2/04/2013

നമ്മള്‍

                
ശലഭം പോല്‍ പാറിപ്പറന്നു നടന്നവള്‍
ശാലീന സുന്ദരി കോമളാംഗി .
കണ്ണുകള്‍ കൊണ്ട് രുധിരം കുടിച്ചു
വലയുംവിരിച്ചവന്‍ കാത്തിരുന്നു ഒരു-
ഭീകര രൂപിയാം എട്ടുകാലി .

എട്ടു കരങ്ങളാല്‍ ഞെക്കിപ്പിഴിഞ്ഞവന്‍
പാവം ശലഭത്തെ ഞെരിച്ചുടച്ചു
പല്ലും നഖങ്ങളും പോരാഞ്ഞവന്‍
കല്ലും കഠാരയും ആഴ്ത്തി രസിച്ചു
ദമിഷ്ട്രകള്‍ കൊണ്ട് ചോരകുടിച്ചു
നഖങ്ങളാല്‍ മേനി വലിച്ചുകീറി
എന്നിട്ടുമെന്നിട്ടു മാര്‍ത്തി തീരാഞ്ഞവന്‍
അട്ടഹസിച്ചു കൊലവിളിച്ചു !!!!!

മൃതപ്രായയായി ചിറകൊടിഞ്ഞു
പാവം പിടഞ്ഞു കരയുന്നേരം
പന്തം പിടിച്ചു കോലംകത്തിച്ചു
പ്രതിഷേധ സമരം പൊടിപൊടിച്ചു
ചാനലുകള്‍ക്കാഘോഷം പൊടിപൂരം
തൂക്കിലേറ്റീടണം പോര എറിഞ്ഞുകൊല്ലേണം
പ്രതിഷേധകര്‍ തന്നെ വിധിപറഞ്ഞു ...
രണ്ടു നാള്‍ ആകെ കോലാഹലം ....

അപ്പോഴറിയുന്നൊരു താരസുന്ദരി
ഗര്‍ഭിണിയാണെന്നും അല്ലെന്നും വാര്‍ത്ത
പന്തം പിടിച്ചവര്‍ സമരം നടത്തിയോര്‍
ചാനലുകള്‍ എല്ലാരും അങ്ങോട്ടായി
പാതികരിഞ്ഞൊരു കോലം  കിടന്നു
അനാഥ ശവം പോലെ  റോഡരുകില്‍.