3/22/2016

ചുംബനത്തിൻ അർത്ഥാന്തരങ്ങൾ



പുലരിതൻ ചുംബനം തരളിതമാക്കിയ 
മുകുളങ്ങൾ  മെല്ലെ കൺ‌തുറന്നു...
കാറ്റൊന്നു ചുംബിച്ച നേരത്താ പൂമരം 
ആടിത്തിമർത്തപ്പോൾ പൂമഴയായ്....

മനസ്സിൽ നിറഞ്ഞോരാ സ്നേഹത്തിൻ അഗ്നിയത്  
ചുണ്ടിൽ  നിറച്ച  മധുരമായ് ചുംബനം 
സ്നേഹത്തിൻ അരണി കടഞ്ഞപ്പോൾ 
മിന്നിയ  അഗ്നി സ്പുലിംഗങ്ങൾ,പൊള്ളാത്ത തീയുകൾ.     


മൂർദ്ധാവിൽ വാത്സല്യം,കവിളിലത്  സൗഹാർദ്ദം
കൈത്തണ്ടയിൽ നൽകുമ്പോൾ സ്നേഹാര്ദ്രമായ് 
അധരത്തിൽ രതിയായി പടർന്നു കയറവേ
ചുംബനം ജീവസ്പുരണമായി.....

ഹൃദയത്തിലൂറിയ സ്നേഹാമൃതത്തിനെ
കാച്ചിക്കുറുക്കി  ചെഞ്ചുണ്ടിലിറ്റിച്ചു 
വാരിപ്പുണർന്നു കൊഞ്ചിച്ചു നൽകുമ്പോൾ 
പൈതലിൻ കവിളിലത് സ്നേഹമുദ്ര. 

അകലുന്ന നേരത്ത്, യാത്രാമൊഴിയായി
കണ്ണീരിന്നുപ്പ് കലർന്നുള്ള ചുംബനം
പേമാരിപോലെ തുരുതുരെ പെയ്തപ്പോൾ
പരിസരം   പോലും   കരഞ്ഞുപോയി 
ഒടുവിൽ മരണമാം പരമ സത്യത്തിൽ..... 
നാമറിയാത്തൊരാ മരവിച്ച നേരത്ത് 
ഹൃദയം തകർന്നു പ്രിയരവർ നൽകുന്ന  
അന്ത്യചുംബനം ആത്മാവിൻ ചുംബനം. 

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പരമമായൊരു സത്യം പോലെ മരണം

സുധി അറയ്ക്കൽ പറഞ്ഞു...

എത്രയെത്ര സ്നേഹചുംബനങ്ങളാ!!/!/!ഽ!

Rainy Dreamz ( പറഞ്ഞു...

മരണമന്ന യാത്ര, ദൂരമില്ലാത്ത യാത്ര