5/30/2013

ഒരു പാട്ട്

 
ഒരു പാട്ട് കൂടി പാടുവാൻ ഞാനിതാ
നിൻസവിധത്തിൽ തപസ്സിരിപ്പൂ
ഒരു തേൻ കണമായ് എന്നിൽ നിറയ്ക്കുക
ആ സർഗ്ഗ ചേതന ഇറ്റെങ്കിലും
 
ചുറ്റും ചിരാതുകൾ നൃത്തം ചവിട്ടുന്ന
കാർത്തിക രാവിന്റെ ചന്തങ്ങളിൽ
ആകാശ മേലാപ്പിൽ താരകപ്പൂവുകൾ
പൂത്തുലയുന്നോരീ രാവിതോന്നിൽ
നീവരില്ലേ എന്റെ ഭാവനാ ലോകത്തിൽ
പൂത്തിങ്കളായി  പ്രഭചൊരിയാൻ

രാപ്പൂവിൻ ഗന്ധങ്ങൾ ചുറ്റും നിറയുന്ന
മാദക രാവിന്റെ യാമങ്ങളിൽ
പാതിരാക്കാറ്റിന്റെ നൂപുരതാളത്തിൽ
പൂമരം ലാസ്യമോടാടിടുമ്പോൾ
ആ പൂനിലാവിന്റെ പാലോളിശോഭയിൽ
രാപ്പാടിപോലെ ഞാൻ  പാടിടട്ടെ.

5/22/2013

സീത

       
രാമായണത്തിന്റെ ശീലോന്നു കേട്ടപ്പോള്‍
വൈദേഹി നെഞ്ചില്‍ കനലായി നിന്നു
പതിവൃതയായിട്ടും പാതിപകുത്തിട്ടും
അഗ്നിയില്‍ ശുദ്ധി നടത്തിയിട്ടും
നീതികിട്ടാത്തൊരാ രത്നത്തിന്‍ ദുഃഖം
ഭൂമീടെ നെഞ്ചും പിളര്‍ത്തിയില്ലേ

അഭയമില്ലാതെ തണലുമില്ലാതെ
കാട്ടിലും മേട്ടിലും അവളലഞ്ഞു
കാനന സീതയായ് കാഞ്ചന സീതയായ്
കണ്ണീര്‍ക്കടലായ് അവളലിഞ്ഞു

എന്നിട്ടുമിന്നും പാടിപ്പുകഴ്ത്തുന്നു
രാമാപദാനങ്ങള്‍ വീരകൃത്യങ്ങള്‍
സീതയെ നമ്മള്‍ മറക്കുന്നുവോ
അതോ കണ്ടിട്ടും കാണാതെ പോകുന്നുവോ