10/08/2015

കാര്‍ത്തികവിളക്ക്

എന്നിലുപേക്ഷിച്ച  ഇത്തിരി  വെട്ടത്തെ 
ഒരു മണ്‍ചിരാതില്‍ കരുതിവച്ചു 
അതില്‍നിന്നനന്ത പ്രകാശം പരത്തുവാന്‍
എന്റെ ഈ ജന്മം ഞാന്‍ മാറ്റിവച്ചു 

ഓര്‍മ്മകളോരോന്നും പിച്ചനടക്കുന്നു 
മനസ്സിന്‍ മടിത്തട്ടില്‍  തേങ്ങലായി
ആറ്റിന്‍കരയിലെ കല്‍പ്പടവില്‍ 
കളിമാടങ്ങള്‍ കെട്ടിയ പുരയിടത്തില്‍ 
രാജാവായ്‌ ഗൃഹനാഥനായി  ഞങ്ങളോടൊപ്പം 
കുട്ടികളെപ്പോല്‍ കളിച്ച  താതാ ......
ഇല്ല മറക്കാന്‍  കഴിയുന്നില്ല 
ആ, കളിയും ചിരിയും  പരിഭവവും 

നാട്ടില്‍ വിശേഷമായ് എന്തുവന്നാലും
രഘുസാറുണ്ടോ സംഭവം കേമമായി 
ഓണക്കളികള്‍ക്കും നാടകോത്സവങ്ങള്‍ക്കും 
അച്ഛനവിടെല്ലാം താരമെന്നും

ദേവനെ കണ്ടു തൊഴുതു വലംവച്ച് 
വെണ്‍ ഭസ്മക്കുറിയും അണിഞ്ഞ് വന്നു 
സിംഹാസനത്തില്‍  ഇരുന്നുതന്നെ 
അന്ന് സ്വര്‍ഗത്തിലെക്കങ്ങുയര്‍ത്തപ്പെട്ടു 

പടുതിരി കത്താതെ  നിറദീപമായ് തന്നെ 
ഭൂമി ഉപേക്ഷിച്ച സ്നേഹമല്ലേ 
ഉടലോടെ സ്വര്‍ഗത്തില്‍  ആനയിച്ചല്ലോ 
എന്‍ അച്ഛാ അവിടെ സുഖം തന്നയോ?

ഇല്ലാര്‍ക്കും കിട്ടില്ല ഈ മരണം 
അച്ഛാ ...ഭാഗ്യവാനില്‍ ഭാഗ്യവാന്‍ തന്നെ സത്യം 
ഇത്രയും പുണ്യം ചെയ്തോരാത്മാവിന്റെ 
മകളായതിലേറെ പുണ്യമുണ്ടോ

കര്‍മ്മങ്ങള്‍ എല്ലാം  ചെയ്തങ്ങു ധന്യനായ്  
മാനവജന്മം പൂര്‍ത്തിയാക്കി .....
എങ്കിലും  അച്ഛാ 
തിരിഞ്ഞന്നു നോക്കിയോ
ഭൂമിയില്‍ ഉപേക്ഷിച്ച ജന്മങ്ങളെ  

അഭിപ്രായങ്ങളൊന്നുമില്ല: