7/16/2014

യാത്രാമൊഴി



വിടവാങ്ങുന്നു ഞാനെന്‍ പ്രിയതമാ
എന്നമ്മതന്‍ മടിത്തട്ടിലേക്ക് 

തിരിച്ചേല്‍പ്പിക്കുന്നു നിന്‍ അരുമസന്താനങ്ങളെ
കൊടും കാട്ടില്‍ വളര്‍ന്നവരെങ്കിലും
വില്ലാളിവീരരായ് ശസ്ത്ര ശാസ്ത്രങ്ങളില്‍ 
കേമാരാണിന്നവര്‍ കയ്യേല്‍ക്കുക.... 

കൊട്ടാരസുഖത്തേക്കാള്‍ നിന്‍ സാമിപ്യം കൊതിച്ചവള്‍
കാട്ടിലും കൂട്ടായിരിക്കുവാന്‍ പോന്നവള്‍
കായും കനികളും മൃഷ്ട്ടാന്നമാക്കി
നിന്‍ നിഴലായ് കൂടിയോള്‍

കിരാതര്‍ തന്‍ നടുവിലും നിന്‍റെ നാമം ജപിച്ചിരുന്നു
അഗ്നിയില്‍ ചാടുവാന്‍ ചൊല്ലിയപ്പോഴും
ഒരുനേരം പോലും പഴിച്ചില്ല ഞാന്‍

കാടുകാണിക്കാനെന്ന പൊളി വേണ്ടായിരുന്നു
നിറവയറോടെ എന്നെ ഉപേക്ഷിക്കുന്ന വേളയില്‍
പോകുമായിരുന്നുഞാന്‍ സന്തോഷമോടെ
നിന്നിഷ്ടം ശിരസാല്‍ വഹിച്ചുകൊണ്ട്

പരിത്യജിച്ചു എന്നെ നീ പാതിവഴിയില്‍
എല്ലാം വിധിയെന്ന് കരുതുന്നു ഞാന്‍
കാഞ്ചന സീതയെ പ്രതിഷ്ഠിച്ച വേളയില്‍ തന്നെ
ഞാനാം സീത മരിച്ചു പോയീ

നന്ദി എന്നെ സ്നേഹിച്ച ജീവജാലങ്ങളെ
ബന്ധുമിത്രാദികളെ ....ദുഖത്തില്‍ തുണയായ താപസനേ
വിടനല്‍കി എന്നെ അനുഗ്രഹിക്ക .....

7/02/2014

അകലം

      

  
ഓര്‍മ്മകള്‍ വെള്ളാരം കല്ലുകള്‍
പെറുക്കിനടന്ന കാലത്തിലേക്ക്
പ്രകാശ വേഗത്തില്‍
സഞ്ചരിക്കുകയാണ്
ഒരുപാടു പുറകിലേക്ക്....
ഇന്നോ ഇന്നലെയോ ഇല്ലാതെ
അതിനുംപുറകിലെവിടെയോ
അടുക്കില്ലാതെ അലയുന്നു...
ഇടയ്ക്കു അപരിചിതമായ
ചില ചിലമ്പലുകള്‍
അയാള്‍ കേള്‍ക്കുന്നുണ്ട്
വെള്ളം തരുന്നുണ്ട്
കുളിപ്പിക്കുന്നുണ്ട്
ആരൊക്കെ ഇവര്‍
ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരുന്നു....
ചാരെ തനിക്കുനേരെ
അറിയാതടഞ്ഞുപോയ
വാതിലിനു മുന്നില്‍
തുറക്കാന്‍ പറ്റാത്ത
താക്കോലുമായി
പ്രിയതമ അന്യയെപ്പോലെ
നിസ്സഹായയായി ......