3/22/2016

ചുംബനത്തിൻ അർത്ഥാന്തരങ്ങൾ



പുലരിതൻ ചുംബനം തരളിതമാക്കിയ 
മുകുളങ്ങൾ  മെല്ലെ കൺ‌തുറന്നു...
കാറ്റൊന്നു ചുംബിച്ച നേരത്താ പൂമരം 
ആടിത്തിമർത്തപ്പോൾ പൂമഴയായ്....

മനസ്സിൽ നിറഞ്ഞോരാ സ്നേഹത്തിൻ അഗ്നിയത്  
ചുണ്ടിൽ  നിറച്ച  മധുരമായ് ചുംബനം 
സ്നേഹത്തിൻ അരണി കടഞ്ഞപ്പോൾ 
മിന്നിയ  അഗ്നി സ്പുലിംഗങ്ങൾ,പൊള്ളാത്ത തീയുകൾ.     


മൂർദ്ധാവിൽ വാത്സല്യം,കവിളിലത്  സൗഹാർദ്ദം
കൈത്തണ്ടയിൽ നൽകുമ്പോൾ സ്നേഹാര്ദ്രമായ് 
അധരത്തിൽ രതിയായി പടർന്നു കയറവേ
ചുംബനം ജീവസ്പുരണമായി.....

ഹൃദയത്തിലൂറിയ സ്നേഹാമൃതത്തിനെ
കാച്ചിക്കുറുക്കി  ചെഞ്ചുണ്ടിലിറ്റിച്ചു 
വാരിപ്പുണർന്നു കൊഞ്ചിച്ചു നൽകുമ്പോൾ 
പൈതലിൻ കവിളിലത് സ്നേഹമുദ്ര. 

അകലുന്ന നേരത്ത്, യാത്രാമൊഴിയായി
കണ്ണീരിന്നുപ്പ് കലർന്നുള്ള ചുംബനം
പേമാരിപോലെ തുരുതുരെ പെയ്തപ്പോൾ
പരിസരം   പോലും   കരഞ്ഞുപോയി 
ഒടുവിൽ മരണമാം പരമ സത്യത്തിൽ..... 
നാമറിയാത്തൊരാ മരവിച്ച നേരത്ത് 
ഹൃദയം തകർന്നു പ്രിയരവർ നൽകുന്ന  
അന്ത്യചുംബനം ആത്മാവിൻ ചുംബനം. 

3/15/2016

അന്നൊരു മഴയത്ത്


അമ്മ ഒരനുജത്തി അനുജൻ അടങ്ങുന്നതാണ് എന്റെ കുടുംബം.സ്കൂളിൽ നിന്നും അമ്മയെ വീട്ടിൽ എത്തിച്ചശേഷം അച്ഛൻ എല്ലാദിവസവും അടുത്തുള്ള സാംസ്‌കാരിക സമിതിയിൽ പോവുക പതിവാണ് . അത് കഴിഞ്ഞു രാത്രി പത്ത് മണിയായെ വീട്ടില് എത്താറുള്ളൂ .....
ഞങ്ങളുടെ വീട്ടിനു മുന്നിലൂടെ ഒരു പുഴയും അതിനു ചേർന്ന് ഒരു കൈവഴിയും ഉണ്ടായിരുന്നു. ഈ പുഴയ്ക്കു നല്ല ഒരു പാലം ഉണ്ട് എങ്കിലും കൈവഴിയ്ക്ക് മൂന്നു തെങ്ങുംതടിയിൽ ഇട്ട ഒരു നടപ്പാലമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ നാട് പുരോഗമിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. രണ്ടു റോഡുകൾ കൂട്ടിമുട്ടാതെ ആറ്റിന് അക്കെരെയും ഇക്കരെയും വന്നു നില്ക്കുന്നുണ്ട്.
ഈ റോഡുകളെ കൂട്ടിമുട്ടിക്കാൻ പതിബന്ധമായി കുറെ വയലുകളും കുറച്ചു പുരിടങ്ങളും ഉണ്ടായിരുന്നു . ഇതിനു നടുവിലൂടെ റോഡു ഉണ്ടാക്കുക എന്ന ശ്രമകരമായ ദൌത്യം നാട്ടിൽ അത്യാവശ്യം ജനസമ്മതിയുള്ള അച്ഛൻ ഏറ്റെടുത്തു. വിചാരിച്ചതിലും എളുപ്പത്തിൽ ദൌത്യം അച്ഛൻ ഏതാണ്ട് പൂർത്തിയാക്കി .റോഡു പണിയും നാട്ടുകാരുട ശ്രമദാനമായി നടന്നുകൊണ്ടിരിക്കുന്നു.
ഇത്ര ഭംഗിയായി കാര്യങ്ങൾ നടക്കുമ്പോൾ അവിടെ സ്വാഭാവികമായും ചില ശത്രുക്കളും ഉണ്ടാകുമല്ലോ . പക്ഷെ ഈ ശത്രുക്കൾക്കൊന്നും നേരിട്ട് പ്രത്യക്ഷപ്പെടാൻ ധൈര്യമുള്ളവർ ആയിരുന്നില്ല. അതുകൊണ്ട് തന്നെ അവർ തക്കം പാർത്തിരുന്നു. ഞങ്ങൾക്കാർക്കും ഇങ്ങനെ ഒരു നേരിയ ചിന്തപോലും ഇല്ല. കാരണം നാട്ടിൽ എല്ലാപേർക്കും വലിയ ഇഷ്ടവും ബഹുമാനവും ആണ്.അച്ഛനെ എതിർക്കാൻ ആരും ഇല്ല എന്ന ഒരു വിശ്വാസം.
അന്ന് സന്ധ്യ മുതലേ നല്ല മഴയുണ്ടായിരുന്നു . ഞങ്ങൾ പഠിത്തമൊക്കെ കഴിഞ്ഞ് രാത്രി അച്ഛനെയും പ്രതീക്ഷിച്ചിരിക്കയാണ് . ഞാൻ അന്ന് എഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അച്ഛന്റെ സ്കൂട്ടറിന്റെ ലൈറ്റ് കണ്ടു ഇപ്പോൾ അച്ഛൻ എത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ... എത്താനുള്ള സമയം ആയിട്ടും അച്ഛൻ എത്തുന്നില്ല . ഞങ്ങൾ അല്പം അസ്വസ്ഥരായി . മഴ ശക്തിയായി പെയ്യുന്നുണ്ട്. ഞങ്ങൾ കണ്ട സ്കൂട്ടർ മറ്റാരുടെയും ആകാൻ വഴി ഇല്ല കാരണം ആകെ രണ്ടോ മൂന്നോ സ്കൂട്ടറുകളെ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ.
പെട്ടെന്നു അതാ അച്ഛൻ നനഞ്ഞോലിച്ചു ഗേറ്റ് കടന്നു വരുന്നു. സ്കൂട്ടർ എവിടെ അമ്മ ഉദ്യോഗത്ത്തോടെ ചോദിച്ചു. ഞങ്ങളും പരിഭ്രമിച്ചു. പക്ഷെ അച്ഛൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ''ആശേ ആ ടോർച്ചും എടുത്തു എന്റെ കൂടെ വാ '' എന്നുപറഞ്ഞു കാലീളിൽ നിന്നും ഒരു മമ്മട്ടി പോയെടുത്തു . മഴ നല്ല ശക്തിയായി തന്നെ പെയ്യുകയാണ്. ഞാൻ എന്തിനെന്നറിയാതെ പോയി ടോര്ച്ചും എടുത്തു വന്നു. അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അച്ഛൻ രോക്ഷത്ത്തോടെ ''അഹ അവനൊക്കെ എന്നോടാ കളി ? കാണിച്ചു കൊടുക്കാം .... വാടീ ....'' എന്നും പറഞ്ഞു ഒരു കയികൊണ്ട് എന്നെയും പിടിച്ചു മറ്റെക്കൈയിൽ മമ്മട്ടിയുമായി ആ മഴയത്ത് ഇറങ്ങി, ഞാൻ റ്റൊർച്ചു അടിക്കുന്നുണ്ട് . പക്ഷെ കടുത്ത ഇരുട്ടും മഴയും വെളിച്ചത്തെ തടസ്സം ചെയ്യുന്നു. വലിഞ്ഞു നടക്കുന്ന അച്ഛനൊപ്പം എത്താൻ ഞാൻ പാടുപെടുന്നുണ്ട്. കാര്യം ഒന്നും അറിയാനും പാടില്ല എനിക്ക് അല്പം ഭയവും ഉണ്ട്. എങ്കിലും അച്ഛനൊപ്പം അല്ലെ ഞാൻ ധൈര്യം സംഭരിച്ചുഒപ്പം എത്താൻ ശ്രമിച്ചു.
ഞങ്ങളുടെ യാത്ര അടുത്ത കൈവഴിയിലെ തടിപ്പാലത്തിനടുത്ത് അവസാനിച്ചു. നോക്കുമ്പോൾ സ്കൂട്ടർ പാലത്തിനു അപ്പുറത്ത് ഇരിക്കുന്നു . മൂന്നു തടിയിൽ ഉണ്ടാക്കിയ പാലത്തിന്റെ നടുക്കലത്തെ തടി കാണാൻ ഇല്ല. അച്ഛനെ വീഴ്ത്താൻ അച്ഛനോട് എതിർപ്പുള്ളവർ കണ്ടു പിടിച്ച വഴി.
ഈശ്വരാ പാലത്തിൽ കയറും മുന്നേ അച്ഛൻ ഇത് കണ്ടില്ലായിരുന്നെങ്കിൽ എന്തായേനെ ...അച്ഛൻ ലൈറ്റ് ഇങ്ങോട്ടടിക്ക് എന്ന് പറഞ്ഞു കൊണ്ട് വന്ന മമ്മട്ടി കൊണ്ട് ബാക്കി ഉണ്ടായിരുന്ന രണ്ടു തടി കൂടി അങ്ങിളക്കി ഇട്ടു... എന്നിട്ട് ഉച്ചത്തിൽ അലറകതന്നെ ആയിരുന്നു ... ""ആരാണ് ഇത് ചെയ്തതെങ്കിലും ധൈര്യമുണ്ടെങ്കിൽ ഇരുട്ടത്ത് നില്ക്കാതെ ഇറങ്ങിവാ .... അങ്ങിനെ എന്നെ വീഴ്ത്താം എന്നാരും കരുതണ്ട ''
എന്നും പറഞ്ഞു ഒരു ജേതാവിനെപ്പോലെ മംമാട്ടിയും തോളിൽ വച്ച് എന്നെയും പിടിച്ചു തിരിച്ചു നടന്നു ....
സത്യത്തിൽ അവരിൽ ആരെങ്കിലും അച്ഛന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നിലേക്ക്‌ വന്നിരുന്നെങ്കിൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് ചിന്തിക്കാൻ പ്പോലും ആകുമായിരുന്നില്ല.........