8/12/2015

സീതാ ....എന്തെ നിനക്കിത്രേം ദുരിതങ്ങള്‍

കടപ്പാട് ''രാമായണം ജീവിതസാരാമൃതം'' ഡോക്ടര്‍ എം എം ബഷീര്‍ .... മാതൃഭൂമി ദിനപത്രം
ഇന്ന് രാമായണത്തിന്റെ മറ്റൊരേട്‌
നമുക്കെല്ലാപെര്‍ക്കും ഉള്ള സംശയമാണ് ഇത്രേം ദുരിതങ്ങള്‍ അനുഭവിക്കാന്‍ സീത എന്ത് തെറ്റ് ചെയ്തു എന്ന് ....
സീതയുടെ ജീവിതത്തില്‍ നമ്മള്‍ നോക്കിയാല്‍ അവര്‍ രണ്ടു തെറ്റുകളെ ചെയ്തിട്ടുള്ളൂ
1. അറിവില്ലാത്ത പ്രായത്തില്‍ ഇണക്കിളികളില്‍ ഒന്നിനെ ,കിളികലോടുള്ള അമിത സ്നേഹത്താല്‍ കൂട്ടിലടക്കുന്നു .... ആ കിളി ഇണയുടെ പിരിയലില്‍ ദുഃഖം പൂണ്ടു ആ കൂട്ടില്‍ തന്നെ തലതല്ലി മരിക്കുന്നു ....ഇത് കണ്ടു അടുത്ത മരച്ചില്ലയില്‍ ഉണ്ടായിരുന്ന ആണ്‍കിളി നീ ഭര്‍ത്ഹൃവിയോഗതാല്‍ ദുഃഖം അനുഭവിക്കും എന്ന് ശപിച്ചു ആ മരത്തില്‍ തലതല്ലി മരിക്കുന്നു .... ഈ ശാപം
സീതയുടെ ജീവിതാവസാനം വരെ പിന്തുടരുന്നു
2. രാവണന്റെ ആജ്ഞപ്രകാരം സ്വര്‍ണ്ണവര്‍ണ്ണം ഉള്ള മാനായി വന്ന മാരീച്ചനില്‍
മോഹിതയായ സീത രാമനോട് അതിനെ പിടിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ വന്നത് മാനല്ല അസുരന്മാര്‍ മായവേഷത്ത്തില്‍ വരുന്നതാണ് ഇങ്ങനെ ഒരു മാന്‍ എങ്ങും ഉണ്ടാവില്ല എന്നുപറഞ്ഞു സീതയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
മാനിന്റെ മോഹവലയത്തിലായ സീത ആ മാനിന്റെ ഗുണഗണങ്ങള്‍ നിരത്തി രാമനെ നിര്‍ബന്ധിച്ചു. അവസാനം അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ''ഒന്നുകില്‍ ഞാന്‍ അതിനെപ്പിടിക്കും അല്ലെങ്കില്‍ കൊല്ലും'' എന്ന് പറഞ്ഞു പോകുന്നു.
അമ്പേറ്റ മാരീചന്‍ രാമന്റെ ശബ്ദത്തില്‍ ലക്ഷ്മനനോട് സഹായം യാചിച്ചു
കരയുന്നു. ഇത് കേട്ട സീത ലക്ഷ്മനനോട് പോയി രാമനെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജേഷ്ടന്റെ ആജ്ഞ ഓര്‍ത്തു പോകാതിരുന്ന ലക്ഷ്മണനെ കടുത്ത വാക്കുകള്‍ പറഞ്ഞു ക്ഷോപിക്കുന്നു.
അവള്‍ പറയുന്നു ''മിത്രം എന്ന് കരുതിയ നീ എന്നെ സ്വന്തമാക്കാന്‍ വേണ്ടി യാണ് അദ്ദേഹത്തെ അനേഷിച്ചു പോകാത്തത്...അങ്ങിനെ ഒരാശ നിനക്കുന്ടെങ്കില്‍ ഒരിക്കലും അത് നടക്കില്ല'' ... എന്ന് വരെ സീത പറയുന്നു
അപ്പോഴും സംയമനം പാലിച്ചു ലക്ഷമണന്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു . ''നിങ്ങളുടെ ഭര്‍ത്താവിനു ഒന്നും സംഭവിക്കില്ല . ഈ ലോകത്ത് അദ്ദേഹത്തെ ജയിക്കാന്‍ ആരും ഇല്ല. ഇങ്ങനെ ഒന്നും പറയരുത് ... ജേഷ്ടന്‍ ഇല്ലാതെ നിങ്ങളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ ഞാന്‍ ആളല്ല...നിങ്ങളെ സംരക്ഷിക്കാന്‍ ജേഷ്ടന്‍ എന്നെ എല്പ്പിചിരിക്കയാണ്. എനിക്കതനുസരിച്ചേ മതിയാകൂ''
ഇതു കേട്ടിട്ടും സീത അടങ്ങുന്നില്ല അവള്‍ പറയുന്നു ''അദ്ദേഹം മരിക്കാനാണ് നീ ആഗ്രഹിക്കുന്നത് ജേഷ്ടന്റെ കൂടെ നടന്നു എന്നെ കാമിക്കുന്ന നിന്‍റെ മുന്നില്‍ വച്ച് ഞാന്‍ ജീവന്‍ കളയും''
ഇത് കേട്ട ലക്ഷ്മണന്‍ കൈകൂപ്പി പറഞ്ഞു ''ഇതിനൊന്നും ഞാന്‍ ഉത്തരം പറയുന്നില്ല ... നിങ്ങള്‍ എനിക്ക് ഈശ്വരിയാണ് ....ക്രൂരമായ വാക്കുകള്‍ പറയുന്നത് സ്ത്രീ സ്വഭാവം ആണ്. ഇത് കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല ....വനദേവതമാര്‍ നിങ്ങളെ കാത്തു കൊള്ളട്ടെ'' എന്ന് പറഞ്ഞു സീതയ്ക്ക് ചുറ്റും ഒരു വൃത്തം വരച്ചു എന്നിട്ട് പറഞ്ഞു ''ദയവു ചെയ്തു ഈ വൃത്തം മുറിച്ചു കടക്കരുത്. ഇത് നിങ്ങളുടെ രക്ഷാ വൃത്തം ആണ് ''...ഇങ്ങനെ പറഞ്ഞു ലക്ഷ്മണന്‍ വനത്തിനുള്ളിലേക്ക് പോകുന്നു .....ബാക്കി കഥ നിങ്ങള്‍ക്കറിയാമല്ലോ
സീതയുടെ ജീവിതത്തില്‍ ഇനി ഉണ്ടാകുന്ന എല്ലാ ദുരന്തത്തിനും കാരണം സീത തന്നെ .... ഒരു പെണ്ണിന്റെ വീണ്ടുവിചാരം ഇല്ലാത്ത പ്രവൃത്തികള്‍ .

8/10/2015

രാമായണം എങ്ങിനെ

പ്രിയരേ നല്ല ഒരു ഹിന്ദുമത വിശ്വാസി ആണെങ്കിലും എനിക്ക് ശ്രീരാമന്റെ സീത പരിത്യാഗം ഉള്പ്പെടെ പല ചൈതികളോടും യോചിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. പക്ഷെ മാതൃഭൂമി പത്രത്തിലെ ഡോക്ടർ പി .വി കൃഷ്ണൻ നായര് എഴുതുന്ന 'രാമായണം ജീവിതസാരാമൃതം'' എന്ന പംക്തി എന്നെ ഇരുത്തി ചിന്തിപ്പിക്കുന്നു .കുറേ ഭാഗങ്ങൾ ആയെങ്കിലും ഇന്നാണ് ഇത് ഇവിടെ എഴുതാൻ തോന്നിയത് .... നിങ്ങൾ വായിച്ചിട്ടുണ്ടാകും എങ്കിലും വായിക്കാത്തവർക്കായി .......
എന്താണ് രാമായണം:-
ഇതിഹാസവും ധർമ്മശാസ്ത്രവും സാമൂഹികചരിത്രവും ഭക്തിഗാഥയും ആദികാവ്യവും ആണ് വാത്മീകിയുടെ രാമായണം.ധർമ്മ മൂർത്തിയായ രാമന്റെ ചരിതം ആയതിനാൽ ഇത് ഇതിഹാസം. ലക്ഷണം ഒത്ത ആദ്യത്തെ കാവ്യം ആയതുകൊണ്ട് ഇത് ആദികാവ്യം. ധര്മ്മ നിഷ്ടന്റെ ധർമ്മങ്ങൾ വർണ്ണിക്കുന്നതു കൊണ്ട് ധർമ്മശാസ്ത്രം.
രാമായണം ആദികവിയുടെ ദിവ്യസംസ്കരം എന്നും .....കണ്ണുനീരിന്റെ കരുത്തുറ്റ കരുണരസമാണ് എന്നും ....ശോകം ശ്ലോകമാക്കിയത് എന്നും വിവിധ നിരീക്ഷണങ്ങൾ.
ഇനി രാമൻ എന്തുകൊണ്ട് ഇങ്ങനെ എന്ന് :-
ആദികവി മനുഷ്യരെ നാലുതരത്ത്തിൽ ഉള്ളവരായി ചിത്രീകരിച്ചു.
1..സ്വാർത്ഥങ്ങൾ ഉപേക്ഷിച്ചു മറ്റുള്ളവര്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ....മന്ധരയും കൈകീകിയും ഒഴികേയുള്ള അയോധ്യാവാസികൾ
2. തന്റെ കാര്യങ്ങൾ ഉപേക്ഷിക്കാതെ മറ്റുള്ളവര്ക്കുവേണ്ടി പ്രവർത്തിക്കുന്നവർ......കിഷ്കിന്ധയിലുള്ള സുഗ്രീവൻ തുടങ്ങിയവർ
3. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരുടെ ഇഷ്ടങ്ങൾ ഇല്ലാതാക്കുന്നവർ.... ലങ്കയിലുള്ള രാവണൻ ശൂര്പ്പണഖ തുടങ്ങിയവർ
4. സ്വന്തമായി പ്രയൊചനം ഒന്നും ഇല്ല എങ്കിലും മറ്റുള്ളവരെ ദ്രോഹിക്കുന്നവർ.....
വനവാസികളായ മാരീചാൻ സുബാഹു തുടങ്ങിയവരാണ് ഇവർ.
ഇതിൽ ഒരു വിഭാഗത്തിലും പെടാത്ത ഒരത്ഭുത കഥാപാത്രമാണ് ഹനുമാൻ ....
ഹനുമാന് സ്വാർത്ഥം ഇല്ലാത്ത പരാർത്ഥം മാത്രം ......

8/08/2015

എന്റെ വായനയിലൂടെ

 ഞാന്‍ ഇന്ന് ഒരു പുസ്തകം പരിചയപ്പെടുത്താം ... നിങ്ങളില്‍ മിക്കവാറും എല്ലാപേരും വായിച്ചിട്ടുള്ള എന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ആത്മകഥ എന്ന് വിശേഷിപ്പിക്കുന്ന ''എന്റെ കഥ '' എന്നാ പുസ്തകം എന്റെ വായനയിലൂടെ ...
''എന്റെ കഥ'' :- മാധവിക്കുട്ടി
എന്റെ പ്രിയപ്പെട്ട പുസ്തകം ഇതു എന്ന് പറയുക പ്രയാസം ... കാരണം ഓരോ പുസ്തകവും എന്നെ ഓരോ തരത്തില്‍ ആണ് സ്വാധീനിച്ചിട്ടുള്ളത് . ചിലത് അതിന്റെ രചയിതാവിനോടുള്ള അമിതമായ ഇഷ്ടം , പിന്നെ ചിലതിന്റെ കഥ ,മറ്റു ചിലതിന്റെ ആഖ്യാന ശൈലി അങ്ങിനെ പോകുന്നു കാരണങ്ങള്‍ . അങ്ങിനെ നോക്കുമ്പോള്‍ ഞാന്‍ വായിച്ചിട്ടുള്ള മിക്ക പുസ്തകങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എനിക്ക് പ്രിയപ്പെട്ടവ തന്നെയാണ്. ചില പുസ്തകങ്ങള്‍ എത്രതവണ വായിച്ചാലും വീണ്ടും വായിക്കണം എന്ന് തോന്നും. ചിലവ പെട്ടെന്ന് തീര്‍ന്നുപോയല്ലോ എന്ന് തോന്നുന്നവ , മറ്റുചിലത് അത് കിട്ടിയ രീതിയായിരിക്കും എനിക്ക് പ്രിയപ്പെട്ടതാകുന്നത്.
എങ്കിലും ഇവിടെ ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ (എനിക്ക് അവരെ ആ പേരില്‍ മാത്രം വിളിക്കാനാണ് ഇഷ്ടം , മറ്റു പേരുകള്‍ അവര്‍ ഏതൊക്കെയോ സാഹചര്യങ്ങളില്‍ അവരോടു തുന്നിചേര്‍ത്തത് എന്നെനിക്കെപ്പോഴും തോന്നും) ''എന്റെ കഥ'' എന്ന ആത്മാവിഷ്കാര പുസ്തകം ആണ് തെരഞ്ഞെടുത്തിട്ടുള്ളത്.
. നാലപ്പാട്ട് ബാലാമണിയമ്മ എന്ന അതുല്യയായ അമ്മയുടെ അതുല്യയായ മകള്‍. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപാടൊരുപാട് എഴുതിയിട്ടുള്ള അവര്‍ക്ക് നമ്മള്‍ ഒരുപാടു പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടും ഉണ്ട്...നമ്മുടെ കപട സദാചാരക്കാര്‍ ഒളിഞ്ഞും പരസ്യമായും അവര്‍ക്ക് നേരെ വിമര്‍ശന ശരങ്ങള്‍ തൊടുത്തു വിട്ടു. പക്ഷെ ആ എഴുത്തിനു അതോരുവിധത്ത്തിലും തടസ്സമായില്ല ...എഴുതാന്‍ തുടങ്ങിയാല്‍ എഴുത്തുകാരിയെ കുറിച്ച് തന്നെ ഒരുപാടെനിക്ക് പറയാന്‍ ഉണ്ട് . പക്ഷെ ഇവിടെ നമ്മുടെ വിഷയം പുസ്തകം ആയതു കൊണ്ട് ഞാന്‍ മാധവിക്കുട്ടിയുടെ 'എന്റെ കഥയിലേക്ക്‌' കടക്കട്ടെ ..
ഇത് മാധവിക്കുട്ടിയുടെ കഥയാണ്‌.. സ്വന്തം കഥ എന്ന് അവകാശപ്പെടുമ്പോഴും പലതും പല ഇടത്തും അവിശ്ശ്വസ്സനീയതയും അതി ഭാവുകത്വവും ഇല്ലാതില്ല. എങ്കിലും ഇത് സ്വന്തം കഥ എന്ന് തോന്നിപ്പിക്കും വിധത്തില്‍ തന്നെയാണ് ആദ്യാവസാനം എഴുതീട്ടുള്ളത്. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ശക്തമായ എഴുത്താണ് ഈ കൃതി
പുസ്തകം തുടങ്ങുന്നത് തന്നെ ഒരു കുരുവിയുടെ ദുരന്ത കഥയുമായിട്ടാണ് .കുരുവിയുടെ രക്തം സ്വന്തം രക്തമായി കണ്ടു ആ രക്തം കൊണ്ടാണ് കഥാകാരി എഴുതിത്തുടങ്ങുന്നത്. ഭാവിയുടെ ഭാരമില്ലാതെ ഓരോ വാക്കും ഒരനുരന്ജ്ഞനം ആക്കി അവര്‍ എഴുതുന്നു. ഒരുകാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേക്കാല്‍ മരിച്ചവരുടെ ലോകത്തും ചവിട്ടി നിന്ന് ഭയലേശം ഇല്ലാതെ അഗാധമായ ഉള്‍കാഴ്ചയോടു കൂടി സ്വന്തം വികാര വിചാരങ്ങളെ സത്യസന്ധമായും കുറേ ഭാവനയില്‍ ചാലിച്ചും കഥാകാരി എഴുതുന്നു.
ഇതിലെ ആദ്യകഥയായ 'നായടിയുടെ കഥ'യില്‍ അവര്‍ പറയുന്നുണ്ട്. ആദ്യം വ്യവസ്ഥയോട് എതിര്‍ത്തും പിന്നീട് അവ്യവസ്തയോട് എതിര്‍ത്തും അവസാനിക്കുന്ന തുശ്ചമായതാണ്‌ ജീവിതം എന്ന്. മാതാപിതാക്കളുടെ ഗാന്ധീയ ചിന്താഗതിയും അച്ചടക്കവും എന്നും അവര്‍ക്ക് ചങ്ങലകളായിരുന്നു. വര്‍ണ്ണശബളിമയും, ഉച്ചസ്ഥായിയിലുള്ള സംഗീതവും ചടുല നൃത്തവും ഒക്കെ അവിടെ നിഷിദ്ധമായിരുന്നു..പക്ഷെ എല്ലാം നിഷേധിച്ചു ഒരു നായാടി ശിശു എന്നപോലെ സകല ഭൂതങ്ങള്‍ക്കും അധീനയായി ചൂടുള്ള വീഞ്ഞ് സിരയിലോഴുക്കി ചുണ്ടുകളില്‍ ഒരായിരം ചുംബനങ്ങള്‍ നിറച്ചു അവള്‍ വളര്‍ന്നു.
പിന്നെ ഇനിയും കണ്ടിട്ടില്ലാത്ത ഭൂഖണ്ഡങ്ങള്‍ തേടിയുള്ള അലച്ചിലായിരുന്നു.സ്കൂളില്‍ നിന്നും പിക്ക്നിക് പോയനാളില്‍ എല്ലാ കുട്ടികളും ഓടിക്കളിച്ചപ്പോള്‍ അവള്‍ മയിലാഞ്ചിപ്പൂമണവും ആസ്വദിച്ച് ഗ്രീഷ്മ സൂര്യനെ കണ്ടു പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടന്ന് ആകാശം കാണാന്‍ ആണ് ഇഷ്ടപ്പെട്ടത്.. സൂര്യന്‍ ഉദിക്കുന്നു, കത്തുന്നു,നീറുന്നു അതുപോലെ അസ്തമിക്കുകയും ചെയ്യുന്നു.അതെ സൂര്യന്‍ അവള്‍ക്കു എന്നും എല്ലാറ്റിനും സാക്ഷി ആയിരുന്നു. സൂര്യനില്‍ അവര്‍ അവരെത്തന്നെ അല്ല ജീവിതത്തെത്തന്നെ കാണുക ആയിരുന്നു.
കോണ്‍വെന്റ് വിദ്യാഭ്യാസ കാലത്ത് രാജി എന്ന കൂട്ടുകാരിയിലൂടെ സ്വാതന്ത്ര്യം പഠിക്കുന്ന അവള്‍ ആദ്യമായി വര്‍ണ്ണ മനോഹരമായ വസ്ത്രം ധരിക്കുന്നു. അതും ഈ രാജി കൊടുക്കുന്ന ഒരു പിറന്നാള്‍ സമ്മാനമായ വസ്ത്രം കൊണ്ടാണ്.അനുരാഗം എന്ന വാക്കിന്റെ അര്‍ഥം ശിവനും പാര്‍വതിയും പോലെ അന്യോന്യാനുരക്തരായ ചെറിയമ്മയേയും ചെറിയച്ചനെയും കണ്ടാണ്‌ അവള്‍ ആദ്യമായി പഠിക്കുന്നത്.പന്ത്രണ്ടാം വയസ്സില്‍ പുസ്തക പാരായണത്ത്തിന്റെ കാന്തിക വലയത്തില്‍ കുടുങ്ങിയ അവള്‍ ഒഴിവുസമയത്ത് കരഞ്ഞും മൂക്കുചീറ്റിയും ട്രാജഡി കഥകള്‍ വായിച്ചുകൊണ്ടിരുന്നു. ആരുംമില്ലാത്തപ്പോള്‍ കുപ്പായം ഊരി സ്വന്തം ശരീര സൌന്ദര്യം ആസ്വദിച്ചു തുടങ്ങിയ അവര്‍ മെല്ലെവായന പുതിയ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചു. മാതാപിതാക്കള്‍ നിറമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാതിരുന്ന അന്ന് അവള്‍ സ്വപ്നങ്ങളില്‍ മനോഹരമായ വസ്ത്രങ്ങലും മെയ്യാഭരണങ്ങളും അണിഞ്ഞു മഴവില്ലുപോലെ പ്രത്യക്ഷപ്പെട്ടു. സ്ഥിരവും ഭദ്രവുമായ സ്നേഹത്തിനുവേണ്ടി അവള്‍ ദാഹിച്ചു. സ്നേഹത്തിന്റെ രാജ്യത്ത് നിന്ന് ഇടയ്ക്കിടെ ഭ്രാഷ്ടാക്കിക്കൊണ്ടിരുന്ന വിധിയെ അവള്‍ എപ്പോഴും ശപിച്ചു.
ശ്രീകൃഷ്ണനെ സ്ത്രീയുടെ പുരുഷനായി അവള്‍ കണ്ടു തുടങ്ങി.മാധവിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യര്‍ക്ക്‌ സാധാരണ കാണുന്ന ദോഷങ്ങളൊന്നും എനിക്കില്ല എന്നു കരുതി ജീവിക്കുന്ന ആള്‍ ദൈവത്തെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരാളെ കെട്ടിപ്പിടിക്കുവാനും ചുംബിക്കുവാനും സ്നേഹം പ്രകടിപ്പിക്കുവാനും തോന്നുന്നതെന്തുകൊണ്ട് എന്നവര്‍ അന്വേഷിച്ചു കൊണ്ടേ ഇരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി അവളെ ചുംബിച്ച കോളേജ് വിദ്യാര്‍ത്ഥിനിയേ അവള്‍ ഇടയ്ക്കിടയ്ക്ക് സ്നേഹപൂര്‍വ്വം സ്മരിക്കുന്നുണ്ട്.
മുതിര്‍ന്നപ്പോള്‍ കണ്ട ഓരോ ധീരനായ പുരുഷനിലും അവള്‍ അവളുടെ കുട്ടികളുടെ അച്ഛനെ കണ്ടു. മഹാഭാരതത്തിലെ കുന്തിയോട് അസൂയ തോന്നി. അവരെ തോല്‍പ്പിക്കാന്‍ തന്നെ അവള്‍ തീരുമാനിക്കുന്നു.പലപ്പോഴും അവള്‍ അതിശയിച്ചു ആദരണീയരും ധര്‍മ്മബോധ നിഷ്ടയുമുള്ള മാതാപിതാക്കളുടെ കുട്ടിയായി താന്‍ എങ്ങിനെ പിറന്നു എന്ന്.
ഒരിടത്തു അവര്‍ പറയുന്നു ''ഞാനും എന്റെ ഭര്‍ത്താവും പ്രേമബധര്‍ ആ യിരുന്നില്ലരുന്നില്ല.അദ്ദേഹം എന്നെ സ്പര്‍ശിക്കാന്‍ ഇഷ്ടപ്പെട്ടു. ഞാന്‍ സ്പര്‍ശിക്കപ്പെടാനും'' എന്ന്. ഒരിക്കല്‍ ഇളയച്ചന്‍ പറയുന്നു ''സ്നേഹിക്കുന്നത് ഒരിക്കലും ഒരു ചീത്തക്കാര്യം അല്ല എന്നാല്‍ വെറുക്കുന്നത് ചീത്തക്കാര്യം ആണ്'' മാധവിക്കുട്ടി ആരെയും വെറുത്തിട്ടില്ല ..ഒരിക്കല്‍ കയ്പ്പുനിറഞ്ഞ തന്റെ വിവാഹ ജീവിതത്തില്‍ മനം നൊന്തു അവര്‍ ഭ്രുത്യന്റെ കൈയില്‍ ഉറക്കഗുളിക വാങ്ങാനുള്ള പൈസ കൊടുത്തുവിടുന്നുണ്ട്. എന്തുകൊണ്ടോ കടക്കാരന്‍ അന്ന് അയാളുടെ കയില്‍ ഗുളിക കൊടുത്തില്ല . ഇങ്ങനെ ഒക്കെ ആണെങ്കിലും അവര്‍ ദാസ്സേട്ടനെ വല്ലാതെ സ്നേഹിച്ചിരുന്നു. ശരീരത്തിന്റെ വാത്സല്യം സ്നേഹത്തിനു ബദലായി അവര്‍ സ്വീകരിച്ചു.
പിന്നെ അന്ധകാരത്തിന്റെ ഒന്നാം അദ്ധ്യായവും രണ്ടാം അദ്ധ്യായവും കടന്ന് ബലി മൃഗങ്ങളില്‍ എത്തിച്ചേരുന്ന അവര്‍ സമുദായം അന്ഗീകരിച്ചിട്ടുള്ള എല്ലാ സദാചാര നിയമങ്ങളെയും തെറ്റിക്കുന്നു ...അതിനു പല കാരണങ്ങളും നിരത്തുന്നുണ്ട്‌.അനശ്വരമായ മനുഷ്യാത്മാവിന് അത് കണ്ടറിയാന്‍ കെല്പില്ലെങ്കില്‍ മനുഷ്യമനസ്സിലെങ്കിലും കെട്ടിപ്പടുത്തതാകണം ഉത്തമമായ സദാചാരം എന്നവര്‍ വിശ്വസിച്ചു. ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയും എന്നവര്‍ വിശ്വസിച്ചു. മധുരയില്‍ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ തിരയുകയാണ് സ്ത്രീകളുടെ ജീവിതം . അദ്ദേഹത്തില്‍ തന്റെ സ്മരണ പുനര്‍ജ്ജെവിപ്പിക്കാന്‍ അവള്‍ യെത്നിച്ചു കൊണ്ടേ ഇരിക്കും .
ഒക്കെ ആണെങ്കിലും ദാസ്സേട്ടന്‍ അവള്‍ക്കു കാലടികള്‍ക്ക് താങ്ങായ ഭൂമി ആയിരുന്നു. അങ്ങിനെ സൌന്ദര്യം എന്ന ഋതുകാലം കടന്നു തന്റെ യവ്വനം മഞ്ഞ ഇലകള്‍ പോലെ കൊഴിഞ്ഞു വീഴുന്നത് അവര്‍ നിലക്കണ്ണാടിയിലൂടെ നോക്കി കാണുന്നു.
ഭയത്തിന്റെ അര്‍ഥം അറിയാതെ അവര്‍ സെക്സിനെ വിശകലം ചെയ്യുന്നു .ഇതില്‍ ആത്മകഥാപരമായ യാഥാര്‍ത്യങ്ങള്‍ക്കൊപ്പം ആത്മസുഖത്തിനുവേണ്ടി യാഥാര്‍ത്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു . കെ.പി.അപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ : ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്ന സാഹിത്യവും ആണ് .സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങള്‍ തേടിയുള്ള പരീക്ഷണങ്ങള്‍ .