5/22/2019

സീത


      
രാമായണത്തിന്റെ ശീലോന്നു കേട്ടപ്പോള്‍
വൈദേഹി,  നെഞ്ചിലൊരു  കനലായി
പതിവ്രതയായിട്ടും പാതിപകുത്തിട്ടും
അഗ്നിയില്‍ ശുദ്ധി നടത്തിയിട്ടും
നീതികിട്ടാത്തൊരാ  പുത്രിതൻ  ദുഃഖം
ഭൂമീടെ നെഞ്ചും പിളര്‍ത്തിയില്ലേ

അഭയമില്ലാതെ തണലുമില്ലാതെ
കാട്ടിലും മേട്ടിലും അവളലഞ്ഞു
കാനന സീതയായ് കാഞ്ചന സീതയായ്
കണ്ണീര്‍ക്കടലായ് അവളലിഞ്ഞു

ഒരുനാൾ വരും തന്റെ ഹൃദയേശ്വരൻ
തന്നെ വാരിപ്പുണർന്നവൻ കൊണ്ടുപോകും
വെറുതേ മോഹിച്ചു കാത്തിരുന്നു പിന്നെ
കണ്ണീർക്കടലിൽ തപസ്സിരുന്നു

അശ്വമേധത്തിനു പാതിമെയ് ആകുവാൻ
ആർത്തവൾ ചെന്നപ്പോൾ കണ്ടതയ്യോ
തന്റെ തൽപ്പത്തിൽ കാഞ്ചസീത..
കണ്ടവൾ ഞെട്ടിത്തരിച്ചു പോയി

വയ്യ...!! വേണ്ടമ്മേ ഇനിയും സഹിക്കുവാൻ
അഭയം തരൂ നിന്റെ മാറിലമ്മേ...!!
കഠിനദുഖത്താൽ നെഞ്ചുപിളർന്നവൾ
ഒരു വൃഥാ സ്വപ്നമായ്  എങ്ങോ മറഞ്ഞു പോയ്
ധരണി മടിത്തട്ടിലേക്കാഴ്ന്നു പോയീ....

എന്നിട്ടുമിന്നും പാടിപ്പുകഴ്ത്തുന്നു
രാമാപദാനങ്ങള്‍ ശ്രീരാമ നന്മകൾ
സീതയെ നമ്മള്‍ മറക്കുന്നുവോ
അതോ കണ്ടിട്ടും കാണാതെ പോകുന്നുവോ