10/21/2015

നവരാത്രി മാഹാത്മ്യം

ഏവര്‍ക്കും  നവരാത്രി  ആശംസകള്‍  

ഈ  അവസരത്തില്‍  നവരാത്രിയുടെ   പ്രാഹാന്യത്തെ ക്കുറിച്ച്  

  സര്‍വ്വവ്യാപിയായ  ആദിപരാശക്തിയുടെ  വിവിധ രൂപത്തിലും  ഭാവത്തിലും  ഉള്ള  ശക്തിസ്വരൂപിണിയായ ജഗതംബയെ  ആരാധിക്കുന്ന  പുണ്യകാലമാണിത് . സൃഷ്ടി,സ്ഥിതി, സംഹാരം നടത്തുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് പത്നീഭാവത്തില്‍  ശക്തി നല്‍കി മാതൃവാത്സല്യത്തോടെ സംരക്ഷിക്കുന്നത് ജഗദം ബയാണ്. 

സൃഷ്ടികര്‍മ്മത്തെ സഹായിയ്ക്കുന്ന മഹാസരസ്വതിയായി  ബ്രഹ്മാവിന്റെയും ,പ്രപഞ്ചത്തെ  നിലനിര്‍ത്തുന്ന മഹാവിഷ്ണുവിന്   മഹാലക്ഷ്മിയായും, സംഹാരസ്വരൂപമായ  പരമശിവന് ഗൌരിയായും ജഗദംബ  നിലകൊള്ളുന്നു. 

ജഗദംബയുടെ  ശക്തി വിഭൂതിയായി  ബ്രഹ്മാവിന്‍റെ മുഖത്ത് അധിവസിക്കുന്നതിനാല്‍   വാണീദേവിയായും .    മഹാല്ക്ഷ്മിയായി  വിഷ്ണുവിന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നതിനാല്‍ ലക്ഷ്മീനാരായണനായും . അതുപോലെ പരമശിവന്റെ അര്‍ദ്ധശരീരമായി വര്‍ത്തിയ്ക്കുന്നതിനാല്‍ അര്‍ദ്ധനാരീശ്വരനായും അറിയപ്പെടുന്നു.

സഹധര്‍മ്മിണിമാരെ സ്വന്തശരീരത്തിന്റെ  ഭാഗമായിക്കരുതി വേര്‍പിരിയാന്‍ സാധിയ്ക്കാത്ത അവസ്ഥയില്‍ വേണം സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്താനുള്ളത് എന്നത്  ദാമ്പത്യജീവിതത്തിന്റെ  അടിസ്ഥാനതത്ത്വം അല്ലെ. നവരാത്രികാലത്ത് പരാശക്തിയെ  സരസ്വതി, ലക്ഷ്മി, ഗൌരി എന്നീ  ഭാവങ്ങളിലാണ് നമ്മള്‍ ആരാധിയ്ക്കുന്നത്.

നവരാത്രിയുടെ  ആദ്യമൂന്നു ദിവസങ്ങളില്‍ ദുര്‍ഗ്ഗയായും,  അടുത്തമൂന്നു   ദിവസ്സങ്ങളില്‍ ലക്ഷ്മിയായും, അതിനടുത്ത മൂന്നുദിവസ്സങ്ങളില്‍  സരസ്വതിയായും ജഗതംബ  ആരാധിയ്ക്കപ്പെടുന്നു . 

ദുര്‍ഗ്ഗാശക്തിയുടെ ഒന്‍പത് ഘടകങ്ങളാണ്  നവദുര്‍ഗ്ഗ. 

ശൈലപുത്രി,ബ്രഹ്മചാരിണി,ചന്ദ്രഘണ്ഡാ'കൂഷ്മാണ്ഡ,
സ്കന്ദമാത,കാർത്യായനി,കാലരാത്രി,മഹാഗൗരി,സിദ്ധിധാത്രി ഇതാണ് നവദുര്‍ഗ്ഗയുടെ ഒന്‍പത് ഭാവങ്ങള്‍ പ്രതിബബന്ധങ്ങള്‍ മാനസ്സിക തടസ്സങ്ങള്‍ ഇവ നീക്കുന്നതിന്  ദുര്‍ഗ്ഗയുടെ  ഈ  ശക്തിയെ ആരാധിക്കാം.

ലക്ഷ്മീ ദേവിയ്ക്ക്  എട്ടു രൂപങ്ങളാണ് ... അവ  ആദിലക്ഷ്മി, ധനലക്ഷ്മി, വിദ്യാലക്ഷ്മി, ധാന്യലക്ഷ്മി, സന്താനലക്ഷ്മി, ധൈര്യലക്ഷ്മി, വിജയലക്ഷ്മി, ഭാഗ്യലക്ഷ്മി  എന്നിവയാണ്.

സരസ്വതീദേവി അറിവിന്റെ ദേവിയാണ്. 

നവരാത്രിയില്‍  ദേവിയുടെ  വ്യത്യസ്ത ഭാവങ്ങള്‍  ആരാധിയ്ക്കുമ്പോള്‍ നമ്മളില്‍ ദേവീ  ഗുണങ്ങള്‍ ഉണ്ടാകുകയും അവ നമ്മളില്‍  പ്രകടമാകുകയും  ചെയ്യും....  

10/20/2015

എന്റെ വായന

 ഞാന്‍ ശ്രീ. വി. മധുസൂദനന്‍ നായര്‍ എഴുതിയ '' അമ്മയുടെ എഴുത്തുകള്‍'' എന്ന കവിതയെ പരിചയപ്പെടുത്താം.
വി. മധുസൂദനന്‍ നായര്‍ ...അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുത്തെണ്ടല്ലോ..അതുകൊണ്ട് തന്നെ നേരെ കവിതയിലേക്ക് ......സാറിന്‍റെ കവിതകളില്‍ അത്രയൊന്നും ആരും ശ്രദ്ധിക്കാത്ത വളരെ ലളിതമായ , എന്നാല്‍ ഒരുപാട് ആര്‍ദ്രമായ ഒരു കവിതയാണ് ''അമ്മയുടെ എഴുത്തുകള്‍' പുരാണങ്ങളും ഉപനിഷത്തുക്കളും , മിത്തുകളും ഒക്കെയാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും ... എന്നാല്‍ ഇത് അമ്മയെ കുറിച്ചുള്ള ഒരു മകന്റെ സ്നേഹം ആണ്, അമ്മയുടെയും,,, അതാണ്‌ എന്നെ ഇതിലേക്ക് അടുപ്പിച്ചത്.
വീടിനു മോടികൂട്ടുന്ന തിരക്കില്‍ പഴയതും ഭംഗി ഇല്ലാത്തതും ആയ സാധങ്ങള്‍ ഭാര്യ പെറുക്കി മാറ്റുന്നു . കൂട്ടത്തില്‍ ഒരു പഴകിദ്രവിച്ചപെട്ടിയും അതില്‍ കുറെ കടലാസ്സും,അയാള്‍ അത് ഓടിചെന്നെടുക്കുന്നു അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാകില്ല ആ കടലാസ്സുകളുടെ മഹത്വം ...ആ പെട്ടിയ്ക്കുള്ളില്‍ അമ്മ അയാള്‍ക്കയച്ച കത്തുകള്‍ ആയിരുന്നു.. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''മകനായ് പകര്‍ന്ന പാല്‍മുത്തുകള്‍''.
മക്കളും ഭാര്യയും വീടു മോടി പിടിപ്പിക്കുന്നതിനായ് മനോഹരമായ ചില്ലുപെട്ടികള്‍ ശില്പങ്ങള്‍ ഒക്കെ വക്കുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് തടസ്സമാകുന്നില്ല അയാള്‍. അയാള്‍ ആ സ്നേഹമുത്തുകളെ ഭദ്രമായ്‌ അടുക്കി കാല്‍പ്പെട്ടിയില്‍വച്ച് ആരും വരാത്ത ചായ്പ്പില്‍ ഒളിപ്പിക്കുന്നു അദ്ദേഹത്തിന്റെ വരികള്‍:-
''നിൻ ഇഷ്ടമാണെന്റെയും
കാല്പെട്ടിയിൽ വെച്ച് താഴിട്ട്
പിന്നിലെ ചായ്പ്പിലൊളിച്ചാൽ
അറിയില്ല കുട്ടികൾ..''
.ഇവിടെ കവിക്ക്‌ അമ്മയോടുള്ള ഇഷ്ടത്തോടൊപ്പം ഭാര്യയുടെയും കുട്ടികളുടെയും ഇഷ്ടങ്ങള്‍ കൂടി അനുവദിക്കുന്ന ഒരു നല്ല ഗൃഹനാഥന്‍ ആകുന്നു.
ആ എഴുത്തുകളില്‍ ഒന്ന് നോക്കിയാല്‍ വരികള്‍ക്കിടയില്‍ ആ അമ്മക്ക് മകനോടുള്ള സ്നേഹം,ഉത്കണ്ഠ,പ്രാര്‍ത്ഥന എല്ലാം ഉണ്ട്
''അമ്മയുടേതാം എഴുത്തുകളൊക്കെയും
അമ്മയായ് തന്നെ ഒതുങ്ങിയിരിയ്ക്കട്ടെ..''
എന്ന് സമാധാനിക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ക്കുന്നു ...അമ്മതന്‍ ലാളനം..ഇന്നീ തിരക്കിനിടയില്‍ എപ്പോഴെങ്കിലും ഒന്നോര്‍ത്താല്‍ ആയി അദ്ദേഹത്തിന്റെ വാക്കുകളില്‍ ''ആ കൊതിയൂറുന്ന ശീലം മറന്നു തുടങ്ങി''
പിന്നുള്ള വരികളില്‍ പുതിയ തലമുറയെ ഓര്‍ത്തുള്ള ഉത്കണ്ഠയാണ് .കവി ചോദിക്കുന്നു നാളെ അവര്‍ നമ്മോടു ചോദിക്കുമോ താരാട്ടിന്റെ ഈണം എങ്ങിനെ,അതിന്റെ താളം എങ്ങിനെ,അതിന് മധുരം ഉണ്ടോ, ഇനി അവര്‍ക്ക് അമ്മയെ വേണ്ടാതാകുമോ എന്ന ഉത്കണ്ഠയോടെ കവിത അവസാനിപ്പിക്കുന്നു .
കവിത ഈ ലിങ്കില്‍ കേള്‍ക്കാം
Ammayude Ezhuttukal - Ammayude Ezhuttukal
https://www.youtube.com/watch?v=iB_JMcBGYpI

10/08/2015

കാര്‍ത്തികവിളക്ക്

എന്നിലുപേക്ഷിച്ച  ഇത്തിരി  വെട്ടത്തെ 
ഒരു മണ്‍ചിരാതില്‍ കരുതിവച്ചു 
അതില്‍നിന്നനന്ത പ്രകാശം പരത്തുവാന്‍
എന്റെ ഈ ജന്മം ഞാന്‍ മാറ്റിവച്ചു 

ഓര്‍മ്മകളോരോന്നും പിച്ചനടക്കുന്നു 
മനസ്സിന്‍ മടിത്തട്ടില്‍  തേങ്ങലായി
ആറ്റിന്‍കരയിലെ കല്‍പ്പടവില്‍ 
കളിമാടങ്ങള്‍ കെട്ടിയ പുരയിടത്തില്‍ 
രാജാവായ്‌ ഗൃഹനാഥനായി  ഞങ്ങളോടൊപ്പം 
കുട്ടികളെപ്പോല്‍ കളിച്ച  താതാ ......
ഇല്ല മറക്കാന്‍  കഴിയുന്നില്ല 
ആ, കളിയും ചിരിയും  പരിഭവവും 

നാട്ടില്‍ വിശേഷമായ് എന്തുവന്നാലും
രഘുസാറുണ്ടോ സംഭവം കേമമായി 
ഓണക്കളികള്‍ക്കും നാടകോത്സവങ്ങള്‍ക്കും 
അച്ഛനവിടെല്ലാം താരമെന്നും

ദേവനെ കണ്ടു തൊഴുതു വലംവച്ച് 
വെണ്‍ ഭസ്മക്കുറിയും അണിഞ്ഞ് വന്നു 
സിംഹാസനത്തില്‍  ഇരുന്നുതന്നെ 
അന്ന് സ്വര്‍ഗത്തിലെക്കങ്ങുയര്‍ത്തപ്പെട്ടു 

പടുതിരി കത്താതെ  നിറദീപമായ് തന്നെ 
ഭൂമി ഉപേക്ഷിച്ച സ്നേഹമല്ലേ 
ഉടലോടെ സ്വര്‍ഗത്തില്‍  ആനയിച്ചല്ലോ 
എന്‍ അച്ഛാ അവിടെ സുഖം തന്നയോ?

ഇല്ലാര്‍ക്കും കിട്ടില്ല ഈ മരണം 
അച്ഛാ ...ഭാഗ്യവാനില്‍ ഭാഗ്യവാന്‍ തന്നെ സത്യം 
ഇത്രയും പുണ്യം ചെയ്തോരാത്മാവിന്റെ 
മകളായതിലേറെ പുണ്യമുണ്ടോ

കര്‍മ്മങ്ങള്‍ എല്ലാം  ചെയ്തങ്ങു ധന്യനായ്  
മാനവജന്മം പൂര്‍ത്തിയാക്കി .....
എങ്കിലും  അച്ഛാ 
തിരിഞ്ഞന്നു നോക്കിയോ
ഭൂമിയില്‍ ഉപേക്ഷിച്ച ജന്മങ്ങളെ  

9/02/2015

കാഞ്ചനക്കൂട്


ഞാന്‍ ഒറ്റയ്ക്കാണ്
പകലുകള്‍ ഏകാന്തവും
രണ്ടു കിടപ്പുമുറിയിലും അടുക്കളയിലുമായി
ഞാന്‍ ജീവിതം തളച്ചിരിക്കുന്നു
അടുക്കളപ്പാത്രങ്ങള്‍ എന്റെ കൂട്ടുകാരികള്‍
അവര്‍ എന്നോട് കിന്നാരം പറയും
ചിലപ്പോള്‍ കലപില കൂട്ടും
മറ്റുചിലപ്പോള്‍ പ്രതിഷേധിച്ചു പൊട്ടിച്ചിതറും
എങ്കിലും അവര്‍ എന്റെ ചങ്ങാതിമാര്‍
എന്റെ നോവുകളെ നുറുക്കി
സമം കണ്ണീരുപ്പും ചേര്‍ത്ത്
ജീവിതത്തീയില്‍ പാചകം ചെയ്യുന്നു
രുചിയോടെ വിഭവം സ്നേഹമായ് വിളമ്പുന്നു
തിന്മയെ ചൂലാല്‍ അടിച്ചുവാരുമ്പോള്‍
ദുഖങ്ങളെ അമര്‍ത്തി തുടക്കാന്‍ മറക്കാറില്ല
പകലിന്‍റെ ഓരോ നിമിഷങ്ങളേയും കൊന്നു തീര്‍ക്കുന്നു
നിലത്തുവീണ ദാരുക രക്തംപോലെ
ഓരോ നിമിഷവും ആയിരം നിമിഷങ്ങളായ്
പുനര്‍ജനിക്കുന്നു
മൌനം ഒരലങ്കരമായ് എന്നെ മൂടുമ്പോള്‍
ശീതീകരിച്ച മുറിയില്‍,സൌഭാഗ്യത്തിന്റെ മടിയില്‍
ഞാന്‍ തൃപ്തയായ വീട്ടമ്മ

8/12/2015

സീതാ ....എന്തെ നിനക്കിത്രേം ദുരിതങ്ങള്‍

കടപ്പാട് ''രാമായണം ജീവിതസാരാമൃതം'' ഡോക്ടര്‍ എം എം ബഷീര്‍ .... മാതൃഭൂമി ദിനപത്രം
ഇന്ന് രാമായണത്തിന്റെ മറ്റൊരേട്‌
നമുക്കെല്ലാപെര്‍ക്കും ഉള്ള സംശയമാണ് ഇത്രേം ദുരിതങ്ങള്‍ അനുഭവിക്കാന്‍ സീത എന്ത് തെറ്റ് ചെയ്തു എന്ന് ....
സീതയുടെ ജീവിതത്തില്‍ നമ്മള്‍ നോക്കിയാല്‍ അവര്‍ രണ്ടു തെറ്റുകളെ ചെയ്തിട്ടുള്ളൂ
1. അറിവില്ലാത്ത പ്രായത്തില്‍ ഇണക്കിളികളില്‍ ഒന്നിനെ ,കിളികലോടുള്ള അമിത സ്നേഹത്താല്‍ കൂട്ടിലടക്കുന്നു .... ആ കിളി ഇണയുടെ പിരിയലില്‍ ദുഃഖം പൂണ്ടു ആ കൂട്ടില്‍ തന്നെ തലതല്ലി മരിക്കുന്നു ....ഇത് കണ്ടു അടുത്ത മരച്ചില്ലയില്‍ ഉണ്ടായിരുന്ന ആണ്‍കിളി നീ ഭര്‍ത്ഹൃവിയോഗതാല്‍ ദുഃഖം അനുഭവിക്കും എന്ന് ശപിച്ചു ആ മരത്തില്‍ തലതല്ലി മരിക്കുന്നു .... ഈ ശാപം
സീതയുടെ ജീവിതാവസാനം വരെ പിന്തുടരുന്നു
2. രാവണന്റെ ആജ്ഞപ്രകാരം സ്വര്‍ണ്ണവര്‍ണ്ണം ഉള്ള മാനായി വന്ന മാരീച്ചനില്‍
മോഹിതയായ സീത രാമനോട് അതിനെ പിടിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ വന്നത് മാനല്ല അസുരന്മാര്‍ മായവേഷത്ത്തില്‍ വരുന്നതാണ് ഇങ്ങനെ ഒരു മാന്‍ എങ്ങും ഉണ്ടാവില്ല എന്നുപറഞ്ഞു സീതയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
മാനിന്റെ മോഹവലയത്തിലായ സീത ആ മാനിന്റെ ഗുണഗണങ്ങള്‍ നിരത്തി രാമനെ നിര്‍ബന്ധിച്ചു. അവസാനം അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ''ഒന്നുകില്‍ ഞാന്‍ അതിനെപ്പിടിക്കും അല്ലെങ്കില്‍ കൊല്ലും'' എന്ന് പറഞ്ഞു പോകുന്നു.
അമ്പേറ്റ മാരീചന്‍ രാമന്റെ ശബ്ദത്തില്‍ ലക്ഷ്മനനോട് സഹായം യാചിച്ചു
കരയുന്നു. ഇത് കേട്ട സീത ലക്ഷ്മനനോട് പോയി രാമനെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജേഷ്ടന്റെ ആജ്ഞ ഓര്‍ത്തു പോകാതിരുന്ന ലക്ഷ്മണനെ കടുത്ത വാക്കുകള്‍ പറഞ്ഞു ക്ഷോപിക്കുന്നു.
അവള്‍ പറയുന്നു ''മിത്രം എന്ന് കരുതിയ നീ എന്നെ സ്വന്തമാക്കാന്‍ വേണ്ടി യാണ് അദ്ദേഹത്തെ അനേഷിച്ചു പോകാത്തത്...അങ്ങിനെ ഒരാശ നിനക്കുന്ടെങ്കില്‍ ഒരിക്കലും അത് നടക്കില്ല'' ... എന്ന് വരെ സീത പറയുന്നു
അപ്പോഴും സംയമനം പാലിച്ചു ലക്ഷമണന്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു . ''നിങ്ങളുടെ ഭര്‍ത്താവിനു ഒന്നും സംഭവിക്കില്ല . ഈ ലോകത്ത് അദ്ദേഹത്തെ ജയിക്കാന്‍ ആരും ഇല്ല. ഇങ്ങനെ ഒന്നും പറയരുത് ... ജേഷ്ടന്‍ ഇല്ലാതെ നിങ്ങളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ ഞാന്‍ ആളല്ല...നിങ്ങളെ സംരക്ഷിക്കാന്‍ ജേഷ്ടന്‍ എന്നെ എല്പ്പിചിരിക്കയാണ്. എനിക്കതനുസരിച്ചേ മതിയാകൂ''
ഇതു കേട്ടിട്ടും സീത അടങ്ങുന്നില്ല അവള്‍ പറയുന്നു ''അദ്ദേഹം മരിക്കാനാണ് നീ ആഗ്രഹിക്കുന്നത് ജേഷ്ടന്റെ കൂടെ നടന്നു എന്നെ കാമിക്കുന്ന നിന്‍റെ മുന്നില്‍ വച്ച് ഞാന്‍ ജീവന്‍ കളയും''
ഇത് കേട്ട ലക്ഷ്മണന്‍ കൈകൂപ്പി പറഞ്ഞു ''ഇതിനൊന്നും ഞാന്‍ ഉത്തരം പറയുന്നില്ല ... നിങ്ങള്‍ എനിക്ക് ഈശ്വരിയാണ് ....ക്രൂരമായ വാക്കുകള്‍ പറയുന്നത് സ്ത്രീ സ്വഭാവം ആണ്. ഇത് കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല ....വനദേവതമാര്‍ നിങ്ങളെ കാത്തു കൊള്ളട്ടെ'' എന്ന് പറഞ്ഞു സീതയ്ക്ക് ചുറ്റും ഒരു വൃത്തം വരച്ചു എന്നിട്ട് പറഞ്ഞു ''ദയവു ചെയ്തു ഈ വൃത്തം മുറിച്ചു കടക്കരുത്. ഇത് നിങ്ങളുടെ രക്ഷാ വൃത്തം ആണ് ''...ഇങ്ങനെ പറഞ്ഞു ലക്ഷ്മണന്‍ വനത്തിനുള്ളിലേക്ക് പോകുന്നു .....ബാക്കി കഥ നിങ്ങള്‍ക്കറിയാമല്ലോ
സീതയുടെ ജീവിതത്തില്‍ ഇനി ഉണ്ടാകുന്ന എല്ലാ ദുരന്തത്തിനും കാരണം സീത തന്നെ .... ഒരു പെണ്ണിന്റെ വീണ്ടുവിചാരം ഇല്ലാത്ത പ്രവൃത്തികള്‍ .

8/10/2015

രാമായണം എങ്ങിനെ

പ്രിയരേ നല്ല ഒരു ഹിന്ദുമത വിശ്വാസി ആണെങ്കിലും എനിക്ക് ശ്രീരാമന്റെ സീത പരിത്യാഗം ഉള്പ്പെടെ പല ചൈതികളോടും യോചിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. പക്ഷെ മാതൃഭൂമി പത്രത്തിലെ ഡോക്ടർ പി .വി കൃഷ്ണൻ നായര് എഴുതുന്ന 'രാമായണം ജീവിതസാരാമൃതം'' എന്ന പംക്തി എന്നെ ഇരുത്തി ചിന്തിപ്പിക്കുന്നു .കുറേ ഭാഗങ്ങൾ ആയെങ്കിലും ഇന്നാണ് ഇത് ഇവിടെ എഴുതാൻ തോന്നിയത് .... നിങ്ങൾ വായിച്ചിട്ടുണ്ടാകും എങ്കിലും വായിക്കാത്തവർക്കായി .......
എന്താണ് രാമായണം:-
ഇതിഹാസവും ധർമ്മശാസ്ത്രവും സാമൂഹികചരിത്രവും ഭക്തിഗാഥയും ആദികാവ്യവും ആണ് വാത്മീകിയുടെ രാമായണം.ധർമ്മ മൂർത്തിയായ രാമന്റെ ചരിതം ആയതിനാൽ ഇത് ഇതിഹാസം. ലക്ഷണം ഒത്ത ആദ്യത്തെ കാവ്യം ആയതുകൊണ്ട് ഇത് ആദികാവ്യം. ധര്മ്മ നിഷ്ടന്റെ ധർമ്മങ്ങൾ വർണ്ണിക്കുന്നതു കൊണ്ട് ധർമ്മശാസ്ത്രം.
രാമായണം ആദികവിയുടെ ദിവ്യസംസ്കരം എന്നും .....കണ്ണുനീരിന്റെ കരുത്തുറ്റ കരുണരസമാണ് എന്നും ....ശോകം ശ്ലോകമാക്കിയത് എന്നും വിവിധ നിരീക്ഷണങ്ങൾ.
ഇനി രാമൻ എന്തുകൊണ്ട് ഇങ്ങനെ എന്ന് :-
ആദികവി മനുഷ്യരെ നാലുതരത്ത്തിൽ ഉള്ളവരായി ചിത്രീകരിച്ചു.
1..സ്വാർത്ഥങ്ങൾ ഉപേക്ഷിച്ചു മറ്റുള്ളവര്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ....മന്ധരയും കൈകീകിയും ഒഴികേയുള്ള അയോധ്യാവാസികൾ
2. തന്റെ കാര്യങ്ങൾ ഉപേക്ഷിക്കാതെ മറ്റുള്ളവര്ക്കുവേണ്ടി പ്രവർത്തിക്കുന്നവർ......കിഷ്കിന്ധയിലുള്ള സുഗ്രീവൻ തുടങ്ങിയവർ
3. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരുടെ ഇഷ്ടങ്ങൾ ഇല്ലാതാക്കുന്നവർ.... ലങ്കയിലുള്ള രാവണൻ ശൂര്പ്പണഖ തുടങ്ങിയവർ
4. സ്വന്തമായി പ്രയൊചനം ഒന്നും ഇല്ല എങ്കിലും മറ്റുള്ളവരെ ദ്രോഹിക്കുന്നവർ.....
വനവാസികളായ മാരീചാൻ സുബാഹു തുടങ്ങിയവരാണ് ഇവർ.
ഇതിൽ ഒരു വിഭാഗത്തിലും പെടാത്ത ഒരത്ഭുത കഥാപാത്രമാണ് ഹനുമാൻ ....
ഹനുമാന് സ്വാർത്ഥം ഇല്ലാത്ത പരാർത്ഥം മാത്രം ......

8/08/2015

എന്റെ വായനയിലൂടെ

 ഞാന്‍ ഇന്ന് ഒരു പുസ്തകം പരിചയപ്പെടുത്താം ... നിങ്ങളില്‍ മിക്കവാറും എല്ലാപേരും വായിച്ചിട്ടുള്ള എന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ആത്മകഥ എന്ന് വിശേഷിപ്പിക്കുന്ന ''എന്റെ കഥ '' എന്നാ പുസ്തകം എന്റെ വായനയിലൂടെ ...
''എന്റെ കഥ'' :- മാധവിക്കുട്ടി
എന്റെ പ്രിയപ്പെട്ട പുസ്തകം ഇതു എന്ന് പറയുക പ്രയാസം ... കാരണം ഓരോ പുസ്തകവും എന്നെ ഓരോ തരത്തില്‍ ആണ് സ്വാധീനിച്ചിട്ടുള്ളത് . ചിലത് അതിന്റെ രചയിതാവിനോടുള്ള അമിതമായ ഇഷ്ടം , പിന്നെ ചിലതിന്റെ കഥ ,മറ്റു ചിലതിന്റെ ആഖ്യാന ശൈലി അങ്ങിനെ പോകുന്നു കാരണങ്ങള്‍ . അങ്ങിനെ നോക്കുമ്പോള്‍ ഞാന്‍ വായിച്ചിട്ടുള്ള മിക്ക പുസ്തകങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എനിക്ക് പ്രിയപ്പെട്ടവ തന്നെയാണ്. ചില പുസ്തകങ്ങള്‍ എത്രതവണ വായിച്ചാലും വീണ്ടും വായിക്കണം എന്ന് തോന്നും. ചിലവ പെട്ടെന്ന് തീര്‍ന്നുപോയല്ലോ എന്ന് തോന്നുന്നവ , മറ്റുചിലത് അത് കിട്ടിയ രീതിയായിരിക്കും എനിക്ക് പ്രിയപ്പെട്ടതാകുന്നത്.
എങ്കിലും ഇവിടെ ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ (എനിക്ക് അവരെ ആ പേരില്‍ മാത്രം വിളിക്കാനാണ് ഇഷ്ടം , മറ്റു പേരുകള്‍ അവര്‍ ഏതൊക്കെയോ സാഹചര്യങ്ങളില്‍ അവരോടു തുന്നിചേര്‍ത്തത് എന്നെനിക്കെപ്പോഴും തോന്നും) ''എന്റെ കഥ'' എന്ന ആത്മാവിഷ്കാര പുസ്തകം ആണ് തെരഞ്ഞെടുത്തിട്ടുള്ളത്.
. നാലപ്പാട്ട് ബാലാമണിയമ്മ എന്ന അതുല്യയായ അമ്മയുടെ അതുല്യയായ മകള്‍. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപാടൊരുപാട് എഴുതിയിട്ടുള്ള അവര്‍ക്ക് നമ്മള്‍ ഒരുപാടു പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടും ഉണ്ട്...നമ്മുടെ കപട സദാചാരക്കാര്‍ ഒളിഞ്ഞും പരസ്യമായും അവര്‍ക്ക് നേരെ വിമര്‍ശന ശരങ്ങള്‍ തൊടുത്തു വിട്ടു. പക്ഷെ ആ എഴുത്തിനു അതോരുവിധത്ത്തിലും തടസ്സമായില്ല ...എഴുതാന്‍ തുടങ്ങിയാല്‍ എഴുത്തുകാരിയെ കുറിച്ച് തന്നെ ഒരുപാടെനിക്ക് പറയാന്‍ ഉണ്ട് . പക്ഷെ ഇവിടെ നമ്മുടെ വിഷയം പുസ്തകം ആയതു കൊണ്ട് ഞാന്‍ മാധവിക്കുട്ടിയുടെ 'എന്റെ കഥയിലേക്ക്‌' കടക്കട്ടെ ..
ഇത് മാധവിക്കുട്ടിയുടെ കഥയാണ്‌.. സ്വന്തം കഥ എന്ന് അവകാശപ്പെടുമ്പോഴും പലതും പല ഇടത്തും അവിശ്ശ്വസ്സനീയതയും അതി ഭാവുകത്വവും ഇല്ലാതില്ല. എങ്കിലും ഇത് സ്വന്തം കഥ എന്ന് തോന്നിപ്പിക്കും വിധത്തില്‍ തന്നെയാണ് ആദ്യാവസാനം എഴുതീട്ടുള്ളത്. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ശക്തമായ എഴുത്താണ് ഈ കൃതി
പുസ്തകം തുടങ്ങുന്നത് തന്നെ ഒരു കുരുവിയുടെ ദുരന്ത കഥയുമായിട്ടാണ് .കുരുവിയുടെ രക്തം സ്വന്തം രക്തമായി കണ്ടു ആ രക്തം കൊണ്ടാണ് കഥാകാരി എഴുതിത്തുടങ്ങുന്നത്. ഭാവിയുടെ ഭാരമില്ലാതെ ഓരോ വാക്കും ഒരനുരന്ജ്ഞനം ആക്കി അവര്‍ എഴുതുന്നു. ഒരുകാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേക്കാല്‍ മരിച്ചവരുടെ ലോകത്തും ചവിട്ടി നിന്ന് ഭയലേശം ഇല്ലാതെ അഗാധമായ ഉള്‍കാഴ്ചയോടു കൂടി സ്വന്തം വികാര വിചാരങ്ങളെ സത്യസന്ധമായും കുറേ ഭാവനയില്‍ ചാലിച്ചും കഥാകാരി എഴുതുന്നു.
ഇതിലെ ആദ്യകഥയായ 'നായടിയുടെ കഥ'യില്‍ അവര്‍ പറയുന്നുണ്ട്. ആദ്യം വ്യവസ്ഥയോട് എതിര്‍ത്തും പിന്നീട് അവ്യവസ്തയോട് എതിര്‍ത്തും അവസാനിക്കുന്ന തുശ്ചമായതാണ്‌ ജീവിതം എന്ന്. മാതാപിതാക്കളുടെ ഗാന്ധീയ ചിന്താഗതിയും അച്ചടക്കവും എന്നും അവര്‍ക്ക് ചങ്ങലകളായിരുന്നു. വര്‍ണ്ണശബളിമയും, ഉച്ചസ്ഥായിയിലുള്ള സംഗീതവും ചടുല നൃത്തവും ഒക്കെ അവിടെ നിഷിദ്ധമായിരുന്നു..പക്ഷെ എല്ലാം നിഷേധിച്ചു ഒരു നായാടി ശിശു എന്നപോലെ സകല ഭൂതങ്ങള്‍ക്കും അധീനയായി ചൂടുള്ള വീഞ്ഞ് സിരയിലോഴുക്കി ചുണ്ടുകളില്‍ ഒരായിരം ചുംബനങ്ങള്‍ നിറച്ചു അവള്‍ വളര്‍ന്നു.
പിന്നെ ഇനിയും കണ്ടിട്ടില്ലാത്ത ഭൂഖണ്ഡങ്ങള്‍ തേടിയുള്ള അലച്ചിലായിരുന്നു.സ്കൂളില്‍ നിന്നും പിക്ക്നിക് പോയനാളില്‍ എല്ലാ കുട്ടികളും ഓടിക്കളിച്ചപ്പോള്‍ അവള്‍ മയിലാഞ്ചിപ്പൂമണവും ആസ്വദിച്ച് ഗ്രീഷ്മ സൂര്യനെ കണ്ടു പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടന്ന് ആകാശം കാണാന്‍ ആണ് ഇഷ്ടപ്പെട്ടത്.. സൂര്യന്‍ ഉദിക്കുന്നു, കത്തുന്നു,നീറുന്നു അതുപോലെ അസ്തമിക്കുകയും ചെയ്യുന്നു.അതെ സൂര്യന്‍ അവള്‍ക്കു എന്നും എല്ലാറ്റിനും സാക്ഷി ആയിരുന്നു. സൂര്യനില്‍ അവര്‍ അവരെത്തന്നെ അല്ല ജീവിതത്തെത്തന്നെ കാണുക ആയിരുന്നു.
കോണ്‍വെന്റ് വിദ്യാഭ്യാസ കാലത്ത് രാജി എന്ന കൂട്ടുകാരിയിലൂടെ സ്വാതന്ത്ര്യം പഠിക്കുന്ന അവള്‍ ആദ്യമായി വര്‍ണ്ണ മനോഹരമായ വസ്ത്രം ധരിക്കുന്നു. അതും ഈ രാജി കൊടുക്കുന്ന ഒരു പിറന്നാള്‍ സമ്മാനമായ വസ്ത്രം കൊണ്ടാണ്.അനുരാഗം എന്ന വാക്കിന്റെ അര്‍ഥം ശിവനും പാര്‍വതിയും പോലെ അന്യോന്യാനുരക്തരായ ചെറിയമ്മയേയും ചെറിയച്ചനെയും കണ്ടാണ്‌ അവള്‍ ആദ്യമായി പഠിക്കുന്നത്.പന്ത്രണ്ടാം വയസ്സില്‍ പുസ്തക പാരായണത്ത്തിന്റെ കാന്തിക വലയത്തില്‍ കുടുങ്ങിയ അവള്‍ ഒഴിവുസമയത്ത് കരഞ്ഞും മൂക്കുചീറ്റിയും ട്രാജഡി കഥകള്‍ വായിച്ചുകൊണ്ടിരുന്നു. ആരുംമില്ലാത്തപ്പോള്‍ കുപ്പായം ഊരി സ്വന്തം ശരീര സൌന്ദര്യം ആസ്വദിച്ചു തുടങ്ങിയ അവര്‍ മെല്ലെവായന പുതിയ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചു. മാതാപിതാക്കള്‍ നിറമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാതിരുന്ന അന്ന് അവള്‍ സ്വപ്നങ്ങളില്‍ മനോഹരമായ വസ്ത്രങ്ങലും മെയ്യാഭരണങ്ങളും അണിഞ്ഞു മഴവില്ലുപോലെ പ്രത്യക്ഷപ്പെട്ടു. സ്ഥിരവും ഭദ്രവുമായ സ്നേഹത്തിനുവേണ്ടി അവള്‍ ദാഹിച്ചു. സ്നേഹത്തിന്റെ രാജ്യത്ത് നിന്ന് ഇടയ്ക്കിടെ ഭ്രാഷ്ടാക്കിക്കൊണ്ടിരുന്ന വിധിയെ അവള്‍ എപ്പോഴും ശപിച്ചു.
ശ്രീകൃഷ്ണനെ സ്ത്രീയുടെ പുരുഷനായി അവള്‍ കണ്ടു തുടങ്ങി.മാധവിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യര്‍ക്ക്‌ സാധാരണ കാണുന്ന ദോഷങ്ങളൊന്നും എനിക്കില്ല എന്നു കരുതി ജീവിക്കുന്ന ആള്‍ ദൈവത്തെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരാളെ കെട്ടിപ്പിടിക്കുവാനും ചുംബിക്കുവാനും സ്നേഹം പ്രകടിപ്പിക്കുവാനും തോന്നുന്നതെന്തുകൊണ്ട് എന്നവര്‍ അന്വേഷിച്ചു കൊണ്ടേ ഇരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി അവളെ ചുംബിച്ച കോളേജ് വിദ്യാര്‍ത്ഥിനിയേ അവള്‍ ഇടയ്ക്കിടയ്ക്ക് സ്നേഹപൂര്‍വ്വം സ്മരിക്കുന്നുണ്ട്.
മുതിര്‍ന്നപ്പോള്‍ കണ്ട ഓരോ ധീരനായ പുരുഷനിലും അവള്‍ അവളുടെ കുട്ടികളുടെ അച്ഛനെ കണ്ടു. മഹാഭാരതത്തിലെ കുന്തിയോട് അസൂയ തോന്നി. അവരെ തോല്‍പ്പിക്കാന്‍ തന്നെ അവള്‍ തീരുമാനിക്കുന്നു.പലപ്പോഴും അവള്‍ അതിശയിച്ചു ആദരണീയരും ധര്‍മ്മബോധ നിഷ്ടയുമുള്ള മാതാപിതാക്കളുടെ കുട്ടിയായി താന്‍ എങ്ങിനെ പിറന്നു എന്ന്.
ഒരിടത്തു അവര്‍ പറയുന്നു ''ഞാനും എന്റെ ഭര്‍ത്താവും പ്രേമബധര്‍ ആ യിരുന്നില്ലരുന്നില്ല.അദ്ദേഹം എന്നെ സ്പര്‍ശിക്കാന്‍ ഇഷ്ടപ്പെട്ടു. ഞാന്‍ സ്പര്‍ശിക്കപ്പെടാനും'' എന്ന്. ഒരിക്കല്‍ ഇളയച്ചന്‍ പറയുന്നു ''സ്നേഹിക്കുന്നത് ഒരിക്കലും ഒരു ചീത്തക്കാര്യം അല്ല എന്നാല്‍ വെറുക്കുന്നത് ചീത്തക്കാര്യം ആണ്'' മാധവിക്കുട്ടി ആരെയും വെറുത്തിട്ടില്ല ..ഒരിക്കല്‍ കയ്പ്പുനിറഞ്ഞ തന്റെ വിവാഹ ജീവിതത്തില്‍ മനം നൊന്തു അവര്‍ ഭ്രുത്യന്റെ കൈയില്‍ ഉറക്കഗുളിക വാങ്ങാനുള്ള പൈസ കൊടുത്തുവിടുന്നുണ്ട്. എന്തുകൊണ്ടോ കടക്കാരന്‍ അന്ന് അയാളുടെ കയില്‍ ഗുളിക കൊടുത്തില്ല . ഇങ്ങനെ ഒക്കെ ആണെങ്കിലും അവര്‍ ദാസ്സേട്ടനെ വല്ലാതെ സ്നേഹിച്ചിരുന്നു. ശരീരത്തിന്റെ വാത്സല്യം സ്നേഹത്തിനു ബദലായി അവര്‍ സ്വീകരിച്ചു.
പിന്നെ അന്ധകാരത്തിന്റെ ഒന്നാം അദ്ധ്യായവും രണ്ടാം അദ്ധ്യായവും കടന്ന് ബലി മൃഗങ്ങളില്‍ എത്തിച്ചേരുന്ന അവര്‍ സമുദായം അന്ഗീകരിച്ചിട്ടുള്ള എല്ലാ സദാചാര നിയമങ്ങളെയും തെറ്റിക്കുന്നു ...അതിനു പല കാരണങ്ങളും നിരത്തുന്നുണ്ട്‌.അനശ്വരമായ മനുഷ്യാത്മാവിന് അത് കണ്ടറിയാന്‍ കെല്പില്ലെങ്കില്‍ മനുഷ്യമനസ്സിലെങ്കിലും കെട്ടിപ്പടുത്തതാകണം ഉത്തമമായ സദാചാരം എന്നവര്‍ വിശ്വസിച്ചു. ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയും എന്നവര്‍ വിശ്വസിച്ചു. മധുരയില്‍ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ തിരയുകയാണ് സ്ത്രീകളുടെ ജീവിതം . അദ്ദേഹത്തില്‍ തന്റെ സ്മരണ പുനര്‍ജ്ജെവിപ്പിക്കാന്‍ അവള്‍ യെത്നിച്ചു കൊണ്ടേ ഇരിക്കും .
ഒക്കെ ആണെങ്കിലും ദാസ്സേട്ടന്‍ അവള്‍ക്കു കാലടികള്‍ക്ക് താങ്ങായ ഭൂമി ആയിരുന്നു. അങ്ങിനെ സൌന്ദര്യം എന്ന ഋതുകാലം കടന്നു തന്റെ യവ്വനം മഞ്ഞ ഇലകള്‍ പോലെ കൊഴിഞ്ഞു വീഴുന്നത് അവര്‍ നിലക്കണ്ണാടിയിലൂടെ നോക്കി കാണുന്നു.
ഭയത്തിന്റെ അര്‍ഥം അറിയാതെ അവര്‍ സെക്സിനെ വിശകലം ചെയ്യുന്നു .ഇതില്‍ ആത്മകഥാപരമായ യാഥാര്‍ത്യങ്ങള്‍ക്കൊപ്പം ആത്മസുഖത്തിനുവേണ്ടി യാഥാര്‍ത്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു . കെ.പി.അപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ : ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്ന സാഹിത്യവും ആണ് .സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങള്‍ തേടിയുള്ള പരീക്ഷണങ്ങള്‍ .

6/10/2015

രാമേട്ടന്‍റെ ചിരി

  

മനോഹരമായ  ഒരു നാട്ടിന്‍പുറം ആണ് കിള്ളിക്കാട് ഗ്രാമം.  അത്ര  പുരോഗമനം  ഒന്നും എത്തിയിട്ടില്ല.  എങ്കിലും  കുഗ്രാമം  ഒന്നും  അല്ല ട്ടോ ...ധാരാളം  പശുക്കളും  തെങ്ങുകളും  വയലേലകളും  അമ്പലങ്ങളും  ഒക്കെ ഉള്ള  ആ ഗ്രാമത്തില്‍  അത്യാവശ്യം  കുശുമ്പും കുന്നായ്മയും അന്ധവിശ്വാസവും  ഒക്കെ  ഉണ്ട് .. എങ്കിലും ഗ്രാമീണര്‍ പാവങ്ങളും  നിഷ്കാളങ്കരും ആണ്. 

അവിടേക്ക്  ഒരു സുപ്രഭാതത്തില്‍  ഒരാള്‍ പ്രത്യക്ഷപ്പെട്ടു. നീണ്ടു മെലിഞ്ഞതെങ്കിലും ആരോഗ്യം ഉള്ള ഒരു കറുത്ത മനുഷ്യന്‍. അയാള്‍ ആരെ കണ്ടാലും പരിചിതനെപ്പോലെ  അവാരോട് കുശലം ചോദിച്ചു . ഉറക്കെ ഉറക്കെ ചിരിച്ചു. ആര്‍ക്കു എന്ത് ജോലി വേണമെങ്കിലും അയാള്‍  റെടി. ആരെ കണ്ടാലും  ''ഞാന്‍ രാമേട്ടന്‍''  എന്നയാള്‍ പരിചയപ്പെടുത്തും . പതുക്കെപ്പതുക്കെ  അയാള്‍ ആ  ഗ്രാമത്തിലെ ഒരാളായി മാറുക ആയിരുന്നു. അവിടുള്ളവര്‍ക്ക് ഇപ്പോള്‍  എന്തിനും  ഏതിനും  അയാള്‍ വേണം. 

ഇന്ന്  ഞങ്ങളുടെ    ഗ്രാമം  ഉണരുന്നത്    രാമേട്ടന്റെ  പൊട്ടിച്ചിരി  കേട്ടാണ്.. നിങ്ങള്‍  അത്ഭുതപ്പെടേണ്ട ..അതാണ്‌ രാമേട്ടന്‍ എവിടെ നിന്നാലും  എന്തു പറഞ്ഞാലും   പൊട്ടിച്ചിരിക്കും അതും വളരെ ഉച്ചത്തില്‍.എന്നിട്ട് ഓരോ കഥകള്‍ പറയും..യക്ഷിക്കഥകളും  മാടന്‍  മറുത കഥകളും ഒക്കെയാണ് പറയാന്‍ ഏറെ ഇഷ്ടപെട്ടവ...അവ മിക്കതു  സ്വന്തമായി കണ്ടു  എന്നാ രീതിയില്‍  ആണ് പറച്ചില്‍. പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് പറയുന്നത് മിക്കതും  സത്യം പോലെ  നമ്മള്‍ വിശ്വസിച്ചു പോകും. ഒക്കെ കഴിഞ്ഞു കഥകേട്ടു പേടിച്ചിരിക്കുന്ന ഞങ്ങളെ നോക്കി ഉറക്കെ ഉറക്കെ ചിരിക്കും..അതുകൊണ്ടുതന്നെ  കുട്ടികളും മുതിര്ന്നവരും  ഒരുപോലെ  രാമേട്ടന്റെ സാമീപ്യം  ഇഷ്ടപ്പെട്ടിരുന്നു.   

രാമേട്ടനെ  കണ്ടെത്താന്‍ ഒരു പ്രയാസവും  ഇല്ല ആ ചിരി കേള്‍ക്കുന്ന  ദിക്കിലേക്ക്  ചെന്നാല്‍ മതി. പക്ഷെ  അദ്ദേഹം എവിടെ നിന്ന് വന്നെന്നോ എവിടെയാണ് ഉറക്കം എന്നോ ആര്‍ക്കും  അറിയില്ല. ഗ്രാമം ഉണരും മുന്നേ രാമേട്ടന്‍ ഉണരും അതുപോലെ ഗ്രാമം ഉറങ്ങും വരെ അദ്ദേഹം എല്ലായിടത്തും ഉണ്ട്. 

പ്രായഭേദം ഇല്ലാതെ എല്ലാരും അദ്ദേഹത്തെ  രാമേട്ടന്‍ എന്നുതന്നെയാണ് വിളിക്കുന്നത്‌. നാട്ടുകാര്‍ക്ക്  എന്ത്  സഹായത്തിനും രാമേട്ടന്‍ ഉണ്ട്. പലുകറക്കാനും ,തെങ്ങ് കയറാനും, പുരയിടം  കിളക്കാനും,,വയലില്‍  കൃഷിക്കും  ഒക്കെ അദ്ദേഹം മുന്നില്‍ ഉണ്ടാകും..

കൃത്യം നാലുമണിക്ക്  വീടുകളില്‍ പലുകറക്കാന്‍  എത്തുന്നതോടെ  അദ്ദേഹത്തിന്റെ   ഒരു ദിവസം ആരംഭിക്കുകയായി. ഈ പണിക്കിടയില്‍ ഏതെങ്കിലും വീട്ടില്‍ നിന്നും പ്രാതല്‍ കഴിക്കും.. അതുകഴിഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ക്ക്  പല പണികളിലും സഹായിക്കും  അവിടെ ഒക്കെ  പൊട്ടിച്ചിരി  പടര്‍ത്തും.  

അങ്ങിനെ  ഇരിക്കെ  ഒരു ദിവസം ഞങ്ങടെ ഗ്രാമം ആ പൊട്ടിച്ചിരി കേള്‍ക്കാതെ ഉണര്‍ന്നു .  അന്ന് കറവയ്ക്ക് രാമേട്ടന്‍ എത്തിയില്ല. നാട്ടുകാര്‍  ഒന്നടങ്കം അന്വേഷണം  ആരംഭിച്ചു  രാമേട്ടന്‍ എവിടെ ?????

എല്ലാപേരും  പരസ്പരം ചോദിച്ചു . രാമേട്ടന്  എന്ത് സംഭവിച്ചിട്ടുണ്ടാകും ..പലരും പലതും പറഞ്ഞു  ചിലര്‍ പുഴയിലും മറ്റും അന്വഷിച്ച് തുടങ്ങി   ... എന്ത് സഭാവിചിട്ടുണ്ടാകും  ഗ്രാം മുഴുവന്‍ സങ്കടകടലില്‍  ആയി. ഞങ്ങളുടെ  ദിനചര്യകള്‍ ആകെ തെറ്റി. ആളുകള്‍ക്ക്  സംസാരിക്കാന്‍ ഒരു വിഷയം മാത്രം  രാമേട്ടന്റെ തിരോധാനം. 

ദിവസങ്ങള്‍  കഴിഞ്ഞു ഞങ്ങള്‍ ഗ്രാമീണര്‍ പതുക്കെ പതുക്കെ രാമേട്ടന്‍ ഇല്ലാത്ത ജീവിതവുമായി  പൊരുത്തപ്പെട്ടു  തുടങ്ങി ..അങ്ങിനെ ഇരിക്കെ പെട്ടെന്നൊരു ദിവസം  രാമേട്ടന്‍  ഗ്രാമത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു ... പക്ഷെ  അദ്ദേഹത്തിന്റെ ചിരികെട്ടുപോയിരുന്നു. അതുവരെ ഞങ്ങള്‍ കണ്ട രാമേട്ടനേ ആയിരുന്നില്ല  തിരിച്ചു വന്നത് ...

പഴയപോലെ ജോലികള്‍  എല്ലാം കൃത്യമായി ചെയ്യും  പക്ഷെ ആരോടും മിണ്ടില്ല  ചിരിക്കില്ല  എന്ത് ചോദിച്ചാലും  ചോദിക്കുന്നവന്റെ  മുഖത്ത് നോക്കും .. ഒരു നിസംഗ ഭാവം ...

ഞങ്ങടെ ഗ്രാമത്തിലെ  ഒരു മുഖ്യന്‍  ആണ് നാരായണേട്ടന്‍.  അദ്ദേഹവും അറിഞ്ഞിരുന്നു  രാമേട്ടന്റെ തിരോധാനവും  തിരിച്ചു വരവും ഒക്കെ ... അങ്ങിനെ ഗ്രാമീണരുടെ  ആവശ്യപ്രകാരം  അദ്ദേഹം രാമേട്ടനെ വരുത്തി  കാര്യം പറയാന്‍ നിര്‍ബന്ധിച്ചു ..അല്ലെങ്കില്‍ ഇനി ഈ നാട്ടില്‍ നിന്നെ നിര്‍ത്തില്ല .. നീ ആരാ?  എവിടെ നിന് വരുന്നു? .. ഇടയ്ക്കു നീ ഇങ്ങോട്ട പോയത് ? നിനക്കെന്താണ് സംഭവിച്ചത്  എല്ലാം പറയൂ  അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ പോലീസില്‍  ഏല്‍പ്പിക്കും ...''  എന്നൊക്കെ  ഭീഷണി പ്പെടുത്തി. രാമേട്ടന്റെ കഥ കേള്‍ക്കാന്‍ ഞങ്ങള്‍  ഒന്നടങ്കം  കാതോര്‍ത്തു ... 

എല്ലാം കേട്ടുനിന്ന  രാമേട്ടന്‍ ഞങ്ങളെ  ആ പാറമടയിലേക്ക്  നയിച്ചു.  ഗ്രാമത്തോടു ചേര്‍ന്ന്  ഒരു വനമുണ്ട് .  അവിടെ  ആരും പോകാത്ത  ഒരു പാറക്കെട്ടുണ്ട്. ആ പ്രദേശത്തെ  ചുറ്റിപ്പറ്റി ഒരുപാട് ഭയപ്പെടുത്തുന്ന  കഥകൾ ഞങ്ങളുടെ ഇടയിൽ  ഉണ്ട്. അതുകൊണ്ട് തന്നെ ആ ഭാഗത്തേക്ക്  ആരും പോകാറില്ല. 

 പക്ഷെ അന്ന് ഞങ്ങൾ  ഒന്നടങ്കം പൈട്പൈപ്പറിന്റെ പിന്നാലെ പോയ  എലികളെ പ്പോലെ രാമേട്ടനെ പിന്തുടര്‍ന്നു ആ  പാറക്കെട്ടുകള്‍ക്കിടയില്‍ പകുതിയിലധികവും കത്തിനശിച്ച   പുല്ലുകൊണ്ടുണ്ടാക്കിയ  ഒരു കൊച്ചു കുടിലിനു  മുന്നില്‍  ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ആരും ഒന്നും സംസാരിക്കുന്നില്ല . അവിടെ  ആ കുടിലിനു മുന്നില്‍ ഒരു മണ്‍കൂന . അതില്‍  ഒരു കരിഞ്ഞ  പൂക്കുല  കുത്തി നിര്‍ത്തി ഇരിക്കുന്നു. അയാള്‍  ആ  മണ്‍കൂനക്ക് മുന്നില്‍ മുട്ടുകുത്തി ഇരുന്നു  എന്നിട്ട് പൊട്ടി ക്കരഞ്ഞു. കുറെ നേരം നിശബ്ദത .      

രാമേട്ടന്‍  പറഞ്ഞു  തുടങ്ങി. എന്റെ  അമ്മയെ സംസ്കരിച്ച ഇടമാണിത്.ഞാന്‍ നിങ്ങളെ ഒക്കെ പറ്റിക്കയായിരുന്നു.കാലങ്ങളായി ഞാന്‍ അമ്മയോടൊത്ത്‌ ഇവിടെ ആണ് താമസ്സിക്കുന്നത്‌.കുറച്ചു നാളായി അമ്മ കിടപ്പിൽ ആയിരുന്നു . ഒരുദിവസം ഞാൻ വരുമ്പോൾ  വീടുനിന്നു കത്തുന്നു  ഓടിവന്നഞ്ഞാൻ അമ്മയെ രക്ഷിക്കാൻ നോക്കി  പക്ഷെ അമ്മ വെന്തു മരിച്ചിരുന്നു ...അടുത്തിരുന്ന മണ്ണെണ്ണ വിലക്ക് മറിഞ്ഞു വീണു തീ പടര്ന്നതായിരുന്നു ..നിഷ്കളങ്കരായ നിങ്ങളെ പറ്റിച്ചത്തിനു  ദൈവം എനിക്ക് തന്ന ശിക്ഷ ആയിരിക്കും  എന്നോട് ക്ഷമിക്കൂ...അദ്ദേഹം ഒന്ന് നിർത്തി.

വീണ്ടും  തുടർന്ന്....  അമ്മയെ ആരും കാണാതിരിക്കാന്‍  ഞാന്‍ വളരെ  ശ്രദ്ധിച്ചു  ഈ ഭാഗത്തേക്ക്  ആരും വരാതിരിക്കാന്‍  നിങ്ങള്‍ അറിയാതെ   നിങ്ങളെ ഓരോന്ന് പറഞ്ഞു  ഭയപ്പെടുത്തുമായിരുന്നു .  നിങ്ങള്‍ പോലും  അറിയാതെ  അങ്ങിനെ ഒരു  ഭയം നിങ്ങള്‍ ഗ്രാമീണരില്‍ ഉണ്ടാക്കുകയായിരുന്നു. കാരണം  അമ്മ പോലീസ് അന്വേഷിക്കുന്ന  ഒരു  പ്രതി  ആണ്.  സ്വയം രക്ഷക്കായി  ഒരാളെ കൊന്നു. ഞങ്ങളുടെ  ഗ്രാമത്തിലെ  ഒരു മുഖ്യനെ. എന്ത് ചെയ്യണം  എന്നറിയാതെ  വാവിട്ടു കരഞ്ഞ അമ്മയെയും കൂട്ടിഎങ്ങോട്ടെന്നില്ലാതെ  പുറപ്പെട്ടു. ബസ്സിലും  ട്രെയിനിലും  നടന്നും  ഒക്കെ ഒരു രാത്രിയില്‍  ഇവിടെ എത്തപ്പെട്ടു.  ഇവിടെ ഈ ഗ്രാമത്തില്‍  ഞാന്‍  സുരക്ഷ കണ്ടെത്തുക ആയിരുന്നു. നിഷ്കളങ്കരായ  നിങ്ങള്‍  ഒരിക്കല്‍പോലും ഞാന്‍ ആര് എന്ന് ചോദിച്ചില്ല.  അമ്മയെ പുറം ലോകം കണ്ടാല്‍  പോലീസ് പിടിക്കുമോ  എന്ന് ഞാന്‍ ഭയപ്പെട്ടു . അതുകൊണ്ട് തന്നെ  ഓരോ ദിവസവും  ഇവിടേയ്ക്ക് ആരും വരാതിരിക്കാന്‍  ഞാന്‍ ഓരോ പുതിയ  പുതിയ കഥകള്‍  ഉണ്ടാക്കി  നിങ്ങളെ കേള്‍പ്പിച്ചു കൊണ്ടിരുന്നു... ആര്‍ക്കും സംശയം  തോന്നാതിരിക്കാന്‍  ഒരു വിഡ്ഢിയെ പ്പോലെ  ചിരിച്ചു കൊണ്ടിരുന്നു. ....രാമേട്ടന്‍ പറഞ്ഞു നിര്‍ത്തി. 

ഒരു ചിരിയില്‍  മയങ്ങിപ്പോയി  വിഡ്ഢിയാക്കപ്പെട്ട  ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം  നോക്കി നിന്നു. 

6/08/2015

ഒരമ്മയുടെ പുഞ്ചിരി

                 

ഇത്  ഒരു കഥ അല്ല. പക്ഷെ  കഥയെക്കാള്‍  ഹൃദയ  ഭേദകമായ  ജീവിതം. 

കഴിഞ്ഞൊരു ദിവസം  അമ്മയുടെ അസുഖ സംബന്ധമായ ഒരു  കാര്യത്തിനു സി എസ് ഐ ഹോസ്പിറ്റലില്‍  പോകേണ്ടി വന്നു. അവിടെ വച്ച്  വളരെ  അവിചാരിതമായി ആശുപത്രി പരിസരം വൃത്തിയാക്കുന്ന ഒരമ്മയെ കണ്ടു. ഞങ്ങള്‍  കാറില്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ആ അമ്മ ഞങ്ങളെ നോക്കി ദയനീയം എങ്കിലും ഹൃദ്യമായി ചിരിച്ചു. എന്ത് കൊണ്ടോ ആ ചിരി അവഗണിക്കാന്‍ തോന്നി ഇല്ല.
ഞങ്ങള്‍ അടുത്ത് ചെന്നു. ഞങ്ങള്‍ അമ്മയെ കൊണ്ട് പോയിരുന്നില്ല വിവരം അന്വേഷിക്കാന്‍ ചെന്നതായിരുന്നു. അതുകൊണ്ട് തന്നെ അവരോടു ചില കാര്യങ്ങള്‍ ചോദിക്കണം എന്നും ഉണ്ടായിരുന്നു. അടുത്ത് ചെന്നപ്പോള്‍ തന്നെ മേലോട്ട് ചുരുക്കി ചെരുവി ഇരുന്ന സാരി നേരെയാക്കി ചെറു ചിരിയോടെ എന്ത് എന്ന ചോദ്യം ചോദിക്കാതെ ചോദിച്ചു നോട്ടത്തിലൂടെ. ഞങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ അവര്‍ പറഞ്ഞു തന്നു.

പിന്നെ ഞങ്ങള്‍ ആ അമ്മയെ കുറിച്ച് ചോദിച്ചു. പാവം അവര്‍ ഒന്‍പതു വര്‍ഷമായി അവിടെ താമസിക്കുന്നു. ബ്രെസ്റ്റ് കാന്‍സര്‍. ചികിത്സയുടെ ഭാഗമായി ഒരു ബ്രെസ്റ്റ് നീക്കം ചെയ്തു. അസുഖം മാറി വന്നപ്പോള്‍.ഗള്‍ഫു രാജത്ത്തില്‍ എവിടെയോ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അസുഖം ആയി തിരിച്ചെത്തി. പിന്നെ അദ്ദേഹവും ഇതേ ആശുപത്രിയില്‍. ആ അമ്മ ആ ആശുപത്രിയില്‍ തന്നെ ചെറിയ പണികള്‍ ഒക്കെ ചെയ്തും ഭര്‍ത്താവിനെ ശിശ്രൂഷിച്ചും അവിടെ  കഴിഞ്ഞുവന്നു . രണ്ടു മക്കള്‍ പത്താം ക്ലസില്‍ പഠിപ്പുനിര്‍ത്തി വീട്ടില്‍ ഉണ്ട്. ഭര്‍ത്താവ് ഇപ്പോഴും ചികിത്സയില്‍ ആണ് . ഇപ്പോള്‍ അമ്മയ്ക്കും കാന്‍സര്‍. ആ അമ്മയും ഇപ്പോള്‍ അവിടെ ഉണ്ട് . ഇത്രേം  ദുരിതങ്ങള്‍ക്കിടയില്‍ സ്വന്തം വേദന മറന്നു  ആ അമ്മ ആ ആശുപത്രിയില്‍ തൂത്തും തുടച്ചും രോഗികളെ സഹായിച്ചും കഴിയുന്നു. ആരും തുണ ഇല്ലാതെ രണ്ടു പെണ്മക്കള്‍ വീട്ടില്‍. 

എന്നിട്ടും ആ അമ്മ കരയുന്നില്ല സഹായിക്കണം എന്ന് പറഞ്ഞതും ഇല്ല. അവര്‍ക്കെന്തോ അവരുടെ മനസ്സില്‍ ഉള്ളത് ഞങ്ങളോട് പറയണം എന്ന് തോന്നിക്കാണും. അവരുടെ കഥ പറഞ്ഞിട്ട് ആ അമ്മ പറയുകയാണ്‌ നിങ്ങള്‍ നിങ്ങളുടെ അമ്മയെ ഇങ്ങു  കൊണ്ട് വന്നോളൂ ഞാന്‍ നോക്കിക്കോളാം. എന്ന്. ആ അമ്മയുടെ നെഞ്ചുകളിലേക്ക് ഞാന്‍ ഒന്ന് നോക്കി  അതെ ഒരു ഭാഗം ചുളുങ്ങിയ ആ മാറിടങ്ങളിലേക്ക്  ഒന്നേ നോക്കാന്‍ കഴിഞ്ഞുള്ളൂ. അറിയാതെ കണ്ണ്നെ നിറഞ്ഞു ഇടനെഞ്ചു വല്ലാതെ വിങ്ങി . പെട്ടെന്ന് ശ്രീയേട്ടന്‍ പോക്കെറ്റില്‍ നിന്നും കുറച്ചു നോട്ടുകള്‍ ആയമ്മക്ക്‌ നീട്ടി. ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും  നിറഞ്ഞ സന്തോഷത്തോടെ അത് വാങ്ങി. അത്രയം നേരം കണ്ണ് നിറയ്ക്കാതിരുന്ന ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞങ്ങള്‍ കാറില്‍ കയറുമ്പോഴും അവര്‍ പറഞ്ഞു അമ്മയെ ഇങ്ങു കൊണ്ടുവന്നാല്‍ മതി ഞാനുണ്ട് ഇവിടെ എന്ന്.  കാറ്‌ മറയുന്നത് വരെ നിറകണ്ണുകളും   കൂപ്പുകൈകള്മായി  ആ അമ്മ അവിടെ  നില്‍ക്കുന്നുണ്ടായിരുന്നു.  

6/06/2015

വാമനപുരം പുഴ

ഞങ്ങളുടെ നാട്ടില്‍ അതായത് ആറ്റിങ്ങല്‍ പ്രദേശത്ത് കൂടെ ഒഴുകുന്ന മനോഹരിയായായ ഒരിക്കലും രുദ്രയായികണ്ടിട്ടില്ലാത്ത വാമനപുരം നദിയെ ക്കുറിച്ച് ഞാന്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തരാം ...
വാമനപുരം പുഴ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിന്‍റെ പേരില്‍ നിന്നാണ് ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത് എന്നു പറയുന്നു
പശ്ചിമഘട്ടത്തിലെ1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. 88 കി.മി ദൂരം തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്ന നദി തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു. പക്ഷേ 11.2 കി.മി. ദൂരം മാത്രമെ വാമനപുരം നദിയിൽ സഞ്ചാരയോഗ്യമായുള്ളു.
കല്ലാർ,ആനപ്പാറ,അപ്പുപ്പൻകാവ്ക്ഷേത്രം,വിതുര,ചേറ്റച്ചൽ,കാറുവൻകുന്ന്, ആറ്റിങ്ങൽ നഗരം,അഞ്ചുതെങ്ങ് കായൽ.എന്നെ പ്രദേശത്ത് കൂടി കടന്നു പോകുന്നു.
സഹ്യപര്‍വ്വതത്തിലെ അഗസ്ത്യമുടിയുടെ സമീപം ആണ് ഇ ചെമുഞ്ഞി മൊട്ട എന്ന കുന്ന്..അവിടെ നിന്ന് ഉത്ഭവിച്ച് പൊന്മുടിക്ക് സമീപം കൂടി ഒഴുകി കല്ലാറില്‍ എത്തി..അവിടെ നിന്ന് വിതുരക്ക് പുറകിലൂടെ ഒഴുകി ചെറ്റച്ചല്‍ വഴി പാലോട് എത്തുന്ന നദി, തുടര്‍ന്ന് മീന്മുട്ടി വഴി ,പേരയം ,അരുവുപ്പുറത്ത് എത്തുന്നു ..അവിടെ നിന്ന് നീറുമന്‍കടവ് വഴി, വാമനപുരത്ത് എത്തി..പുല്ലയില്‍ വഴി ആറ്റിങ്ങല്‍ എത്തുകയുംഅവിടെനിന്ന് കൊല്ലമ്പുഴ വഴി .ചിറയിന്കീഴും തുടര്‍ന്ന് അഞ്ച് തെങ്ങ് കായലില്‍ എത്തും .. മുതലപ്പൊഴി അവിടെയാണ് കായലും നദിയും കടലും ചേരുനത് ..
തിരുവിതാകൂറിലെ രാജഭരണന കാലത്ത് ഈ നദി ഒരു പാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.ചരിത്ര പ്രധാനമായ ആറ്റിങ്ങല്‍ കലാപത്തിനു ഈ നദി സാക്ഷിയാണ് .ആറ്റിങ്ങലിലെ ധീര ദേശാഭിമാനികള്‍ നടത്തിയ ഈ വിപ്ലവം പരാജയമായിരുന്നെങ്കിലും വിദേശാധിപത്യത്തിനെതിരെ നടന്ന ആദ്യ വിപ്ലവമായി ഇതിനെ കണക്കാക്കുന്നു .
ഈ പുഴയുടെ തീരത്താണ് തിരുവിതാങ്കൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന കോയിക്കല്‍ കൊട്ടാരം .ഈ കൊട്ടാരത്തോട് ചേര്‍ന്ന തിരു ആറാട്ട്‌ ക്ഷേത്രത്തില്‍ ഇപ്പോഴും തിരുവിതാംകൂര്‍ മഹാരാജാവ് നേരിട്ടു എഴുന്നള്ളാറുണ്ട്.
ചരക്കു ഗതാഗതത്തിന് ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ ഈ നദി ഉപയോഗിച്ചിരുന്നു. ഞാന്‍ എന്റെ കുട്ടിക്കാലത്ത് ഈ നദിയില്‍ കുളിക്കാന്‍ പോകുമായിരുന്നു അപ്പോള്‍ തോണ്ടും കയറും ഒക്കെ കയറ്റിയ വലിയ വള്ളങ്ങള്‍ ഈ പുഴയിലൂടെ ഒഴുകി നടക്കുന്നത് കൌതുകത്തോടെ ഞങ്ങള്‍ നോക്കി നിന്നിട്ടുണ്ട്.
രാജഭാരണകാലത്ത് നിര്‍മിക്കപ്പെട്ട അതിമനോഹരമായ കുളിക്കടവുകള്‍ ഇവിടെ ഉണ്ട് . ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള വൃത്തിയുള്ള കുളിക്കടവുകള്‍. പ്രദേശത്ത് ആനയെ കുളിപ്പിക്കാനായി പടവുകള്‍ ഇല്ലാതെ കെട്ടിയിട്ടുണ്ട് അവിടെ ക്ഷേത്രം വക ആനകളെ കുളിപ്പിക്കാന്‍ കൊണ്ട് വരും. അതൊക്കെ അന്നത്തെ ഞങ്ങളുടെ കൌതുക കാഴ്ചകള്‍ ആയിരുന്നു.
ഇന്ന് മണലെടുപ്പ് കൊണ്ട് വളരെ അപകടം പിടിച്ചതും ആഴമേറിയതും ആയി ഈ നദി മാറിയിരിക്കുന്നു എങ്കിലും അതിന്റെ മനോഹാരിതയ്ക്ക് ഒട്ടും മാറ്റം ഇല്ല.
(കടപ്പാട് ഗൂഗിള്‍ ) പിന്നെ കുറച്ചു എന്റെ അനുഭവവും

3/31/2015

കൃഷ്ണ --ഞാൻ കേഴുന്നു

       

ധർമ്മന്ജൻമാരാം വല്ലഭർ അഞ്ചെണ്ണം
കൈയ്യുകൾ നെഞ്ചിൽക്കെട്ടി തലതാഴ്ത്തി നിൽക്കുന്നു
പൗര പ്രമുഖർ ,വിജ്ഞാനകുലപതി ,
ആദർശധീരർ , രാജാവ് , രക്ഷകർ 
എല്ലാരും മൗനികൾ ...

അന്ധനാം നീതിപീഠം കാണുന്നകക്കണ്ണാൽ
അറിയുന്നു  സകലതും അജ്ഞത നടിക്കുന്നു ..

രജസ്വലയായവൾ ഒറ്റവസ്ത്രവുമായി 
രാജസദസ്സിൽ നിരാലംഭയായ് കേഴുന്നു 
കാഴ്ചയുണ്ട് എന്നാലും  കാണാതിരിക്കുവാൻ 
നീതിതൻ തുലാസ്സുമായ് കണ്ണുകൾ മൂടിക്കെട്ടി 
ഗാന്ധാരി ഇരിക്കുന്നു ....നിസ്സംഗയായ് ....

കൃഷ്ണ ഞാൻ നെഞ്ചുപൊട്ടി കേഴുന്നു രക്ഷക്കായി 
കൃഷ്ണാ  നീ  മറന്നുവോ ഈ അബലയാം പാവത്തിനെ 
അഴിച്ചിട്ട മുടിയുമായ് പ്രതികാര ദാഹത്തോടെ 
ദഹിച്ചവൾ കഴിയുന്നു  സംവത്സരങ്ങളായ് 

ഭീമാ നീ കണ്ടില്ലയോ ഗർവ്വിനാൽ വിരാജിക്കും 
ദുശ്ശാസനർ  മദിക്കും  നിരത്തുകൾ 
പോകൂ ...നീ തകർക്കുക  അവരുടെ നെഞ്ചുകൾ 
ചോരയാൽ  ചുവപ്പിച്ച  കൈയ്യുമായ് വരില്ലയോ ....

2/25/2015

വഴിപിരിയേണ്ടവര്‍



ഒരു  വിളിപ്പാടകലെ  ഉണ്ടെങ്കിലും
ഇല്ല  വിളിക്കില്ലോരിക്കലും ഞാന്‍ 
ഒരു കാഴ്ചക്കപ്പുറം നീയുണ്ടറിയാം
ഇല്ല നോക്കില്ല ഞാന്‍

ഇതുവഴി  പോയ കാറ്റിലും കേട്ടുഞാന്‍  
നിന്‍റെ നിശ്വാസത്തിന്‍ സ്വരം
പൂവിന്‍ മണത്തിലും നിലാവിന്‍ ചിരിയിലും
അറിയുന്നു നിന്‍റെ സാമീപ്യം
എങ്കിലും പറയില്ലോരിക്കലും ഞാന്‍ 

നിന്നോടുള്ള എന്നിഷ്ടം

ദിവ്യമാം പ്രണയത്തിന്‍ അനശ്വര  ഗീതത്തില്‍ 
കേട്ടു  നിന്‍  സങ്കീര്‍ത്തനങ്ങള്‍ 
കള കൂജനത്തിലും ദല മര്‍മ്മരത്തിലും
കേള്‍ക്കുന്നു നിന്‍റെ സ്വരങ്ങള്‍ 
മറക്കാന്‍ പഠിച്ചു ഞാന്‍ 
മറയ്ക്കാന്‍ പഠിച്ചു
നന്നായ് നടിക്കാന്‍ പഠിച്ചു  


ഉപേക്ഷിക്ക വയ്യെനിക്കെങ്കിലും
പോകാതെ വയ്യ ഞാന്‍ പോകുന്നു
പിന്‍വിളി വേണ്ട ഞാന്‍ തിരിഞ്ഞു നോക്കില്ല
മറക്കാന്‍ നീയും പഠിക്കുക

ഇതാണ് നമ്മുടെ വിധി എന്നറിയുന്നു അതിനു ഞാന്‍ കീഴടങ്ങുന്നു ഒരു മനസ്സാണ് നമ്മള്‍ക്കെങ്കിലും ഇരു വഴിയില്‍ സഞ്ചരിക്കെണ്ടവര്‍

2/19/2015

എന്‍റെ പ്രണയം



ഹൃദയമേ ഞാന്‍ കാണുന്നു  നിന്‍
കുങ്കുമനിറമോലും ചേതനയില്‍
പ്രണയമാം മഴവില്ലിന്‍ സപ്ത വര്‍ണ്ണം
അലിയുന്നു ഞാനതിന്‍ മോഹവര്‍ണങ്ങളില്‍
എന്നെത്തന്നെ  മറക്കുന്നു

ഒരു  ചെമ്പനീര്‍പ്പൂവില്‍ ഒതുക്കുവാനാവില്ല
നിന്നോടുള്ള എന്‍ പ്രണയം
മുന്തിരിച്ചാറിന്റെ  ലഹരിതോല്‍ക്കുന്നു
എന്നില്‍ നീ  പകരുമുന്മാദം

പുലര്‍കാലേ തിളങ്ങും  തുഷാരകണത്തേക്കാള്‍
മോഹനമാണ്  നിന്‍ പ്രണയം
പൂവിലെ തേന്‍കണം നാണിച്ചു നില്‍ക്കുന്നു
നിന്‍ സ്നേഹത്തിന്‍ മധുവിന്റെ മുന്നില്‍

നീ  എന്‍റെ ഹൃദയത്തെ  പാലാഴിയാക്കുന്നു
വൈകുണ്ഡനാഥനായ്  എന്നില്‍ ജ്വലിക്കുന്നു
നീ എന്റെ  സ്വര്‍ഗ്ഗം
നീ എന്റെ സ്നേഹം
നീ എന്റെ  ലോകം പ്രിയനേ 

1/29/2015

തിരിച്ചു വരവ്


      

കടല്‍ തന്‍ പായാരം കരയോട് ചൊല്ലി 
കരയോ നിസ്സംഗയായ് കേട്ടുനിന്നു 
തല തല്ലി  കരഞ്ഞിട്ടും പൊട്ടിത്തെറിച്ചിട്ടും
കരയൊന്നും മിണ്ടാതെ കണ്ടിരുന്നു ....

ആകാശ നീലിമയോട് പറഞ്ഞപ്പോൾ 
നീലമേലാപ്പൊന്നവൾക്കു നൽകി 
എന്നിട്ടും പോരാഞ്ഞവളതു  പിന്നെ 
സൂര്യനോടെല്ലാം പറഞ്ഞു നോക്കി 

സൂര്യനോ  ആശ്വസിപ്പിക്കാനായ് എന്നവണ്ണം 
താപ കരങ്ങളാൽ പുല്കി നിന്നു 
ആശ്വാസമോടവൾ നീരാവിയായി 
സൂര്യന്റെ ചാരത്തണയാൻ നോക്കി 

ഒരു തുണ്ടു  മേഘമായ്  സൂര്യനോടൊപ്പം 
ആകാശ വീഥിയിൽ സഞ്ചരിക്കെ 
ആകെ തണുത്തവൾ വെള്ളമായ് വീണ്ടും 
ഭൂമിയിലേക്ക്‌ പതിച്ചു  പോയി 

എല്ലാം പഠിച്ചു തിരിച്ചുവന്നപ്പോൾ 
കരയോ നെഞ്ചോടു  ചേര്‍ത്തു വച്ചു 

1/18/2015

പൊയ്മുഖം



ഇന്നലെ പെയ്ത മഴയിൽ നിന്നും ഞാൻ
ഇത്തിരി കുളിര് കരുതിവച്ചു
ഒരു ചൂട് കാറ്റത് തട്ടിപ്പറിച്ചു
അകലേക്ക് എങ്ങോ പറന്നകന്നു  

അന്നാ  മഴയിൽ വെള്ളത്തോടൊപ്പം 
എന്നിലെ പച്ചയും ഒലി ച്ചു പോയി  


ഒരു കിളിപ്പാട്ട് കേട്ടു ദൂരെ 
അത് എന്നിലെ മോഹങ്ങളായിരുന്നു 
ചിറകടിച്ചാകിളി എങ്ങോ പറന്നപ്പോൾ
മോഹങ്ങളും കൂടെ  പറന്നുപോയി 
ഒരു സായന്തനത്തിൻ കുങ്കുമചാർത്തിൽ 
തെല്ലിട ഒന്ന് ലയിച്ചു നില്ക്കെ
ആ കടലിന്റെ മാറിൽ താഴ്ന്നുകൊണ്ടാ സൂര്യൻ 
ഇരുൾ കൊണ്ടാ   കുങ്കുമം മായ്ച്ചുവല്ലോ 

ചിരിക്കാൻ ശ്രമിച്ചപ്പോൾ  
ഞാനറിയുന്നു  എനിക്കെന്നേ  എന്മുഖം നഷ്ടമായി 
 കാലം   വരച്ച കോലത്തിനൊപ്പം  
ഞാൻ നല്ലൊരു  മിഖംമൂടി  വാങ്ങിവച്ചു
ആ പൊയ്മുഖം തിരിച്ചറിയാനാകാതെ 
എന്നിലെ ഞാൻ അലയുന്നു പിന്നെയും