നിനക്കായെഴുതിയ കവിതയിലെന്റെ
ഹൃദയത്തിൻ അരുണിമ കണ്ടില്ലയോ
മരുഭൂമിയായോരെൻ മനതാരിലെവിടെയോ
നീ നട്ട ചെമ്പകം മറന്നുപോയോ -തോഴാ
എന്നെയും എന്നോ മറന്നുപോയോ
കണ്ണീർ തീർത്ഥത്തിൽ അതുവളർന്നു
വിരഹത്തിൻ വേദനയാൽ മലരണിഞ്ഞു
പ്രണയമണം വിതറി കാത്തിരിപ്പൂ- ഞാൻ
ചെമ്പകപ്പൂമെത്ത വിരിച്ചിരിപ്പൂ
പ്രണയമണിത്തൂവൽവീശി നീ വരുമ്പോൾ
നറുമണം കൊണ്ട് പുതപ്പിക്കാം
അണയാ മോഹമണിമുത്തുകളാൽ
നവരത്ന മാലയണിയിക്കാം
ചെമ്പകപ്പൂമെത്ത വിരിക്കട്ടെ ഞാൻ
മണി വിളക്കൊന്നു കൊളുത്തട്ടെ
നീ വരുമെന്നൊരു ഉൾവിളിയാലെ
നിലവിളക്കായ് ഞാൻ എരിഞ്ഞിരിക്കാം