12/11/2013

ഞാന്‍ എന്നിലേക്ക്‌

  

ഒന്ന് തിരികെ നടക്കട്ടെ  
വന്ന വഴിയില്‍ കാണാതെ പോയ 
പൂക്കള്‍ തേടട്ടെ .....

കിളിക്കൊഞ്ചലും പാട്ടും
അരുവിതന്‍ കുളിരും
വഞ്ചിപ്പാട്ടിന്റെ  പൊരുളും അറിയട്ടെ.......

പൊന്നുരുളകളാല്‍ അമ്മതന്‍ സ്നേഹവും 
അച്ഛന്റെ കരുതലും
കൂടപ്പിറപ്പിന്‍ കളിചിരികളും.

ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍
ഞാന്‍ കേള്‍ക്കുന്നു
നനുത്തൊരു പാട്ടിന്റെ  ഈരടികള്‍.

ഒരു വെള്ളിക്കൊലുസായ് എന്നെപ്പുണര്‍ന്ന
കുളിരോളങ്ങള്‍ 
കലപില കൂട്ടുന്നു 

പറയാന്‍ മറന്ന പ്രണയത്തിന്‍ ശീലുകള്‍ 
പറയാതെ പറയുന്നു 
നൊമ്പരമായ് 

നനയാതെ പോയ മഴകളും
കുളിരറിയാതെ പോയ 
ശിശിരങ്ങളും....
ഇടറിയ കാലും പതറിയ സ്വരവും 
ഇടനെഞ്ചിനേറ്റ
മുറിവുകളും 

കണ്ണുനീര്‍ വറ്റിയ കണ്ണിലൂറുന്നില്ല
ഒരുതുള്ളി പോലും 
ഒന്നുകരയാന്‍   

എങ്കിലും
തിരികെ ഞാന്‍ പോകുന്നു
എന്നെ മറന്ന എന്നെത്തേടി .