ചുറ്റും പച്ചപ്പുകള്‍ വെള്ളാരം കല്ലുകള്‍
നീന്തിക്കളിക്കുവാന്‍ തെളിനീര്‍ കുളിരുകള്‍
വര്‍ണ്ണച്ചിറകുമായ് പ്പാറിക്കളിച്ചു
നീന്തിത്തുടിച്ചു രസിച്ചു
ആറ്റിന്നൊഴുക്കില്ല
കാഴ്ചക്ക് മാറ്റമില്ല
എല്ലാം എനിക്കുണ്ട് ഒന്നുമില്ലാത്തൊരു
സ്പടികത്തിന്‍ പാത്രമാണെന്റെ ലോകം
കാണുന്നു നല്ലവെളിച്ചം
അസ്തമിക്കുന്നത് രാത്രിയായാല്‍
അസ്തമിക്കുന്നത് രാത്രിയായാല്‍
അത് സൂര്യവെളിച്ചമല്ലെന്നറിയാം
വെറും നിയോണ്‍ വെളിച്ചമെന്നെനിക്കറിയാം
അറിയാമതെങ്കിലും അറിയില്ലെനിക്കെന്നു
നിന്നെപ്പറഞ്ഞു വിശ്വസിപ്പിച്ചു ഞാന്‍
ചുറ്റും നിറഞ്ഞത് പ്ലാസ്ടിക്കിലകളും
മണമില്ലാപ്പൂക്കളും
കൃത്യമായ് നല്‍കുന്ന ഭക്ഷണ ചീളുകള്‍
കുമിളയായ് കിട്ടുന്നു ജീവവായു ....
എന്റെ ഇഷ്ടങ്ങള്‍ മറക്കുന്നു ഞാന്‍
അല്ല മറക്കണം ഞാന്‍
നിന്‍റെ ഇഷ്ടങ്ങള്‍ അറിയണം ഞാന്‍
നീ പറയുമ്പോള്‍ കഴിക്കണം ഞാന്‍
നീപറയുമ്പോള്‍ ഉണരണം ഞാന്‍
ഒരു സ്പടിക പ്പാത്രത്തില്‍
നിറയുന്ന വര്‍ണ്ണപ്പ്രപഞ്ചമാണെന്‍റെ ലോകം
എപ്പോള്‍ വേണേലും പൊട്ടിച്ചിതറിടാം
എന്റെ ലോകത്തിന്‍ അതിര്‍വരമ്പ്
എങ്കിലും നീന്തിത്തുടിക്കുന്നു ഞാന്‍
വെള്ളത്തിലലിയുന്ന കണ്ണീര്‍ നനവുകള്‍
ആരാരും കാണില്ലെനിക്കറിയാം