10/21/2013

പെണ്ണ്അര്‍ദ്ധനാരീശ്വരനായ്  പാര്‍വതിക്ക്
പാതി പകുത്തങ്ങു നല്‍കി നീ
എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

രാജ്യസുഖങ്ങളുപേക്ഷിച്ചു നിന്‍റെ
പാദസേവക്കായ് കൊതിച്ചവള്‍ പാര്‍വതി
കഠിന തപസ്സും സ്നേഹവും കൊണ്ടവള്‍
ആവോളം നിന്നെ പൂജിച്ചില്ലേ
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

അച്ഛനെപ്പോലും ധിക്കരിച്ചു അവള്‍
അമ്മേടെ കണ്ണീരിനേം കണ്ണടച്ചു
സൌഭാഗ്യങ്ങളൊക്കെ അവഗണിച്ചു
നിന്‍റെ കഠിനമാം ജീവിതം ഏറ്റെടുത്തു
എന്നിട്ടും നീ
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?

നിന്‍റെ ശക്തി തേജസ്സിന്നു മാറ്റുകൂട്ടി
അവള്‍ നിന്‍റെ സന്താനത്തെ നൊന്തു പെറ്റു
മഞ്ഞിലും കല്ലിലും അവള്‍ ശയിച്ചു  പിന്നെ
ഭൂതഗണങ്ങളെ  തോഴരാക്കി

എന്നിട്ടും
എന്തിനായ് തിരുജഡയിലൊളിപ്പിച്ചു  ഗംഗയെ?