10/24/2016

കടൽത്തീരത്ത്


നനഞ്ഞു നനയാത്ത കാലിൽ
മണലിൻ കൊലുസ്സുമായ്‌
ശാന്തമെങ്കിലും അലതല്ലും തിരനോക്കി 
ഏകയായ് ഞാനന്നിരിക്കവേ
ഒരു കുളിർ കാറ്റ് തലോടി കടന്നുപോയ്
മനം കുളിർപ്പിച്ച ഭൂതകാലമോ ...
അകലെ ചക്രവാളം ചുവക്കുന്നു
മനം കവരുന്ന കാഴ്ചയാണെങ്കിലും
ക്ഷണനേരം കൊണ്ടീ ഭംഗി മാഞ്ഞിടും
കറുക്കുമാകാശം ഒപ്പമീ ഭൂമിയും
എന്നെ കുളിർപ്പിച്ച ഭൂതകാലം പോൽ
നിൻ കരം കോർത്തു നടന്നിരുന്നു ഞാനീ-
നനമണലിൽ നനഞ്ഞു നനയാതെ
അന്ന് ചിരിച്ചു തിമർത്തെൻകാലിൽ
തിരയായ് കടൽ വന്നു പുണർന്നതും
പിന്നൊരു തിര ഞങ്ങളെ ആകെ നനച്ചു
തലതല്ലി ചിരിച്ചതും
സ്വയം മറന്നറിയാതെ നിന്നെ കെട്ടിപ്പുണർന്നു
നാണം ചുവന്നതും
ഇന്നതെല്ലാം പഴങ്കഥ എങ്കിലും
കടൽ മറന്നില്ല എന്നെ എന്നപോൽ
ഇന്നും അടുത്തുവന്നെൻകാലിൽ പുണരുന്നു
ഒരു ചെറുതിര നനക്കാൻ ഒരുങ്ങുന്നു
ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായ് .......