12/24/2012

വേണ്ടായ്മകള്‍



എഴുതാത്ത പേജുകള്‍ 
പറയാത്ത വാക്കുകള്‍
വാക്ക് മറക്കുന്ന വാചകങ്ങള്‍.

പൂക്കാത്ത പൂച്ചെടി 
മണക്കാത്ത പൂവുകള്‍
വിരിയാന്‍ മടിക്കുന്ന പൂമുകുളം .

അടുക്കുന്നു തിരകള്‍
അകലുന്നലകള്‍
കരയെ മറക്കുന്ന കടലലകള്‍.

തുറക്കാത്ത പുസ്തകം
കാണാത്ത കഥകള്‍
വായന മറക്കുന്ന തലമുറകള്‍.

പാടത്ത പാട്ടുകള്‍
കേള്‍ക്കാത്ത ഈണങ്ങള്‍
കേള്‍ക്കാന്‍ കൊതിക്കുന്ന ഈരടികള്‍.

ഇല്ല സഹോദരര്‍
ഇല്ല സഹോദരി
എല്ലാര്ക്കും കണ്ണില്‍ കാമം മാത്രം.

അമ്മയെ വേണ്ട
അച്ഛനെ വേണ്ട
ഞാനും നീയും മാത്രം മതി.

എന്തൊരു ലോകം
എന്തൊരു മാറ്റം
ഇത് നാശത്തിലേക്കുള്ള പോക്കുതന്നെ

12/17/2012

പ്രഹേളിക

 
മനോരാജ്യം:-
എങ്ങും മധുരമാം  കിളിക്കൊഞ്ചല്‍ കേള്‍ക്കുന്നു 
മനം മയക്കും  പുഷ്പഗന്ധം പരക്കുന്നു
സുഖകരമായോരിളം തെന്നലെങ്ങും 
മണ്ടിക്കളിച്ചു കുറുമ്പ് കാട്ടുന്നു .

ആകാശത്തേരില്‍ സൌമ്യനാം സൂര്യന്‍
നിറപുഞ്ചിരിയോടെ എഴുന്നള്ളുന്നു
ചുറ്റും മിഴികള്‍ക്ക് വശ്യത എകും
 ഹരിത മനോഹര ദൃശ്യഭംഗി.


സത്യം:-
കാതടപ്പിക്കുന്ന വാഹന ശബ്ദം
ആര്‍ത്തലക്കുന്ന  കടലിരമ്പംപോലെ
കത്തിജ്വലിക്കുന്ന സൂര്യന്‍റെ കണ്ണില്‍
നിന്ന് തീമഴ പെയ്തു പാരിടത്തില്‍

എങ്ങും പൊടിക്കാറ്റു വീശിയടിക്കുന്നു
കണ്ണിനെ കുത്തിനോവിച്ചു രസിക്കുന്നു
ആകാശം മുട്ടി വളര്‍ന്നു നില്‍ക്കുന്ന
ചില്ലു കൊട്ടരങ്ങളെങ്ങുമെങ്ങും

ആകാശത്തോളം പ്രതീക്ഷയുമായി
പകലന്തിയോളം പണിയെടുക്കുന്ന
പാവം മനുഷ്യരും ഏറെയുണ്ട്
ഉറ്റൊരും  ഉടയോരും നാട്ടിലുണ്ട്
ഒരു കടലോളം സ്നേഹമുണ്ട്
രക്തം വിയര്‍പ്പക്കാന്‍ മടിയുമില്ല

ഒരിറ്റു സ്നേഹം കൊതിച്ചു കൊണ്ട്
എല്ലാം ത്യജിച്ചു കഴിഞ്ഞിടുന്നു
മനസ്സില്‍  ഒരു ഗ്രാമം സ്വപ്നം കണ്ടു
ഉള്ളില്‍ നിറയെ പച്ചപ്പുമായി ......
 




12/04/2012

സന്ധ്യ

     
ആകാശം കുങ്കുമം വാരി വിതറുമ്പോള്‍
ഭൂമിയോ കസവ് ഞൊറിഞ്ഞ് നിന്നു.
അമ്പല മുറ്റത്തെ കല്‍വിളക്കില്‍
നെയ്ത്തിരി നാളങ്ങള്‍ കണ്ണുചിമ്മി.

അമ്പല കൊട്ടിലില്‍ അമ്പലപ്രാവുകള്‍
പുഷ്പാഞ്ജലികള്‍ തോഴുതിരുന്നു.
ഉമ്മറക്കൊലയില്‍ നിലവിളക്കിന്‍ശോഭ
എങ്ങും ഹരിനാമ കീര്‍ത്തനങ്ങള്‍......

കൂട്ടമായ്‌ പാറുന്നു  പക്ഷികള്‍ ചേക്കേറാന്‍
എങ്ങും കലപില കൊഞ്ചലുകള്‍,
പൂനിലാ ചന്ദ്രന്‍ പുഞ്ചിരി  തൂകി
ഭൂമിക്കു വെള്ളപ്പുടവ നല്കി.

പിച്ചികള്‍ മുല്ലകള്‍ കണ്ണുതുറന്നു
നക്ഷത്രപ്പൂക്കള്‍ വിതറി നിന്നു
കുളിര് കൊരിക്കൊണ്ട് മന്ദാനിലന്‍
എങ്ങും തത്തിക്കളിച്ചു പാറി .

എല്ലാര്ക്കും ഉള്ളം കുളിര്‍പ്പിക്കും  നീ സന്ധ്യേ
നിന്‍ സൌന്ദര്യം ആവോള മാസ്വദിക്കട്ടെ ഞാന്‍.

  

12/01/2012

        മനസ്സ്
പ്രണയമൊരു മഴയായ് പെയ്തിറങ്ങുമ്പോള്‍
മനസ്സൊരു മരുഭൂമിയാകുന്നു
ആ മഴ എന്തോ നനക്കുന്നില്ല
ആ നീര്‍മണി എങ്ങോ മറയ്ന്നു
അവളൊരു  ചേമ്പില എന്നപോലെ
നനയാതെ നനയാതെ മാറി നില്‍പ്പൂ

ഒരു കാറ്റിന്‍ തലോടലായ്
പൂമരച്ചില്ലയില്‍ പൂമാരിയായതു പെയ്തുപോയി
വീണു കിടക്കുന്ന പൂവുകളൊക്കെയും
വാടിക്കരിഞ്ഞതും  അവളറിഞ്ഞു

കുത്തിയൊലിക്കുന്ന പാതയോരങ്ങളില്‍
ഒരു പിടി മണ്ണ്‍പോല്‍ തേങ്ങിനിന്നു
ആര്‍ത്തു വരുന്ന വെള്ളത്തിന്‍ ഗര്‍ജനം
പെടിച്ചരണ്ടവള്‍  നിന്നുപോയി
ഒരു കൊച്ചു പാറതന്‍ കനിവുതേടി
പാറക്ക് പ്രത്യുപകാരം കൊടുക്കണം പോല്‍!!!!

താണ്ഡവം കഴിഞ്ഞ  പ്രളയഭൂവിപ്പോള്‍
തരിശ്ശായ് വറുതിയായ്‌ വരണ്ടുപോയി
ചാവുകിളികള്‍ ആര്‍ത്തിപ്പിശാചുകള്‍
 നൃത്തം ചവുട്ടുന്ന മേടുമാത്രം

ഒക്കെക്കഴിഞ്ഞു കരിഞ്ഞു മരിച്ചു
പേടിവേഷങ്ങള്‍ ആര്‍ത്തു ചിരിച്ചു
കപാലങ്ങള്‍ ആടിത്തിമര്‍ക്കുന്ന നേരം
മോഹമായ് വെറുമൊരു വ്യാമോഹമായ്
കിളിപ്പാട്ടും കൊഞ്ചലും തങ്ങിനിന്നു







11/21/2012

വാക്ക്

                  

അഗ്നിസ്പുടം ചെയ്ത വാക്കുഞാന്‍ തേടുമ്പോള്‍
തെരുവിലലയുന്ന ബാലന്റെ ഭിക്ഷയായ്‌
വിശപ്പെന്ന വാക്ക് തരിച്ചു നിന്നു .

നെയ്ത്തിരിയായ്‌ നിലവിളക്കായ് ശോഭിച്ചിരുന്ന
ഗൃഹേശ്വരി, കരിന്തിരിയായ്, വാര്‍ദ്ധക്യ -
മെന്ന വാക്ക് പരിഹസിച്ചു .

അമ്മക്കുതാങ്ങായ് പപ്പടംവിയ്ക്കുന്ന ബാലികയ്ക്ക-
റിവെന്ന വാക്കിന്നു നഷ്ട സ്വര്‍ഗം.

ലോകം യുദ്ധക്കളമാകുന്ന  നേരത്ത് 
തെരുവുകള്‍ ചോരതെറിപ്പിച്ചു പായുന്നു
കൊലവിളിക്കുന്നു യുവജനങ്ങള്‍....
കൊന്നൊടുങ്ങുന്ന പാവങ്ങളില്‍ കണ്ടു ഭീതീന്ന വാക്കിന്റെ
താണ്ടവം ഞാന്‍.

പെണ്ണിനും വേണം പഠിപ്പെന്നു മോഹിച്ച  പെണ്ണിന്നുനേരെ
ഭീകര നൃത്തം ചവുട്ടുന്നു  നാട്ടുകാര്‍
ചവിട്ടിയരക്കുന്നു തുല്യതയെ

അധികാര മേല്‍ക്കോയ്മ അഴിമതിക്കൂട്ടായ്മ 
അധര്‍മ്മം നാടുകള്‍ വാഴുന്നേരം 
തിന്മകള്‍ പരിഹാസ നൃത്തം ചവുട്ടുന്നു

നമുക്ക് സൂക്ഷിക്കാം മനസ്സിലെങ്കിലും ഒരുപിടി നന്മതന്‍
പൂച്ചെണ്ടുകള്‍ ....
നമുക്ക് ചെയ്യാം  പ്രവൃത്തിയിലെങ്കിലും
ഒരു കൊച്ചു കൈതാങ്ങായ് ആര്‍ക്കെങ്കിലും ......
ഒരു നല്ല വാക്കിനായ്‌ എങ്ങും  തിരക്കി എവിടെയും കണ്ടില്ല ഒന്നുപോലും !!!!!



 





11/18/2012

നക്ഷത്രം

              
ആകാശ താരകം മിന്നിത്തിളങ്ങുംപോളെന്‍
ആത്മാവ്  നോവുന്നതെന്തുകൊണ്ടോ
മുത്തശ്ശി ചൊല്ലി പഠിപ്പിച്ചിരുന്നു
മോളെ ആത്മാക്കളാണീ ചിരിക്കുന്നത്.

നമ്മെപ്പിരിയാന്‍ ഇഷ്ടമില്ലാതെ
അവര്‍ നമ്മെ കാണാന്‍ വരുന്നതാണ്
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും  തിരഞ്ഞു നോക്കും

നീലംബരത്തില്‍  ലയിച്ചവരൊക്കെയും
ശ്യാമാംബരത്തില്‍ ഉദിച്ചുവരും
ഇങ്ങനെ ചിന്തിക്കാന്‍ ഇഷ്ടമാണേറെ
ഇന്നും ഞാന്‍ നോക്കുന്നു പോയവരെ

മുത്തശ്ശന്‍, മുത്തശ്ശി, അമ്മാവന്‍ പിന്നെ
കാലം അകാതെ  വിട്ടുപിരിഞ്ഞോര
കൂട്ടുകാരാ നിന്നെയുമേറെത്തിരയുന്നു ഞാന്‍
പഠിച്ചും പഠിപ്പിച്ചും അടിപിടികൂടീം
കളിച്ചും ചിരിച്ചും കളിയാക്കിയും
എന്തിനും ഒപ്പം നടന്ന നമ്മള്‍

കാലമായില്ലേലും  കാലമായി അല്ലെ
നീ ശ്യാമാംബരത്തില്‍ തിളങ്ങുകയോ 
നക്ഷത്രമോരോന്നും വേറിട്ടുടെത്തുഞാന്‍
ഓരോമുഖവും  തിരഞ്ഞു നോക്കും!!!! 

   

11/10/2012

മോഹം

      
കാലം ഒരു കവിതയായെങ്കില്‍
പൂക്കാലം  അതിന്നലങ്കാരമായേനെ ,
ദുഃഖങ്ങള്‍ മഴയായ്പ്പെയ്യുമ്പോള്‍
കുളിര്‍തെന്നല്‍ ആശ്വാസമായേനെ .

മഴവീണമണ്ണില്‍ പതംവന്നമണ്ണില്‍
സ്നേഹത്തിന്‍ വിത്തുവിതക്കുന്നു ഞാന്‍
വെള്ളംനനച്ചും വളംവിരിച്ചും
എന്നും കൊതിയോടെ കാക്കുന്നു
വിത്തുകള്‍ പൊട്ടിമുളക്കുന്നതും
ഈ മരു ഭൂമി വാടികയാകുന്നതും
ഞാന്‍ സ്വപ്നത്തിലെന്നെന്നും കാണുന്നു.

ബാല്യത്തിന്‍ പൂക്കാലസ്മരണതന്‍ പരിമളം
ഇന്നലത്തെപ്പോലെ നെഞ്ചിലേറ്റുന്നു
വീണപൂവാണേലും   ആ നല്ല ഓര്‍മ്മകള്‍
ഇല്ലമറക്കില്ലോരിക്കലും ഞാന്‍.........

ഇന്നുഞാനീനട്ട സ്നേഹത്തിന്‍ വിത്തുകള്‍
കുഞ്ഞിളം ചെടികളായ് മാറുന്നതും
പൂവനമാകുന്നതും കാണുന്നു
പൂങ്കാവനത്തിലെ പൂക്കളും കായ്കളും
കിളികളെ മാടിവിളിക്കേണം
വണ്ടുകള്‍ തുമ്പികള്‍ ചിത്രശലഭങ്ങള്‍
ആ മലര്‍വാടിക്കലങ്കരമാകേണം
നന്മ നിറഞ്ഞൊരു ലോകത്തിനായ്
വേഴാമ്പലെപ്പോലെ ഞാനിരിപ്പൂ ........





11/06/2012

എനിക്കറിയാം

   

എന്റെ ചുറ്റും കളം വരച്ചു ഒരു
ലക്ഷ്മണ രേഖ തീര്‍ത്തതറിഞ്ഞു
ടെമോക്ലീസിന്‍ വാളായി തലക്കുമീതെ
തൂങ്ങിക്കിടപ്പതും ഞാനറിഞ്ഞു .....

പട്ടിണി കിടക്കുന്ന നായക്കൊരു
എല്ലിന്‍ കഷണം കിട്ടിയപോലെ
കടിച്ചു മുറിക്കുന്നതെന്തിനാണ്
എന്നെനിക്കിന്നും അജ്ഞാതമല്ലോ

തുടുപ്പെടുത്തോളിച്ചാല്‍ കല്യാണം മുടങ്ങില്ല
കടലില്‍, കായം കലക്കീട്ടു  കാര്യമില്ല
അക്ഷരം എന്നില്‍ നശിക്കാത്തിടത്തോളം
ഇല്ല കഴിയില്ല എന്നെ തൊടാന്‍.

എന്റെ ചുടുചോര ഊറ്റിക്കുടിച്ചുകൊള്ളൂ 
പച്ചമാംസം കൊത്തിപ്പറിച്ചു കൊള്ളൂ
പക്ഷെ കഴിയില്ലോരിക്കലും എന്‍
ആത്മാഭിമാനമോ അസ്ഥിത്വമോ തൊടാന്‍.



  

10/11/2012

വേര്‍പാടിന്റെ കടല്‍

    
മനസ്സിലിരംബുന്നായിരം കടലുകള്‍
ആര്‍ത്തലക്കും തിരമാലകള്‍
മനസ്സിന്നുള്ളിലെരിയുന്നു വേര്‍പാടിന്‍
ആയിരം വേദനകള്‍

കരിനാഗമായയെന്നെച്ചുറ്റിപ്പിണയുന്ന
മരണവേദന മരവിച്ച വേദന
കറുത്തിരുണ്ടോരാ കാപാല രൂപം
കാണുന്നു ഞാനിന്നു ചുറ്റും. !

ഇന്നെലെകണ്ട സ്നേഹ മുഖങ്ങളേ
ഇല്ല കാണില്ലിനി വീണ്ടുമോരിക്കലും
ഇല്ല കേള്‍ക്കില്ലയാ ശബ്ദ വീചികള്‍
കെട്ടി പ്പിടിച്ചൊരു മുത്തം തരില്ലിനി
മാഞ്ഞുപോയിയെന്നേക്കുമായി നീ

കാരിരുമ്പുപ്പോലും കറുത്ത ഭീകരന്‍
നിഴലായി കൂടെയുണ്ടെന്നറിവുഞാനും
അതിലെന്റെ മനസ്സില്‍ ഭീതിയുറയുന്നു
അറിയാതെയാ ഉറക്കത്തില്‍ ഞാനുമരുന്നു.

ശാന്തമായി കിടക്കുന്നയാഴിപോലെ
അലയോതുങ്ങി കിടക്കുന്നുവെന്‍ങ്കിലും
അലറിയാകാശം മുട്ടെയുയരാം പിന്നെ
കരയില്‍ തല തല്ലിച്ചിതറാം

9/26/2012

വാസന്ത പൂര്‍ണിമ

   
ദൂരെ ഒരു നക്ഷത്രം കണ്ണ് ചിമ്മി
പാവം ഈ പൂവിനെ  കൊതിപ്പിച്ചുവോ
പൂവതു കണ്ടു തലയാട്ടിനിന്നു
നക്ഷത്രം  പുഞ്ചിരിതൂകിനിന്നു

പൂനിലാവേകിയ പട്ടുപവാടയില്‍
പാരിടം കൂടുതല്‍ സുന്ദരിയായ്
ആകാശ നക്ഷത്രം ഭൂമിയിലെന്നപോല്‍
പിച്ചിയും മുല്ലയും പൂത്തുലഞ്ഞു

ചീവീടുകള്‍ എങ്ങും പൊട്ടിച്ചിരിക്കുന്നു
രാത്രിതന്‍ മൌനത്തെ ഭേദിക്കുന്നു
കാട്ടിലാടുന്നൊരു പൂമരചില്ലയില്‍
ഒരു പാതിര പക്ഷി പറന്നിറങ്ങി

ആലസ്യം പൂണ്ടങ്ങുറങ്ങുന്ന തോഴനെ
തെല്ലൊന്നു നോക്കി ചിരിച്ചിരുന്നു
പാതിര പെണ്ണിന്റെ ലസ്യതാളത്തിനു
പൂമരം നൃത്തനം ചെയ്തുനിന്നു

വാസത്ത ചന്ദ്രിക പൊട്ടിച്ചിരിച്ചു
പാതിരപൂക്കള്‍ മിഴിതുറന്നു
നിശാഗന്ധി, കല്യാണസൗഗന്ധികങ്ങള്‍
വിടര്‍ന്നു  പരിമളം തൂകിനിന്നു

ജീവജാലങ്ങള്‍ ഉറങ്ങുന്ന നേരം
പാരിടം ഗൂഡസ്മിതം പൊഴിച്ച്
കസവുതട്ടത്ത്തില്‍ പൊതിഞ്ഞു നിന്നു

എത്ര മനോഹരം വാസന്ത രാവ്‌
എത്രകണ്ടാലും കൊതിതീരില്ല
എത്രനേരം  ഞാനിരുന്നെന്നറിയില്ല
നേരം പുലര്‍ന്നതറിഞ്ഞതില്ല






9/22/2012

കരിച്ച മൊട്ട്


വിടരാന്‍ കൊതിച്ചോരാ പൂമോട്ടിനെ
വിരലാല്‍ കശക്കി ഞെരിച്ചുവല്ലോ
ആണ്ടു തികഞ്ഞില്ലവര്‍ക്കിത് വേണ്ടാ
ആസ്വദിക്കാന്‍ ബാക്കി ഇനിയുമുണ്ട്

സ്വന്തം ചോരയില്‍ നിന്നും കുരുത്തതാണെങ്കിലും
വേണ്ടാതെ വന്നവന്‍ ഭാരമത്രേ
ഇപ്പോഴീ  കുഞ്ഞെങ്ങാന്‍ വന്നു പോയാല്‍
പിന്നെ സ്വാതന്ത്ര്യമെല്ലാം തകരുകില്ലേ
ആരുനോക്കും, ആരുവളര്‍ത്തും
അമ്മയ്ക്കും അച്ഛനും ജോലിയില്ലേ
അല്ലേലും ഇപ്പോഴേ അമ്മയാകാ ന്‍ വയ്യ
സൗന്ദര്യമെല്ലാം നശിക്കുകില്ലേ
അയ്യേ എനിക്കിത് വേണ്ടെന്നു ചൊല്ലിയാ
മാതാപിതാക്കള്‍(?) തീര്‍പ്പുചൊല്ലി 

ഇന്നുതന്നെപോയി കാണാം ആ ഡോക്ടറെ
അവര്‍ ഈസി യായ് ''കൈകാര്യം'' ചെയ്തിടും പോല്‍
 ഉള്ളില്‍ കുരുത്തൊരാ ജീവനെ കൊല്ലുവാന്‍ 
കുറ്റബോധം ലേശം തോന്നാതെ തന്നെയാ
അമ്മ(?)യും സമ്മതം മൂളിനിന്നു

ഭൂലോകം കാണാന്‍ കൊതിച്ചൊരാ  പൈതലേ
മുളയിലെ തന്നെ നുള്ളിയല്ലോ
ഒരുകഷണം മാംസവും ചോരയുമായവന്‍ ഗര്‍ഭപാത്രത്തില്‍നിന്നൊഴുകിപ്പോയി   
ആ കുഞ്ഞു പൈതലിന്‍ രക്തസാക്ഷിത്വം കൊണ്ട്
അച്ഛനും അമ്മയും(?) സ്വതന്ത്രരായി ??????????


9/13/2012


                  ശാലിനി

ശാലിനിയാണവള്‍ ശാലീനയാണവള്‍
തായത്തണലില്‍ കഴിയുന്നിവള്‍
അച്ചനില്ലോര്‍മ്മയില്‍ ഒരുനാളും കണ്ടില്ല
ഒരുനോക്കുകാണന്‍ വന്നതില്ല ....

എങ്കിലും ശാലിനി സന്തുഷ്ടയാണ്
അമ്മമടിത്തട്ടില്‍ സുരക്ഷിതയും
അന്യന്റെ വീട്ടില്‍ അടിച്ചുതളിച്ചും
അന്നം മുടങ്ങാതെ നോക്കുന്നമ്മ ...

കൂലി പ്പണിയില്‍  അവശയാണെങ്കിലും
പുഞ്ചിരിമെലാപ്പണിഞ്ഞവള്‍ കാക്കുന്നു 
പോന്നുംകുടത്തിനെ പൊന്നുപോലെ ...

തുശ്ചവരുമാനം ഒന്നിനും ഇല്ലല്ലോ
മോളെ പ്പഠിപ്പിക്കാന്‍ കേമിയാക്കാന്‍
ദൂരൊരു വീട്ടില്‍ സ്ഥിരമായി നിന്നാല്‍
രൊക്കം പണമവര്‍ തന്നിടുംപോല്‍

             ********   
ശാലിനി തേങ്ങിക്കരഞ്ഞുപോയി
അമ്മപോയാല്‍ പിന്നെ ആരെനിക്ക്
വേണ്ടമ്മേ പോകേണ്ട പൊട്ടിക്കരഞ്ഞവള്‍
അമ്മയെ കെട്ടിപ്പിടിച്ചു നിന്നു

പോകാതിരുന്നാല്‍ എങ്ങിനെ എന്നമ്മ
ഗദ്ഗതമോടെ  പറയുന്നുണ്ട്
ആരെയേല്‍പ്പിച്ചു  പോകും എനോമനെ
എവിടെ നീ  സുരക്ഷിതയായിനില്‍ക്കും

എന്തുചെയ്യേണം ഒന്നിനും ആകില്ല
ഒന്നുസഹായിക്കാന്‍ ആരുമില്ല
ഒന്നും ചെയ്യാന്‍ കഴിയാതെ ആ പാവം
ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു
തെങ്ങിക്കരുന്ന ശലിനിക്കുട്ടിയെ
കെട്ടിപ്പിടിച്ചു തളര്‍ന്നിരുന്നു




 
  

7/29/2012

ഞാനും നീയും

സ്വപ്‌നങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു സ്വപ്നാടകയായ് അലയുമ്പോള്‍
എന്റെ സ്വപ്നത്തിന്‍  നായകനായവനെ
എന്റെ ജീവന്റെ നായകനെ

മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ 

വിഹ്വലമായൊരു സ്വപ്നത്തില്‍
മോഹനമായൊരു മോഹത്തില്‍
അലയുന്ന ഞാനൊരു സ്വപ്നാടക

നിന്റെ മനസ്സിന്റെ നൊമ്പരവും 
നിന്റെ മനസ്സിന്റെ  സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ  സ്നേഹിക്കുന്ന  പൌര്‍ണമി യും ഞാന്‍ 


 

7/25/2012

അന്ധകാരം

      
ആരോടും മിണ്ടാതെ ഒരു വാക്കും ചൊല്ലാതെ
എങ്ങോ പകല്‍ക്കിളി പാറിപ്പോയി
പകലോന്റെ സവിധത്തില്‍ പോയതാണോ
നമ്മുടെ ചെയ്തികള്‍ കണ്ടു മടുത്തിട്ടാണോ

താതന്‍ കംസനായ്‌ പിഞ്ചുമകളെ
കാലില്‍ പിടിച്ചു തറക്കടിച്ചു
അമ്മ മകന് ഐസ്ക്രീം കൊടുത്തു
അല്പം വിഷം കൂടി ചേര്‍ത്തിരുന്നു

കൂട്ടുകാര്‍ക്കൊപ്പം വന്ന മകന്നു
സദ്യ ഒരുക്കി  കൊടുത്തോരമ്മ
പിന്നെ പാതി വൃത്യം  കൂടി കൊടുക്കണം പോല്‍
മകനെ അടിച്ചു ബോധം കെടുത്തി
അമ്മയെ  പിച്ചി ചീന്തിപോലും

ഒന്നും അറിയാത്ത കാലത്ത് നമ്മെ
അല്ലലറിയാതെ പോറ്റി പക്ഷെ
അല്ലലവര്‍ക്ക് പിണഞ്ഞ നേരം
നമ്മള്‍ വൃദ്ധ സദനം പകുത്തു നല്‍കി

ഒക്കെയും കണ്ടു ഹൃദയം പൊട്ടി
പുതുമാരി പോലും പെയ്യാതായി
സൂര്യന്ടെ കണ്ണില്‍ അഗ്നി ജ്വലിക്കുന്നു
ഭൂമി തപിച്ചു വെടിച്ചു കീറുന്നു 
പകലുകള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
എങ്ങോ ഓടി ഒളിച്ചിടുന്നു


 

7/18/2012

ഒരു കൊച്ചുപാട്ട്

ഒരു നേരമെങ്കിലും രാധികയാകാത്ത
നാരിയുണ്ടോ  കണ്ണാ മന്സുണ്ടോ 
ഒരു  നേരമെങ്കിലും നിന്‍നാമം ചൊല്ലാതെ 
 ഉണരാന്‍ കഴിയുമോ ഈ എനിക്ക് കണ്ണാ
ഉറങ്ങാന്‍  കഴിയുമോ  ഇന്നെനിക്ക് 

യമുനാ  നദിയിലെ ഓളങ്ങള്‍ ചൊല്ലുന്നു 
ആമ്പാടിക്കണ്ണന്‍റെ ബാലലീല 
ശ്യാമാംബരത്തിലെ കാര്‍മേഘത്തുണ്ടിലും
ശ്യാമവര്‍ണ്ണാ നിന്നെക്കാണുന്നു ഞാന്‍
                                                                  
മീരയോ രാധയോ അല്ലെന്നിരിക്കിലും 
കാര്‍മുകില്‍ വര്‍ണ്ണായെന്നെ ഇഷ്ടമാണോ 
അറിയില്ല എങ്കിലും പാടട്ടെ ഞാന്‍ കണ്ണാ 
യദുകുല കാംബോജി നിനെക്കുവേണ്ടി 
ഗോകുല ശീലുകള്‍ നിനെക്കുവേണ്ടി


നിന്പാട്ടുകെട്ടു മയങ്ങുന്ന ഗോവ് 
ലതപോലെ ചാരത്തു രാധികയും 
കളകളം പാടുന്ന കാളിന്ദിയാറിനു 
പട്ടുചേല ഞൊറിയുന്ന നീലക്കടമ്പ് 
എന്ത് ചേല് കാണാന്‍ എന്തുചെല് 
ഈ കാഴ്ച കാണാന്‍ എന്തുചെല് 


മനതാരില്‍ നീയിന്നു കേളികളാടുന്നു 
മാനത്ത് താരങ്ങള്‍ പുഞ്ചിരിക്കുന്നു 
മനമൊരു കാളിന്ദിയാകുന്നു 
മാനസ തോഴാ പോരുകനീ 
മാനസ തീരത്തണയുകനീ

7/10/2012

പ്രവാസം

             
ഒരു  സുപ്രഭാതത്തില്‍ അമ്മയും അച്ഛനും
നെറുകയില്‍ തൊട്ടങ്ങനുഗ്രഹിച്ചു
പിന്നെ  ആലിംഗനം  ചെയ്തു  മെല്ലെപ്പറഞ്ഞു
ദീര്‍ഘ സുമംഗലീ ഭവ :

വീണ്ടും  ചേര്‍ത്ത് പിടിച്ചു  ഗദ്ഗദ മോടെപറഞ്ഞു
മോളെ ഇനി നീ ഭര്‍തൃഗൃഹത്തിന്‍ അലങ്കാരം
അത് നിന്റെ ഗേഹമെന്നോര്‍ക്കണം നീ  
അന്ന് ഞാന്‍ ആദ്യ പ്രവാസിയായി
ജന്മഗേഹം  ബന്ധു ഗേഹമായി ......

ജനിച്ചോരാ  നാടും വീടും പറമ്പും
പിച്ചനടന്ന വഴിയും ഊഞ്ഞാലയാടിയ പുളിമരവും
ഓടിക്കളിച്ച തൊടിയും നീരാടി നീന്തിയ പുഴയും
എന്നില്‍നിന്നോടി ഒളിച്ചപോലെ
എന്നിട്ടും ഞാനന്നലങ്കരിച്ചു
എന്റെ ഭര്‍തൃഗേഹത്തെ സ്വീകരിച്ചു

ഒരുനാള്‍ അദേഹം  എന്നോട് ചൊല്ലി നാം പോകുന്നു
വേറൊരു നാട്ടിലേക്ക്
 വീടും നാടും ഉപ്ക്ഷിച്ചു പോന്നു
എഴുകടലും കടന്നുപോന്നു
ഞാന്‍ വീണ്ടും പ്രവാസിയായ് ഇവിടെ എത്തി

നാട്ടിലെ പച്ചപ്പും മഴയും പുഴയും
ഓര്‍മയില്‍ മാത്രം ഒതുക്കിവച്ച്
അമ്മയും അച്ഛനും ചേട്ടനും പെങ്ങളും
ഓര്‍മ്മതന്‍ മുറ്റത്തു തത്തിനിന്നു
കാക്കക്കറുംബിയും കാക്കകുയിലും
വെള്ളരിപ്രാവും ഓര്‍മ്മയില്‍ പാറി കളിച്ചുനിന്നു

ആണ്ടേക്കൊരിക്കല്‍ ഓടിഎത്തുന്നു
എല്ലാരേം കണ്ടു എല്ലാം കണ്ടു കൊതി തീര്‍ക്കുന്നു
തുച്ചദിനംകൊണ്ട് ആര്‍ത്തി തീര്‍ത്ത്
വീണ്ടും പ്രവാസം തുടരുന്നു

 



7/02/2012

അക്ഷരം

   
ഞാനാം ഊഷര ഭൂവില്‍ നീ ഒരു
ചെറുമാഴയായി പൊഴിയൂ കവിതേ
ആ മഴ ഒരു പുഴയാകെട്ടെ
പാരിടമെന്നും നനയട്ടെ......

അക്ഷര മലരുകള്‍ പൂക്കും വനിയില്‍
കവിതത്തേനുകള്‍ ഊറട്ടെ
ആസ്വാദകരാം തേന്‍ വരിവണ്ടുകള്‍
തേന്‍ നുകരാനായ്‌ പോരെട്ടെ

അക്ഷരമഗ്നികള്‍ ആകട്ടെ
ആശയം പടവാളാകട്ടെ
എന്റെ വികാരവിചാരങ്ങളുടെ
പടനിലമായിത്തീരട്ടെ

നീതി ജയിക്കാ നുതാകട്ടെ
അനീതി ഹനിക്കാന്‍ കഴിയട്ടെ
പാവങ്ങളുടെ കണ്ണീര്‍ ചാലുകള്‍
തുടച്ചു മാറ്റാന്‍ കഴിയട്ടെ

മായാജാലക്കഥകള്‍ പറയാന്‍
അക്ഷരജാലം തീര്‍ത്തീടാന്‍
എന്നുമെനിക്ക് കഴിയട്ടെ
അക്ഷരദേവീ കനിയേണെ




6/25/2012

മരുഭൂമിയിലെ മഴ

     
ഇവിടെ ഈ മരുഭൂവില്‍ മഴപെയ്യാറൂണ്ടല്ലോ
പെയ്തതും തൊര്‍ന്നതും അറിയില്ലാരും...
ഒരു മഴയില്‍ത്തന്നെ പ്രളയമാകുന്നു
റോഡും നിരത്തും  കവിയുന്നു ....

നിമിഷനേരത്തിന്റെ കോലാഹലങ്ങള്‍
എല്ലാം ശമിക്കുന്നു ക്ഷണികമായി
എങ്കിലും കാക്കുന്നു ആ നിമിഷത്തിനെ
പാവം പ്രവാസികള്‍ ഞങ്ങളെന്നും

വരണ്ടതാണെങ്കിലും ഈ മഴ കണ്ടപ്പോള്‍
മനസ്സില്‍ കുളിര്‍മഴ പെയ്തുപോയി
ചിറകടിച്ചപ്പോള്‍ പറന്നു മനസ്സാല്‍
പച്ചില ചാര്‍ത്തോലും  കേരളത്തെ ...

ഒരു മഴ പെയതോന്നു തോര്‍ന്നാല്‍ പിന്നെ
മറുമഴയായി  മരമഴയായി ...
ഇലകളില്‍ നിന്നിറ്റു വീഴും ജലകണം
ഒരു ചെറു കാറ്റെങ്ങാന്‍ വന്നുപോയാല്‍ പിന്നെ ...
വീണ്ടും മഴയായ് മരമഴയായ്

മഴപെയ്തു തോര്‍ന്ന മരങ്ങളെ കാണുമ്പൊള്‍
നാണിച്ചു  ഈറന്‍  മുടിയുമായ് നില്‍ക്കും
പുതുമണവാട്ടിയായ്‌ തോന്നാറുണ്ട്

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികള്‍
കടലാസ്സുതോണി ഇറക്കിടുന്നു ...
അവര്‍ ഉല്ലാസമോടെ കളിച്ചിടുന്നു

ചില വെറിയന്മാര്‍ അവെല്ലാം തട്ടിത്തെറിപ്പിക്കും
 കണ്ണ് നിറഞ്ഞു കവിള് തുടുത്തു
വീണ്ടും മഴയായ് കണ്ണീര്‍ മഴയായ്
അവരുടെ ദുഖം മഴയാകുന്നു

മനതാരില്‍ ശോകം കാര്‍മേഘമായപ്പോള്‍
കണ്ണീര്‍ മഴയായ് പെയ്തു പോയി
ആരാരും കാണേണ്ടന്നോര്‍ത്ത്പോയെങ്കിലും
നീയത് കണ്ടെന്നറിയുന്നു ഞാന്‍

6/23/2012

ദശാവതാരം

                                                                                         
            സൂര്യന്‍ തന്റെ കത്തിജ്വലിക്കുന്ന തന്നെ ഉടയാടകള്‍ മാറ്റി ഇരുട്ടിന്റെ സ്വസ്തതയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു ......'ഞാനും'.....

വെളിച്ചം വച്ചതുമുതല്‍ ഒരേ നാടകത്തില്‍ പലവേഷങ്ങള്‍ എന്നപോലെ ആടിത്തീര്ത്ത വേഷങ്ങളുടെ തളര്‍ച്ചയില്‍ ..... എന്റെ ലാവണത്തിലേക്ക് ....... ഞാന്‍ ഇന്ന് കെട്ടിയ വേഷങ്ങളുടെ ചായങ്ങള്‍ ഒന്നൊന്നായി മായ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു ..... എല്ലാം മായ്ച്ചു എന്റെ സ്വന്തം സ്വത്വത്തിലേക്ക്‌ പോകാന്‍ ഞാന്‍ വെമ്പി ..... പക്ഷെ എല്ലാം വിഭാലം എന്ന് ദുഖത്തോടെ  മനസ്സിലാക്കി ....ഇനി എനിക്ക് എന്നിലേക്ക്‌ ഒരു മടക്കം സാധ്യമല്ല ഇന്ന് ഞാന്‍ ആര്‍ക്കൊക്കെയോ വേണ്ടി ഉള്ളതാണ് .... എല്ലാപേരും എന്റെ പ്രിയപ്പെട്ടവര്‍ എങ്കിലും ,,,,,,,, ഞാന്‍ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു .....

        ഇന്ന് ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒന്നോന്നോയി  ഓര്‍ത്തുനോക്കി.... ലജ്ജയോടെ മനസ്സിലാക്കി ഒന്ന് പോലും മനസ്സില്‍ തട്ടി അഭിനയിച്ചിട്ടില്ല. പിന്നിട്ട വഴികളില്‍ സ്വസ്തതക്കായി പലതും പരീക്ഷിച്ചു. ആധുനികതയുടെ വര്‍ണശബളിമയില്‍ മുഖം ഒളിപ്പിച്ചു നോക്കി..... നാടന്‍ പാട്ടിന്റെ നിഷ്കളങ്കതയില്‍ ലയിക്കാന്‍ ശ്രമിച്ചു.....രതിയുടെ തീഷ്ണതയില്‍ മയങ്ങാന്‍ നോക്കി...... കുടുംബത്തിന്റെ ലാളനയില്‍ അലിഞ്ഞു എല്ലാറ്റില്‍ നിന്നും സ്വയം ഒളിച്ചു ഒരു പാവയായി കളിച്ചു നോക്കി..... പക്ഷെ പരാജയം അവിടെയും എനൂടൊപ്പം തന്നെ ഉണ്ടായിരുന്നു.

      കൈലാസത്തില്‍ നിന്നും പ്രതിധ്വനിച്ച ''ഓം ''കാരത്തിനോ..... വൈകുണ്ടത്തില്‍ നിന്നുള്ള നാരായണീയത്തിനോ ..... കുരിശിനോ... അല്ലാഹുവിനോ ഒന്നും എന്നെ സഹായിക്കാന്‍ ആകുന്നില്ല എന്ന് വ്യാകുലതയോടെ ഞാന്‍ മനസ്സിലാക്കുന്നു.

      മേടചൂടിലും കത്തുന്ന തീക്കര്ങ്ങള്‍ മുഴുവന്‍ തന്റെ തലയില്‍ ആവാഹിച്ചു ,,തന്റെ കൊമ്പുകളിലും, ഇലകളിലും,തടിയിലും തണലിലും കഴിയുന്ന സസ്യ ലതാദി കള്‍ക്കും  ജീവജാലങ്ങള്‍ക്കും കുളിരും ഭക്ഷണവും അഭയവും ഏകി അഭിമാനിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന വന്‍ മരങ്ങളോട് എനിക്ക് ഇന്നും ആരാധനയാണ് ....ശരിക്കും ഞാന്‍ ആഗ്രഹിച്ചു അത്തരം ഒരു മനുഷ്യനാകാന്‍....പക്ഷെ എനിക്കാവുന്നില്ല ...... എന്റെ സ്വാര്ധത ....ഞാന്‍ സ്വയം ചിരിച്ചു. എന്നിട്ട് മനസ്സിലാക്കി എനിക്ക് ഒന്നും ആകാന്‍ കഴിയില്ല ...എനിക്ക് ഞാന്‍ പോലും ആകാന്‍ കഴിയുന്നില്ല.  

    കിഴക്കുണരുംപക്ഷി ചിലച്ചു തുടങ്ങി....സൂര്യന്‍ വീണ്ടും തന്റെ ചുട്ടുപൊള്ളുന്ന  ആടയാഭരണങ്ങള്‍ അണിഞ്ഞു സ്വയം ഉരുകാന്‍ തയ്യാറായി ...... മറ്റുള്ളവര്‍ക്ക് വേണ്ടി  കത്ത്തിജ്വലിക്കാന്‍.....മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍  സ്വയം നശിച്ചുകൊണ്ട് ....ഞാനും.......സ്വയം നിങ്ങള്‍ക്കായ് മറ്റുള്ളവര്‍ക്കായ്‌ ജീവിക്കാന്‍ എന്നിലെ സ്വത്വം വലിച്ചെറിഞ്ഞു  നിങ്ങള്‍ക്കായ്  ഒരു മുഖം മൂടിയുമായി ഇതാ  ഒരു പുതിയ ദിവസത്തിലേക്ക് .......

6/20/2012

സ്വപ്നം

                  
എന്‍ സ്വപ്നനീല  വിഹായസ്സിലിന്നൊരു
വെള്ളരിപ്പ്രാവ് പറന്നിരുന്നു
ചുണ്ടില്‍ ഒളിവില കൊമ്പുമായി അവള്‍
എന്‍ ചാരെ  ഇന്ന് പറന്നിരുന്നു

മോഹത്തിന്‍ പയിംപാല്‍ കുറുക്കി കൊടുത്തു
സ്നേഹക്കനിയും പകര്‍ന്നു നല്‍കി
കൊഞ്ചിക്കളിച്ചു  കളിപറഞ്ഞു
കിന്നാരമൊത്തിരി ഓതി നിന്നു

തത്തിക്കളിച്ചും കളിപറഞ്ഞും ഞങ്ങള്‍
സന്തോഷസാഗരം തീര്‍ത്തുവച്ചു
എന്നാല്‍  സ്വപ്നമതെന്നു തിരിച്ചറിഞ്ഞു
ഞാന്‍ എന്നിലെക്കിപ്പോള്‍ തിരിച്ചുവന്നു

ചിറകറ്റ വെള്ളരിപ്രാവ്‌ പോലെ
എന്‍ സ്വപ്നം  ചിറകു കരിഞ്ഞു വീണു
എങ്കിലും മോഹം കരിഞ്ഞതില്ല
ഒളിവില കൊമ്പുമായ് പാറിവരും അവള്‍
സ്നേഹമിതെങ്ങും  നിറച്ചു നല്‍കും

ഈ കെട്ട കാലത്തില്‍ നഷ്ടകാലത്ത്തില്‍
വെള്ളരിപ്രാവുകള്‍ പാറിടട്ടെ
എങ്ങും സ്നേഹം വിരിഞ്ഞിടട്ടെ
സ്വപ്നം സത്യമായ് തീര്‍ന്നിടട്ടെ











6/13/2012

നാടോടി

                     
ഇന്നെലെത്തെ അടിയുടെ വേദന ഉണര്‍ത്തി  ഉറക്കത്തില്‍നിന്നും
മുഖം അമര്‍ത്തിത്തുടച്ചു
ഉണങ്ങിയകണ്ണീര്‍ ചാലുകള്‍ കൈയില്‍.....
കീറത്തുണി  ഒന്നൂടെ വലിച്ചുമൂടി
തേങ്ങല്‍ തൊണ്ടയില്‍ ഒതുക്കി ......

കാലന്‍ കൊഴികൂകി ഇനി എഴുന്നേല്‍ക്കണം
നാടുതെണ്ടാന്‍.....
ഞാനൊരു നാടോടി .
വീടില്ല .....നാടില്ല നാടോടിക്ക്
ബന്തോല്ല സ്വന്തോല്ല നാടോടിക്ക് .

കാലത്തെണീറ്റു ചപ്രത്തലമുടി വാരിക്കെട്ടി
 കീറത്തുണിചേല വാരിമടക്കിമുട്ടിനുമെലെ ചുരുക്കിക്കെട്ടി
കീറത്തുണി ഭാണ്ഡം തോളിലേറ്റി
കരിവാരിത്തേച്ചു ശരീരമാകെ
തെണ്ടാനിറങ്ങി ....... ഞാന്‍ നാടോടി

സ്വപ്നങ്ങളില്ല ...ഞാന്‍ നാടോടി
മോഹങ്ങളില്ല ....ഞാന്‍ നാടോടി
നഷ്ട സ്വപ്നങ്ങളും ശിഷ്ടമോഹങ്ങളും
ഭാണ്ടാത്തിലാക്കി ഞാന്‍ പോകുന്നു ...

ആര്‍ക്കും വേണ്ടാത്തതെല്ലാം ഞാന്‍
എന്റെ ഭാണ്ടത്തിലാക്കി നിറയ്ക്കുന്നു
ആട്ടിപ്പായിക്കലും മ്ലേച്ചച്ചിരികളും
മാത്രം എനിക്കെന്നും നേട്ടങ്ങളായ്

ആഭാസചിരിയോടടുക്കും ചിലര്‍
പമ്മിപ്പുറകെ  കൂടും ചിലര്‍
പൊട്ടിത്തെറിച്ചും പുലഭ്യം പറഞ്ഞും
ഞാനൊരു മേലാപ്പണിഞ്ഞുനിന്നു
രാത്രി ഇരുട്ടത്ത് പതുങ്ങി എത്തുന്ന
ഭീകരന്മാരെന്നെ ഭയപ്പെടുത്തി

കൂട്ടര്‍ ചിലര്‍ എന്നെ ഒറ്റിക്കൊടുക്കും
വഴങ്ങീലേല്‍ അടിയുടെ പൂരമായി
എങ്കിലും മേലാപ്പനിച്ച്ഞ്ഞു നിന്നു
അസഭ്യം പറഞ്ഞും പുലഭ്യം പറഞ്ഞും
റൌഡിയെപ്പോലെ നടിച്ചു നിന്നു

ഇന്നെലെ കിട്ടിയ ഭേദ്യത്തിന്‍ പാടുകള്‍
നീലിച്ചു വിങ്ങി വിറങ്ങലിച്ചു
ഇപ്പോള്‍ മരവിപ്പ് മാത്രം അറിയുന്നു ഞാന്‍
ആര്‍ക്കൊവേണ്ടിയലയുന്നു ഞാന്‍
ഞാനൊരു മേലാപ്പണിഞ്ഞു നിന്നും
റൌഡിയെപ്പോലെ നടിച്ചു നിന്നു



6/07/2012

മോഹപ്പക്ഷി

.          
കരിഞ്ഞോരാമോഹങ്ങള്‍  ചികഞ്ഞെടുത്തവള്‍
സ്വന്തം  കാമനകള്‍  മെനഞ്ഞിരിക്കാം .....
നഷ്ട സ്വര്‍ഗത്തില്‍  ഊളിയിട്ടൊരു
 മോഹപ്പക്ഷിയെ  കണ്ടിരിക്കാം ....
രണ്ടിറ്റു  കണ്ണുനീര്‍  ഇറ്റിരിക്കാം
 പിന്നെ  എല്ലാം  വിധിയെന്ന്  പറഞ്ഞിരിക്കാം  ...

നിന്നെ അവളെന്നും നിനചിരിക്കാം
നീ എന്ന സ്വപ്നത്തില്‍  ലയിച്ചിരിക്കാം
വ്യാമോഹമായിരുന്നെങ്കിലും  നിന്നെ
അവള്‍ ഒരുപാടൊരുപാട് കൊതിച്ചിരുന്നു
അറിയുന്നു എങ്കിലും അറിയില്ല എന്നവള്‍
ഉറക്കെപ്പറയാന്‍ പഠിച്ചുവല്ലോ

കടലില്‍ തിരകള്‍ അല  തല്ലുന്നപോലെ
മഴ എന്നും കരള്‍ നൊന്തു തെങ്ങും പോലെ
ആരും കേള്‍ക്കാത്തെ കാറ്റ് കരഞ്ഞപോലെ
അവള്‍ എല്ലാം ഉള്ളില്‍ ഒതുക്കിവച്ചു
ആരും കാണാതെ കേള്‍ക്കാതെ തേങ്ങി നിന്നു
നെഞ്ചം പൊട്ടി ക്കരഞ്ഞിരുന്നു



6/03/2012

ഓര്‍മ്മകള്‍ മരിക്കുമോ


          നാട്ടില്‍  വന്നിട്ട്  കുറച്ചു ദിവസമായി . ഓരോ ദിവസവും മക്കളെയും കൊണ്ട് നാട് കാണിക്കുകയാണ്  ഞങ്ങളുടെ  ഇപ്പോഴത്തെ പ്രധാന ജോലി. അങ്ങിനെ ഇന്ന്   ഞങ്ങള്‍ മക്കളെയും കൊണ്ട് ഞാന്‍ പഠിച്ച സ്കൂള്‍ കാണിക്കാന്‍ കൊണ്ട് പോയി.
         കുമാരനാശാന്റെ ജന്മം കൊണ്ട് പുണ്യം കിട്ടിയ തോന്നക്കല്‍ എന്ന മനോഹര ഗ്രാമത്തിലെഇന്നും ആ ഗ്രാമീണത ഒട്ടും ചോര്‍ന്നുപോകാതെ നിലനില്‍ക്കുന്ന തോന്നക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. ആ സ്കൂളിനടുത്ത്  ഒരു  മഹാദേവ ക്ഷേത്രം ഉണ്ട്. ആദ്യം ഞങ്ങള്‍ അവിടെ പ്പോയി . ഞങ്ങള്‍ പഠിക്കുന്ന കാലത്ത്  മിക്ക ദിവസവും കൂട്ടുകാരുമായി ഇവിടെ വരുമായിരുന്നു ഈ വരവിനു ഭക്തി എന്നര്‍ഥ കൊടുക്കണ്ട കേട്ടോ കാരണം അമ്പലത്ത്തോട് ചേര്‍ന്നുള്ള കുളത്തില്‍ ധാരാളം ആമ്പല്‍ പൂകള്‍ ഉണ്ട് .പിന്നെ ധാരാളം മനോഹരമായ മീനുകളും ഇതൊക്കെ കാണാനാ ടീച്ചേര്‍സിന്റെ കണ്ണുവെട്ടിച്ചു ഇവിടെ വരുന്നത്. ഇവിടെ വരുന്ന മിക്ക ദിവസങ്ങളിലും  തിരികെ ക്ലാസ്സില്‍ എത്താന്‍ വൈകിയതിനു ശിക്ഷയും കിട്ടിയിട്ടുണ്ട് . എങ്കിലും ഇവിടെ വന്നു ആ മനോഹരമായമായ കാഴ്ച കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാകില്ലയിരുന്നു. അന്നൊക്കെ നടന്ന പല കാര്യങ്ങളും  സംഭവങ്ങളും മനസ്സില്‍ ഓടിവന്നു . അവയി ചിലതൊക്കെ ഞാന്‍ മക്കളോട് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അവള്‍ വളരെ ഉത്സാഹത്തില്‍ ആയിരുന്നു എന്റെ കഥകള്‍ കേട്ട് അവര്‍ക്ക് കുറച്ചു അസൂയ  ഉണ്ടായി എന്ന് വേണം പറയാന്‍കാരണം ദുബായിലെ സ്കൂളില്‍ പട്ടാളച്ചിട്ടയില്‍  വളര്‍ന്ന അവര്‍ക്ക് ഇതൊക്കെ കേട്ടാല്‍ അസൂയ ഉണ്ടായില്ലെന്കിലല്ലേ അത്ഭുതം ഉള്ളു. അവിടെ നിന്നും ക്ഷേത്രത്തിലും പോയി.

        ഞങ്ങള്‍ സ്കൂളില്‍ എത്തി. ഇന്ന് അവധി എങ്കിലും ഗേറ്റ് തുറന്നിരുന്നു ഞങ്ങള്‍ അകത്തുകടന്നു അന്നത്തെതിലും വലിയ വ്യത്യാസം ഒന്നും സ്കൂളിനു വന്നിട്ടില്ല ഒന്ന് രണ്ടു കെട്ടിടങ്ങള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട് എന്നെ ഉള്ളു കൂടാതെ മനോഹരമായ ഒരു ചുറ്റുമതില്‍ ഇന്ന് കെട്ടിയിരിക്കുന്നു... ഞാന്‍ എന്റെ ക്ലാസികളിലൂടെ പഴയ ഓര്‍മ്മകളും പേറി നടന്നു പല സ്ഥലങ്ങളിലും  എനിക്ക് എന്റെ കൂട്ടുകാരുടെ പൊട്ടിച്ചിരികളും തമാശകളും കേള്‍ക്കാമായിരുന്നു .... അങ്ങിനെസന്തോഷങ്ങള്‍ മാത്രം തന്ന എന്റെ സ്കൂള്‍ ജീവിതം .ഞാന്‍ മക്കളുമായി എന്റെ അഞ്ചാം ക്ലാസില്‍ എത്തി പക്ഷെ എനിക്കവിടെ നിന്നും പോട്ടിചിരികളുടെ ഇടയില്‍  ഒരു തേങ്ങല്‍ അവ്യക്തമായി കേട്ടു. ഞാന്‍ ഞെട്ടി......

          മനസ്സ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ ചിറകടിച്ചു. കറുത്ത് പൊക്കം കുറഞ്ഞു കീറിയ പാവാടയും ഉടുപ്പും ഇട്ട സാറാമ്മ  എന്റെ നേരെ കണ്ണ് നിറച്ചു പൊട്ടിക്കരഞ്ഞു വരുന്നു. ഞാന്‍ ഞെട്ടി മാറി പക്ഷെ അവള്‍ കൂടുതല്‍ ഉച്ചത്തില്‍  കരയാന്‍ തുടങ്ങി ... ഈ സ്കൂളിലെ തന്നെ സാറായിരുന്നു എന്റെ അച്ഛന്‍  അതുകൊണ്ട് തന്നെ കുറച്ചു ഗമയും ഒക്കെ എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ മിക്കകുട്ടികളും നല്ല നിലയില്‍ ഉള്ളവര്‍ ആയിരുന്നു അന്ന് യൂനിഫോറം എന്ന സബ്രദായം ഇല്ലായിരുന്നതുകൊണ്ട് തന്നെ നല്ല പളപള മിന്നുന്ന വസ്ത്രങ്ങളും മുന്തിയതരം ബാഗും ഒക്ക്കെയായിട്ടയിരുന്നു ഞങ്ങളുടെ ക്ലാസ്സിലെ മിക്കകുട്ടികളും വന്നിരുന്നത് .

         അതില്‍ നിന്നും തികച്ചും  വെത്യസ്തയായിരുന്നു സാറാമ്മ. എപ്പോഴും പഴകി കീറിയ വസ്ത്രങ്ങള്‍  അവള്‍ ഒരിക്കലും പാഠങ്ങള്‍ എഴുതുകയോ പഠിക്കുകയോ ചെയ്തിരുന്നില്ല. ഒരു ചോദ്യത്ത്തിനുപോലും  അവള്‍ ഉത്തരം പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല.അവള്‍ ആരോടും മിണ്ടില്ല ആരോടും കൂട്ടും കൂടാറില്ല. പക്ഷെ എല്ലാ ദിവസവും കൃത്യമായിത്തന്നെ ക്ലാസ്സില്‍ എത്തിയിരുന്നു . എന്തിനായിരുന്നു അവള്‍  സ്കൂളില്‍ വരുന്നത് എന്നറിയില്ല എല്ലാ ടീചെര്‍സിന്റെയും കളിയാക്കലിനും അപമാനി ക്കലിനും പാത്രീകരിച്ചു അവസാന ബഞ്ചില്‍ അവസാന സീറ്റില്‍ പതുങ്ങിയിരിക്കുന്ന സാറാമ്മ  കണ്ണില്‍ ഇന്നും പച്ചയിട്ട് നില്‍ക്കുന്നു. രണ്ടു തുള്ളി കണ്ണ് നീരും

        സാറാമ്മ ഉച്ചക്ക് ഞങ്ങള്‍  ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും കഴിക്കാറില്ല എല്ലാപേരും കഴിച്ചു പോകുമ്പോള്‍ ആരും കാണാതെ  കഴിക്കും. അങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു രമണി . അവള്‍ എപ്പോഴും എന്തെങ്കിലും ഒക്കെ കുസൃതികള്‍ ഒപ്പിച്ചു എല്ലാപേരെയും ചിരിപ്പിച്ചു കൊണ്ടിരിക്കും. ഇപ്പോള്‍ അവള്‍ ഒരു ടീച്ചര ട്ടോ . അവിടെയും അവള്‍ അങ്ങിനെ തന്നെയാകും ഞാന്‍  പഠനത്തിനു ശേഷം അവളെ കണ്ടിട്ടേ ഇല്ല. അവള്‍ ഒരു ദിവസം കണ്ടു പിടിച്ചു. സാറാമ്മ ഇങ്ങനെ ആരെയും കാണിക്കാതെ കഴിക്കുന്ന വിശിഷ്ട ഭോജ്യം എന്തെന്ന്. പാവം  ആ ചോറ് പാത്രത്തില്‍ ഉണ്ടായിരുന്നത്  തലേന്നാളത്തെ പഴകിയതും ഒരു വല്ലാത്ത മണം ഉണ്ടായതുമായ കപ്പക്കറിയായിരുന്നു. രമണി അത് ക്ലാസ്സില്‍  എല്ലാപേരെയും കാണിച്ചു ഞങ്ങള്‍ കുട്ടികള്‍ എങ്കിലും സമൃദ്ധിയുടെ മടിത്തട്ടില്‍ മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാന്‍ അറിയാതെ ഞങ്ങള്‍ കൈകൊട്ടിച്ചിരിച്ചു. അല്ല ഞങ്ങള്‍ അട്ടഹസ്സിച്ചു ഈ ബഹളത്തില്‍ ആ കുട്ടിയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ ഞങ്ങള്‍ കേട്ടില്ല. തീര്‍ത്തും അപമാനിതയായ ആ കുട്ടി പിന്നെ സ്കൂളില്‍ വന്നില്ല .

        ഞങ്ങള്‍ക്ക് വിഷമമായി. ടീച്ചര്‍ ശ്രദ്ധിച്ചു  അവളുടെ അഭാവം അങ്ങിനെ ടീച്ചര്‍ ഞങ്ങളോട് അന്വേഷിച്ചു ഞങ്ങള്‍ കാര്യം പറഞ്ഞു. ടീച്ചര്‍ ഞങ്ങളെ വഴക്ക്  പറഞ്ഞില്ല. എന്തുകൊണ്ട് ഇന്ന് എനിക്ക് മനസ്സിലാകുന്നു . അന്ന് വൈകിട്ട് ടീച്ചര്‍ ഞങ്ങളെയും കൂട്ടി സാറാമ്മയുടെ വീട്ടില്‍  പോയി. അവിടുത്തെ കാഴ്ച ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിഷമിപ്പിച്ചു. വെറും  ഓലകൊണ്ട് കെട്ടിമറച്ച ഒരു കുടില്‍ അവിടെ കരഞ്ഞുകൊണ്ടിരിക്കുന്ന സാറാമ്മ. ഞങ്ങളെ കണ്ടതും പോട്ടികരഞ്ഞ്കൊണ്ടോടിവന്നു. അവളുടെ അമ്മ ചന്തയില്‍ എന്തോ കൊട്നുപോയി വിറ്റു കൊണ്ടുവരുന്നതായിരുന്നു ഒരേ ഒരു വരുമാനം പാവം ആ സ്ഥിതി ഞങ്ങളെയും കരയിച്ചു. ടീച്ചര്‍ ഞങ്ങളെ സമാധാനിപ്പിച്ചു എന്നിട്ട് സാറാമ്മയോട്  ഇനി മുതല്‍ ക്ലാസ്സില്‍ വരണം എന്ന് ഉപദേശിച്ചു കുറെ പൈസയും കൊടുത്തു കുറ്റബോധത്തോടെ ഞങ്ങളും ടീച്ചറോഡോപ്പം നടന്നു നീങ്ങി .

      പിറ്റേ ദിവസം മുതല്‍ സാറാമ്മ സ്കൂളില്‍ വീണ്ടും വന്നു തുടങ്ങി. ഞങ്ങള്‍ക്ക് സമാധാനവും . അന്നുമുതല്‍ അവള്‍ക്കുള്ള ഭക്ഷണം ടീച്ചര്‍ കൊണ്ട് കൊടുക്കും. ടീച്ചര്‍ ഞങ്ങളോട് പറഞ്ഞു നിങ്ങള്‍ക്കുള്ളതില്‍ നിന്നും  കുറച്ചു ഉടുപ്പുകള്‍ സാറാമ്മക്ക്  കൊടുക്കണം ഇനി  ആരും അവളെ  കരയിക്കരുത് .അവളും നിങ്ങളെ പ്പോലെ വളരേണ്ട കുട്ടിയാണ് എന്നൊക്കെ  ടീച്ചര്‍ പറഞ്ഞതിന്റെ മുഴുവന്‍ അര്‍ത്ഥവും അന്ന് മനസ്സിലായില്ല എങ്കിലും ഞങ്ങള്‍ ഒന്ന് മനസ്സിലാക്കി പാവങ്ങളെ ഒരിക്കലും അവരുടെ ഇല്ലായ്മ കണ്ടു ചിരിക്കില്ല എന്ന് ....

       എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍  ഇറ്റിറ്റു വീണു എന്റെ തേങ്ങല്‍ അല്പം ഉച്ചത്തിലായി എന്ന് തോന്നി. കൂടയുണ്ടായിരുന്ന മക്കളും ശ്രീയേട്ടനും എന്റെ ഭാവ പ്പകര്‍ച്ച  കണ്ടു അന്തം വിട്ടുനിന്നു. ഞാന്‍ അവരോടു അമ്മ പണ്ട് ചെയ്ത ഈ ഒരു മഹാ തെറ്റ് പറഞ്ഞുകേള്‍പ്പിച്ചു . അറിവില്ലാത്ത ആ കാലത്ത് ചെയ്ത ആ തെറ്റ് ഇന്നും എന്റെ മനസ്സില്‍ നീറിക്കൊണ്ടിരുന്നു. ആ തേങ്ങല്‍ എനിക്കിപ്പോഴും കേള്‍ക്കാം

5/29/2012

ഉദയാസ്ഥമയങ്ങള്‍

                                                   
നാട്ടില്‍ വന്നിട്ട് ഒരാഴ്ച കഴിയുന്നു. ഏതാണ്ട് ബന്ധു  വീടുകള്‍ ഒക്കെ പോയി. ഇനി മോളും എന്റെ ശ്രീക്കുട്ടിയും മാത്രമുള്ള ഒരു ലോകത്തേക്ക് കുറച്ചു  ദിവസം. അതിനായി ഞാന്‍ ഇന്ത്യയുടെ തന്നെ തെക്ക് കന്യാകുമാരി തിരഞ്ഞെടുത്തു .എന്റെ ഈ തീരുമാനം അറിഞ്ഞു ഭാര്യക്കും മോള്‍ക്കും വളരെ സന്തോഷമായി അവര്‍ ഉത്സാഹത്തോടെ ഒരുക്കങ്ങള്‍ തുടങ്ങി.ഞാന്‍ സഹായിച്ചു. വെളുപ്പിന് പുറപ്പെട്ടു ഇടയ്ക്കു പത്മനാഭ സ്വാമിയെയും  സുചീന്ദ്രവും ഒക്കെ കണ്ടു വൈകിട്ടോടെ  കന്യാകുമാരിയില്‍ എത്തി അല്പം വൈകിയതിനാല്‍ ഇന്നത്തെ അസ്തമയം കാന കഴിയില്ല  അതിനാല്‍ ഒരു റൂം  എടുത്തു. സാധനങ്ങള്‍ എല്ലാം റൂമില്‍ വച്ച് ഞങ്ങള്‍ പുറത്തേക്കിറങ്ങി ബീച്ചിലും   ക്ഷേത്രത്തിലും  ഒക്കെ പോയി ചിപ്പിമാലകള്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടികള്‍ ശ്രീക്കുട്ടിയും മോളും കിലുക്കാംപെട്ടി കണക്കെ  തിരകള്‍ക്കൊപ്പം
പൊട്ടിച്ചിരിച്ചു  കളിക്കുന്നു . ഞാന്‍ സൂര്യന്‍ മറഞ്ഞ ആകാശം നോക്കി മണലില്‍ ഇരുന്നു ... നക്ഷത്രങ്ങള്‍ അങ്ങിങ്ങായി  എന്നെ നോക്കി കണ്ണിറുക്കി . ചന്ദ്രന്‍  മേഘങ്ങള്‍ ക്കിടയിലൂടെ മുഖം മാര്‍ച്ചും  തെളിച്ചും   കളിക്കുന്നു... പെട്ടെന്ന് ശ്രീക്കുട്ടി ഒരുകൈ വെള്ള കൊണ്ടുവന്നു എന്റെ മേത്തോഴിച്ചു പൊട്ടിച്ചിരിച്ചു എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു ... ഞാനും അങ്ങിനെ വെള്ളത്തിലേക്കിറങ്ങി തിരകള്‍ക്കൊപ്പം ഞങ്ങള്‍ ആര്‍ത്തുചിരിച്ചു. നേരം നന്നായി ഇരുട്ടി തുടങ്ങി ഞങ്ങള്‍ ഭക്ഷണം കഴിച്ചു റൂമിലേക്ക്‌ തിരിച്ചു
       രാവിലെ  സൂര്യോദയം കാണണം അതിനായി നേരെത്തെ തന്നെ ഞങ്ങള്‍  കുളിച്ചു എല്ലാപേരും ഇറങ്ങി. സൂര്യോദയം കാണാന്‍ ആളുകള്‍ എത്തിതുടങ്ങിയിരുന്നു .ഞങ്ങളും അവരില്‍ ഒരാളായി ആകാശത്തേക്ക്  നോക്കി ഇരുന്നു . നല്ല തെളിച്ചമുള്ള മേഘങ്ങള്‍ ഇല്ലാത്തെ ആകാശം   അതുകൊണ്ടുതന്നെ പതിവിലും നന്നായി  സൂര്യോദയം കണ്ടു കണ്ണ് കുളിര്‍ത്തു  ''ഇനി വിവേകാനന്ദപ്പാറയില്‍ പോകാം നമുക്ക്'' ഞാന്‍ ശ്രീക്കുട്ടിയോടു പറഞ്ഞു. അവള്‍  നല്ല ഉത്സാഹത്തില ഒരു കൊച്ചുകുട്ടിയെപ്പോലെ അല്ല  ഒരു  ചിത്രശലഭത്തെ പ്പോലെ  പാറിനടക്കുന്നു.പാവം എന്റെ പ്രവാസം അവളെയും ഒരു  മരുഭൂമിയാകിയില്ലേ കുറെനാളത്തേക്ക് എങ്കിലും.  ഒരിക്കല്‍ പോലും അവള്‍ ഒരു പരാതി പറഞ്ഞിട്ടില്ല. അങ്ങിനെ ഞങ്ങള്‍ ബോട്ട് ജട്ടിയുടെ അടുത്തെത്തി ബോട്ടുകള്‍ വന്നും പോയും ഇരിക്കുന്നു ഞങ്ങളും അതില്‍ ഒരാളായി വരിയില്‍ നിന്നു. ഒരു ബോട്ട് വന്നു അതില്‍ നിന്നും ആളുകള്‍ കലപില കൂട്ടി ഇറങ്ങുന്നു .
        പെട്ടെന്ന് കണ്ണ് ഒരിടത്ത്തുടക്കി അതെ ... കണ്ടു ....മറക്കാന്‍ കഴിയാത്ത ആ മുഖം .... എത്ര മറക്കാന്‍ ശ്രമിച്ചാലും കൂടുതല്‍ തെളിയുന്ന മുഖം .... ഒരു  പെണ്‍കുട്ടിയെ കൈ പിടിച്ചു ബോട്ടില്‍  നിന്നും  ഇറങ്ങി വരുന്നു .... അവള്‍ ....ഒരിക്കല്‍ തന്റെ എല്ലാമായിരുന്ന എന്റേത് മാത്രം എന്ന് വിശ്വസിച്ചിരുന്ന പാറു എന്ന പാര്‍വതി. ശ്രീക്കുട്ടി തട്ടിവിളിച്ചപ്പോഴാണ് പരിസരം ഓര്‍ത്തത്. ബോട്ടില്‍ കയറാന്‍ ഞങ്ങടെ  ട്ടേണ്‍ ആയിരിക്കുന്നു തിരക്കിട്ട് മോളെയും ശ്രീക്കുട്ടിയും പിടിച്ചു ബോട്ടില്‍ കേറ്റി ഞാനും കേറി .. എല്ലാം യാന്ത്രികമായി. മനസ്സ് പാറുവില്‍ കുടുങ്ങിക്കിടന്നു. എന്തൊക്കെയോ ചെയ്തു ഒന്നുമോര്‍ക്കാതെ മനസ്സ് കൈവിട്ടുപോകുന്നു ... അവള്‍ എന്നെ കണ്ടിരിക്കുമോ കണ്ടു കാണില്ല കണ്ടാല്‍ അവള്‍ക്കിങ്ങനെ പോകാനാകില്ല കാലം എനിക്കുതന്ന മാറ്റങ്ങള്‍ എന്ന അവള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല ... ഈശ്വര  ഒന്ന് ചിരിക്കാന്‍ പോലും കഴിഞ്ഞില്ലല്ലോ. എന്തായാലും അവള്‍ സന്തുഷ്ട തന്നെ എന്ന് തോന്നുന്നു. ഈശ്വരന് ആയിരം സ്തുതി ..ഈ പറഞ്ഞത് അല്പം ഉറക്കെ യായിപ്പോയോ ആവൊ ശ്രീക്കുട്ടി ചോദിച്ചു എന്താ പറഞ്ഞെ എന്ന് .... ഞാന്‍ ഒന്നും ഇല്ലാന്ന് പറഞ്ഞൊഴിഞ്ഞു . ബോട്ട് പാറയില്‍ എത്തി ഞങ്ങള്‍ ഇറങ്ങി.
       മനസ്സ് തീര്‍ത്തും കൈവിട്ടുപോകുന്നു ... ശ്രീക്കുട്ടി വീണ്ടും എന്നോട് ചോദിച്ചു ''എന്തുപറ്റി ഒരു മൌനം എന്തെ സുഖമില്ലേ ...കുറച്ചു സമയമാന്യി ഞാന്‍ ശ്രദ്ധിക്കുന്നു ''ഏയി ഒന്നും ഇല്ല '' ഞാന്‍ പറഞ്ഞു അവള്‍ വിശ്വസിച്ച മട്ടില്ല. എനികിലും ഒന്നും മിണ്ടാതെ മോളെയും പിടിച്ചു  പരയുടെ സിടിലെക്കുള്ള പടികള്‍ കയറി തുടങ്ങി . ഞാന്‍ പിന്നാലെയും. ഐടെ അമ്പലത്തില്‍ കയറിയപ്പോള്‍ കിട്ടിയ പ്രസാദം ശ്രീക്കുട്ടി എന്റെ നെറ്റിയില്‍ ഇട്ടു ഒപ്പം മൂന്നു പിച്ചിപ്പൂ എനിക്ക് നീട്ടി എന്നിട്ട് പറഞ്ഞു ''ദാ ഇത് പോക്കറ്റില്‍ വച്ചേക്കൂ രാമേട്ടാ''....... ഞാന്‍ ഒന്ന് ഞെട്ടി ''ങേ'' അറിയാതെ ഒരു ശബ്ദം  എന്നില്‍നിന്നും ഉണ്ടായി ... മനസ്സു വശങ്ങള്‍ക്കു പിന്നിലേക്ക്‌ ചിറകടിച്ചു ....
      അന്ന് പൂനിലാവ്‌ പെയ്യുന്ന ആ രാത്രിയില്‍ എന്റെ പാറൂട്ടി അടുത്തുനിന്ന പിച്ചിയില്‍ നിന്നും മൂന്നു പൂവിറുത്ത് എന്റെ പോകെറ്റില്‍ ഇട്ടിട്ടു പറഞ്ഞു ''രാമേട്ടാ ഇനി മുതല്‍ എന്നും ഞാന്‍ ചേട്ടന് മൂന്നു പൂക്കള്‍ തരും ഒന്ന് ഞാന്‍ , മറ്റേതു ചേട്ടന്‍, അടുത്തത് നമുക്കുണ്ടാകുന്ന  കുഞ്ഞ്'' അന്ന് മുതല്‍ എല്ലാ ദിവസവും അവള്‍ എനിക്ക് പൂക്കള്‍ തന്നു. അന്ന് ഞാന്‍ ബോബ്ബെയ്ക്ക് ജോലിതേടി പോകുന്നത് വരെ. പിന്നെ ഇന്നാണ് ഞാന്‍ അവളെ കാണുന്നത് . ....... ശ്രീക്കുട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഞാന്‍ ഒന്നുന്‍ കേട്ടില്ല വീണ്ടും അവള്‍ എന്റെ അസുഖത്തെ ക്കുറിച്ച് ചോദിച്ചു ....... പിന്നെ മോളുമായി കളികളിലേക്ക് തിരിഞ്ഞു പാവം വലിയ ഉത്സാഹത്തിലാണ്. കാത്തിരുന്നു കിട്ടിയ മരുഭൂവിലെ മഴയല്ലേ ... നനയട്ടെ എത്രദിവസം .... ഇപ്പോഴേ ബോസ്സ് വിളിതുടങ്ങി എന്നാ വരുന്നേ എന്ന് എന്തായാലും രണ്ടു മാസം എങ്കിലും എങ്ങിനെയും പിടിച്ചു നില്‍ക്കണം ....ഞാനും അവര്‍ക്കൊപ്പം കൂടി .  നല്ല തണുത്ത കാറ്റ്  തിരയില്‍  നനഞ്ഞു നില്‍ക്കുന്ന ശ്രീക്കുട്ടിയെ ഞാന്‍ ചേര്‍ത്ത് പിടിച്ചു .... എല്ലാം ഭൂതകാലം മുഴുവന്‍ എന്നില്‍ നിന്നും മാഞ്ഞുപോകണേ എന്ന് ഉദിച്ചു നില്‍ക്കുന്ന സൂര്യനെ നോക്കി ഉള്ളുരുകി പറഞ്ഞു. പക്ഷെ സൂര്യന്‍ തീരെ കേട്ടില്ല എന്റെ പ്രാര്‍ത്ഥന.  വീണ്ടും കൂടുതല്‍ ശക്തിയോടെ  പാര്‍വതി മനസ്സില്‍ എരിയാന്‍ തുടങ്ങി ....ഞങ്ങള്‍  ഐടെ നിന്നും തിരികെ ബീച്ചില്‍ എത്തി ... അവര്‍ രണ്ടുപേരും വീണ്ടും കടലിലേക്ക്‌ ഓടി ....ചിപ്പികള്‍ പെറുക്കാന്‍ തുടങ്ങി .ഞാന്‍ കൈവിരല്‍ കൊണ്ട് മണ്ണില്‍ വെറുതെ വരച്ചു ...... എന്തെനിക്കുപോലും അറിയാതെ ഉടന്‍ ഓടി തളര്‍ന്നു സ്ര്രെക്കുട്ടി അടുത്തെത്തി എന്നോടൊപ്പം ഇരുന്നു എന്റെ വരക്ണ്ട് അത്ഭുതപ്പെട്ടു ''ഹായ്‌ എത്രമനോഹരം ഇതാരാ .... സുന്ദരിയായിരിക്കുന്നല്ലോ '' ഒന്ന് ഞെട്ടിയ ഞാന്‍ നോക്കി അതെ ഞാന്‍ പാറൂനെ വരച്ചിരിക്കുന്നു അന്ന് ഒരിക്കല്‍ എന്റെ ബുക്കില്‍ കണ്ട ഒരു ചിത്രം പാര് കാണാന്‍ ഇടയായി ഞാന്‍ അന്നും ഒരുവിധം വരച്ചിരുന്നു പാറൂന് കോളെജിലേക്ക് റക്കോട് ഞാന വരച്ചിരുന്നത് . അന്ന് അവളുടെ നിര്‍ബന്തത്താല്‍ ഞാന്‍ അവളെ വരച്ചു കൊടുത്തു എന്തൊരു സന്തോഷമായിരുന്നു അവള്‍ക്കു. ഞാന്‍ വെറുതെ ചിരിച്ചു ശ്രീക്കുട്ടി എന്നെ ഒന്ന് നോക്കി വീണ്ടും  മോളോടൊപ്പം പോയി. ഞാന്‍ ഓര്‍ത്തു അന്ന് പസം കിട്ട്യുടനെ അവള്‍ എന്നെ കെട്ടിപിടിച്ചു നെറുകയി ഒരു ചുംബനം തന്നു ആദ്യത്തെ ചുംബനം ...... ഞാനും കൊടുത്തു കവിളില്‍ ഒരെണ്ണം ... ചുവന്നു തുടുത്ത മുഖവുമായി പടവും എടുത്തു ഓടിപ്പോയി അവള്‍ ... ഞാന്‍ അറിയാതെ ചിരിച്ചു പോയി..... ഹോ എല്ലാം ഓര്‍മ്മകള്‍ ...
      അവളെ നഷ്ടപെട്ടെന്നു ബോധ്യം വന്ന ആ നാളുകള്‍ അതെ ഞാന്‍ ലെഹരിയില്‍ എന്നെ മറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ആ ദിനങ്ങള്‍ ... എത്രപ്രാവശ്യം ഞാന്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു.... പക്ഷെ മറക്കാന്‍ എനിക്ക് ഭയമായിരുന്നു ... നാട്ടിലേക്ക് വരാന്‍ തന്നെ മടി കാണിച്ചിരുന്ന  ആ നാളുകള്‍. ഇനി ഒരു കല്യാണം എന്തായാലും ഇല്ലാന്ന് നിനച്ചിരുന്നു എന്നാല്‍ ഒരേ ഒരു മകനേ എന്നെ അങ്ങിനെ വിടാന്‍ മാതൃ പിതൃ വാത്സല്യങ്ങള്‍ അനുവദിച്ചില്ല..എന്തെല്ലാം സംഭവങ്ങള്‍ അതിനിടയില്‍. തിരയുടെ കൂടെ കളിക്കാന്‍ പോയ ശ്രീക്കുട്ടി പെട്ടെന്ന് മടങ്ങി വന്നു ... അവള്‍ക്കെന്തോ സംശയം തട്ടിയിരിക്കുന്നു . അവള്‍ എന്റെ സമീപം ഇരുന്നു  എന്നിട്ട് ചോദിച്ചു ''എന്ത് പറ്റി രാമേട്ടാ... എന്താണെങ്കിലും എന്നോട് പറയു .... സുഖമില്ലേല്‍ നമുക്ക് തിരിച്ചു പോകാം... എന്താ ഇങ്ങനെ വിഷമിചിരിക്കുന്നത്?'' അവള്‍ എന്നോട് കൂടുതല്‍ ചേര്‍ന്നിരുന്നു ഞാന്‍ അവളുടെ കൈ പിടിച്ചു എന്റ കണ്ണുകള്‍ നിറഞ്ഞൊഴുകി . അമ്പരന്ന അവള്‍ എന്നതെന്ന് വീണ്ടും വീണ്ടും ചോദിച്ചു.
    ഞാന്‍ പറഞ്ഞു ''ശ്രീക്കുട്ടീ  ഞാന്‍ ഇവിടെ എന്റെ പാറൂനെ കണ്ടു . നമ്മള്‍ ബോട്ടില്‍ കയറുമ്പോള്‍.''''എന്നിട്ടെന്തേ ഇതുവരെ എന്നോട് പറഞ്ഞില്ല രാമേട്ടന് കാണണം എങ്കില്‍ നമുക്കവളെ നോക്കാം എവിടെയാ ആരാ അവള്‍ എന്നോടിതുവരെ പറഞ്ഞില്ലല്ലോ ''  ഞാന്‍ പറഞ്ഞു  അന്ന് ഞാന്‍ പഠനം കഴിഞ്ഞു നില്‍ക്കുന്ന സമയംഒരു ദിവസം തോളില്‍  ഒരു വലിയ ബാഗും തൂക്കി അച്ഛനോടും അമ്മയോടും ഒപ്പം അവള്‍ ഞങ്ങളുടെ പടികടന്നു വന്നു .. പാര്‍വതി  അമ്മയുടെ ഒരു അകന്ന ബന്ധക്കാരി. ഞങ്ങടെ വീട്ടില്‍ നിന്ന് പഠിക്കാന്‍ വന്നതാ  പേര് പാര്‍വതി ..എല്ലാപേരും അവളെ പാറൂന്ന വിളിക്കുന്നത്‌ ഞാനും അങ്ങിനെ തന്നെ വിളിച്ചു. ഞാന്‍ തന്നെ അവള്‍ക്കു  പാഠങ്ങള്‍ പറഞ്ഞു കൊടുത്തു ... ഞങ്ങള്‍ ഒരുമിച്ചു കോളേജില്‍  പോയി എന്നോ ആ ബന്ധം പ്രണയമായി പരിണമിച്ചു... നീണ്ട മൂന്നു വര്‍ഷക്കാലം ഞങ്ങള്‍ മതിമറന്നു പ്രണയിച്ചു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അറിയുന്ന പ്രണയം ...എല്ലാപേരും ഞങ്ങള്‍ക്ക് അവസരം തന്നു അങ്ങിനെ ഇരിക്കെ ഞാന്‍ ബോംബെക്ക് പോയി .. ജോലി തേടിപ്പോയത  അവളുടെ പഠിപ്പുകഴിഞ്ഞു അവള്‍ നാട്ടിലേക്കും പോയി. പിന്നെ ഞങ്ങളുടെ ബന്ധം കത്തുകളിലൂടെയായി... നിര്‍ഭാഗ്യം എന്ന് പറയെട്ടെ എനിക്ക് അവിടെ വിചാരിച്ചപോലെ എളുപ്പം ജോലി കിട്ടിയില്ല എങ്കിലും ഞങ്ങള്‍ കത്തുകളിലൂടെ പരസ്പരം  സ്നേഹിച്ചു ഒരിക്കല്‍ ഒരു കത്തുവന്നു .. 'എനിക്ക്  വിവാഹം നിശ്ചയിച്ചു ഞാന്‍  ഇനി എന്തുചെയ്യും ആരും ഞാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല ചേട്ടന്‍ പെട്ടെന്ന് വരൂ എന്നെ കൊണ്ട് പോകൂ'' എന്നൊക്കെ ഞാന്‍ എന്ത് ചെയ്യാന്‍ നിസ്സഹായന്‍ ആയി കണ്നീരോഴുക്കുകയല്ലാതെ ഞാന്‍ വീട്ടില്‍ പറഞ്ഞു അപ്പോള്‍ അവര്‍ പറഞ്ഞത് നിനെക്ക് ജോലിയൊന്നും ഇല്ലാതെ അവളെ നിനെക്ക് തരില്ല എന്നാ . അവള്‍ക്കു വേറെ അനുജത്തിമാര്‍ ഉണ്ട് ഇവളുടെത് കഴിഞ്ഞുവേണം  മറ്റുള്ളവരെ കല്യാണം കഴിപ്പിക്കാന്‍ അതുകൊണ്ട് തന്നെ കാത്തിരിക്കാന്‍ പറ്റില്ലാന്നു ... നിസ്സഹായനായ ഞാന്‍ എന്ത് ചെയ്യാന്‍ .. എനെ മറക്കാന്‍ പറഞ്ഞു ഞാന്‍ എന്റെ പാറൂന് കത്തെഴുതി  എന്നിട്ട് എല്ലാം മറക്കാന്‍  മദ്യത്തെ കൂട്ടുപിടിച്ചു.... ഞാന്‍ കുടിച്ചും കരഞ്ഞും അവിടെ .... എനിക്ക് എല്ലാപേരോടും ദേഷ്യം ആയിരുന്നു ... ഒരുവേള അവളോടുപോലും എനിക്ക് ദേഷ്യം തോന്നി പക്ഷെ ആ വാര്‍ത്ത എന്നെ വീണ്ടും തളര്‍ത്തി .....അതെ എന്റെ പാറൂട്ടി വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ... പാവം അവള്‍ അല്ലാതെന്ന്തു ചെയ്യാന്‍ എന്നെപ്പോലെ നട്ടെല്ലില്ലാത്ത ഒരുത്തനെ അല്ലെ സ്നേഹിച്ചത് ...പക്ഷെ എനിക്ക് ഒന്നും ചെയ്യാന്‍ കഴഞ്ഞില്ല .... അവള്‍ എങ്ങിനെയോ ജീവിതത്തിലേക്ക് തിരികെ വന്നൂ ....അവള്‍ എന്ത് പറഞ്ഞിട്ടും   അവര്‍ക്ക് ഇഷ്ടമില്ലായിരുന്നു എനിക്ക് ജോലി ഇല്ലാത്തതായിരുന്നു പ്രശ്നം അവളുടെ മാമന്‍ മാര്‍ക്കായിരുന്നു    തീരെ ഇഷ്ടമില്ലാതിരുന്നത്  അങ്ങിനെ അവളെ  നിര്‍ബന്ധിച്ചു വേറെ കല്യാണം കഴിപ്പിച്ചു.
   ഇന്നവളെ ഇവിടെ കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ... ശ്രീക്കുട്ടി എന്റെ മാറിലേക്ക്‌ ചഞ്ഞു എന്നിട്ട് കണ്ണുനീര്‍ വര്‍ത്ത് പറഞ്ഞു ''രാമേട്ടന്‍ വിഷമിക്കേണ്ട ഇനി എല്ലാറ്റിനും ഞാന്‍ ഉണ്ടല്ലോ . നമുക്കു അവള്‍ ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കില്‍ കണ്ടു പിടിക്കാം വിഷമിക്കേണ്ട''ഞാന്‍ പറഞ്ഞു ''വേണ്ട, അതെ എനിക്ക് നീയുണ്ട് എന്റെ ശ്രീക്കുട്ടി എനിക്കതുമതി  ശ്രീക്കുട്ടിയും മോളും മാത്രം മതി '' ഞാന്‍ അവളുടെ കൈ പിടിച്ചു എഴുന്നേറ്റു ഞങ്ങള്‍ കടലിലെ തിരകളെ ലെക്ഷ്യമാക്കി ഓടി ... പൊട്ടിച്ചിരിച്ചു എന്റെ മോളും......


 

5/23/2012

മരണം

      
അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഉറക്കത്തില്‍ അയാള്‍ സ്വപ്നം കണ്ടിരിക്കുമോ
ഉറങ്ങും മുന്നേ നാട്ടില്‍  വിളിച്ചു ...
ഭാര്യക്കും  കുട്ടിക്കും  ചുംബനം  കൊടുത്തിരുന്നോ
അത് അന്ത്യചുംബനം എന്നവര്‍ അറിഞ്ഞിരുന്നോ

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
മരിക്കുമ്പോള്‍ അയാള്‍ നാട് സ്വപനം കണ്ടിരുന്നോ
ഒന്ന് പിടയാന്‍ പോലും അയാള്‍ എന്തെ മറന്നുപോയി
എന്തൊക്കെയോ ചെയ്തു ജീവിക്കാന്‍
പട്ടിണികിടന്നു.... ജോലി ചെയ്തു പണമുണ്ടാക്കി
നാട്ടില്‍ പോയി സുഖിക്കാന്‍  മോഹിച്ചു ...

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഉള്ളം മരവിച്ചു ദേഹം മരവിച്ചു ജോലി ചെയ്തു
നാട്ടില്‍ പോയി സുഖിക്കാന്‍
കുഞ്ഞിന്റെ കൊഞ്ചല്‍ സ്വപ്നത്തില്‍ കണ്ടു
ഭാര്യയുടെ  പുഞ്ചിരി മോഹമായി നിന്ന്
അമ്മതന്‍ സ്നേഹം കടലായി നിറച്ചു
അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചു
അയാള്‍ ഈ മര്ഭൂമിയില്‍ എരിഞ്ഞുതീര്‍ന്നു
നാളെ നാട്ടില്‍ പോയി സുഖിക്കാന്‍ വേണ്ടി

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഒന്നുറക്കെ കരയാന്‍ പോലും അടുത്താരും ഇല്ലാതെ
ഇനി ഈ ജീവനില്ലാത്ത മേനി എത്രനാള്‍ അനാഥ മായ്
മരവിച്ചു ഐസില്‍ കിടക്കണം മോചനത്തിനായ്‌
ഇല്ല ഒന്നുറക്കെ കരയാന്‍ പോലും ആരും ഇല്ലടുത്തായ്
അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ആരും അറിയാതെ ഒന്ന് ഞരങ്ങപോലും ചെയ്യാതെ


5/20/2012

ഒരു നിയോഗം പോലെ

                                                            
                                   

      കഴിഞ്ഞ ഒരു പകല്‍ മുഴുവന്‍ എന്നോട് വാതോരാതെ സംസാരിച്ചിരുന്ന അവള്‍ ഒരു പരിചിത  ഭാവം പോലും കാണിക്കാതെ ഒരു ഗുഡ് ബൈ പോലും പറയാതെ പോയപ്പോള്‍ അമ്പരപ്പും ഒപ്പം സങ്കടവും തോന്നി .....

     ഒരേകാന്ത ട്രെയിന്‍ യാത്രയുടെ ഇടയിലാണ് ഞാന്‍ അവളെ കാണുന്നത്....ഇങ്ങനെ പറയാന്‍ കാരണം അവള്‍ എവിടെ നിന്ന് കയറിയതാണ് എന്നെനിക്കറിയില്ല .ട്രെയിന്‍ യാത്രകള്‍ ഞാന്‍ പുസ്തകങ്ങള്‍ വായിക്കാനാണ് ഉപയോഗിക്കാറ് സഹയാത്രികര ശ്രദ്ധിക്കാറില്ല. അന്നും പതിവുപോലെ പുസ്തകപാരായണത്തില്‍ മുഴുകി ഇരിക്കയായി  രുന്നു  ഞാന്‍.പെട്ടെന്ന് ചേച്ചി ... ചേച്ചീ എന്ന മധുരവും പതിഞ്ഞതുമായ  ശബ്ദം കേട്ട് ഞാന്‍ വായന നിര്‍ത്തി മുഖമുയര്‍ത്തി ആകാംഷയോടെ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി
അപ്പോള്‍ പുഞ്ചിരി തൂകി എന്നെത്തന്നെ നോക്കിയിരിക്കുന്ന സുന്ദരിയായ ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. ...

    ഒട്ടും എണ്ണമയം ഇല്ലാതെ പാറിപ്പറന്ന മുടിക്ക് തീരെ യോചിക്കാത്ത വിധം ഒരു പനിനീര്‍ പൂവ് ചെവിയുടെ മുകളിലായി മുടിയില്‍ ചൂടിയിട്ടുണ്ട്. അവളുടെ കണ്ണുകളില്‍ മയക്കം മുറ്റി നിന്നിരുന്നു... കഴിഞ്ഞ രാത്രി അവള്‍ തീരെ ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു  ...എന്തോ ഒരു നിഗൂഡത ആ കണ്ണുകളില്‍  ഞാന്‍ കണ്ടു.ഇത്രയും നേരമായി നേരെ   എതിര്‍വശത്തിരുന്ന ഈ കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചില്ലല്ലോ. എവിടെ നിന്നാവും ഇവള്‍ കയറിയിരിക്കുക? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ കണ്ണില്‍ പ്രതിഭലിപ്പിച്ചുകൊണ്ട്  ഞാന്‍ അവളെ നോക്കി ഒരപരിചിതത്വം നിറഞ്ഞ ചിരി അവള്‍ക്കു സമ്മാനിച്ചു. എന്നാല്‍ അവള്‍ എനിക്ക് തികച്ചും ആത്മാര്‍ഥമായ സ്നേഹം നിറഞ്ഞ ഒരു ചിരിയാണ് തിരിച്ചു തന്നത്. ഞാന്‍ എന്തോ ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവള്‍ സംസാരിക്കാന്‍ തുടങ്ങി.

   ''ഞാന്‍ നീലാംബരി ....'' ഹേ ആ പേരിലും ഉണ്ടല്ലോ ഒരു പ്രത്യേകത നീലാംബരി എന്നാണ് പേരെങ്കിലും അവളുടെ വസ്ത്രങ്ങള്‍ക്ക്  അവള്‍ ചൂടിയിരുന്ന പൂവിന്റെ നിറമായിരുന്നു . അവള്‍ വീണ്ടും സംസാരിക്കയാണ്  ..''ചേച്ചി മരണത്തെ കണ്ടിട്ടുണ്ടോ ?''അവളുടെ  ചോദ്യം എന്നെ ഞെട്ടിച്ചു. എന്താ ഈ കുട്ടി ഇങ്ങനെ ഒന്നും പറയാതെ ഞാന്‍ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി. അവള്‍ തുടര്‍ന്നു...''എനിക്ക് മരിക്കാനോ  മരണത്തെക്കുറിച്ച് ചിന്തിക്കാനോ ഇഷ്ടമില്ല പക്ഷെ എനിക്കിതരോടെങ്കിലും പറയണം ഞാന്‍ പറയുന്നത് ചേച്ചി കേള്‍ക്കുമല്ലോ'' ഞാന്‍ മറുപടി പറയും മുന്‍പേ അവള്‍ പറഞ്ഞു തുടങ്ങി ...

    ''ചേച്ചീ, ഞാനൊരു മരണം കാണാന്‍ പോവുകയാണ്...... ഇഷ്ടമില്ലെങ്കിലും .....എനിക്ക് പോയെ കഴിയൂ.... ഇതെന്റെ ഒരു നിയോഗം ആയിരിക്കാം.... അല്ലെങ്കില്‍ എന്തിനാ മരണത്തിനു തൊട്ടുമുന്പ് അയാള്‍ എന്നെ പരിചയപ്പെടാന്‍ വന്നത്????.....ഇന്നെലെ അയാള്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നെനിക്കു ഈ യാത്രതന്നെ വേണ്ടി വരുമായിരുന്നില്ല...
ഇന്നെലെ അയാള്‍ എന്റെ വീട്ടിലേക്കു ഓടിക്കയറി വരുകയായിരുന്നു ... അപ്പോള്‍ കറണ്ട് പോയ  സമയം ആയിരുന്നു .... മെഴുകുതിരി വെട്ടത്തില്‍ ഒരു പുസ്തകത്തിന്റെ വരികളില്‍ ഊളിയിട്ടിരിക്കയായിരുന്ന ഞാന്‍ ശരിക്കും ഭയന്നു...... അയാള്‍ നന്നേ നനഞ്ഞിരുന്നു ... പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു......

   '' ആരാത്'' തെല്ലമ്പരപ്പോടെ ഞാന്‍ ചോദിച്ചു. എന്നെ ആക്രമിക്കാനല്ല എന്നെനിക്കു മനസ്സിലായി, കാരണം മെഴുകുതിരി വെട്ടത്തില്‍ എങ്കിലും എനിക്കയാളുടെ മുഖം നന്നായി കാണാമായിരുന്നു. എന്നാല്‍ പെട്ടെന്ന് അയാള്‍ എന്റെ കൈയ്യില്‍ കടന്നു പിടിച്ചു ... ഞാന്‍ ഒന്നുകൂടി ഞെട്ടി... പക്ഷെ എന്നെ അത്ഭുതപ്പെടുത്തുമാറ് അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ വാവിട്ടു കരയാന്‍ തുടങ്ങി .... എന്നിട്ട് ഇങ്ങനെ പറഞ്ഞു ..
   
   .''നിങ്ങളെ എനിക്കറിയില്ല എങ്കിലും നിങ്ങള്‍ എന്നെ സഹായിക്കും എന്ന്  ഞാന്‍ കരുതുന്നു. എന്റെ മരണം അടുത്തിരിക്കുന്നു... എനിക്കിനി മണിക്കൂറുകള്‍ മാത്രമേ ജീവിതം ഉള്ളു. എന്നാല്‍ എന്റെ മരണത്തിനു മുന്‍പ് എനിക്കൊരു വാക്ക്പാലിക്കണം..... എന്റെ മകള്‍ക്ക് കൊടുത്ത വാക്ക് ....എന്റെ ഭാര്യ മരിച്ചു... അവള്‍ എനിക്ക് ഒരു മകളെ തന്നിട്ടാണ് പോയത് ...അവള്‍ ഇല്ലെങ്കിലും ഞാന്‍ എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കയായിരുന്നു ......പക്ഷെ ..........''  അയാള്‍ ഒന്ന് നിര്‍ത്തി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തുടര്‍ന്നു '' എന്റെ മകള്‍ക്ക് ഓര്‍മ്മ വക്കും മുന്നേയ അവളുടെ അമ്മ മരിച്ചത് അതുകൊണ്ട് തന്നെ അമ്മ മരിച്ചതാണ്  എന്നവള്‍ക്കറിയില്ല... അവളിപ്പോള്‍ ഡല്‍ഹിയിലുള്ള എന്റെ മുറിയില്‍ കിടക്കുകയാണ്.... അടുത്തയാഴ്ച അവളുടെ ജന്മദിനം ...മുന്‍പ് ഞാന്‍ വെറുതെ അവളോട്‌ ഒരു ജന്മദിനത്തില്‍ മോളുടെ അമ്മവരും എന്ന് പറഞ്ഞിരുന്നു ....നിങ്ങള്‍ക്കറിയുമോ അവള്‍ക്കിനി ഒരു ജന്മദിനം കൂടി ഉണ്ടാവില്ല ... അവള്‍ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്.... ''  അയാള്‍ വീണ്ടും നിര്‍ത്തി ... ചെറിയ നിശബ്ദതക്കു ശേഷം .......''ദയവായി നിങ്ങള്‍ അവളുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കണം '' എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ പെട്ടെന്ന് ഒരു മേല്‍വിലാസം എന്നെ ഏല്‍പ്പിച്ചു അയാള്‍ ഇരുളില്‍ മറഞ്ഞു കഴിഞ്ഞിരുന്നു ....

     ഉടന്‍ പുറത്തു വാഹനങ്ങള്‍  പെട്ടെന്ന് നിര്‍ത്തുന്നതും ആളുകളുടെ ബഹളവും എല്ലാം കേള്‍ക്കുന്നു... ഞാനാകെ പേടിച്ചു വിറച്ചുപോയി ...പെട്ടെന്ന് കറണ്ട് വന്നു എല്ലാ  ഇടത്തും വെളിച്ചം നിറഞ്ഞു. വായിച്ചിരുന്നു ഉറങ്ങിയതവും ... അപ്പോള്‍ കണ്ട ഭയപ്പെടുത്തുന്ന ഒരു സ്വപ്നമാകും  ഇത് എന്ന് ഞാന്‍ ഒരു വേള കരുതി എങ്കിലും അയാള്‍ എന്നെ ഏല്‍പ്പിച്ച മേല്‍വിലാസം നടന്നതെല്ലാം സത്യം എന്നെന്നെ ഓര്‍മ്മിപ്പിച്ചു ......

    പുറത്ത് ബഹളം കൂടിക്കൂടി വന്നു .... പോലീസ് വാഹനത്തിന്റെ .... ആംബുലന്‍സിന്റെ .... ആകെ ബഹളം ഞാന്‍ പുറത്തേക്കിറങ്ങി ...അതാ ചോരയില്‍ കുളിച്ചു കിടക്കുന്നു ഒരു മനുഷ്യന്‍ .... അതെ അതയാള്‍ തന്നെയായിരുന്നു ... കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് എന്റെ സമീപത്തുണ്ടായിരുന്നയാള്‍...എനിക്കറിയാം അയാള്‍ മരണത്തിലേക്ക് മനപൂര്‍വം ചാടിയതായിരിക്കണം...അങ്ങിനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു ....

     എനിക്ക് വേണമെങ്കില്‍ ആ വിലാസം അപ്പോള്‍ത്തന്നെ ചുരുട്ടി ചവറ്റുകൊട്ടയില്‍ കളഞ്ഞു ഒന്നും അറിയാത്ത ഭാവത്തില്‍  ഇരിക്കാംയിരുന്നു പക്ഷെ എന്ത് കൊണ്ടോ എനിക്കാവുന്നില്ല ... ആ  കുഞ്ഞ് ഇപ്പോള്‍ ...എനിക്ക് ആ കുഞ്ഞിനെ പറ്റി ചിന്തിക്കാതെ  വയ്യ ... അതിനാല്‍ ഞാന്‍ ഇതാ ആ അജ്ഞാത മേല്‍വിലാസം തേടി ഇന്ന് ഇവിടെ ....'' അവള്‍ പറഞ്ഞു നിര്‍ത്തി .......ഞാന്‍ അത്ഭുത സ്ഥബ്ദയായി ഇരുന്നുപോയി... ഒരു ഫാന്റസി കഥ കേട്ടപോലെ ....പക്ഷെ ഇത് കഥയല്ലല്ലോ ...ദാ..സത്യമായി ഇവള്‍ എന്റെ മുന്നില്‍ ...ഏതോ ഒരജ്ഞാതബാലികക്ക് അമ്മയാകാന്‍ പനിനീര്‍പ്പൂവും ചൂടി പ്പോകുന്നു...

     ട്രെയിന്‍ ഏതോ സ്റെഷനില്‍ നിര്‍ത്തി ... അവള്‍ ഒന്നും മിണ്ടാതെ ബാഗും എടുത്തു ആ സ്റെഷനില്‍ ഇറങ്ങി .... എന്നെ തിരിഞ്ഞൊന്നു നോക്കും എന്ന് ഞാന്‍ കരുതി . പക്ഷെ അതും ഉണ്ടായില്ല....ട്രനിനിന്റെ ചൂളം വിളിയും ....പാളങ്ങളുടെ ഞരക്കവും കൂടാതെ ഇതുവരെ കേട്ടിട്ടില്ലാത്തത്ര അലിവോടെ അമ്മെ ....അമ്മേ എന്നാ ഒരാര്‍ദ്രസ്വരം എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.......

5/17/2012

വസന്തം



മധുമാസം വന്നു മനസ്സു കുളിര്‍ത്തു
ചുറ്റിലും പൂക്കള്‍ നിറഞ്ഞു
തെങ്ങോല തുമ്പിലെ ഊഞ്ഞാലയില്‍...തത്തകള്‍ ആടിക്കളിതുടങ്ങി 

എങ്ങോ ഇരുന്നൊരു പൂങ്കുയില്‍ പെണ്ണ്
ഈണത്തില്‍ പാട്ടൊന്നു മൂളുന്നുണ്ടേ
അതുകേട്ടു മറ്റൊരു ദിക്കില്‍നിന്നും
മറുപടി പാട്ടും തുടങ്ങിയല്ലോ 

ഗന്ധര്‍വ ഗാനമൊന്നെന്നിലിന്നു
മധുമാരിയായി പൊഴിയുകയായ്‌
കാണാതെ കേള്‍ക്കാതെ അറിയാതെ
എല്ലാം അറിയുന്നു സ്നേഹിതാ ഞാന്‍ 

ഒരു ജീവരേണുപോല്‍ നിന്നരികില്‍
ഒരു ജീവരാഗമായ് താളമായി
നീ തന്ന സ്വപ്ന നീലാകാശ മേടയില്‍
ചിറകു വിടര്‍ത്തിപ്പറന്നിടട്ടെ
നമ്മുടെ മോഹക്കടലിന്റെ നീലയില്‍
നീന്തിത്തുടിച്ചു രസിച്ചിടട്ടെ

5/14/2012

കുപ്പയില്‍ നിന്നൊരു മാണിക്യം

                                                                           
    ആദ്യ  ശമ്പളം കൈനീട്ടി വാങ്ങുമ്പോള്‍ എനിക്ക് ഒരാളോട് മാത്രമേ കടപ്പാട്  തോന്നിയുള്ളൂ. ശ്യമേച്ചിയോട് .. അവരെ കാണാന്‍,  കണ്ടു ഈ പണം മുഴുവന്‍ അവരെ ഏല്‍പ്പിച്ചു ആ കാലില്‍ വീഴാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. ആരാണ് തനിക്കു ശ്യമേച്ചി ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറയും എല്ലാം .. ഈ ലോകത്തില്‍ എന്നെ സ്നേഹിച്ചത് സത്യത്തില്‍ ശ്യമേച്ചി മാത്രമായിരുന്നില്ലേ .... അവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ആരാകുമായിരുന്നു ഓര്‍ക്കാന്‍ തന്നെ വയ്യ .

    മേലേത്തെ അപ്പേട്ടന്‍ കല്യാണം കഴിച്ചു കൊണ്ട് വന്നതാ ശ്യാമേച്ചിയെ ആദ്യം കണ്ടപ്പോള്‍ വലിയ പത്രാസ്സുകാരി എന്നാ ഞങ്ങള്‍ എല്ലാം കരുതിയത്‌ .. കാരണം ഞങ്ങളുടേത് ഒരു ചെറു ഗ്രാമം ആണ്.  എവിടെ എങ്കിലും ഒരില അനങ്ങിയാല്‍ ഗ്രാമം മുഴുവന്‍ അറിയും . അവിടെക്കാണ് പട്ടണത്തില്‍ നിന്നും ശ്യാമേച്ചിയെ അപ്പേട്ടന്‍ കൊണ്ട് വന്നത്.അവര്‍ സാരിക്ക് പകരം വീട്ടില്‍ ചുരിദാര്‍ ഇട്ടു... മറ്റുള്ളവരെ പോലെ അടുത്ത വീടുകളിലും മറ്റും പോകില്ല ആരോടും അധികം ഇടപഴകില്ല .. മിക്കപ്പോഴും കൈയില്‍ ഒരു പുസ്തകവുമായി തൊടിയിലെവിടെ എങ്കിലും മരത്തണലില്‍ ഇരുപ്പുണ്ടാകും. എനിക്ക് അന്ന് പത്തോ പതിനൊന്നോ വയസ്സ് കാണും . ഞാന്‍  സ്കൂളില്‍  പോകും എന്നെ ഉള്ളു.അവിടെ പഠിക്കാന്‍ ആണ് പോകുന്നത് എന്ന ചിന്തയില്ലായിരുന്നു ആരും ഒട്ടു നിര്‍ബന്ധിക്കാറും ഇല്ല. തോല്‍ക്കുന്നതുവരെ പോകുക എന്ന നിയമമായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. ഞങ്ങള്‍ കുട്ടികള്‍ക്ക് ശ്യമേച്ചി ഒരത്ഭുതവസ്തുപോലെയായിരുന്നു. അവരുടെ പത്രാസും എപ്പോഴും ചെരിപ്പിട്ടുള്ള നടപ്പും വായനയും ഒക്കെ ഞങ്ങള്‍ക്ക് പുതിയ കാഴ്ചകളായിരുന്നു.  ദൂരെ മാറി ഒളിച്ചിരുന്ന് അവരെ നോക്കുക ഞങ്ങളുടെ വിനോദം ആയിരുന്നു. എന്റെ അച്ഛന്‍ മേലെത്തെ  പശുക്കളെ നോക്കാനും കറക്കാനും ഒക്കെ പോകാറുണ്ട് പാല് സൊസൈടിയില്‍ കൊണ്ട് കൊടുക്കുന്നതും  അച്ഛനാണ്. അമ്മയും അവിടെ ചില പണികള്‍ക്കൊക്കെ പോകാറുണ്ട് .

    ആ കൊല്ലപരീക്ഷയില്‍ ഞാന്‍ എട്ടുനിലയില്‍ പൊട്ടി. എനിക്ക് സന്തോഷമായി ഇനി കളിക്കാമല്ലോ സ്കൂളിലെ സാറിന്റെ അടിപെടിക്കേണ്ട. വീട്ടിലും സന്തോഷം അച്ഛനെ സഹായിക്കാന്‍ ഒരാളായി. അങ്ങിനെ മേലെത്തെ പാല്‍ സൊസൈറ്റിയില്‍  കൊണ്ട് കൊടുക്കുന്ന ചുമതല എനിക്കായി. ഞാന്‍ രാവിലെഎന്നും അവിടെ പോകയി തുടങ്ങി
ഒരു ദിവസം പൊയ് തിരിച്ചുവന്ന എന്നെ ശ്യമേച്ചി വിളിച്ചു ....എന്താ സ്കൂളില്‍ പോകാത്തെ ഏന് ചോദിച്ചു ഞാന്‍ പരുങ്ങി  വീണ്ടും ചോദിച്ചു  ഞാന്‍ തോറ്റതും പഠിത്തം
നിര്‍ത്തിയതും എന്റെ പുതിയ ജോലിയും ഒക്കെ ചേച്ചിയോട് പറഞ്ഞു .. ചേച്ചി പറഞ്ഞു ''പാടില്ല നീ സ്കൂളില്‍ പോകണം ... പഠിക്കണം എന്നിട്ട് വലിയ ആളാകണം'' എന്നൊക്കെ. എനിക്ക് അതിനോട് യോചിക്കാന്‍ കഴിഞ്ഞില്ലെലും മറുത്തു പറയാന്‍ എന്തോ ഒരു പേടിതോന്നി ''ഞാന്‍ പറഞ്ഞു ശരിയാക്കാം  നാളെമുതല്‍ സ്കൂളില്‍ പോകണം.''  അതോരാജ്ഞാപോലെയായിരുന്നു .
  
     എന്ത് പറഞ്ഞെന്നറിയില്ല  അച്ഛനും അമ്മയും രാവിലെ എന്നെ വിളിച്ചുണര്‍ത്തി പാല്‍പാത്രം തരുന്നതിനു പകരം  സ്കൂളിലേക്ക് പോകാന്‍ പറഞ്ഞു. മടിച്ചു മടിച്ചു ഞാന്‍ പോയി. എങ്ങിനെ ആ ക്ലാസ്സില്‍ തന്നെ വീണ്ടും ചെന്നിരിക്കും ... ടീച്ചേര്‍സ് കളിയാക്കില്ലെ ... കുട്ടികള്‍ എന്തുപറയും എന്നൊക്കെ കരുതി ചമ്മലോടെ ക്ലാസ്സില്‍ കയറി ഇരുന്നു.
കുട്ടികളും അധ്യാപകരും ഒരുപോലെ കളിയാക്കി ചിരിച്ചു.. ഇനി ഞാന്‍ സ്കൂളിലേക്കില്ല എന്ന് പ്രതിജ്ഞ എടുത്തു എങ്ങിനെയും വൈകുന്നേരം ആക്കി വീട്ടില്‍ പോയി. പക്ഷെ അമ്മയും അച്ഛനും സമ്മതിച്ചില്ല . ഞാന്‍ പിറ്റേദിവസം സ്കൂളില്‍  എന്ന് പറഞ്ഞു  വഴിയില്‍പ്പലസ്ഥലത്ത് അലഞ്ഞുതിരിഞ്ഞു വീട്ടില്‍ എത്തി. അങ്ങിനെ കുറെ ദിവസം പക്ഷെ ഒരുദിവസം എന്നെ ശ്യമേച്ചി കൈയോടെ വേണ്ടും പിടിച്ചു സ്കൂളില്‍ ആക്കി. ഞാന്‍ ഏറെ കരഞ്ഞു നോക്കി. എനിക്ക് ദേഷ്യം തോന്നി ഇവര്‍ക്കെന്താ എന്നെ പഠിപ്പിച്ചിട്ടു. എന്നൊക്കെ തോന്നി എങ്കിലും എന്തുകൊണ്ടോ അനുസരണക്കേട്‌ കാട്ടാന്‍ തോന്നിയില്ല. ഞാന്‍ വീണ്ടും പുസ്തകങ്ങളുമായി പോയ്തുടങ്ങി.
 
   ഒരു ദിവസം അമ്മ പറഞ്ഞു നാളെ മേലേത്ത് പോകാന്‍.എനിക്ക് പേടിയായി ഇനി എന്താണാവോ ശ്യമേച്ചി എന്നെ ....അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാന്‍ മേലേ ത്ത് ചെന്ന്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. അവിടെ എന്നെ കൂടാതെ ആ വര്‍ഷം തോറ്റ ഏതാണ്ട്  എല്ലാ  കുട്ടികളും ഉണ്ടായിരുന്നു. ശ്യമേച്ചി ഞങ്ങള്‍ക്ക് പാഠങ്ങള്‍പറഞ്ഞുതന്നു.
ചിത്രം വര പറഞ്ഞുതന്നു കളിക്കാനും പഠിക്കാനും ഞങ്ങള്‍ പഠിച്ചു. അങ്ങിനെ ഞങ്ങള്‍ പഠിക്കാനായ് സ്കൂളില്‍ പോയ്തുടങ്ങി. ആ പരീക്ഷയില്‍ ഞങ്ങള്‍ എല്ലെപെരും ജയിച്ചു. ഞങ്ങള്‍ക്കും ഉത്സാഹമായി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ സന്തോഷം. കാലം കടന്നു പോയി. ഞങ്ങടെ നാട്ടില്‍ കളിച്ചുനടക്കുന്നകുട്ടികള്‍ കുറഞ്ഞു. ആര്‍ക്കും എപ്പൊഴും പഠനത്തില്‍ എന്ത് സഹായത്തിനും ശ്യമെച്ചിയുണ്ട്. ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ ശ്യമെചിയുടെ അടുത്ത്തുപോകും. ചിലപ്പോള്‍ പഠനം അല്ലെങ്കില്‍ എന്തെകിലും വരച്ചോ ഉണ്ടാക്കിയോ ഒരുമിച്ചിരിക്കും . ഒരു ദിവസം ശ്യമേച്ചി  ഞങ്ങള്‍ക്കെല്ലാപേര്‍ക്കും കുറെ പൈസ തന്നു. ഇതെന്തിനാ എന്ന് ചോദിച്ചപ്പോള്‍ ചേച്ചി ഞങ്ങളെ കാണിച്ചു തന്നു ഞങ്ങള്‍ വരച്ച പടങ്ങളും, ഉണ്ടാക്കിയ സാധനങ്ങളും  അടുക്കി വച്ചിരിക്കുന്നു. അതില്‍ നിന്നും കൊണ്ടുനുപോയി എവിടെയോ  കൊടുത്തു കാശ് വാങ്ങിയതാ..ഞങ്ങള്‍ക്ക് വീണ്ടും അത്ഭുതമായി. ഇതൊക്കെ എങ്ങിനെ. പക്ഷെ ഞങ്ങടെ കുഞ്ഞു മനസ്സുകള്‍ക്ക് അത് ചോദിക്കാന്‍ അറിയില്ലായിരുന്നു . എങ്കിലും ഞങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടെ  അവരവര്‍ക്കറിയാവുന്ന  രീതിയില്‍ ശ്യമേച്ചി പറഞ്ഞുതരുന്ന രീതിയില്‍ കൌതുക വസ്തുക്കള്‍ ഉണ്ടാക്കാനും ഒപ്പം പഠിക്കാനും തുടങ്ങി. വീട്ടില്‍ കൊടുക്കാന്‍ ചെറിയതെങ്കിലും ഒരു തുക കിട്ടുന്നതുകൊണ്ട് വീട്ടുകാര്‍ക്കും സന്തോഷമായി.

  അങ്ങിനെ നാട്ടില്‍ പുതിയ വെളിച്ചം.... അകൊല്ലം മിക്ക കുട്ടികളും ജയിച്ചു. ജയിക്കാത്തവര്‍ പഠിപ്പു നിര്‍ത്താതെ വീണ്ടും സ്കൂളില്‍ പോയി. അങ്ങിനെ ഞാനും പത്താം ക്ലാസ്സ്‌ ജയിച്ചു. ഇനി എങ്ങിനെ പഠിക്കും. അതും ശ്യമേച്ചിയുടെ ഉത്സാഹത്തില്‍ ഞങ്ങള്‍ക്കായി. ഇതിനിടയില്‍ ജോലിയും ഒപ്പം പഠിത്തവും എങ്ങിനെ കൊണ്ടുപോകാം എന്ന് ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു . അങ്ങിനെ എല്ലാ  വിഷമങ്ങളെയും അതിജീവിച്ചു ഞാന്‍ ഡിഗ്രീ ജയിച്ചു ഇന്ന് ഞാന്‍ ഒരു ഉദ്യോഗസ്ഥന്‍ ആയി . ഒക്കെയും എന്റെ അല്ല ഞങ്ങടെ ശ്യമേച്ചി ഒരാളിന്റെ പ്ര്യയത്നം മാത്രം.  ആ ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്നും ഇരുണ്ട വെളിച്ചമില്ലാത്ത ആ ഗ്രാമത്തില്‍ വീണ്ടും വീണ്ടും ഇരുളിലേക്ക് പോയേനെ. ഞങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ശ്യമേച്ചിയുടെ സഹായം ഞങ്ങള്‍ക്ക് താങ്ങായി തണലായി. 

   ഇനി നിങ്ങള്‍ തന്നെ പറയു ഈ ശമ്പളം ആര്‍ക്കാണ് അവകാശപ്പെട്ടത് ... ആ കാല്‍ക്കല്‍ അല്ലെ ഞാന്‍ ഇത് സമര്‍പ്പിക്കേണ്ടത്‌ ... ഞാന്‍ ഉലസാഹത്ത്തോടെ നാട്ടില്‍ എത്തി. വീട്ടില്‍ അമ്മക്കും അച്ഛനും വളരെ സന്തോഷം അവരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു, എന്നെ കെട്ടിപ്പിടിച്ചു  അമ്മ പൊട്ടിക്കരഞ്ഞു... സന്തോഷത്തിന്റെ ആ കണ്ണുനീര്‍ .കൂടുതല്‍ സമയം അവിടെ നിലക്കാന്‍ എനിക്കായില്ല മനസ്സു ശ്യമേച്ചിയുടെ കാണാന്‍ വെമ്പുകയായിരുന്നു . പെട്ടെന്ന് ആ ശമ്പളത്തിന്റെ കേട്ട് അതുപോലെ എടുത്തു പോക്കറ്റില്‍  വച്ചു. മേലെത്തീക്ക് .....അവിടെ  പഴയപോലെ  കുട്ടികളുമായി കളിച്ചു ചിരിച്ചിരിക്കുന്ന ശ്യമേച്ചി ... കുട്ടികള്‍ ഓടിവന്നു ഞാന്‍ ശ്യമേച്ചിയുടെ കയില്‍ എന്റെ ആദ്യ ശമ്പളം അഭിമാനത്തോടെ വച്ചു കൊടുത്തു. അത് കൈയില്‍ വാങ്ങി തിരികെ എന്റെ പോകറ്റില്‍ തന്നെ തിരുകിത്തരുമ്പോള്‍ ശ്യമെചിയും കരയുകയായിരുന്നു ... അതെ സന്തോഷത്തിന്റെ കണ്ണുനീര്‍. അവര്‍ എന്റെ മൂര്‍ധാവില്‍ ചുംബിച്ചു എന്നിട്ട് എല്ലപെരോടുമായിപ്പറഞ്ഞു ഇതാ നിങ്ങളുടെ അഭിമാനം .... ഇങ്ങളും ഇതുപോലാകണം ....

   കുട്ടികള്‍ ആര്‍ത്തു ചിരിച്ചു .. അവര്‍ക്കുവേണ്ടി കരുതിഇരുന്ന മധുരം വിതരണം ചെയ്യുമ്പോള്‍ എന്നില്‍ അഭിമാനം നിറഞ്ഞിരുന്നു ഒപ്പം ശ്യാമേചിയോടുള്ള ആരാധനയും.









 


     

5/12/2012

യാത്ര



നീ ഒരു പ്രണയമായ് എന്നിലലിയുംപോള്‍
ഞാനൊരു വീണയായ് നിന്നോട് ചേരുന്നു
നിന്റെ വിരലുകള്‍ കൊണ്ടെന്റെ വീണയില്‍
നല്ലൊരു ഗാനം നീ മീട്ടുകില്ലേ ....

ഒരു കൊച്ചു സ്വപ്നത്തിന്‍ നീലവിഹായസ്സില്‍
വെള്ളരിപ്രാവുപോല്‍ ‍ പാറിക്കളിക്കാം
നമ്മുടെ മോഹമാം ഈ കൊച്ചരുവിയില്‍
ഒരു  കളിയോടം പോല്‍  നീന്തിത്തുടിക്കാം..

ഈ സാഗരത്തിന്റെ തീരത്തിരുന്നൊരു
പ്രണയ ഗാനത്തിന്റെ ഈരടി  പാടാം
ഈ പൂഴിമണ്ണില്‍ തീര്‍ക്കാം നമുക്കൊരു
മണ്ണു കൊണ്ടുള്ളോരു  കൊട്ടാരം
‍ നമ്മുടെ സ്വപ്നങ്ങളും  മോഹങ്ങളും കൊണ്ടാ
കൊട്ടരമുറ്റം അലങ്കരിക്കാം .......

പ്രാണനും മോഹവും ഒന്നിച്ചു ചെര്ത്തീ
ജീവിത തോണി തുഴഞ്ഞിടാം
നമുക്കൊന്നിച്ചീ തോണി തുഴഞ്ഞിടാം
തോഴാ ഒത്തു തുഴഞ്ഞു കരയിലെത്താം /...

5/10/2012

പ്രണയം



കടല്‍ക്കരയില്‍ കണങ്കാല്‍ നനയാതെ
കൈകോര്‍ത്തു നടന്നൊരാ പ്രണയം
തരളമാ തിരകള്‍ പൊട്ടിച്ചിരിച്ചു
കരയെ പുണരാന്‍ ശ്രമിച്ചു
ആകെ നനഞ്ഞ മണല്‍ത്തരികള്‍-
ഈറന്‍ മുടിയ്മായ് നില്‍ക്കും
നവോഡയായ് നാണിച്ചു നിന്നു
ചക്രവാളത്തെ ആകെ ചുവപ്പിച്ചൊര
കുങ്കുമപ്പൊട്ടു ചിരിച്ചു


കറുത്തൊരു രാക്ഷസന്‍ അട്ടഹസിച്ചു
ഭൂമിയാകെ കറുത്തു വിറച്ചു
തരളമായ് കണ്ടതിരകള്‍ പെട്ടെന്ന്
രാക്ഷസാകാരം പൂണ്ടു- അലറി
ആകാശത്തോളം ഉയര്‍ന്നു
പേടിച്ചരണ്ട കരയെ കാര്‍ന്നാ-
രാക്ഷസത്തിരകള്‍ തിമര്‍ത്തു.....
ഘിന്ന മനസ്സും വ്രണിത ശരീരവും


പൊള്ളുന്ന രോദനം ആര്‍ത്തനാദം
നെഞ്ചകം പൊട്ടി കരഞ്ഞുമറഞ്ഞു
ആ മഹാസാഗര ഗര്‍ത്തങ്ങളില്‍
ഇന്നും ഇടയ്ക്കിടെ കേള്‍ക്കാം എനിക്കാ
ഇടനെഞ്ചു പൊട്ടിയോരാര്‍ത്ത നാദം

5/01/2012

രക്തസാക്ഷിയുടെ അമ്മ

ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല!!!!!

വീട്ടില്‍ രാവിലെ എത്തി
ചുവന്ന വേഷത്തില്‍ സഖാക്കള്‍
അവര്‍ അഭിവാദ്യം ചെയ്തു
ഓര്‍മ്മപ്പെടുത്തി , ആവേശംകൊണ്ടു
രണ്ടുതുള്ളി കണ്ണുനീര്‍ സമര്‍പ്പിക്കയും ചെയ്തു ...
കവലയില്‍ രക്തസാക്ഷി മണ്ഡപത്തില്‍
മാലയും വച്ച് യോഗവും കൂടി .
ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല .......

അകാല നരയും ജരയുംബാധിച്ചു
എല്ലാം കണ്ടു കണ്ണീരൊഴുക്കി
ഒരു ഗദ്ഗതം തൊണ്ടയിലുടക്കി
ഒന്നും  മിണ്ടുവാനാകാതെ
തളത്തില്‍ തളര്‍ന്നിരുന്നു .....
ഇവള്‍ സഖാവോ സഖാവിന്‍ അമ്മയോ
അതോ ജീവിക്കും രക്തസാക്ഷിയോ ??

കുഞ്ഞായ നിന്നെ കൈയിലെല്‍പ്പിച്
മുന്‍പേ നടന്നു അച്ഛന്‍ -  എന്നിട്ടും
കൃഷ്ണമണിയായി കാത്തു
മുണ്ടുമുറുക്കി വളര്‍ത്തി
മുന്‍പനായ് തന്നെ പഠിച്ചു അവന്‍
എന്തിനും മുന്‍പില്‍ നടന്നു
എവിടെയും കേമനായ് നിന്നു
നെഞ്ച് വിരിച്ചവന്‍ നിന്നു
അവന്‍ ജീവനും ചോരയും നല്‍കി
ധീരനായ്‌ തന്നെ മടങ്ങി

അഭിമാന ഏറെയുണ്ടെങ്കിലും മോനെ
ഈ അമ്മക്ക് നീമാത്രമല്ലേ
എന്ത് പറഞ്ഞു സഹിക്കും ഞാന്‍
ഇനി എന്തിനായ് എന്റെ ഈ ജീവന്‍
എന്റെ കണ്ണുനീര്‍ കൊണ്ട് ഹനിക്കില്ല
ഞാന്‍ നിന്റെ ധീരത ഒരു മാത്രപോലും   
എങ്കിലും .......
ഈ അമ്മക്ക് കൂട്ടിനി ആര്????

ഇന്ന് രക്തസാക്ഷി ദിനം
രക്തസാക്ഷിക്കൊരു രക്തമാല
കണ്ണിലെ ചോരയാല്‍
കോര്‍ത്തൊരു രക്തമാല !!!!!

4/26/2012

അവള്‍ വാടിയ മുല്ലപ്പൂവ്‌

                              
പുറത്തു നല്ല മഴയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത് . ഓടിന്റെ പുറത്ത് വീഴുന്ന വെള്ളതുള്ളികളുടെ താളം. എന്നോ മറന്ന ആ ശബ്ദം ഇത് സത്യം തന്നെയാണോ. സത്യം  തന്നെ എന്ന് അടുത്ത് തന്നോട് ഒരു കൊഴുന്നു പോലെ ഒട്ടിച്ചേര്‍ന്നുകിട ക്കുന്ന സുഹ്ര ഓര്‍മ്മിപ്പിച്ചു. പാവം ഒന്നും അറിയാതെ ഉറങ്ങുന്നു ... എത്രയോ ഉറങ്ങാത്ത രാത്രികളുടെ അവസാനം അല്ലെ ഉറങ്ങട്ടെ. പക്ഷെ പുറത്ത് പെയ്യുന്ന മഴയുടെ താളം എന്നെ വല്ലാതെ കൊതിപ്പിച്ചു ആ മഴ ഒന്ന് കാണാന്‍. ഞാന്‍ എന്റെ നെഞ്ചില്‍ വച്ചിരുന്ന സുഹ്രയുടെ താഴമ്പൂ കൈകള്‍ പതുക്കെ എടുത്തു മാറ്റി എഴുന്നേറ്റു. ജനല് തുറന്നു . മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ വന്നത് പ്രകൃതിയും ആഘോഷിക്കുന്നത് പോലെ എനിക്ക് തോന്നി. നീണ്ട രണ്ടു വര്‍ഷത്തെ പ്രവാസം. തണുത്ത കാറ്റു മുഖത്ത് തലോടി മഴത്തുള്ളികള്‍ കാറ്റില്‍ ചിതറി മുഖത്ത് ഉരസി. ഹ..  എന്ത് സുഖം. ജനലുകള്‍ അടക്കാതെ കര്‍ട്ടന്‍ ഒന്നുകൂടി നേരെ പിടിച്ചിട്ടു കിടക്കയില്‍ വന്നു സുഹ്രയെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു കിടന്നു അവള്‍ അപ്പോഴും നല്ല ഉറക്കത്തില്‍ തന്നെ. അങ്ങിനെ കിടന്നു ഉറങ്ങിയത് അറിഞ്ഞില്ല .

''ഇക്ക ഇക്കാ'' എന്നാ നനുത്ത ശബ്ദമാണ് ഉണര്‍ത്തിയത്. നോക്കുമ്പോള്‍ കുളിച്ചു തലയില്‍ നനഞ്ഞ തോര്‍ത്തുകൊണ്ട് കെട്ടി ഒരു മാലാഖയെപ്പോലെ   കൈയില്‍ ഒരു കപ്പു ചായയുമായി നില്‍ക്കുന്ന സുഹറയെയാണ് കണ്ടത്.''ഇതെന്തൊരു ഉറക്കമാ.ദാ താഴെ എല്ലാപേരും കാത്തിരിക്കുന്നു ഒരുമിച്ചു പ്രാതല്‍ കഴിക്കാന്‍ വേഗം കുളിച്ചു വരൂ '' അവള്‍ സോപ്പും തോര്‍ത്ത് തന്നിട്ട് പൊയ്. ഞാന്‍ കുളികഴിഞ്ഞു തഴെ ചെന്നപ്പോള്‍ സമൃദ്ധമായ തീന്മേശക്ക് ചുറ്റും എന്നെയും കാത്തു ഇരിക്കുന്നു ഉപ്പയും അളിയന്മാരും ഒക്കെ . എന്റെ വരവ് പ്രമാണിച്ച് എത്തിയതാണ് എല്ലാപേരും. നല്ല വെള്ളയ പ്പവും കോഴിക്കറിയും പഴവും ഒക്കെ നിരത്തിയിട്ടുണ്ട് മേശയില്‍. അവരോടൊപ്പം സന്തോഷത്തോടെ തമാശകള്‍ പറഞ്ഞുള്ള പ്രാതല്‍ എന്ത് രസം സന്തോഷം. പക്ഷെ വെറും രണ്ടു മാസത്തെ പരോള്‍ കിട്ടിയ തടവ്‌ പുള്ളി മാത്രമാണ് തന്‍ എന്നാ തിരിച്ചറിവ് അല്പം  ദുഃഖം തോന്നി ... വീണ്ടും ഈ സ്നേഹങ്ങള്‍ എല്ലാം ഉപേക്ഷിച്ചു പോകേണ്ടേ ആ ചുട്ടുപൊള്ളുന്ന കനലിലേക്ക് അകവും പുറവും കരിയാന്‍. പക്ഷെ പോയെ പറ്റൂ ...ക്ഷണികം എങ്കിലും ഈ സന്തോഷം ഇപ്പോള്‍ ആസ്വദിക്കാം നാളെ നാളെയല്ലേ... വിശാലമയിതന്നെ കപ്പികുടികഴിഞ്ഞു മുറ്റത്തേക്കിറങ്ങി...

     ഇന്നെലെ രാത്രി തകര്‍ത്തു പെയ്ത മഴയുടെ അവശിഷ്ടമെന്നോണം മരങ്ങളില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തുള്ളികള്‍. കാറ്റില്‍ ആ തുള്ളികള്‍ വേണ്ടും ഒരു ചെറു മഴപോലെ താഴേക്ക്‌ വീഴുന്നു.  പെട്ടന്നു ഗേറ്റില്‍ ഒരു മണിയടി നോക്കിയപ്പോള്‍ പത്രക്കാരന്‍ നാരയണേട്ടന്‍.... ''അഹ എപ്പോ എത്തി 
രണ്ടു മൂന്നു മാസം ഇവിടെ കാണില്ലേ '' സൈക്കിളില്‍ ഇരുന്നു തന്നെ ചോദിച്ചു ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ പേപ്പര്‍ ഗേറ്റിലൂടെ അകത്തേക്കിട്ടു പൊയ് . ഞാന്‍ പത്രം എടുത്തു വീട്ടിലേക്കു കയറി. ഉപ്പ ചാരുകസേരയില്‍ കിടക്കുന്നു ഞാന്‍ പപ്പേര്‍ ഉപ്പാക്ക് നീട്ടി അപ്പോഴേക്കും ഒരു കിലുക്കാം പെട്ടി കണക്കെ പൊട്ടിച്ചിരിച്ചു മിന്നൂട്ടി ഓടിവന്നു. അവളുടെ കൈയില്‍ ഞാന്‍ കൊണ്ട് കൊടുത്ത ബാര്‍ബി പാവ ഇരിക്കുന്നു ഒരു കുഞ്ഞിനെ ഒക്കത്തെടുക്കുന്ന പോലെ എടുത്താണ് വരവ്.. ആ വരവുകണ്ട് എല്ലാപേരും ചിരിച്ചു പോയി .
''ഞാന്‍ ഒന്ന് പീടിക വരെ പൊയട്ടു വരാം''എന്ന് ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു ഞാന്‍ ഗേറ്റുകടന്നു റോഡിലേക്കിറങ്ങി. വിജനമായിക്കിടക്കുന്ന റോഡു ഞാന്‍ പോകുമ്പോള്‍ ടാര്‍ ചെയ്തിട്ടില്ലായിരുന്നു. കാല്‍നടക്കാര്‍ വളരെ കുറവ് ഇടയ്ക്കു പാഞ്ഞുപോകുന്ന കാറുകള്‍ പിന്നെ അപ്പൂര്‍വമായി ചില സൈക്കിള്‍ യാത്രക്കാരും. ഞാന്‍ മുന്നോട്ടു നടക്കവേ പെട്ടെന്ന് പുറകില്‍ നിന്നും ഒരു കുഞ്ഞിന്റെ ഉറച്ചുള്ള കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കി . കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ... ഒന്നുകൂടി സൂക്ഷിച്ചു നോക്കി ... അതെ അവള്‍ തന്നെ ......മെല്ലിച്ചുണങ്ങിയ ആ സ്ത്രീ രൂപം ഒരുപാടു നാള്‍ എന്റെ ഉറക്കം കെടുത്തിയ എന്റെ സ്വപ്ന സുന്ദരിയുടെത് എന്ന് വിശ്വസിക്കാന്‍ കുറെ സമയം എടുത്തു .

ഒക്കത്ത് നിലവിളിചിരിക്കുന്ന ഒരു കുഞ്ഞു ,കരഞ്ഞു കൊണ്ട് തന്നെ വരുന്ന വേറൊന്നിനെ കൈയില്‍ പിടിചിട്ടുമുണ്ട്. അവളും തീരെ ക്ഷീണിതയാണ്. തീരെ പ്രതീക്ഷിക്കാതെ എന്നെ കണ്ടതിന്റെ ഞെട്ടലില്‍ അവള്‍ ഒന്ന് സ്തംഭിച്ചു. പിന്നെ ആ കണ്ണുകള്‍ സജലങ്ങള്‍ ആയി. എല്ലാം ഞാന്‍അറിയുന്നുണ്ടായിരുന്നു. 

സൈനബ ഞാന്‍ പഠിക്കുന്ന കാലം മുതല്‍ മനസ്സില്‍ താലോലിച്ച എന്റെ സ്വപ്നം. ഞങ്ങള്‍ ഒരുമിച്ചു എത്രമാത്രം സ്വപനങ്ങള്‍ കണ്ടു...എന്റെ ഓരോദിവസം പുലരുന്നതും അവളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്ന ആ നല്ല നാളുകള്‍. വളരേണ്ടി ഇരുന്നില്ല .. എന്തെല്ലാം കോലാഹലങ്ങള്‍ആയിരുന്നു 
എന്നെ കാണാതെ ഉറക്കം വരില്ലാന്ന് പറഞ്ഞവള്‍... എന്റെ മുഖം ഒന്ന് വാടിയാല്‍ പോട്ടിക്കരയുന്നവള്‍..അന്ന് എല്ലാപേരുടെയും മുന്നില്‍ വച്ച് ...
എന്നോട് ഒപ്പം ഇറങ്ങി വരാം എന്ന് പറഞ്ഞ അവള്‍ അവസാനം കാലുമാറി എന്നെ അപമാനിച്ചു. കൊന്നു പുഴയില്‍ തള്ളിയാലും എനിക്ക് കെട്ടിച്ചു തരില്ലന്നും പറഞ്ഞു കലിതുള്ളി നിന്ന അവളുടെ ഉപ്പയുടെ ചോരക്കണ്ണുകള്‍ ഇന്നും നല്ലതുപോലെ ഓര്‍ക്കുന്നു . അവരെ കുറ്റം പറയാന്‍ പറ്റില്ല കാരണം അന്ന് എനിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ലലോ. അവരാണേല്‍ നാട്ടില്‍ അറിയപ്പെടുന്ന പണക്കാര്‍. അങ്ങിനെ അവള്‍ ഒരു നല്ല സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്റെ ഭാര്യയായി മുന്നിലൂടെ നടന്നുപോകുന്നത്‌ നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

പക്ഷെ അവളുടെ ഇന്നത്തെ അവസ്ഥ ആരെയും വേദനിപ്പികുന്നത. ഇരുപത്തി നാല് മണിക്കൂറും വെള്ളമടിച്ചു... പാവം അവള്‍ അതിനു ശേഷം സുഖം എന്തെ ന്നു അറിഞ്ഞിട്ടുണ്ടാവില്ല. ആ കോലം കണ്ടാല്‍ അറിയാം. സുന്ദരമായിരുന്ന ആ കണ്ണുകള്‍ കരുവാളിച്ചു... വയ്യ ഇതൊന്നും കാണാന്‍ വയ്യ .. വേച്ചുവേച്ചു കുഞ്ഞുമായി അവള്‍ അടുത്തെത്തി. എന്നെ കണ്ടതും ഒന്ന് നോക്കി മുഖത്തേക്ക് പിന്നെ ഒന്നും മിണ്ടാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു പോയി. 
പക്ഷെ അവളുടെ തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു ......അവളുടെ  ഹൃദയത്തിന്റെ വിങ്ങല്‍ എനിക്ക് കാണാമായിരുന്നു .....
 
 
 
 
 
...
 
 
 

4/21/2012

ഏകാന്തത

          
നാലുചുവരില്‍ തളച്ചിട്ട മോഹങ്ങള്‍ 
ഏകാന്ത വേളയില്‍ എത്തിനോക്കി 
മേനിയില്‍ നിന്നും സ്വതന്ത്രയാക്കി
മനം ഒരു മോഹപക്ഷിപോല്‍ 
പറന്നുയര്‍ന്നു  അവള്‍ 
മാനം മുട്ടെ പറന്നുയര്‍ന്നു

മരുഭൂവില്‍ നിന്നും മരുപ്പച്ച തേടി 
കാടിന്റെ പച്ചപ്പ്‌ സ്വപ്നംകണ്ട് 
അരുവിതന്‍ കുളിരില്‍ കുളിച്ചു തോര്‍ത്തി 
ചിലക്കും കിളികള്‍ക്ക് കിന്നാരമോതി 
കാറ്റിനോടോപ്പാം മത്സരിച്ചു പിന്നെ 
കൊച്ചു കുറുമ്പന്‍മാര്‍ തുള്ളിക്കളിക്കുന്ന
ചേറില്‍ ചവിട്ടി തുടിച്ചു തുള്ളി ......

എന്നോ മറന്ന ഇന്നെലെയില്‍ 
ഊളിയിട്ടോര്‍മ്മകള്‍ എത്തിനോക്കി 
പൊന്നിന്‍ കൊലുസ്സിട്ടു പൊട്ടിച്ചിരിച്ചു 
ഒരു പവാടക്കരിയായി ബാല്യമെത്തി 
അവള്‍ മണ്ണപ്പംചുട്ടും ക്സൃതികളിച്ചും 
ഓര്‍മ്മയ്ക്ക്‌ കിന്നരി ഏറെനല്കി 


മോഹങ്ങളും മോഹഭംങ്ങങ്ങളും ചേര്‍ന്ന 
കൌമാരം നാണിച്ചു കൂടെ എത്തി 
പ്രണയ മണി കിലുങ്ങി കണ്മഷി കലങ്ങി 
നേര്‍ത്തൊരു നൊമ്പരം ബാക്കിനല്കി 
ഒരു നെടുവീര്‍പ്പില്‍ എല്ലാം പറഞ്ഞു 
ഒരു കൊടും ചൂടായ് ചുട്ടുപൊള്ളി 

ചിറകു  കുഴഞ്ഞു കിതച്ചു  തളര്‍ന്നു 
പുറന്തോട് തേടി തിരികെ എത്തി 
ചിത്രശലഭത്തിന്‍ മോഹങ്ങള്‍ പേറി  
ഒരു പ്യൂപ്പയായി തപസ്സിരുന്നു .....






 




 




 





  

4/17/2012

കാഴ്ചകള്‍

                
കണ്ണും കാതും പൂട്ടുന്നു ഞാന്‍ വയ്യ!
ഈ കരളലിയിക്കും കാഴ്ചകള്‍ കാണാന്‍  
ഹൃദയം തുളക്കും രോദനം കേള്‍ക്കാന്‍  
എന്നോട് ക്ഷമിക്കുക !!!!

കറുത്തൊരു രാക്ഷസന്‍ ദമിഷ്ട്ര നീട്ടി
ഇരമ്പിയടുക്കുന്നു കുന്നു തോണ്ടാന്‍ 
പട്ടണമാക്കാന്‍ ....കാറുവരാന്‍ പിന്നെ 
സൗകര്യം ഏറെ വരുത്തിടെണ്ടേ......
പാവം ഭൂമിതന്‍ വേദന ആരുകാണാന്‍
അവളുടെ നെഞ്ചുകള്‍ മുറിച്ചുമാറ്റി 
നമ്മള്‍ റോഡും വീടും പണിഞ്ഞിടുന്നു

അച്ഛന്‍ മകള്‍ക്കൊരു പാവനല്കി ചൊല്ലി 
നീ ഇതാരോടും പറയില്ല എങ്കില്‍ ഞാന്‍ 
ഇനിയും പാവകള്‍  കൊണ്ട് തരാം 
അങ്ങിനെ അച്ഛന്‍ അവള്‍ക്കുനല്കി ഒരു 
ജീവന്‍ തുടിക്കുന്ന പവക്കുഞ്ഞു!!!

മുണ്ട് മുറുക്കി ഉടുത്തു വളര്‍ത്തിയ മക്കള്‍
മാതാപിതാക്കളെ ശത്രുവായ്‌ കാണുന്നു 
ശല്യം ഒഴിക്കാനവര്‍ അവര്‍ക്കായ് 
വൃദ്ധസദനങ്ങള്‍ കേട്ടിടുന്നു 

പരസ്പരം വെട്ടുന്നു കുത്തുന്നു  എങ്ങും
ചോരമണം .... രോദനം ...അട്ടഹാസം !!
വയ്യ ! എനിക്കൊന്നും കാണുവാന്‍ കേള്‍ക്കുവാന്‍ 
കാതും കണ്ണും പൂട്ടിടട്ടെ ഞാന്‍ 
നിങ്ങള്‍ എന്നോട് ക്ഷമിക്കുമല്ലോ   
  

4/13/2012

കാട്ടുതുളസ്സി

ഏവര്‍ക്കും എന്റെ വിഷു ആശംസകള്‍ 


                

നിറവും മണവും ഭംഗിയുമൊത്തുചേര്‍ന്ന 
പൂവുകള്‍ പലതുണ്ടെങ്കിലും കണ്ണന്‍ 
കൃഷ്ണ തുളസിയെ പ്രണയിച്ചു ഈ 
കാട്ടുതുളസിയെ പ്രണയിച്ചു .

ഓരോ ദളത്തിലും പ്രണയം നിറച്ചവള്‍
വനമാലയാക്കി നിവേദിച്ചു  
കണ്ണന്‍റെ മാറില്‍ ചാര്‍ത്തിച്ചു .....

പുഞ്ചിരിച്ചു ...... മുരളികയൂതി  
ആനന്ദനൃത്തനമാടി ....കണ്ണന്‍
അവള്‍ക്കായ് പാട്ടുകള്‍ പാടി.....

ലയിച്ചു പോയി ..... അവള്‍ മയങ്ങിപ്പോയി 
ആനന്ദനിര്‍വൃതിയില്‍ അലിഞ്ഞുപോയി  

നിറവും മണവും ഭംഗിയുമില്ലെങ്കിലും 
വനമാല കണ്ണന് എത്രയിഷ്ടം 
ഈ കാട്ടുതുളസിയെ  എത്രഇഷ്ടം

 

4/11/2012

മരീചിക തേടുന്ന മനസ്സ്

                                           
     നിലാവുള്ള രാത്രിയില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ നോക്കി ഇരിക്കാന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു . കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങള്‍ എന്നോട് കിന്നാരം പറയും. വെള്ളിമെഘങ്ങളൊപ്പം ഒളിച്ചുകളിക്കുന്ന അമ്പിളിമാമനെ കണ്ടി രിക്കാന്‍  എന്ത് രസമാണ്. ഇളം കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന മരക്കൊമ്പുകളും  എങ്ങുനിന്നോ കേള്‍ക്കുന്ന തവളകളുടെ മഴ അറിയിപ്പും. ചില്ലിടുവിന്റെ ചിലപ്പും ഒക്കെ നാട്ടിലെ പ്രകൃതിക്കെന്തു ഭംഗി .

    ഇന്നിവിടെ ഈ നാട്ടില്‍ മനുഷ്യനിര്‍മ്മിത കൃതൃമ നഗരത്തില്‍ ....ഈ തിരക്കില്‍ അതൊന്നും ആരും ശ്രദ്ധിക്കാറില്ല .ഒരുപക്ഷേ ശ്രധിച്ചാലോ നിരാശ മാത്രം .
    ഉദയ സൂര്യന്റെ സുന്ദരത, അസ്തമയസൂര്യന്റെ വശ്യത ഒന്നും ഇവിടെ അനുഭവപ്പെടില്ല. കാറ്റിലാടി ഉലയുന്ന മരപ്പടര്‍പ്പ്കളോ കരിഞ്ഞു വീഴുന്ന കരിയിലയോ ഇല്ല അങ്ങിങ്ങ് നട്ടുപിടിപ്പിച്ച മരങ്ങള്‍ ഉണ്ടെന്നാലും അതില്‍നിന്നു ഒരു കരിയില വീണാല്‍ അപ്പോള്‍ തന്നെ അത് പെറുക്കി കളയാന്‍ ആളുണ്ട് കാരണം ഇത് 'clean city' അല്ലെ. ഇവിടെ കരിയില പാടില്ല...

   കൊണ്ക്രീറ്റു വനത്തില്‍ കുറെ മനുഷ്യമൃഗങ്ങള്‍ മാത്രം. കുട്ടികള്‍ക്ക് കളിയ്ക്കാന്‍ മണ്ണില്ല വിണ്ണില്ല  നക്ഷത്രമില്ല വെളുക്കെ ചിരിക്കുന്ന, മേഘങ്ങളോടു കണ്ണുപൊത്തിക്കളിക്കുന്ന അമ്പിളിമാമനും  ഇല്ല . ഉള്ളതോ ഓജസ്സും ഭംഗിയും ഇല്ലാത്ത മൂണ്‍ മാത്രം. ഇവിടെ നക്ഷത്ര കൂട്ടുകാരില്ല  ഉണ്ട് ഈ കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ വെളിച്ചത്തില്‍ അവയെ കാണുകതന്നെ വളരെ പ്രയാസം അങ്ങിങ്ങ് ഒന്നോ രണ്ടോ വിളറിയ നിറത്തില്‍ മ്ലാനതയോടെ മങ്ങി മയങ്ങി നില്ക്കുന്നവ.
ആകാശത്തില്‍ ഒരു തുണ്ട് മേഘമില്ല കടും നിറത്തില്‍ ചലനമറ്റ കടലുപോലെ പരന്നു കിടക്കുന്നു.പറന്ന് കളിക്കാന്‍  പക്ഷികള്‍ ഇല്ലാതെ .... വിരസമായി മലര്‍ന്നു കിടക്കുന്നു .ഞാന്‍ ആലോചിക്കാറുണ്ട് .......ഇവിടുത്തെ ആകാശവും,നക്ഷത്രങ്ങളും, ചന്ദ്രനും ഒക്കെ ഒരു കുയിലിന്റെ പാട്ടിനായി, കിളികളുടെ ചിലപ്പിനായി,ഒരു തുണ്ട് മേഘത്തിനായി ഒക്കെ തപസ്സു ചെയ്യുകയാവും എന്ന് .   

നേരം വെളുപ്പിക്കുന്ന കിളിയോ കോകിഉനര്ത്തന് അങ്കവാലന്‍ കോഴിയോ   ഇല്ലാത്തതിനാല്‍   സൂര്യന്‍ ഉദിക്കുന്നത് അസ്തമിക്കുന്നതും അസ്തമിക്കുന്നതും
അതിന്റെ ഇഷ്ടം പോലെ തന്നെ . തണുപ്പുകാലത്ത് വലിച്ചു മൂടി കിടക്കുന്ന മടിയന്‍ സൂര്യന്‍ രാവിലെ  എട്ടു മണിക്കുശേഷവും സുഖഉറക്കം .. ഉണര്‍ന്നലോ ആറുമണിക്ക് മുന്നേ പണി നിര്‍ത്തി വിളക്കണച്ച് തന്റെ കമ്പിളി പുതപ്പി നുള്ളില്‍ ചുരുണ്ട് കൂടും.

    ചൂടുകലത്തോ പുള്ളിക്കാരന് ഉറക്കം  തീരെ കുറവ ചൂടുകൊണ്ടാകും അഞ്ചു മണിക്ക് മുന്നേ എഴുന്നേറ്റു തീഗോളം പോലുള്ള കണ്ണുകള്‍ ഉരുട്ടി എല്ലാം ഭസ്മമാക്കുന്ന അഗ്നിയായി മാറും.

    അപ്പോഴും മനസ്സിന്റെ പച്ചപ്പില്‍ അങ്ങകലെ ദൈവം സമ്മാനിച്ച ആ നാട്ടിലെ പുഴയുടെ കുണുങ്ങിയോട്ടവും, കിളികളുടെ കളകളാരവവും , അമ്പിളി മാമന്റെ ഒളിച്ചു കളിയും, പിച്ചിപ്പൂ വിതറിയ ആകാശവും ഒരു പുഷ്പാല  ന്ക്രിത ഉദ്യാനം പോലെ പൂത്തുലഞ്ഞു കിടക്കുന്നു ....... ആ പാതിരാപക്ഷി യുടെ ചിലപ്പുകേള്‍ക്കാന്‍, പൂവന്റെ ഉച്ചത്തിലുള്ള കൂവല്‍ കേള്‍ക്കാന്‍ ആ പച്ചപ്പ്‌ കാണാന്‍ നോക്കെത്ത ദൂരത്ത്‌ കണ്ണും നാട്ടു കാത്തിരിക്കുന്നു .... എന്നാവും ഒരു മടക്ക യാത്ര ?????
  
   

4/04/2012

പ്രണയം

                                           
ഏഴു നിറങ്ങളും ചാലിച്ചെഴുതിയ 
മഴവില്ല് പോലെ എന്‍ പ്രണയം 
കാണാന്‍ കൊതിച്ചു ഞാന്‍ ഓടിയണഞ്ഞപ്പോള്‍ 
മാരിവില്ലെങ്ങോ മറഞ്ഞു പോയി 


പിച്ച നടക്കുന്ന കാലം മുതല്‍ക്കു നാം 
ഒന്നിച്ചു തന്നെ നടന്നതല്ലേ 
എന്നിട്ടുമെന്തേ പറഞ്ഞില്ല നീ 
എന്നോട് പ്രണയ മാണെന്നന്ന്റിഞ്ഞീല സത്യം 

അന്നാ പുളിമര ചോട്ടിലിരുന്നമ്മള്‍
മണ്ണപ്പം ചുട്ടു  കളിച്ചനേരം 
ഞാനമ്മയായ് നിന്നെ ഊട്ടുംനേരം 
നിന്നില്‍ നിറഞ്ഞൊരു സ്നേഹത്തിനു 
പ്രണയം എന്നര്‍ത്ഥം നീ കണ്ടിരുന്നോ ?

നീ നട്ട ചെമ്പനീര്‍ ആദ്യമായ് പൂത്തപൂ 
എന്റെ മുടിയില്‍ തിരുകുംപോഴും 
നിന്‍കണ്ണില്‍ കണ്ട തിളക്കത്തിന് 
പ്രണയം എന്നര്‍ത്ഥം നിറഞ്ഞു നിന്നോ ?

അന്നൊര ചാറ്റല്‍ മഴയത്ത് നമ്മള്‍ 
ഒരു കുടക്കീഴില്‍ നടന്നപോഴും 
നിന്നില്‍ നിറഞ്ഞൊരാ സ്നേഹത്തില്‍ നീ 
പ്രണയം നിറച്ചതറിഞ്ഞീല കഷ്ടം!!

ആദ്യമായ് ദാവണി ചുറ്റി ഞാന്‍ 
വന്നപ്പോള്‍ നിന്‍ മുഖം 
പൂവായ് വടര്‍ന്നിരുന്നു  അതിനും 
ഒരു പ്രണയം എന്നര്‍ത്ഥം ഞാന്‍ കണ്ടില്ലല്ലോ 
 
ഇന്ന് നീ എന്തിനു പറയുന്നു സഖീ 
നേരം വൈകി പോയതില്ലേ 
ഇനി നീ മറക്കുക ഞാനും മറക്കട്ടെ 
എല്ലാം നീയും അറിഞ്ഞതല്ലേ 

ഏഴു നിറങ്ങളും ചാലിച്ചെഴുതിയ 
മഴവില്ല് പോലെ എന്‍ പ്രണയം 
മഴവില്ല് വന്നെന്നറിഞ്ഞു ഞാന്‍ ചെന്നപ്പോള്‍ 
മഴമേഘം മാത്രം ബാക്കിയായി 
 

 
   
 


  


  

4/02/2012

ഫീനിക്സ്

                                         
      രണ്ടുവര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് വന്നതാണ്‌. ഞങ്ങള്‍ തറവാട്ടില്‍ രാവിലെ എത്തിയതാണ്.ഞങ്ങള്‍ വന്നത് പ്രമാണിച്ച് വീട്ടില്‍ എല്ലാപേരും എത്തീട്ടുണ്ട്ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഉത്സവ പ്രതീതി .ആഘോഷപൂര്‍വമുള്ള ഉച്ചയൂണിനു ശേഷം ഞാന്‍ പുറത്തേക്കിറങ്ങി. ഞാന്‍ പിച്ചവച്ച ,ചിത്രശലഭത്തിന്റെ കൂടെ  പറക്കാന്‍ ശ്രമിച്ച , കിലുക്കാം പെട്ടി കണ ക്കെ തുള്ളിച്ചടിയ, ശ്രീയെട്ടന്റെ കൈപിടിച്ച്  എല്ലാ പെണ്‍കുട്ടികളുടെയും അനിവാര്യതയിലേക്ക് കുടിയിരുത്തപ്പെട്ട എന്റെ വീട്. മോഹങ്ങളും മോഹ ഭംങ്ങഗളുംഒക്കെ ഇണചേര്‍ന്ന മനോവിചാരത്തോടെ ഞാന്‍ വടക്കേ പറമ്പി ലേക്ക് നടന്നു . ഹനുമാന്റെ കദളീവനം പോലെ മനോഹരമായ ഒരു വാഴ  ത്തോട്ടം പണ്ട് ഇവിടെ ഒരു കൊച്ചു ഓലപ്പുരയുണ്ടായിരുന്നു അപ്പേട്ടനും.... കാറ്റിന്റെ ഈണങ്ങളില്‍ എവിടെഒക്കെയോ മണിക്കുട്ടീ... എന്നാ വിളി കാതില്‍ പ്രതിധ്വനി ക്കുന്നു എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍  ഒഴുകി. 
      
     ''എന്തേ പാറൂട്ടീ ഒറ്റയ്ക്ക് ... ദിവാസ്വപ്നം കണാണോ'' ശ്രീയെട്ടന്റെ  ശബ്ദം.. മക്കളുമായി ശ്രീയേട്ടന്‍ ഒപ്പമെത്തി വാ നമുക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ കുലയുണ്ടോന്നു നോക്കാം എന്നുപറഞ്ഞു തോട്ടത്തിലേക്കിറങ്ങി  വാഴത്തേന്‍     ഞങ്ങള്‍ക്ക് പറിച്ചു തന്നു. കുറേനേരം അവിടെ ചിലവഴിച്ചു. 

     ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ഞാന്‍ എന്റെ വീടിറെ മട്ടുപ്പാവില്‍ പോക്കുവെയിലിന്റെ ഭംഗി ആസ്വദിച്ചു നില്‍ക്കുകയായിരുന്നു. പ്രവാസത്തില്‍ നഷ്ടപ്പെട്ടവിലപ്പെട്ട ഒരു ഭംഗി ... പകല്‍ വിടപറയുന്ന... പക്ഷികള്‍ കൂടണയുന്ന... ഭംഗികള്‍ മറയുന്ന...ഇരുട്ട് വ്യാപിക്കുന്നതിന്റെ ഒക്കെ സൂചന...എങ്കിലും സന്ധ്യേ നീ എത്ര സുന്ദരി !!! വരാന്‍ പോകുന്ന ഇരുട്ടിന്റെ കുറിച്ച് ചിന്തിക്കാതെ തന്റെ ചുവന്നു തുടുത്ത
മുഖത്തില്‍ കുങ്കുമപൊട്ടുകുത്തി മഞ്ഞ കസവണിഞ്ഞു  നില്‍ക്കുന്നകുലീനയായ സന്ധ്യ.... ഇവിടെ ഇങ്ങനെ ഇരി ക്കാന്‍ എന്തുരസമാണ് ഒരു തണുത്ത  കാറ്റ് എന്നെ തഴുകി കൊണ്ടിരുന്നു. 

     എന്റെ സുന്ദര ഏകാന്തതയെ തടസ്സപ്പെടുത്തി ഒരു കാര്‍ ഗേറ്റിനു മുന്നില്‍ വന്നു നിന്നു അതില്‍നിന്നും ഒരാള്‍ ഇറങ്ങി ഗേറ്റ് തുറക്കുന്നു ഞാന്‍ അമ്പര പ്പോടെ പെട്ടെന്ന് താഴെ ഇറങ്ങി ഗേറ്റിനടുത്തെത്തി ഇതിനിടെ കാര്‍ മുറ്റത്തെ ത്തിയിരുന്നു അതില്‍നിന്നും സുമുഖനായ ഒരാള്‍ ഇറങ്ങി എന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ  നിറഞ്ഞ പുഞ്ചിരിയുമായി വീട്ടിനുള്ളി ലേക്ക് കയറി. എന്നിട്ട് ചോദിച്ചു ''നിനെക്കെന്നെ മനസ്സിലായില്ലേ..ഞാന്‍ നിന്റെ അപ്പേട്ടനാടി...എന്റെ മണിക്കുട്ടീ നീ എന്നെ മറന്നോ? ഞങ്ങള്‍ നാടുവിടുമ്പോള്‍ നീമാത്രമല്ലേ കരഞ്ഞത് ..പോകല്ലേന്നു പറഞ്ഞത് .. ഇന്ന് ഞാന്‍ തിരിച്ചുവന്നതും 
നിനെക്കുവേണ്ടിയാണ്..ഞാന്‍ ജീവിക്കുന്നു എന്ന് നിന്നെ   അറിയിക്കാന്‍ ... അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു പിന്നീടൊന്നും ഞാന്‍ കേട്ടില്ല  ഞാന്‍ ഒരു പന്ത്രണ്ടു കാരിയായി മാറുകയായിരുന്നു . 

    ഞാന്‍ പിച്ചവച്ചത് മുതല്‍ എന്നെ കൈപിടിച്ച് നടത്താന്‍ അപ്പേട്ടന്‍ ഉണ്ടാ യിരുന്നു. മണിക്കുട്ടീന്നുള്ള വിളികേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നിരുന്നത്. വീട് അപ്പുറത്തെങ്കിലും   അപ്പേട്ടന്‍ പ്പോഴും ഞങ്ങളോടോപ്പമാണ് വിമലേച്ചി, നാട്ടുകാരുടെ എല്ലാം വിമലേച്ചി അപ്പേട്ടന്റെ അമ്മ  എന്റെ അമ്മയെ സഹായിക്കാന്‍  വീട്ടില്‍ ഉണ്ടാകും. ഒപ്പം അപ്പേട്ടനും . 

     മണ്ണപ്പം ചുടാനും ഊഞ്ഞാലാട്ടാനും കുളിക്കാനും കളിക്കാനും ഒക്കെ എനിക്കപ്പേട്ടന്‍ വേണം അപ്പേട്ടന് ഞാനും തോട്ടിലും തൊടിയിലും ഒക്കെയായി ഞങ്ങള്‍ ആടിപ്പാടിനടന്നു. സ്കൂളില്‍ പോകുമ്പോള്‍ എന്റെ ബോഡി ഗാടായി രുന്നു. എനിക്ക് അമ്പിളിമാമനെ വേണം എന്നുപറഞ്ഞാല്‍ അതിനും  ഒരു ശ്രമം നടത്തും അതാണെന്റെ അപ്പേട്ടന്‍...

     അപ്പേട്ടന്റെ അമ്മ ... മെലിഞ്ഞുണങ്ങി എങ്കിലും ഒരു താഴമ്പൂ പോലെ സുന്ദരിയായിരുന്നു .......ദുഃഖം തളംകെട്ടിനില്‍ക്കുന്ന കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞു നിന്നിരുന്നു എങ്കിലും എവിടെയോ അവര്‍ പ്പോഴും ഒരു ചിരിച്ച മുഖം സൂക്ഷിച്ചിരുന്നു സ്നേഹസ്വരൂപിയായ അവരെ ഞാനും അമ്മെ എന്ന് വിളിച്ചിരുന്നു . പക്ഷെ അപ്പേട്ടന്റെ  അച്ഛന്‍ തുനേരവും ചാരായത്തില്‍ മുങ്ങി... ഒരിക്കല്‍പോലും ആരും അയാളെ സ്വബോധത്തോടെ കണ്ടിട്ടില്ല നാടുമുഴുവന്‍ കടം വാങ്ങി കുടിച്ചു നടക്കുന്ന വെറും ഒരാഭാസന്‍... സ്വന്തം ഭര്‍ത്താവിനെ നിയന്ത്രിക്കാനോ മറുത്തുപറയാനോ  ആ പാവം സ്ത്രീക്കറിയില്ലായിരുന്നു . വീടുകളില്‍ അടുക്കളപ്പണി ചെയ്തും പശുവിനെ വളര്‍ത്തിയും അവര്‍ മകനെ നന്നായി വളര്‍ത്താന്‍ പെടാപാട് പെടുകയായിരുന്നു..

     അങ്ങിനെ ഇരിക്കെ ഞങ്ങള്‍ സ്കൂളില്‍ നിന്നു മടങ്ങിവന്ന ഞങ്ങള്‍ കണ്ടത് മുട്ടത്തു ബോധമില്ലാതെ കിടക്കുന്ന അമ്മയെയും ചോരയില്‍ കുളിച്ചു  കിട ക്കുന്ന  അപ്പേട്ടന്റെ അച്ചനെയുമാണ് വീടിന്റെ സ്ഥാനത്ത് ഒരു പിടിച്ചാരവും. വാവിട്ടു നിലവിളിചോടിയ അപ്പേട്ടന്‍ .... ആരോക്കെയോചെര്‍ന്നു ആ അച്ഛനെയും അമ്മയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ അപ്പേട്ടനും.... എല്ലാം കണ്ടു പേടിച്ചു അലമുറയിട്ടു കരഞ്ഞ എന്നെ അമ്മ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. 

     അതിനു ശേഷം അവരെ ആരെയും ഞങ്ങള്‍ കണ്ടിട്ടേ ഇല്ല. ആ വാടക വീടിന്റെ  സ്ഥലം അച്ഛന്‍ ഒന്നാന്തരം വഴത്തോപ്പാക്കി ....അപ്പേട്ടന്റെ പൊട്ടി      ച്ചിരിയാണ് എന്നെ ചിന്തയില്‍ നിന്നുനര്ത്തിയത്. അപ്പേട്ടന്‍ ഏട്ടന്റെ ജീവിത വിജയം വിശദമായി അഭിമാനത്തോടെ പറയുകയായിരുന്നു അപ്പോഴും.ഞാന്‍ 
ഒന്നും കേട്ടില്ല ... ഒന്നുമാത്രം എനിക്ക് മനസ്സിലായി അപ്പേട്ടനും അമ്മയും ഇപ്പോഴും ജീവിച്ചിരിക്കുന്നു ... സുഖമായി സമ്പന്നനായി....എനിക്കത് മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു .... 

    മനസ്സിന്റെ കോണില്‍ ഒരുഭാഗത്ത് ഞാനറിയാതെ എരിഞ്ഞുകൊണ്ടിരുന്ന ആ കനലില്‍ വെള്ളം ഒഴിച്ച് കേടുത്തിയതിന്റെ ചാരിതാര്‍ത്ഥ്യം .....ഞാന്‍ കണ്ണടച്ച് എല്ലാ ഈശ്വരന്‍മാര്‍ക്കും  നന്ദി പറഞ്ഞു .   

3/27/2012

വെള്ളിനക്ഷത്രം

                                                          
                                            ശ്യാമാംബരം ദൂരെ കതിരണിയും നേരം 
                                            തിങ്കള്‍ക്കലമാനോടുമ്പോള്‍......
      
കാറിന്റെ സ്ടീരിയോയില്‍ നിന്നും യേശുദാസിന്റെ ഘനഗംഭീരശബ്ദം ഒഴുകിവരുന്നു. ആരും ഒന്ന് ശ്രദ്ധിച്ചു പോകുന്ന അതിമനോഹര ഗാനം....പക്ഷെ എനിക്ക് ഈ ഗാനം ഒരു വേദനയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു എന്നാല്‍ ഇന്നും മനസ്സിന്റെ നെരിപ്പോടില്‍ ഒരു കടും കനലായി അത് ഹൃദയത്തെ നോവിച്ചുകൊണ്ടേ ഇരിക്കുന്നു. ഞാനറിയാതെ മനസ്സ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ ചിറകടിച്ചു പറക്കുന്നു .......

      കോളേജു യുണിയന്‍ ഇനാഗുരേഷന്‍....ഞങ്ങള്‍ സീനിയേര്‍സ് ഞങ്ങളുടേതായ അധികാരങ്ങള്‍ ഉപയോഗിച്ച് കുറച്ചു ഷൈന്‍ ചെയ്യുന്ന ദിവസം . ചെറിയവരെ ഒന്ന് വിരട്ടിയും തമാശകള്‍ പൊട്ടിച്ചും കുസൃതികള്‍ കാട്ടി വാകമരച്ചുവട്ടില്‍ ഞങ്ങളുടെ 'നാല്‍വര്‍സംഘം'. പരിപാടികള്‍ കാണുക എന്നാ ബോറന്‍ 'പരിപാടിയോട് ' ഞങ്ങള്‍ക്ക് താത്പര്യം തീരെയില്ല.അങ്ങിനെ അതിനെ കലക്കാം അല്ലെങ്കില്‍ അലങ്കോലപ്പെടുത്താം എന്നുമാത്രം ചിന്തിച്ചിരുന്ന കാലം. അല്ലെങ്കില്‍ തന്നെ യുണിയന്‍ ഇനാഗുരേഷന്‍ എന്നാല്‍ അടിപിടി ഈനൊരു അര്‍ത്ഥവും ഉണ്ടെന്നെല്ലാപേര്‍ക്കും അറിയാം അതുകൊണ്ടുതന്നെ കഴിവതും ആരും അന്നത്തെ ദിവസം സ്റ്റേജില്‍ കയറാന്‍ ധൈര്യപ്പെടില്ല. കാരണം അടിപിടി എവിടുന്നാ എപ്പോഴാ എന്നറിയില്ലല്ലോ. പിന്നെ തോറ്റ എതിര്‍കക്ഷികള്‍ അവരുടെ കഴിവ് തെളിയിക്കുന്നതും അന്നാണല്ലോ.അവര്‍ അവരുടെ നിരാശയും ദേഷ്യവും ഒക്കെ തീര്‍ക്കുന്നത് അവിടെയല്ലേ ....

     പെട്ടെന്ന് ഉച്ചഭാഷിണിയില്‍ നിന്നും ഞങ്ങളെ എല്ലാം വിസ്മയിപ്പിച്ചുകൊണ്ട്‌ ഒരു മനോഹര ഗംഭീര ഗാനം ഒഴുകിവരുന്നു. ബഹളത്തിനിടയില്‍ ആദ്യം വ്യക്തമായില്ല പതുക്കെ കോളേജു ആകെ നിശബ്ദമായി എല്ലാപേരും ആ ശബ്ദത്തിനായി  കാതോര്‍ത്തു. ഞങ്ങളും വാകചോട്ടില്‍നിന്നും ആടിട്ടോറിയത്തിലേക്ക് പാഞ്ഞു . ആരാ ഈ മധുര ഗായകന്‍ എന്നറിയാനുള്ള ആവേശമായിരുന്നു ... കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഡിഗ്രിക്ക് പുതുതായി വന്ന , കഴിഞ്ഞദിവസം ഞങ്ങള്‍ ചെറുതായി ഒന്ന് വിരട്ടിയ , ഞങ്ങളുടെ വരവ് കണ്ടപ്പോള്‍ തന്നെ കരയാന്‍ തുടങ്ങിയ കുട്ടി . കണ്ണ് നിറഞ്ഞത്‌ ആരും കാണാതെ തുടച്ചു. 

    അത് ഒരു വഴിത്തിരിവായിരുന്നു ...ഞങ്ങള്‍ ചങ്ങാതിമാരായി ... ഞങ്ങളുടെ കൊച്ചനുജന്‍ .തരാം കിട്ടിയാല്‍ അവന്‍ ഞങ്ങളോടൊപ്പമാണ്.അങ്ങിനെ ഞങ്ങള്‍ 'അയിവര്‍സംഘം' എന്നറിയപ്പെടാന്‍ തുടങ്ങി .ഞങ്ങള്‍ ബസ്സിറങ്ങുമ്പോള്‍ അവന്‍ സ്റൊപ്പിലെ ആല്‍ച്ചുവട്ടില്‍ ഞങ്ങളെ കാത്ത് നില്‍പ്പുണ്ടാകും.ഒരുമിച്ചു തമാശകള്‍ പറഞ്ഞു, കുറുംപുകാട്ടി, പാട്ടുപാടി ....രണ്ടു വര്‍ഷത്തെ നിറഞ്ഞ സൗഹൃദം ....

    ഞങ്ങള്‍ മനസ്സിന്റെ വിചാരങ്ങള്‍ പരസ്പരം ആത്മാര്‍ഥതയോടെ കൈമാറി.
എന്റെ ചെറിയ സാഹിത്യം അവനു വലിയ ഇഷ്ടമായിരുന്നു. എത്ര പൊട്ടക്കഥ യായാലും വളരെ താത്പര്യത്തോടെ കേള്‍ക്കും എന്നിട്ട് ഒരു വലിയ നിരൂപകനെപ്പോലെ വിമര്‍ശിക്കും .അഭിപ്രായം പറയും. എന്റെ കവിതകള്‍ക്ക് ഈണം കൊടുത്തു മനോഹരമായി പാടും അങ്ങിനെ ഞങ്ങളുടെ ഒഴിവു സമയങ്ങള്‍ പാട്ടും കഥയും കവിതകളും കൊണ്ടുനിറഞ്ഞ വര്‍ണ്ണ ശബളമായ ചിത്രശലഭത്തെ പോലെയായിരുന്നു. ദിവസങ്ങള്‍ പറന്നു പൊയ്ക്കൊണ്ടിരുന്നു. ക്ലാസുകള്‍ കഴിയാനുള്ള ദിനങ്ങള്‍ അടുത്തുകൊണ്ടിരുന്നു.ഇനി എങ്ങിനെ കാണാതെ ...കഥ പറയാതെ... പാടാതെ .. മനസ്സിന് ഭാരം കൂടി .. വിഷാദം ഞങ്ങളില്‍ നിറഞ്ഞു ...

    അങ്ങിനെ പതിവുപോലെ സ്റ്റോപ്പില്‍ ഇറങ്ങിയ ഞങ്ങള്‍ സ്വാഭാവികമായി ആല്‍ ചുവട്ടിലേക്ക്‌ ചെന്നു. ഞങ്ങളെ നിരാശപ്പെടുത്തി അവന്‍ അവിടെ ഇല്ലായിരുന്നു . ഞങ്ങള്‍ കാത്തിരുന്നു.എന്നും ഞങ്ങളെ കാക്കും അന്ന് ഞങ്ങള്‍ അവനെ കാത്തു.എന്തെ അവന്‍ വരാത്തെ ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു. അവന്‍ ഇല്ലാതെ കോളെജിലേക്ക് പോകാന്‍ തോന്നിയില്ല.സമയം ഉച്ചയായി .എന്നിട്ടും ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടില്ല കാരണം തമ്മില്‍ കാണാനുള്ള ഒരു സമയവും അവന്‍ പാഴാക്കില്ല .ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ.





     
    പെട്ടന്നു കോളേജില്‍നിന്നും പ്രിന്‍സിപ്പാളിന്റെ അനവ്ന്‍സ്മെന്റ്റ്'a sad news for you all...'പിന്നൊന്നും  കേട്ടില്ല...തല കറങ്ങുന്നു ...പൊട്ടിക്കരഞ്ഞു കോളേജു മുഴുവന്‍...മരണമണി മുഴക്കി ഒരാംബുലന്‍സ് ഗ്രവുണ്ടിലേക്ക് ചീറിപ്പഞ്ഞു പൊയ്.ഞങ്ങളെ കണ്ടിട്ടും നിറഞ്ഞ ചിരിയുമായി ഇറങ്ങിവരാതെ ഞങ്ങളുടെ കൊച്ചനുജന്‍ അതിനകത്ത് ഒരു വെള്ളത്തുണി പുതച്ചു സുഖമായി ഉറങ്ങുക യായിരുന്നു...
     
     ഞങ്ങളോട് യാത്രപോലും പറയാതെ ...ഓര്‍മ്മപുസ്തകത്ത്തില്‍ ഒരു വരിപോലും എഴുതാതെ...ജിവിത വഴിയില്‍ എവിടെ എങ്കിലും വച്ചുകാണാം എന്ന പ്രതീക്ഷപോലും തരാതെ ....
    
      എന്റെ ശ്യാം നീ നീലാംബരത്തില്‍ തിങ്കള്‍ കാലമാനോടൊപ്പം ഓടിക്കളിക്ക യാണോ... നിനെക്ക് എന്നെ കാണാന്‍ കഴിയുമോ ....ആകാശത്ത് ചന്ദ്രനുദിക്കു മ്പോള്‍...താരങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍...ഞാന്‍ നിന്നെ നോക്കും അതിലെ ങ്ങാനും നിന്റെ മുഖം തളിയുന്നുണ്ടോ എന്ന് ...ഇന്നും കാത്തിരിക്കുന്നു നിന്നെ ആ ആല്‍ച്ചുവട്ടില്‍ അല്ല .....മനസ്സില്‍ .....നീ ഒരു വെള്ളിനക്ഷത്രമായി ഉദിക്കുന്നതും കാത്ത്‌........
 

3/22/2012

നിനക്കായ്‌

                   
നിനക്കായ് ഞാനൊരു കവിത കുറിക്കട്ടെ
എന്‍ ഹൃദയമായ് തന്നെ എടുക്കുമോ നീ
എന്റെ മനസ്സില്‍ മരുഭൂവിലെന്നോ
 ഒരു പനിനീര്‍ ചെടി ഞാന്‍ നട്ടിരുന്നു
ഞാനുമാതെന്നോ മറന്നിരുന്നു ....

നിനെയത്ത നേരത്ത് നീവന്ന നേരത്ത്
നീയറിയാതെ ഞാനറിയാതെ
നിന്‍ സ്നേഹമതിന്നു   തീര്‍ത്ഥം മായി
നാമറിയാതതില്‍ തളിരുവന്നു

തളിരിന്നു ഇലയായി മൊട്ടും വന്നു
നാളെ അത് വിരിഞ്ഞുവരും
ഇത്‌ പ്രണയമോ മോഹമോ അറിയില്ല എങ്കിലും
ഞാന്‍ പ്രണയം എന്ന് വിളിചിടട്ടെ
ഇത്‌ ഹൃദയമായ് തന്നെ എടുക്കുമോ നീ


3/17/2012

അവള്‍


അസ്തിത്വമില്ല ജീവനില്ല
അഭിപ്രായമൊന്നിനും തീരെയില്ല
ചിന്തകളെല്ലാം മനസ്സിന്റെയുള്ളില്‍
ചങ്ങലക്കിട്ടു പൂട്ടിയിട്ടു !!

മോഹങ്ങളെല്ലാം മനോഹരമായൊരു
സമ്മാനപ്പെട്ടിയില്‍ പോതിഞ്ഞുവച്ചു
അത്  പട്ടുതുണിയാല്‍ മോടികൂട്ടി
അവള്‍ ചില്ലലമാരയില്‍ പൂട്ടിവച്ചു!!

വേദനയെല്ലാം കടഞ്ഞെടുത്തു
ഒരു മന്‍ഭരണിയില്‍ ഉപ്പിലിട്ടു
എന്നും ഊണിനു കറിയായി
വിളംബിവച്ചു - അവര്‍  സ്വാദോടെ
കഴിക്കുന്ന കണ്ടിരുന്നു

വെളിച്ചം കണ്ടിട്ടും കാണാത്തപോലെ
കണ്ണുകള്‍ പൂട്ടി ഇരുട്ടാക്കി
വിശാല ലോകം അരികിലെന്നാകിലും
സ്വാതന്ത്ര്യം ചങ്ങല ഇട്ടുപൂട്ടി അവള്‍
സ്വന്തം തടവറ ഏറ്റെടുത്തു

കൊട്ടും കുരവയും ആളും മേളവും
അത് ആത്മഹത്യക്കുള്ള മേളമായി
അവള്‍ എല്ലാം അറിഞ്ഞു
അറിയാത്തപോലെ
പുഞ്ചിരി മേല്ലാപ്പണിഞ്ഞു നിന്നു അവള്‍
ഇന്നും അണിഞ്ഞു ചിരിച്ചിടുന്നു






3/11/2012

നീര്‍പ്പോള

             
ചോര ചാറിച്ചൊരു ജീവിതം, അതില്‍
സ്വപ്നങ്ങള്‍  കൊണ്ടൊരു കൊട്ടാരം
 കത്തിനില്‍ക്കുന്നോര യെവ്വന കാലത്തില്‍
എല്ലാം ത്യജിച്ചവാന്‍ യാത്രയായി
ഒരുപാടു മോഹത്തിന്‍ മാറാപ്പു മായവാന്‍
സ്വപ്ന വിമാനത്തില്‍ യാത്രയായി

ഉള്ളില്‍ പിടയുന്ന  നോവുമറന്നു
സ്വന്തം വിയര്‍പ്പവന്‍ മുത്താക്കി 
കത്തുന്ന യെവ്വനം ഉരുക്കി എടുത്തു
മോഹക്കൊട്ടാരത്തിന്‍  ചുവരുകെട്ടി

ഒരു കൊച്ചു പനിയായി വന്നു വില്ലന്‍
പ്രജ്ഞയും  കൊണ്ടു കടന്നു പോയി
ചലനം നശിച്ചു ഓര്‍മ്മനശിച്ചു
കണ്ണുകള്‍ മാത്രം ചലിച്ചു നിന്നു
അതില്‍ കത്തുന്ന മോഹങ്ങള്‍ ബാക്കിയായി

ചീട്ടുകൊട്ടാരം തകര്‍ന്നടിഞ്ഞു
സ്വപ്നങ്ങളില്ലാ  വിമാനത്തില്‍ കേറ്റിയാ
പട്ടമോഹത്തിനെ കൊണ്ടു വന്നു
അവള്‍ പോട്ടിക്കരയാതെ നോക്കിനിന്നു
ഒരു ശിലാ പ്രതിമയായ് ഉറഞ്ഞു നിന്നു









3/05/2012

കൃഷ്ണലഹരി



വിണ്ണിന്റെ നീലിമയില്‍ കണ്ണനെ കണ്ടു ഞാന്‍ 

മേഘത്തിന്‍ തുണ്ടില്‍ പൈക്കളെയും .
കളകൂജനമായ് മുരളിക കേട്ടുഞാന്‍ 
കണിക്കൊന്ന മലരില്‍ നിന്‍ ചേല കണ്ടു. 

കള കൂജനത്ത്തിലും ദല മര്‍മ്മരത്തിലും 
മയങ്ങുന്നു കണ്ണന്റെ മധുര ഗീതം 
ആ ഗാന ലഹരിയില്‍  ഞാനലിഞ്ഞപ്പോള്‍
ദ്വാപരയുഗത്തിലെ രാധികയായ് 
കണ്ണന്റെ പ്രിയസഖി രാധികയായ് 

എന്മനോ വൃന്ദാവനത്തിലെങ്ങും
പാരിജാതങ്ങള്‍ പൂത്തുലഞ്ഞു 
മയിലുകള്‍ പീലിവിടര്‍ത്തി 
നിന്സ്വരമെന്നിലലിഞ്ഞു ഞാനൊരു 
മായലോകത്തിലായ്

മുരളീരവമെന്‍ ഹൃദയതാളം 
നൂപുര ധ്വനിയെന്‍  ശ്വാസതാളം 
കോമളമേനിയെന്‍ ദൃശ്യ ലോകം 
ഹരിനാമകീര്‍ത്തനമെന്‍  ശ്രവ്യലോകം ....
ഹരിനാമ കീര്‍ത്തനമെന്‍  ശ്രവ്യലോകം