12/24/2012

വേണ്ടായ്മകള്‍



എഴുതാത്ത പേജുകള്‍ 
പറയാത്ത വാക്കുകള്‍
വാക്ക് മറക്കുന്ന വാചകങ്ങള്‍.

പൂക്കാത്ത പൂച്ചെടി 
മണക്കാത്ത പൂവുകള്‍
വിരിയാന്‍ മടിക്കുന്ന പൂമുകുളം .

അടുക്കുന്നു തിരകള്‍
അകലുന്നലകള്‍
കരയെ മറക്കുന്ന കടലലകള്‍.

തുറക്കാത്ത പുസ്തകം
കാണാത്ത കഥകള്‍
വായന മറക്കുന്ന തലമുറകള്‍.

പാടത്ത പാട്ടുകള്‍
കേള്‍ക്കാത്ത ഈണങ്ങള്‍
കേള്‍ക്കാന്‍ കൊതിക്കുന്ന ഈരടികള്‍.

ഇല്ല സഹോദരര്‍
ഇല്ല സഹോദരി
എല്ലാര്ക്കും കണ്ണില്‍ കാമം മാത്രം.

അമ്മയെ വേണ്ട
അച്ഛനെ വേണ്ട
ഞാനും നീയും മാത്രം മതി.

എന്തൊരു ലോകം
എന്തൊരു മാറ്റം
ഇത് നാശത്തിലേക്കുള്ള പോക്കുതന്നെ

12/17/2012

പ്രഹേളിക

 
മനോരാജ്യം:-
എങ്ങും മധുരമാം  കിളിക്കൊഞ്ചല്‍ കേള്‍ക്കുന്നു 
മനം മയക്കും  പുഷ്പഗന്ധം പരക്കുന്നു
സുഖകരമായോരിളം തെന്നലെങ്ങും 
മണ്ടിക്കളിച്ചു കുറുമ്പ് കാട്ടുന്നു .

ആകാശത്തേരില്‍ സൌമ്യനാം സൂര്യന്‍
നിറപുഞ്ചിരിയോടെ എഴുന്നള്ളുന്നു
ചുറ്റും മിഴികള്‍ക്ക് വശ്യത എകും
 ഹരിത മനോഹര ദൃശ്യഭംഗി.


സത്യം:-
കാതടപ്പിക്കുന്ന വാഹന ശബ്ദം
ആര്‍ത്തലക്കുന്ന  കടലിരമ്പംപോലെ
കത്തിജ്വലിക്കുന്ന സൂര്യന്‍റെ കണ്ണില്‍
നിന്ന് തീമഴ പെയ്തു പാരിടത്തില്‍

എങ്ങും പൊടിക്കാറ്റു വീശിയടിക്കുന്നു
കണ്ണിനെ കുത്തിനോവിച്ചു രസിക്കുന്നു
ആകാശം മുട്ടി വളര്‍ന്നു നില്‍ക്കുന്ന
ചില്ലു കൊട്ടരങ്ങളെങ്ങുമെങ്ങും

ആകാശത്തോളം പ്രതീക്ഷയുമായി
പകലന്തിയോളം പണിയെടുക്കുന്ന
പാവം മനുഷ്യരും ഏറെയുണ്ട്
ഉറ്റൊരും  ഉടയോരും നാട്ടിലുണ്ട്
ഒരു കടലോളം സ്നേഹമുണ്ട്
രക്തം വിയര്‍പ്പക്കാന്‍ മടിയുമില്ല

ഒരിറ്റു സ്നേഹം കൊതിച്ചു കൊണ്ട്
എല്ലാം ത്യജിച്ചു കഴിഞ്ഞിടുന്നു
മനസ്സില്‍  ഒരു ഗ്രാമം സ്വപ്നം കണ്ടു
ഉള്ളില്‍ നിറയെ പച്ചപ്പുമായി ......
 




12/04/2012

സന്ധ്യ

     
ആകാശം കുങ്കുമം വാരി വിതറുമ്പോള്‍
ഭൂമിയോ കസവ് ഞൊറിഞ്ഞ് നിന്നു.
അമ്പല മുറ്റത്തെ കല്‍വിളക്കില്‍
നെയ്ത്തിരി നാളങ്ങള്‍ കണ്ണുചിമ്മി.

അമ്പല കൊട്ടിലില്‍ അമ്പലപ്രാവുകള്‍
പുഷ്പാഞ്ജലികള്‍ തോഴുതിരുന്നു.
ഉമ്മറക്കൊലയില്‍ നിലവിളക്കിന്‍ശോഭ
എങ്ങും ഹരിനാമ കീര്‍ത്തനങ്ങള്‍......

കൂട്ടമായ്‌ പാറുന്നു  പക്ഷികള്‍ ചേക്കേറാന്‍
എങ്ങും കലപില കൊഞ്ചലുകള്‍,
പൂനിലാ ചന്ദ്രന്‍ പുഞ്ചിരി  തൂകി
ഭൂമിക്കു വെള്ളപ്പുടവ നല്കി.

പിച്ചികള്‍ മുല്ലകള്‍ കണ്ണുതുറന്നു
നക്ഷത്രപ്പൂക്കള്‍ വിതറി നിന്നു
കുളിര് കൊരിക്കൊണ്ട് മന്ദാനിലന്‍
എങ്ങും തത്തിക്കളിച്ചു പാറി .

എല്ലാര്ക്കും ഉള്ളം കുളിര്‍പ്പിക്കും  നീ സന്ധ്യേ
നിന്‍ സൌന്ദര്യം ആവോള മാസ്വദിക്കട്ടെ ഞാന്‍.

  

12/01/2012

        മനസ്സ്
പ്രണയമൊരു മഴയായ് പെയ്തിറങ്ങുമ്പോള്‍
മനസ്സൊരു മരുഭൂമിയാകുന്നു
ആ മഴ എന്തോ നനക്കുന്നില്ല
ആ നീര്‍മണി എങ്ങോ മറയ്ന്നു
അവളൊരു  ചേമ്പില എന്നപോലെ
നനയാതെ നനയാതെ മാറി നില്‍പ്പൂ

ഒരു കാറ്റിന്‍ തലോടലായ്
പൂമരച്ചില്ലയില്‍ പൂമാരിയായതു പെയ്തുപോയി
വീണു കിടക്കുന്ന പൂവുകളൊക്കെയും
വാടിക്കരിഞ്ഞതും  അവളറിഞ്ഞു

കുത്തിയൊലിക്കുന്ന പാതയോരങ്ങളില്‍
ഒരു പിടി മണ്ണ്‍പോല്‍ തേങ്ങിനിന്നു
ആര്‍ത്തു വരുന്ന വെള്ളത്തിന്‍ ഗര്‍ജനം
പെടിച്ചരണ്ടവള്‍  നിന്നുപോയി
ഒരു കൊച്ചു പാറതന്‍ കനിവുതേടി
പാറക്ക് പ്രത്യുപകാരം കൊടുക്കണം പോല്‍!!!!

താണ്ഡവം കഴിഞ്ഞ  പ്രളയഭൂവിപ്പോള്‍
തരിശ്ശായ് വറുതിയായ്‌ വരണ്ടുപോയി
ചാവുകിളികള്‍ ആര്‍ത്തിപ്പിശാചുകള്‍
 നൃത്തം ചവുട്ടുന്ന മേടുമാത്രം

ഒക്കെക്കഴിഞ്ഞു കരിഞ്ഞു മരിച്ചു
പേടിവേഷങ്ങള്‍ ആര്‍ത്തു ചിരിച്ചു
കപാലങ്ങള്‍ ആടിത്തിമര്‍ക്കുന്ന നേരം
മോഹമായ് വെറുമൊരു വ്യാമോഹമായ്
കിളിപ്പാട്ടും കൊഞ്ചലും തങ്ങിനിന്നു