10/20/2015

എന്റെ വായന

 ഞാന്‍ ശ്രീ. വി. മധുസൂദനന്‍ നായര്‍ എഴുതിയ '' അമ്മയുടെ എഴുത്തുകള്‍'' എന്ന കവിതയെ പരിചയപ്പെടുത്താം.
വി. മധുസൂദനന്‍ നായര്‍ ...അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുത്തെണ്ടല്ലോ..അതുകൊണ്ട് തന്നെ നേരെ കവിതയിലേക്ക് ......സാറിന്‍റെ കവിതകളില്‍ അത്രയൊന്നും ആരും ശ്രദ്ധിക്കാത്ത വളരെ ലളിതമായ , എന്നാല്‍ ഒരുപാട് ആര്‍ദ്രമായ ഒരു കവിതയാണ് ''അമ്മയുടെ എഴുത്തുകള്‍' പുരാണങ്ങളും ഉപനിഷത്തുക്കളും , മിത്തുകളും ഒക്കെയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും ... എന്നാല്‍ ഇത് അമ്മയെ കുറിച്ചുള്ള ഒരു മകന്റെ സ്നേഹം ആണ്, അമ്മയുടെയും,,, അതാണ്‌ എന്നെ ഇതിലേക്ക് അടുപ്പിച്ചത്.
വീടിനു മോടികൂട്ടുന്ന തിരക്കില്‍ പഴയതും ഭംഗി ഇല്ലാത്തതും ആയ സാധങ്ങള്‍ ഭാര്യ പെറുക്കി മാറ്റുന്നു . കൂട്ടത്തില്‍ ഒരു പഴകിദ്രവിച്ചപെട്ടിയും അതില്‍ കുറെ കടലാസ്സും,അയാള്‍ അത് ഓടിചെന്നെടുക്കുന്നു അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാകില്ല ആ കടലാസ്സുകളുടെ മഹത്വം ...ആ പെട്ടിയ്ക്കുള്ളില്‍ അമ്മ അയാള്‍ക്കയച്ച കത്തുകള്‍ ആയിരുന്നു.. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''മകനായ് പകര്‍ന്ന പാല്‍മുത്തുകള്‍''.
മക്കളും ഭാര്യയും വീടു മോടി പിടിപ്പിക്കുന്നതിനായ് മനോഹരമായ ചില്ലുപെട്ടികള്‍ ശില്പങ്ങള്‍ ഒക്കെ വക്കുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് തടസ്സമാകുന്നില്ല അയാള്‍. അയാള്‍ ആ സ്നേഹമുത്തുകളെ ഭദ്രമായ്‌ അടുക്കി കാല്‍പ്പെട്ടിയില്‍വച്ച് ആരും വരാത്ത ചായ്പ്പില്‍ ഒളിപ്പിക്കുന്നു അദ്ദേഹത്തിന്റെ വരികള്‍:-
''നിൻ ഇഷ്ടമാണെന്റെയും
കാല്പെട്ടിയിൽ വെച്ച് താഴിട്ട്
പിന്നിലെ ചായ്പ്പിലൊളിച്ചാൽ
അറിയില്ല കുട്ടികൾ..''
.ഇവിടെ കവിക്ക്‌ അമ്മയോടുള്ള ഇഷ്ടത്തോടൊപ്പം ഭാര്യയുടെയും കുട്ടികളുടെയും ഇഷ്ടങ്ങള്‍ കൂടി അനുവദിക്കുന്ന ഒരു നല്ല ഗൃഹനാഥന്‍ ആകുന്നു.
ആ എഴുത്തുകളില്‍ ഒന്ന് നോക്കിയാല്‍ വരികള്‍ക്കിടയില്‍ ആ അമ്മക്ക് മകനോടുള്ള സ്നേഹം,ഉത്കണ്ഠ,പ്രാര്‍ത്ഥന എല്ലാം ഉണ്ട്
''അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെ ഒതുങ്ങിയിരിയ്ക്കട്ടെ..''
എന്ന് സമാധാനിക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുന്നു ...അമ്മതന്‍ ലാളനം..ഇന്നീ തിരക്കിനിടയില്‍ എപ്പോഴെങ്കിലും ഒന്നോര്‍ത്താല്‍ ആയി അദ്ദേഹത്തിന്റെ വാക്കുകളില്‍ ''ആ കൊതിയൂറുന്ന ശീലം മറന്നു തുടങ്ങി''
പിന്നുള്ള വരികളില്‍ പുതിയ തലമുറയെ ഓര്‍ത്തുള്ള ഉത്കണ്ഠയാണ് .കവി ചോദിക്കുന്നു നാളെ അവര്‍ നമ്മോടു ചോദിക്കുമോ താരാട്ടിന്റെ ഈണം എങ്ങിനെ,അതിന്റെ താളം എങ്ങിനെ,അതിന് മധുരം ഉണ്ടോ, ഇനി അവര്‍ക്ക് അമ്മയെ വേണ്ടാതാകുമോ എന്ന ഉത്കണ്ഠയോടെ കവിത അവസാനിപ്പിക്കുന്നു .
കവിത ഈ ലിങ്കില്‍ കേള്‍ക്കാം
Ammayude Ezhuttukal - Ammayude Ezhuttukal
https://www.youtube.com/watch?v=iB_JMcBGYpI

1 അഭിപ്രായം:

ajith പറഞ്ഞു...

താങ്ക്സ്. ഈ കവിത ഞാന്‍ കേട്ടിട്ടില്ലായിരുന്നു