4/04/2017

എന്നിട്ടും ......

ഒരു ജീവരാഗമാണെന്നു നീ ചൊല്ലീട്ടും
നമ്മൾ പിരിഞ്ഞതിതാർക്കുവേണ്ടി ......
എന്റെ കൺകോണിൽ  വിരിഞ്ഞ നക്ഷത്രങ്ങൾ
നിന്റേതു മാത്രമെന്നെത്ര ചൊല്ലി....
തേന്മഴയായി പെയ്തൊരാ സ്നേഹത്തിൽ
കണ്ണീരുപ്പ് കലർന്നതെന്തെ....

കരളിൽ പൂവിട്ടു ഹൃദയത്തിൽ പൂജിച്ചു
സ്വപ്നത്തിൻ നൂലിനാൽ മാലയാക്കി
എന്നിട്ടുമെന്തേ സ്വീകരിച്ചില്ല  നീ
നമ്മൾ പിരിഞ്ഞതിതെന്തിനായീ....

നിന്നോടാണേറെ എന്നിഷ്ടം പറഞ്ഞിട്ടും
എന്നെ ഈ വാടിയിലേകയാക്കി
ഒരു മഴവില്ലുപൊൽ എത്രവേഗത്തിൽ ആ
സ്വപ്നങ്ങളൊക്കെയും മാഞ്ഞുപോയീ ..... 

3/20/2017

മാഞ്ഞ സന്ധ്യ

സിന്ധൂരരേഖ മാഞ്ഞൊരു സന്ധ്യപോൽ
ഉമ്മറക്കൊലായിൽ ഒറ്റക്കായി ....
കൂട്ടമായ് കിളികൾ കലപിലകൂട്ടി
കൂടണയാനെത്തി ശാന്തരായി.
കോലായിലെ ഒഴിഞ്ഞ ചാരുകസേര.....
ചാരത്തു ചാരി ഞാൻ
തറയിലിരുപ്പാണപ്പോഴും
ഇരുട്ട് കവർന്നൊരു സന്ധ്യപോലെ
എന്തെല്ലാം ശാഠ്യങ്ങൾ, എന്തെല്ലാം ശണ്ഠകൾ
നേർക്കുനേർ കണ്ടാലോ പോർവിളിയായ്
ഇന്ന് ഞാനറിയുന്നു നീയെന്ന ശൂന്യത
ഒരിക്കലും മായാത്ത ഓർമ്മയെന്ന്
ഏഴാം കടലിന്നക്കരെ നിന്നും
മക്കൾ വിളിക്കുന്നുണ്ടെന്നുമെന്നും
അമ്മാ സുഖമല്ലേ... ഭക്ഷണം കഴിച്ചില്ലേ...
തങ്കമ്മ വന്നല്ലോ കൂട്ടിനിന്നും ....
തിണ്ണയിൽ കിണ്ടിയിൽ വെള്ളം വച്ചുഞാൻ
ഊണിന് ചമ്മന്തിയുണ്ട് വായോ
ഓണത്തിനും വേണം ഊണിന് ചമ്മന്തി
ഇല്ലേല്‍ പ്പിണങ്ങി പ്പരിഭവിക്കും
മുറ്റത്തു പൈപ്പുണ്ട് കാൽകഴുകാനെന്നാലും
തിണ്ണയില്‍ കിണ്ടീന്നെ കാല്‍കഴുകൂ....
പിണക്കമാണെന്നാലും, പാടില്ല
ഞാനിവിടുന്നു എവിടെക്കും മാറിനില്‍ക്കാന്‍
മിണ്ടില്ല എങ്കിലും കണ്ടില്ല എന്നാലോ
ആ കണ്ണിൽ നിൻ പരിഭ്രമം കണ്ടിരുന്നു
നീ പോയി എങ്കിലും ഞാനിവിടുണ്ട്
ഇപ്പോഴും എന്നെ നീ കാണുന്നുണ്ടോ ....??
ഇത്രേം ഞാൻ നിന്നെ സ്നേഹിചിരുന്നുവോ
അറിയുന്നു ഞാനിന്നു നിൻ ശൂന്യത
നീയില്ലാത്തൊരു നേരം എനിക്ക് വയ്യ
ഞാനും വരട്ടയോ നിൻ ചാരെ
എവിടെയാണിന്നു നീ ,,,,,,
ഞാനില്ലാതെങ്ങിനെ .....നീയവിടെ ......??????