6/10/2015

രാമേട്ടന്‍റെ ചിരി

  

മനോഹരമായ  ഒരു നാട്ടിന്‍പുറം ആണ് കിള്ളിക്കാട് ഗ്രാമം.  അത്ര  പുരോഗമനം  ഒന്നും എത്തിയിട്ടില്ല.  എങ്കിലും  കുഗ്രാമം  ഒന്നും  അല്ല ട്ടോ ...ധാരാളം  പശുക്കളും  തെങ്ങുകളും  വയലേലകളും  അമ്പലങ്ങളും  ഒക്കെ ഉള്ള  ആ ഗ്രാമത്തില്‍  അത്യാവശ്യം  കുശുമ്പും കുന്നായ്മയും അന്ധവിശ്വാസവും  ഒക്കെ  ഉണ്ട് .. എങ്കിലും ഗ്രാമീണര്‍ പാവങ്ങളും  നിഷ്കാളങ്കരും ആണ്. 

അവിടേക്ക്  ഒരു സുപ്രഭാതത്തില്‍  ഒരാള്‍ പ്രത്യക്ഷപ്പെട്ടു. നീണ്ടു മെലിഞ്ഞതെങ്കിലും ആരോഗ്യം ഉള്ള ഒരു കറുത്ത മനുഷ്യന്‍. അയാള്‍ ആരെ കണ്ടാലും പരിചിതനെപ്പോലെ  അവാരോട് കുശലം ചോദിച്ചു . ഉറക്കെ ഉറക്കെ ചിരിച്ചു. ആര്‍ക്കു എന്ത് ജോലി വേണമെങ്കിലും അയാള്‍  റെടി. ആരെ കണ്ടാലും  ''ഞാന്‍ രാമേട്ടന്‍''  എന്നയാള്‍ പരിചയപ്പെടുത്തും . പതുക്കെപ്പതുക്കെ  അയാള്‍ ആ  ഗ്രാമത്തിലെ ഒരാളായി മാറുക ആയിരുന്നു. അവിടുള്ളവര്‍ക്ക് ഇപ്പോള്‍  എന്തിനും  ഏതിനും  അയാള്‍ വേണം. 

ഇന്ന്  ഞങ്ങളുടെ    ഗ്രാമം  ഉണരുന്നത്    രാമേട്ടന്റെ  പൊട്ടിച്ചിരി  കേട്ടാണ്.. നിങ്ങള്‍  അത്ഭുതപ്പെടേണ്ട ..അതാണ്‌ രാമേട്ടന്‍ എവിടെ നിന്നാലും  എന്തു പറഞ്ഞാലും   പൊട്ടിച്ചിരിക്കും അതും വളരെ ഉച്ചത്തില്‍.എന്നിട്ട് ഓരോ കഥകള്‍ പറയും..യക്ഷിക്കഥകളും  മാടന്‍  മറുത കഥകളും ഒക്കെയാണ് പറയാന്‍ ഏറെ ഇഷ്ടപെട്ടവ...അവ മിക്കതു  സ്വന്തമായി കണ്ടു  എന്നാ രീതിയില്‍  ആണ് പറച്ചില്‍. പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് പറയുന്നത് മിക്കതും  സത്യം പോലെ  നമ്മള്‍ വിശ്വസിച്ചു പോകും. ഒക്കെ കഴിഞ്ഞു കഥകേട്ടു പേടിച്ചിരിക്കുന്ന ഞങ്ങളെ നോക്കി ഉറക്കെ ഉറക്കെ ചിരിക്കും..അതുകൊണ്ടുതന്നെ  കുട്ടികളും മുതിര്ന്നവരും  ഒരുപോലെ  രാമേട്ടന്റെ സാമീപ്യം  ഇഷ്ടപ്പെട്ടിരുന്നു.   

രാമേട്ടനെ  കണ്ടെത്താന്‍ ഒരു പ്രയാസവും  ഇല്ല ആ ചിരി കേള്‍ക്കുന്ന  ദിക്കിലേക്ക്  ചെന്നാല്‍ മതി. പക്ഷെ  അദ്ദേഹം എവിടെ നിന്ന് വന്നെന്നോ എവിടെയാണ് ഉറക്കം എന്നോ ആര്‍ക്കും  അറിയില്ല. ഗ്രാമം ഉണരും മുന്നേ രാമേട്ടന്‍ ഉണരും അതുപോലെ ഗ്രാമം ഉറങ്ങും വരെ അദ്ദേഹം എല്ലായിടത്തും ഉണ്ട്. 

പ്രായഭേദം ഇല്ലാതെ എല്ലാരും അദ്ദേഹത്തെ  രാമേട്ടന്‍ എന്നുതന്നെയാണ് വിളിക്കുന്നത്‌. നാട്ടുകാര്‍ക്ക്  എന്ത്  സഹായത്തിനും രാമേട്ടന്‍ ഉണ്ട്. പലുകറക്കാനും ,തെങ്ങ് കയറാനും, പുരയിടം  കിളക്കാനും,,വയലില്‍  കൃഷിക്കും  ഒക്കെ അദ്ദേഹം മുന്നില്‍ ഉണ്ടാകും..

കൃത്യം നാലുമണിക്ക്  വീടുകളില്‍ പലുകറക്കാന്‍  എത്തുന്നതോടെ  അദ്ദേഹത്തിന്റെ   ഒരു ദിവസം ആരംഭിക്കുകയായി. ഈ പണിക്കിടയില്‍ ഏതെങ്കിലും വീട്ടില്‍ നിന്നും പ്രാതല്‍ കഴിക്കും.. അതുകഴിഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ക്ക്  പല പണികളിലും സഹായിക്കും  അവിടെ ഒക്കെ  പൊട്ടിച്ചിരി  പടര്‍ത്തും.  

അങ്ങിനെ  ഇരിക്കെ  ഒരു ദിവസം ഞങ്ങടെ ഗ്രാമം ആ പൊട്ടിച്ചിരി കേള്‍ക്കാതെ ഉണര്‍ന്നു .  അന്ന് കറവയ്ക്ക് രാമേട്ടന്‍ എത്തിയില്ല. നാട്ടുകാര്‍  ഒന്നടങ്കം അന്വേഷണം  ആരംഭിച്ചു  രാമേട്ടന്‍ എവിടെ ?????

എല്ലാപേരും  പരസ്പരം ചോദിച്ചു . രാമേട്ടന്  എന്ത് സംഭവിച്ചിട്ടുണ്ടാകും ..പലരും പലതും പറഞ്ഞു  ചിലര്‍ പുഴയിലും മറ്റും അന്വഷിച്ച് തുടങ്ങി   ... എന്ത് സഭാവിചിട്ടുണ്ടാകും  ഗ്രാം മുഴുവന്‍ സങ്കടകടലില്‍  ആയി. ഞങ്ങളുടെ  ദിനചര്യകള്‍ ആകെ തെറ്റി. ആളുകള്‍ക്ക്  സംസാരിക്കാന്‍ ഒരു വിഷയം മാത്രം  രാമേട്ടന്റെ തിരോധാനം. 

ദിവസങ്ങള്‍  കഴിഞ്ഞു ഞങ്ങള്‍ ഗ്രാമീണര്‍ പതുക്കെ പതുക്കെ രാമേട്ടന്‍ ഇല്ലാത്ത ജീവിതവുമായി  പൊരുത്തപ്പെട്ടു  തുടങ്ങി ..അങ്ങിനെ ഇരിക്കെ പെട്ടെന്നൊരു ദിവസം  രാമേട്ടന്‍  ഗ്രാമത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു ... പക്ഷെ  അദ്ദേഹത്തിന്റെ ചിരികെട്ടുപോയിരുന്നു. അതുവരെ ഞങ്ങള്‍ കണ്ട രാമേട്ടനേ ആയിരുന്നില്ല  തിരിച്ചു വന്നത് ...

പഴയപോലെ ജോലികള്‍  എല്ലാം കൃത്യമായി ചെയ്യും  പക്ഷെ ആരോടും മിണ്ടില്ല  ചിരിക്കില്ല  എന്ത് ചോദിച്ചാലും  ചോദിക്കുന്നവന്റെ  മുഖത്ത് നോക്കും .. ഒരു നിസംഗ ഭാവം ...

ഞങ്ങടെ ഗ്രാമത്തിലെ  ഒരു മുഖ്യന്‍  ആണ് നാരായണേട്ടന്‍.  അദ്ദേഹവും അറിഞ്ഞിരുന്നു  രാമേട്ടന്റെ തിരോധാനവും  തിരിച്ചു വരവും ഒക്കെ ... അങ്ങിനെ ഗ്രാമീണരുടെ  ആവശ്യപ്രകാരം  അദ്ദേഹം രാമേട്ടനെ വരുത്തി  കാര്യം പറയാന്‍ നിര്‍ബന്ധിച്ചു ..അല്ലെങ്കില്‍ ഇനി ഈ നാട്ടില്‍ നിന്നെ നിര്‍ത്തില്ല .. നീ ആരാ?  എവിടെ നിന് വരുന്നു? .. ഇടയ്ക്കു നീ ഇങ്ങോട്ട പോയത് ? നിനക്കെന്താണ് സംഭവിച്ചത്  എല്ലാം പറയൂ  അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ പോലീസില്‍  ഏല്‍പ്പിക്കും ...''  എന്നൊക്കെ  ഭീഷണി പ്പെടുത്തി. രാമേട്ടന്റെ കഥ കേള്‍ക്കാന്‍ ഞങ്ങള്‍  ഒന്നടങ്കം  കാതോര്‍ത്തു ... 

എല്ലാം കേട്ടുനിന്ന  രാമേട്ടന്‍ ഞങ്ങളെ  ആ പാറമടയിലേക്ക്  നയിച്ചു.  ഗ്രാമത്തോടു ചേര്‍ന്ന്  ഒരു വനമുണ്ട് .  അവിടെ  ആരും പോകാത്ത  ഒരു പാറക്കെട്ടുണ്ട്. ആ പ്രദേശത്തെ  ചുറ്റിപ്പറ്റി ഒരുപാട് ഭയപ്പെടുത്തുന്ന  കഥകൾ ഞങ്ങളുടെ ഇടയിൽ  ഉണ്ട്. അതുകൊണ്ട് തന്നെ ആ ഭാഗത്തേക്ക്  ആരും പോകാറില്ല. 

 പക്ഷെ അന്ന് ഞങ്ങൾ  ഒന്നടങ്കം പൈട്പൈപ്പറിന്റെ പിന്നാലെ പോയ  എലികളെ പ്പോലെ രാമേട്ടനെ പിന്തുടര്‍ന്നു ആ  പാറക്കെട്ടുകള്‍ക്കിടയില്‍ പകുതിയിലധികവും കത്തിനശിച്ച   പുല്ലുകൊണ്ടുണ്ടാക്കിയ  ഒരു കൊച്ചു കുടിലിനു  മുന്നില്‍  ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ആരും ഒന്നും സംസാരിക്കുന്നില്ല . അവിടെ  ആ കുടിലിനു മുന്നില്‍ ഒരു മണ്‍കൂന . അതില്‍  ഒരു കരിഞ്ഞ  പൂക്കുല  കുത്തി നിര്‍ത്തി ഇരിക്കുന്നു. അയാള്‍  ആ  മണ്‍കൂനക്ക് മുന്നില്‍ മുട്ടുകുത്തി ഇരുന്നു  എന്നിട്ട് പൊട്ടി ക്കരഞ്ഞു. കുറെ നേരം നിശബ്ദത .      

രാമേട്ടന്‍  പറഞ്ഞു  തുടങ്ങി. എന്റെ  അമ്മയെ സംസ്കരിച്ച ഇടമാണിത്.ഞാന്‍ നിങ്ങളെ ഒക്കെ പറ്റിക്കയായിരുന്നു.കാലങ്ങളായി ഞാന്‍ അമ്മയോടൊത്ത്‌ ഇവിടെ ആണ് താമസ്സിക്കുന്നത്‌.കുറച്ചു നാളായി അമ്മ കിടപ്പിൽ ആയിരുന്നു . ഒരുദിവസം ഞാൻ വരുമ്പോൾ  വീടുനിന്നു കത്തുന്നു  ഓടിവന്നഞ്ഞാൻ അമ്മയെ രക്ഷിക്കാൻ നോക്കി  പക്ഷെ അമ്മ വെന്തു മരിച്ചിരുന്നു ...അടുത്തിരുന്ന മണ്ണെണ്ണ വിലക്ക് മറിഞ്ഞു വീണു തീ പടര്ന്നതായിരുന്നു ..നിഷ്കളങ്കരായ നിങ്ങളെ പറ്റിച്ചത്തിനു  ദൈവം എനിക്ക് തന്ന ശിക്ഷ ആയിരിക്കും  എന്നോട് ക്ഷമിക്കൂ...അദ്ദേഹം ഒന്ന് നിർത്തി.

വീണ്ടും  തുടർന്ന്....  അമ്മയെ ആരും കാണാതിരിക്കാന്‍  ഞാന്‍ വളരെ  ശ്രദ്ധിച്ചു  ഈ ഭാഗത്തേക്ക്  ആരും വരാതിരിക്കാന്‍  നിങ്ങള്‍ അറിയാതെ   നിങ്ങളെ ഓരോന്ന് പറഞ്ഞു  ഭയപ്പെടുത്തുമായിരുന്നു .  നിങ്ങള്‍ പോലും  അറിയാതെ  അങ്ങിനെ ഒരു  ഭയം നിങ്ങള്‍ ഗ്രാമീണരില്‍ ഉണ്ടാക്കുകയായിരുന്നു. കാരണം  അമ്മ പോലീസ് അന്വേഷിക്കുന്ന  ഒരു  പ്രതി  ആണ്.  സ്വയം രക്ഷക്കായി  ഒരാളെ കൊന്നു. ഞങ്ങളുടെ  ഗ്രാമത്തിലെ  ഒരു മുഖ്യനെ. എന്ത് ചെയ്യണം  എന്നറിയാതെ  വാവിട്ടു കരഞ്ഞ അമ്മയെയും കൂട്ടിഎങ്ങോട്ടെന്നില്ലാതെ  പുറപ്പെട്ടു. ബസ്സിലും  ട്രെയിനിലും  നടന്നും  ഒക്കെ ഒരു രാത്രിയില്‍  ഇവിടെ എത്തപ്പെട്ടു.  ഇവിടെ ഈ ഗ്രാമത്തില്‍  ഞാന്‍  സുരക്ഷ കണ്ടെത്തുക ആയിരുന്നു. നിഷ്കളങ്കരായ  നിങ്ങള്‍  ഒരിക്കല്‍പോലും ഞാന്‍ ആര് എന്ന് ചോദിച്ചില്ല.  അമ്മയെ പുറം ലോകം കണ്ടാല്‍  പോലീസ് പിടിക്കുമോ  എന്ന് ഞാന്‍ ഭയപ്പെട്ടു . അതുകൊണ്ട് തന്നെ  ഓരോ ദിവസവും  ഇവിടേയ്ക്ക് ആരും വരാതിരിക്കാന്‍  ഞാന്‍ ഓരോ പുതിയ  പുതിയ കഥകള്‍  ഉണ്ടാക്കി  നിങ്ങളെ കേള്‍പ്പിച്ചു കൊണ്ടിരുന്നു... ആര്‍ക്കും സംശയം  തോന്നാതിരിക്കാന്‍  ഒരു വിഡ്ഢിയെ പ്പോലെ  ചിരിച്ചു കൊണ്ടിരുന്നു. ....രാമേട്ടന്‍ പറഞ്ഞു നിര്‍ത്തി. 

ഒരു ചിരിയില്‍  മയങ്ങിപ്പോയി  വിഡ്ഢിയാക്കപ്പെട്ട  ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം  നോക്കി നിന്നു. 

3 അഭിപ്രായങ്ങൾ:

Mubi പറഞ്ഞു...

എന്തെല്ലാം തരത്തിലുള്ള മനുഷ്യരാണ് നമുക്ക് ചുറ്റും??

ajith പറഞ്ഞു...

അതെ, എന്തെല്ലാം തരത്തിലുള്ള മനുഷ്യര്‍

സുധി അറയ്ക്കൽ പറഞ്ഞു...

ആാഹാ.ഇത്‌ നടന്ന കാര്യമാ???