9/02/2015

കാഞ്ചനക്കൂട്


ഞാന്‍ ഒറ്റയ്ക്കാണ്
പകലുകള്‍ ഏകാന്തവും
രണ്ടു കിടപ്പുമുറിയിലും അടുക്കളയിലുമായി
ഞാന്‍ ജീവിതം തളച്ചിരിക്കുന്നു
അടുക്കളപ്പാത്രങ്ങള്‍ എന്റെ കൂട്ടുകാരികള്‍
അവര്‍ എന്നോട് കിന്നാരം പറയും
ചിലപ്പോള്‍ കലപില കൂട്ടും
മറ്റുചിലപ്പോള്‍ പ്രതിഷേധിച്ചു പൊട്ടിച്ചിതറും
എങ്കിലും അവര്‍ എന്റെ ചങ്ങാതിമാര്‍
എന്റെ നോവുകളെ നുറുക്കി
സമം കണ്ണീരുപ്പും ചേര്‍ത്ത്
ജീവിതത്തീയില്‍ പാചകം ചെയ്യുന്നു
രുചിയോടെ വിഭവം സ്നേഹമായ് വിളമ്പുന്നു
തിന്മയെ ചൂലാല്‍ അടിച്ചുവാരുമ്പോള്‍
ദുഖങ്ങളെ അമര്‍ത്തി തുടക്കാന്‍ മറക്കാറില്ല
പകലിന്‍റെ ഓരോ നിമിഷങ്ങളേയും കൊന്നു തീര്‍ക്കുന്നു
നിലത്തുവീണ ദാരുക രക്തംപോലെ
ഓരോ നിമിഷവും ആയിരം നിമിഷങ്ങളായ്
പുനര്‍ജനിക്കുന്നു
മൌനം ഒരലങ്കരമായ് എന്നെ മൂടുമ്പോള്‍
ശീതീകരിച്ച മുറിയില്‍,സൌഭാഗ്യത്തിന്റെ മടിയില്‍
ഞാന്‍ തൃപ്തയായ വീട്ടമ്മ