള്‍ എല്ലാം  ചെയ്തങ്ങു ധന്യനായ്  
മാനവജന്മം പൂര്‍ത്തിയാക്കി .....
എങ്കിലും  അച്ഛാ 
തിരിഞ്ഞന്നു നോക്കിയോ
ഭൂമിയില്‍ ഉപേക്ഷിച്ച ജന്മങ്ങളെ